അവസാന കാലം വരെ അച്ഛന്‍ ആരോഗ്യവാനായിരുന്നു. ആസ്‌തമ വരും പോകും. ആരുടേയോ ദുരിതം പങ്കിടുന്നതുപോലെ അച്ഛന്‍ ആസ്‌തമയെ സഹിക്കും. ഒരു അസുഖമായിട്ടല്ല അച്ഛന്‍ അതിനെ അനുഭവിച്ചത്. അവഗണിച്ചിട്ടും കയറിവന്ന് ബുദ്ധിമുട്ടിയ്‌ക്കുന്ന നിസ്സാരനായ ഒരു ശല്യക്കാരനായിരുന്നു ആസ്‌തമ. അച്ഛനെ അസുഖബാധിതനായി കാണുന്നത് ഏതാണ്ട് 1995 കാലത്താണെന്നാണ് ഓര്‍മ്മ. എഴുപത്തൊന്നു വയസ്സില്‍. എ. കെ. കൃഷ്‌ണപ്പിഷാരോടി ഒരു സംസ്‌കൃത പണ്ഡിതനായിരുന്നു. കെ. പി. നാരായണ പിഷാരോടിയുടെ ഗുരുകുല ശിഷ്യന്‍. കുട്ടികൃഷ്‌ണ മാരാരുള്ള കാലത്ത് മാതൃഭൂമിയില്‍ ചേര്‍ന്നതാണ്. ഉദ്യോഗത്തിനുള്ള അപേക്ഷ സംസ്‌കൃതത്തിലായിരുന്നു എഴുതിയത്. കുട്ടികൃഷ്‌ണമാരാര്‍ വരാന്‍ പറഞ്ഞു. പിന്നീട് അസിസ്റ്റന്‍ഡ് എഡിറ്ററായി വിരമിച്ചു.
പുകവലിച്ചിരുന്നു. കുറേക്കാലം. പുറത്തിറങ്ങിയാല്‍ കത്തിക്കും. ഒന്നില്‍നിന്ന്‌് മറ്റൊന്ന് കത്തിച്ചുകൊണ്ടിരിക്കും. ബസ്സിലും ഓഫീസിലും. എനിക്കും ആശാലതയ്‌ക്കും, അനിയത്തി, ആ പുകയുടെ മണം ഇഷ്ടമായിരുന്നു. അന്ന് സിഗരറ്റിന് ഇന്നത്തെപ്പോലെ ചീത്ത പ്രതിഛായ ഇല്ലായിരുന്നു. അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് കാണാന്‍ നല്ല ഭംഗിയായിരുന്നു. ഗൗരവം കൂടും. വീടിന്റെ പടിക്കലെത്തിയാല്‍ സിഗരറ്റ് കളയും. പുറത്തിറങ്ങുമ്പോള്‍ വീണ്ടും കത്തിയ്‌ക്കും. വിരമിച്ചപ്പോള്‍ സിഗരറ്റ് വലി നിര്‍ത്തി. എഴുത്ത്, വായന, ചിന്ത, പത്രപ്രവര്‍ത്തനം എന്നിവയുമായി ചേരുന്ന എന്തോ ആയിരുന്നു അച്ഛന് സിഗരറ്റ്. മദ്യപാനത്തിന്റെ മൂല്യം ഇന്നത്തേക്കാള്‍ മോശമായിരുന്നു അന്ന്. മദ്യം സാമൂഹിക ബന്ധത്തിന് നല്ലതാണെന്ന് അറിയാം. പക്ഷെ ഒരിക്കലും കുടിച്ചില്ല.
