എവിടെയൊക്കെയാണ് ശംഭുവിനൊപ്പം
ഉണ്ടായിരുന്നത്, ഇരുന്നത്, നടന്നത്:
ഇടം, മണം, രുചി, ലഹരി, വാക്ക്, സിനിമ....അന്ന്, അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍
ഞാന്‍ നിന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക് നോക്കി.
പിന്നെപ്പോഴോ ഞാന്‍ ഭാവിയെ നോക്കി ഭയപ്പെട്ടപ്പോള്‍
നീ എന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക് നോക്കി.
നീ എന്തു കണ്ടെന്ന് ഞാന്‍ കണ്ടതേയില്ല...
***** ****** ***** **** *****
ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ എങ്ങനെയാണ് ആ നഷ്ടത്തെ മനസ്സിലാക്കുക? ശംഭുവിനെ നഷ്ടപ്പെടുമ്പോള്‍ എന്താണ് നഷ്ടമാവുന്നത്? നഷ്ടത്തിന് ശേഷം എന്ത്?
ശംഭുവിനെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കല്‍ തീര്‍ച്ചയായും നാം ശംഭുവിനെ സ്‌നേഹിച്ചിരിക്കണം. സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോള്‍ ഔപചാരികമായി ദുഃഖം ആചരിച്ച് നഷ്ടത്തെ മറന്ന് നേട്ടങ്ങള്‍ക്ക് നേരെ തിരിഞ്ഞു നടക്കാനും കഴിയില്ല. ഈ നഷ്ടബോധം തീര്‍ച്ചയായും മറക്കാനാവാത്തതാണ്. നഷ്ടംതന്നെ നഷ്ടമാകുന്നതുവരെ.
നഷ്ടപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചുള്ള ദുഃഖസ്‌മരണ ഒറ്റ നോട്ടത്തില്‍ വൈയക്തികമാണ്. ചൂഴ്‌ന്ന് നോക്കുമ്പോള്‍ ആ വൈയക്തികത സാമൂഹികവുമാണ്. ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സ്വത്വത്തിന്റെ ഒരു ഭാഗം നമുക്ക് നഷ്ടപ്പെടുകയാണ്. നമ്മെ നിര്‍മ്മിച്ചത് ആ സുഹൃത്തുകൂടിയാണ്. ആ സുഹൃത്തുമായി ചേര്‍ന്ന് നാം കെട്ടിപ്പടുത്ത ഒരു വൈകാരിക ലോകമാണ് അവസാനിക്കുന്നത്. ദുഃഖാചരണത്തില്‍ ഒരു വൈരുദ്ധ്യമില്ലാതില്ല. നാം പ്രകടിപ്പിക്കുന്ന ദുഃഖം സുഹൃത്തില്‍ എത്തുന്നില്ല. അത് തിരിഞ്ഞ് നമ്മുടെ അകത്തേയ്‌ക്കാണ്, നാം ആന്തരികവത്‌കരിച്ച സുഹൃത്തിലേയ്‌ക്കാണ്, പോകുന്നത്.
ശൂന്യതയില്‍നിന്ന് വന്ന് ശൂന്യതയിലേയ്‌ക്ക് മടങ്ങുന്നവരാണ് നാം. പിടിച്ചു നില്‍ക്കാനായി ഒന്നുമില്ല. ആ ശൂന്യതയിലേയ്‌ക്ക് നോക്കാന്‍ ഭയന്ന് ഒഴിഞ്ഞു നടക്കാം. അല്ലെങ്കില്‍ ആ ശൂന്യതയെ ഏറ്റെടുത്ത് അപരനിലേയ്‌ക്ക് സൗഹൃദത്തിന്റെ ഇടനാഴിയുണ്ടാക്കാം. ഇത്രമേല്‍ നിലയില്ലാത്ത നമ്മുടെ സൗഹൃദത്തില്‍ വിയോഗദുഃഖം പറഞ്ഞിട്ടുള്ളതാണ്. സൗഹൃദത്തിന്റെ ബീജഘടനയില്‍തന്നെയുണ്ട് ആ നിയമം: നമ്മിലൊരാള്‍ ആദ്യം മരിക്കും, മറ്റുള്ളവര്‍ ദുഃഖമാചരിക്കാന്‍ ബാക്കിയുണ്ടാകും. നശ്വരതയുടെ പ്രതിബിംബങ്ങള്‍ നിറഞ്ഞ കണ്ണാടിയാണ് സൗഹൃദം.