അവസാന കാലം വെരെ അച്ഛന്‍ ആശുപത്രിയില്‍ പോയിരുന്നില്ല. ആധുനിക വൈദ്യനെ കണ്ടിരുന്നില്ല. പാരസിറ്റാമോള്‍പോലും കഴിച്ചിരുന്നില്ല. പനി പിടിച്ചാല്‍ അഭയാരിഷ്ടവും അമൃതാരിഷ്ടവും ചേര്‍ത്ത് അതില്‍ ഗോരോചനാദി ഗുളിക അലിയിച്ച് കഴിക്കും. കുട്ടിക്കാലത്ത് ഞങ്ങളുടെ പനിക്കും അച്ഛന്റെ ആയുര്‍വേദ ചികിത്സയായിരുന്നു. അച്ഛന്‍ ഇരട്ടിമധുരം കൂട്ടി മുറുക്കും. പല്ലുവേദന വന്നാല്‍ തരിപ്പിക്കുന്ന ഒരു തരം, മുറ്റത്തുകാണുന്ന, പൂവ്വ് തിരുമ്മി പല്ലിനിടയില്‍ വെയ്‌ക്കും. ചിലപ്പോള്‍ പുകയില വെയ്‌ക്കും. ബാക്കി സഹിക്കും. കവിള്‍ വീങ്ങിയാല്‍ കടുക്ക (Gallnut) അരച്ച് പുരട്ടും. മലബന്ധം എപ്പോഴും കൂടെയുണ്ട്. ദാഡിമാദി ഘൃതം കഴിക്കും. മലബന്ധം രൂക്ഷമാകുമ്പോള്‍ രാത്രി ചെറിയ ചുവന്ന ഉള്ളി നെയ്യില്‍ വറുത്തു കഴിക്കും. ആസ്‌തമയോടൊപ്പം വരുന്ന ചുമയ്‌ക്ക് അഗസ്‌ത്യരസായനം നക്കിക്കൊണ്ടിരിക്കും. ആസ്‌തമയ്‌ക്ക് കൂശ്‌മാണ്ഡ രസായനവും പരീക്ഷിച്ചിട്ടുണ്ട്. ഈ മരുന്നുകളൊന്നും ഫലിച്ചതായി തോന്നിയിട്ടില്ല. ഇതൊന്നും അത്ര വലിയ രോഗമല്ല എന്ന ഭാവത്തില്‍ അവയെ മറക്കും, അവഗണിക്കും. ഗ്രന്ഥം പറയുന്നു, ഫലിച്ചാല്‍ ഫലിച്ചു എന്ന മട്ടില്‍ സ്വയം ചെയ്യുന്ന ചികിത്സകളായിരുന്നു ഈ വകയെല്ലാം.
ഒരിക്കല്‍ ഒരു ആര്യവൈദ്യനെ കാണാന്‍പോയത് എനിക്ക് വേണ്ടിയാണ്. വൈദ്യര്‍ക്കും അറിയാം അച്ഛന്‍ വൈദ്യന്മാരെ കാണില്ലെന്ന്.
വൈദ്യര്‍ ചോദിച്ചു, "എന്താ ഷാരടി ഇങ്ങോട്ടൊക്കെ?"
അച്ഛന്‍: "യമനെ കാണാന്‍ വന്നതാണ്."
വൈദ്യന്‍ യമന് തുല്യനാണ് എന്ന് അര്‍ത്ഥംവരുന്ന ഒരു സംസ്‌കൃത ശ്ലോകവും ചൊല്ലി. രണ്ടു പേരും അട്ടഹസിച്ചു ചിരിച്ചു. ചിരിക്കുന്നതിലൂടെ രണ്ടുപേരും ശക്തരായി.
കുറേ കഴിഞ്ഞ് അച്ഛന് വയ്യായ്‌മ തുടങ്ങി. ശരീരം അതുവരെ കരുതിയതുപോലെയല്ലാതായി. സഹിക്കാനറിയാം. സഹിച്ചതുകൊണ്ട് കാര്യമില്ലാത്ത സ്ഥിതിവിശേഷം വന്നു. ഇത് മറ്റെന്തോ ആണ്! സന്ധികള്‍ വീങ്ങി. കൈപ്പത്തിയുടെ പുറം വീങ്ങി. കൈ കുറേശ്ശെ ചുരുണ്ടു. ചലനം അസാധ്യമാവുന്നതുപോലെ. അച്ഛനറിയാവുന്ന കഷായ ചികത്സയെല്ലാം നടത്തി. രാസ്‌നൈരണ്ഡാദി, ഗുല്‍ഗുലു തിക്തകം, തുടങ്ങിയ കഷായങ്ങള്‍. ഇടയ്‌ക്കിടയ്‌ക്ക് ഉറങ്ങിക്കൊണ്ടിരുന്നു. ഉറക്കമുണര്‍ന്നാല്‍ വീണ്ടും ഉറക്കം. ഉറങ്ങി ജീവിക്കുന്നതുപോലെ. കഷായത്തിന്റെ ഫലമാണോ എന്ന് തോന്നിപ്പോകും. അരിഷ്ടങ്ങളിലെ ആല്‍ക്കഹോളാണോ ഉറക്കുന്നത്? ഊഹങ്ങള്‍ പലതുമാവാം.
ഏതോ സ്വയം വീണ്ടെടുത്ത നിമിഷത്തില്‍ അച്ഛന്‍ ഡോക്ടറെ കാണാന്‍ തയ്യാറായി. ഡോക്ടര്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുളിക നല്‍കി. രോഗം ശമിച്ചു. ദീര്‍ഘകാലത്തേയ്‌ക്ക് ഐബൂപ്രൂഫന്‍! അത് ദീര്‍ഘകാലം കഴിക്കാന്‍ പാടില്ല എന്നു തോന്നി. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും, ആരോക്കെയോ എവിടെയൊക്കെയോ പറഞ്ഞുകേട്ടും വായിച്ചും ആധുനികവൈദ്യത്തെ വിമര്‍ശനബുദ്ധിയോടെ സ്വീകരിച്ചവര്‍ക്കിടയില്‍ ആ താക്കീത് പ്രചരിച്ചിരുന്നു. പ്രായമായി, വേദന സഹിക്കെണ്ടേ, കഴിച്ചോട്ടെ - ഡോക്ടര്‍ അങ്ങനെ ചിന്തിച്ചിരിക്കാം. മറ്റൊരു ഡോക്ടറെ കണ്ടുനോക്കാം. കോഴിക്കോട് അക്കാലത്ത് പ്രശസ്‌തനായ ഡോക്ടര്‍ ഗോവിന്ദരാജിനെ സമീപിച്ചു. (മരുമകന്‍ ഡോക്ടര്‍ കൃഷ്‌ണകുമാറിനേയും മകള്‍ ഡോക്ടര്‍ ഗീതയേയും അതിനു മുന്‍പ് പരിചയപ്പെട്ടിരുന്നു). രോഗം നോക്കി നിര്‍ണ്ണയിച്ചു (ലാബ് ടെസ്റ്റുകളില്ലാതെ): റൂമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസ്. സ്വന്തം ശരീരത്തിലെ പ്രതിരോധ സന്നാഹം സ്വന്തം ശരീരത്തെത്തന്നെ ആക്രമിക്കുന്ന പ്രതിഭാസം. രോഗത്തെ എതിര്‍ത്താല്‍ സ്വന്തം ശരീരത്തെത്തന്നെയാകും എതിര്‍ക്കുക. ചികിത്സയില്ല. ഗോള്‍ഡ് ഇന്‍ജക്ഷന്‍ (sodium aurothiomalate) വെച്ചുനോക്കാം. രോഗത്തില്‍ ഭേദഗതി വരുത്തുന്ന മരുന്നാണെന്ന് തോന്നുന്നു. ചര്‍മ്മരോഗം വരും. ചര്‍മ്മ രോഗവിദഗ്‌ധനെ കാണിച്ചോളു. പറഞ്ഞതുപോലെ കാലില്‍ ചര്‍മ്മരോഗം വന്നു. പിന്നെ അതിന്റെ ചികിത്സയിലായി. പിന്നീട് ഒരിക്കല്‍ കൂടി ഗോള്‍ഡ് ഇഞ്ചക്ഷന്‍ വെച്ചു. ചര്‍മ്മ രോഗം പിന്നാലെ വന്നു. അതും മാറി. അച്ഛന്‍ രോഗവിമുക്തനായി. പക്ഷെ ആരോഗ്യവാനായില്ല. ഗോള്‍ഡ് ഇഞ്ചക്ഷന്‍ വെച്ചപ്പോഴാണ് മെലിഞ്ഞുണങ്ങിയത്. രോഗമില്ലാതെ, അല്ലെങ്കില്‍ ലക്ഷണങ്ങളില്ലാതെ, ആ നില തുടര്‍ന്നു.