ദുഃഖത്തെ പൂര്‍ണ്ണമായി ആചരിച്ച് തീര്‍ത്ത് ഓരോരുത്തരും അവരവരുടെ പണിക്കുപോകുന്നതാണ് സാധാരണയായി ദുഃഖാചരണം. വോള്യം കുറച്ചുവെച്ച ഒരു ആഘോഷപ്പാട്ടുപോലെ അതങ്ങ് കടന്നുപോകും. മറവിയുടെ കോണ്‍ക്രീറ്റ് പാതയിലൂടെ അതിവേഗത്തില്‍. ആ പോക്കിന്റെ ആത്മീയതയെ ചിലര്‍ ധാര്‍മ്മികസുന്ദരമായി പോസിറ്റീവ് വൈബ്‌സ് എന്ന് വിളിക്കും. ചിലര്‍ വിഷാദിച്ചിരിക്കും. വിഷാദം ഒരിക്കലും തീരില്ല. വിഷാദത്തില്‍ ദുഃഖം ഒരിക്കലും പൂര്‍ണ്ണമാകില്ല.
ദുഃഖത്തേയും വിഷാദത്തേയും ഫ്രോയ്‌ഡ് വേര്‍തിരിച്ച് മനസ്സിലാക്കുന്നുണ്ട്. ദുഃഖം അനുഭവിക്കുകയും ശേഷം നഷ്ടപ്പെട്ടതിനെ ഓര്‍ത്തിട്ട് പ്രത്യേകിച്ച് കാര്യമില്ല എന്ന് മനസ്സിലാക്കി മുന്‍പുണ്ടായിരുന്ന ആഗ്രഹത്തേയും ഇഷ്ടത്തേയും താത്‌പര്യത്തേയും പുതിയ ഒന്നിലേയ്‌ക്ക് മാറ്റി പാര്‍പ്പിക്കുകയാണ് ദുഃഖിക്കുന്നവര്‍ ചെയ്യുക. നഷ്ടപ്പെട്ടതില്‍ നിക്ഷേപിച്ചത് പിന്‍വലിച്ച് വീണ്ടും പുതിയ എന്തിലെങ്കിലും നിക്ഷേപിക്കുന്നു. വിഷാദത്തില്‍, വ്യത്യസ്‌തമായി, നിക്ഷേപം പിന്‍വലിക്കുന്നില്ല. നഷ്ടം സദാ ഉണര്‍ന്നിരിക്കുന്നു. അവസാനിക്കാത്ത ദുഃഖാചരണംപോലെ. ദുഃഖാചരണം നമുക്ക് പരിചിതമായതുകൊണ്ട് സ്വീകാര്യമാണ്, നോര്‍മല്‍ ആണ്. വിഷാദം അത്ര പരിചിതമല്ല. രോഗമായി കണക്കാക്കപ്പെടും. ദുഃഖത്തില്‍ നഷ്ടം പതുക്കെ മാഞ്ഞുപോകും. വിഷാദത്തില്‍ ദുഃഖം സുഹൃത്തിന്റെ കടുത്ത അഭാവമായി മൂര്‍ച്ഛിച്ചു നില്‍ക്കും.
വ്യക്തിയുടെ ഏകാന്തലോകത്തിനകത്തെ വിഷാദമാണ് ആത്മപീഡയിലേയ്‌ക്കും ആത്മഹത്യയിലേയ്‌ക്കുമൊക്കെ പരിണമിക്കുക. വ്യക്തികള്‍ പുറത്തിറങ്ങി സമൂഹമായാല്‍ വിഷാദം സാമൂഹികമായ നഷ്ടബോധമായി മാറും, നഷ്ടത്തോട് സാമൂഹികമായി തുറന്നിരിക്കലാകും. നഷ്ടബോധത്തിലിരിക്കുക എന്നത് ചരിത്രത്തോട് തുറന്നു ബന്ധപ്പെട്ടിരിക്കലാണ്. ഏകാന്തമായ വിഷാദംപോലെയല്ല അത്, മറിച്ച് രാഷ്ട്രീയപരമാണ്. നഷ്ടബോധം, ജൂഡിത് ബട്‌ലര്‍ പറയുന്നു, കര്‍തൃത്വശേഷിയുള്ള "നാം" എന്ന വിഷയിയെ ഉണ്ടാക്കും. "നമ്മി"ല്‍ ഉള്ളത് ഞാനും നീയും കൂടാതെ നാം തമ്മിലുള്ള വിടവുകൂടിയാണ്. "നാം" പൂര്‍ണ്ണമല്ല. പക്ഷെ "നാം" ശുദ്ധ നാം ആകാനാശിക്കുന്നുണ്ട്. ഒരു പക്ഷെ, അത്രയേ പറ്റൂ.