ഡോക്ടര്‍ ഗോവിന്ദരാജിനെ ഇടയ്‌ക്കെല്ലാം ചെന്ന് കാണും. വെറുതെ വരേണ്ടതില്ല, വിഷമങ്ങളുണ്ടെങ്കില്‍ വന്നോളു, ഗോവിന്ദരാജ് പറയും. ശരീരം ഒരു പ്രശ്‌നലോകമായതോടെ അച്ഛന്‍ ശരീരത്തിനകത്ത് ജീവിക്കാന്‍ തുടങ്ങി. ശരീരത്തിനുവേണ്ടി അച്ഛന്‍ സംസാരിച്ചു. തോളിന്റെ ഭാഗത്ത് കുത്തുന്ന വേദനയുണ്ട്, എപ്പോഴുമില്ല; പ്രശ്‌നമാണോ എന്ന് വ്യക്തമായി പറയാനാവാത്ത കുറേ പ്രശ്‌നങ്ങള്‍ - ഏതാണ് ഡോക്ടര്‍ക്ക് മനസ്സിലാവുന്ന പ്രശ്‌നം, അല്ലെങ്കില്‍ ഡോക്ടറോട് പറയാവുന്ന പ്രശ്‌നം? ചികിത്സയും രോഗിയും രണ്ടു തീരങ്ങളിലാണ്. മറു തീരത്തെ സയന്‍സിലേയ്‌ക്ക് പാലം കയറിചെന്ന് വേണം സുഖക്കേടുകള്‍ പറയാന്‍, തിരിച്ച് പാലം കയറി വീട്ടിലെത്തുമ്പോള്‍ വൈദ്യഭാഷയിലേയ്‌ക്ക് വിവര്‍ത്തനം ചെയ്യാതെപോയ കുറേ പ്രശ്‌നങ്ങളും നിസ്സഹായാവസ്ഥകളും ബാക്കിയാവും. ഡോക്ടറോട് എല്ലാം വ്യക്തമായി പറയണം എന്ന് കരുതിയാണ് അച്ഛന്‍ പോകുക. പറയുന്നത് വ്യക്തമാവാന്‍വേണ്ടി ഉപമാലങ്കാരത്തെ ആശ്രയിച്ചു. പക്ഷെ പരിശോധന മുറി പ്രതീക്ഷിക്കുന്നത് ശാസ്‌ത്രശരീരത്തെയാണ്. രോഗി പ്രതീക്ഷിക്കുന്നത് ശരീരത്തിന്റെ എല്ലാ കഥകളും വിളമ്പാവുന്ന ഒരു ഇടമാണ്. ശാസ്‌ത്രശരീരവും ശരീരിയുടെ ശരീരവും വൈദ്യത്തിന്റെ നോട്ടവും തമ്മില്‍ വേണ്ടത്ര ആനുരൂപ്യമുണ്ടായിരുന്നില്ല. ശാസ്‌ത്രത്തിന്റെ ആധികാരികതയും ഡോക്ടറുടെ ശക്തമായ സാന്നിധ്യവും രോഗിയുടെ ശരീരകഥകള്‍ അനായാസമായി ഒഴുകുന്നതിന് ചേരാത്ത പശ്ചാത്തലമായിരുന്നിരിക്കാം. രോഗിയും ശാസ്‌ത്രവും വ്യത്യസ്‌ത തീരങ്ങളിലാവുന്നതിന്റെ ഒരു കാരണം അതാവാം. അച്ഛന്‍ ശാരീരികാവസ്ഥയെ വിവരിച്ചത് താത്‌പര്യനിരപേക്ഷമായ പത്രപ്രവര്‍ത്തനംപോലെയായിരുന്നു.
അന്ന് ജെറിയാട്രിക്‌സിന് (ജരാചികിത്സ) കോഴിക്കോട്ട് പ്രചാരമുണ്ടായിരുന്നില്ലെന്ന് തോന്നുന്നു. പക്ഷെ ഡോക്ടര്‍ ഗോവന്ദരാജിന്റെ സമീപനത്തില്‍ ജരാചികിത്സ കാണാം. ശരീരത്തെ കാവ്യഭാഷയിലൂടെ കാണിച്ചുകൊടുക്കാനുള്ള അച്ഛന്റെ ശ്രമങ്ങളോട് ഡോക്ടര്‍ ചില കൗശലങ്ങള്‍ പ്രയോഗിക്കുന്നതുകണ്ടു. തോളിലെ വേദനയുടെ പ്രകൃതത്തെ അച്ഛന്‍ വാഗ്വിലാസങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴാണ് ഡോക്ടര്‍ ചോദിക്കുക കാലില്‍ വേദനയുണ്ടോ എന്ന്. "ഇല്ല." "എന്നാല്‍ പേടിക്കാനില്ല." സംസാരത്തിന്റെ രസച്ചരട് മുറിയും. വീണ്ടും അവസരം കിട്ടുമ്പോള്‍ അച്ഛന്‍ മറ്റൊരു വേദന പറയും. അപ്പോഴും ഡോക്ടര്‍ ഇതേ കൗശലം ആവര്‍ത്തിക്കും. ജരാചികിത്സയുടെ കൗശലങ്ങള്‍ പലര്‍ക്കും ഫലപ്രദമായിരിക്കാം. ഇല്ലാത്ത ലക്ഷണങ്ങള്‍ സങ്കില്‍പ്പിച്ച് വേദന അനുഭവിക്കുന്നവര്‍ക്ക് ഈ കൗശലം ഗുണം ചെയ്യുന്നുണ്ടാവാം. ഡോക്ടര്‍ കൗശലം പ്രയോഗിക്കുകയാണെന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു. തന്റെ ശരീരകഥകളുടെ ശ്രോതാക്കളില്‍നിന്ന് ഡോക്ടറെ അച്ഛന്‍ നീക്കി. ആദരവോടെ സൗമ്യമായി ചിരിക്കും, പ്രത്യേകിച്ച് ഒന്നും പറയാതെ. വീണ്ടും സയന്‍സിനും സാധാരണ ആത്മാനുഭവങ്ങള്‍ക്കും ഇടയിലുള്ള പാലം നീണ്ടു. ജനവാസ തീരം പിന്‍വലിഞ്ഞു. രോഗത്തിനും ചികിത്സയ്‌ക്കും പ്രായോഗികമായി മാറ്റമുണ്ടാക്കുന്നില്ലെങ്കിലും. കൂട്ടുപരിശ്രമത്താല്‍ ശരീരത്തിന്റെ ഉള്ളില്‍ തോന്നുന്ന രോഗാനുഭവങ്ങളെ വ്യക്ത്യാന്തര തലത്തിലേയ്‌ക്ക് വ്യാപിപ്പിക്കാനാവുമെങ്കില്‍ രോഗിയേയും വൈദ്യത്തേയും വൈദ്യനേയും ഒരുമിപ്പിക്കാനായേയ്‌ക്കും. ആ സാധ്യതയിലേയ്‌ക്കുള്ള വഴികള്‍, ഒരു പക്ഷെ, അച്ഛന്‍ ആ സൗമ്യമായ ചിരിയ്‌ക്കകത്തിരുന്ന് നിശബ്ദമായി ആരാഞ്ഞിരിക്കാം.