ദുഃഖം അനുഭവിക്കുമ്പോള്‍ ഓരോരുത്തരും സ്വയം അവരവരില്‍നിന്ന് പുറത്തുപോകും. എക്‌സ്‌റ്റസിയുടെ നിമിഷങ്ങളില്‍ നാം നമുക്ക് പുറത്താണ് (എക്-സ്‌റ്റാറ്റിക് = സ്വയത്തില്‍നിന്ന് പുറത്താക്കപ്പെട്ട അവസ്ഥ). ശംഭുവിനെ നഷ്ടപ്പെട്ട വിഷമത്തില്‍ നാം നമുക്ക് പുറത്തു നില്‍ക്കുകയാണ്. ഈ അര്‍ത്ഥത്തില്‍ ഇപ്പോള്‍ "നാം" ഉണ്ട്. ദുഃഖത്താല്‍ തന്നില്‍നിന്നുതന്നെ സ്വയം പുറത്താക്കപ്പെട്ടവര്‍ കൂടിച്ചേര്‍ന്നുണ്ടാവുന്ന "നാം." ആ നമ്മുടെ വിഷാദം തുറന്നു നില്‍ക്കുന്നത് നഷ്ടവും ബാക്കിയിരുപ്പുകളും ചേര്‍ന്ന ലോകത്തിലേയ്‌ക്കാണ്.
സാമൂഹികമായ വിഷാദം കലാപമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. മറവിക്കെതിരെയുള്ള കലാപമാണ് അത്. ചില കാര്യങ്ങള്‍ ലോകത്തില്‍നിന്ന്‌് നര്‍ബന്ധമായും അപ്രത്യക്ഷമാക്കുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് അത്. നഷ്ടപ്പെട്ടതിനോട് സാമൂഹികമായ ബന്ധം പുലര്‍ത്തുന്നത് അധികാര ലോകത്തെ സംബന്ധിച്ചിടത്തോളം ഒരു സാമൂഹികമായ ഭീഷണിയാണ്. ചില സാമൂഹിക രൂപങ്ങള്‍ ചില നഷ്ടങ്ങളെ ദുഃഖിക്കേണ്ടതല്ലാത്തതായി വിധിച്ചിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ സാമൂഹിക വിഷാദം കലാപമാകും. സാമൂഹികമായി വിഷാദിക്കാനാവുമെങ്കില്‍ സ്‌നേഹം വംശമറ്റുപോകില്ല.
വിഷാദം തുറന്നു നില്‍ക്കുന്നത് ബാക്കിയിരിപ്പുകളുടെ ലോകത്തിലേയ്‌ക്കാണ്, നഷ്ടങ്ങളുടെ അര്‍ത്ഥതലങ്ങളിലേയ്‌ക്ക്. ബാക്കിയിരിപ്പുകളാണ് നഷ്ടത്തെ എപ്പോഴും ഉപരിതലത്തിലേയ്‌ക്ക് ഉയര്‍ത്തിവെയ്‌ക്കുക. ശംഭുവിന് നിരവധി ബാക്കിയിരുപ്പുകളുണ്ട്: ഓര്‍മ്മകളില്‍ സൂക്ഷിക്കപ്പെടുന്ന ചിന്തകള്‍, ഓര്‍മ്മിക്കുന്നവര്‍, ഉറ്റവര്‍, ശിഷ്യന്മാര്‍, ശംഭുവിന്റെ വാസ്‌തുശില്‍പ്പങ്ങള്‍...
എങ്ങനെയാണ് നഷ്ടത്തേയും ബാക്കിയിരിപ്പുകളേയും പ്രതിനിധീകരിക്കുക? നഷ്ടത്തെ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതിലൂടെ. ശംഭുസ്‌മരണ ഒരു പുസ്‌തക രൂപത്തില്‍ ഇറക്കുന്നത് ആ ദിശയിലുള്ള പരിശ്രമങ്ങളിലൊന്നാണ്.
സൗഹൃദത്തിന്റെ നിയമമനുസരിച്ച് ശംഭു അപ്രത്യക്ഷമായി. ശംഭുവിനേയും നമ്മേയും രചിച്ച ബന്ധങ്ങളുടെ ചരടുകള്‍ വീണ്ടും വീണ്ടും പുതിയ രചനകളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കും. ബന്ധങ്ങളുടെ ചരടുകള്‍ കൂട്ടുത്തരവാദിത്തങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും.
(മുകുന്ദനുണ്ണി, "ശംഭുദാസ് നിറവാര്‍ന്ന ഓര്‍മ്മകള്‍," 2022, പേജുകള്‍: 20-23)
Comments