മിതമായി ഭക്ഷണം കഴിച്ചാല്‍ ഏതാനും മണിക്കൂറുകള്‍ സുഖമായിരിക്കാം എന്ന് അച്ഛന്‍ കണ്ടുപിടിച്ചു. അന്ന് സമീകൃതാഹര സങ്കല്‍പ്പത്തിന് പ്രാചരം ഉണ്ടായിരുന്നില്ല. വീട്ടുലുണ്ടാക്കുന്ന ഇളവന്‍, മത്തന്‍, ചേന, ചേമ്പ്, വെണ്ടയ്‌ക്ക, ചുരങ്ങ, പാല്‍, മോര്, കൂടാതെ റേഷന്‍ കടയിലെ അരിയും ഗോതമ്പും, പുറത്തുനിന്നു വാങ്ങുന്ന തക്കാളി, കാരറ്റ് എന്നിവയുമാണ് ആഹാരമുണ്ടാക്കാന്‍ ലഭിച്ചിരുന്നത്. കോളിഫ്‌ളവര്‍, ബ്രൊക്കോളി, തുടങ്ങിയവയെക്കുറിച്ച് കേട്ടിട്ടേയില്ല. വീട്ടില്‍ തന്നെയുണ്ടാവുന്ന തിരുനെല്ലിപ്പഴം, മാങ്ങ, സീതപ്പഴം, ഓണത്തിന് വാങ്ങുന്ന നേന്ത്രപ്പഴം, ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വാങ്ങുന്ന നാരങ്ങ, സബര്‍ജില്‍ എന്നിവ മാത്രമായിരുന്നു പഴങ്ങള്‍. പ്രധാന ഭക്ഷണമായി മനസ്സിലാക്കിയത് ചോറിനെയാണ്. മറ്റുള്ളവ അതിന് മുന്‍പും പിന്‍പുമുളള ചില്ലറ വിഭവങ്ങള്‍. ഒരു പിടി ചോറ് അധികമായാല്‍ ക്ഷീണം കൂടും കുറഞ്ഞാലും കൂടും. അച്ഛന്റെ കണക്ക് അങ്ങനെയായിരുന്നു. അളവിനെക്കുറിച്ച് അമിതമായ ഭയം ഉണ്ടായിരുന്നു. പലപ്പോഴും ചോദിക്കാറുണ്ട്: "ഞാന്‍ ഒരു ഉരുള കൂടി കഴിക്കട്ടെ, പ്രശ്‌നമാവുമോ?'
രോഗം വിട്ടിട്ടും ആരോഗ്യമില്ലാത്തതെന്തേ?! അച്ഛന്‍ ആ ചോദ്യത്തിന് പിന്നാലെ നടന്നു. ഞാനും. അച്ഛന്റെ ശരീരത്തെക്കുറിച്ച് പഠിക്കുന്ന രണ്ടു പേരായി അച്ഛനും ഞാനും. അച്ഛന്‍ പണ്ഡിതനാണെങ്കിലും സ്വന്തം ശരീരത്തിന്റെ വിദ്യാര്‍ത്ഥിയായി. ആയുര്‍വേദത്തെക്കുറിച്ച് പിന്നെ ഒന്നും പറഞ്ഞില്ല. ഏതുതരം അറിവാണെങ്കിലും അതിന് വര്‍ത്തമാനകാലത്തോട് ഇടപഴകാനാവണം, ഞാന്‍ അച്ഛന്റെ മൗനത്തെ വായിച്ചു. സയന്‍സിനോടുള്ള ജിജ്ഞാസയ്‌ക്ക് തീപ്പിടിച്ചു.
രാത്രിയില്‍ ഉറക്കം ഇല്ലാതാവും. മറ്റുള്ളവരെല്ലാം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കാന്‍ ഭയം. എന്റെ വാതിലില്‍ മുട്ടും. അച്ഛന് വല്ലാത്ത ചൂട് അനുഭവപ്പെടും. ഞങ്ങള്‍ പുറത്തിറങ്ങി നടക്കും. ഒരു ഫര്‍ലോങ് ദൂരത്ത് വലിയ ചിറയുണ്ട്. അവിടെ പോയിരിക്കും. അല്ലെങ്കില്‍ നടന്നുകൊണ്ടേയിരിക്കും. നാല് മണിക്ക് ചിറയില്‍ കുളിക്കാന്‍ വരുന്ന പ്രായം ചെന്ന ഒരു സ്‌്‌ത്രീയുമായി കുശലം പറഞ്ഞ് മടങ്ങും. ആ സ്‌്‌ത്രീയ്‌ക്ക് അച്ഛനെപ്പോലെ മരണചിന്തയും ഭയവുമൊന്നും ഇല്ലേ? ഒരു പക്ഷെ, കുടുംബത്തില്‍ അവഗണിക്കപ്പെടുന്നതിന്റെ ഒറ്റപ്പെടലില്‍ സ്വന്തം നിലനില്‍പ്പുപോലും മറക്കാന്‍ പഠിച്ചിരിക്കാം. പകല്‍ മുഴുവന്‍ അച്ഛന്‍ ഉറങ്ങും. ഞാന്‍ ഉറങ്ങാതെ ജീവിക്കാന്‍ പഠിച്ചു. പകല്‍ പല തവണയായി കുഞ്ഞുറക്കങ്ങളില്‍ കണക്ക് തീര്‍ത്തു. അച്ഛനുമായുള്ള രാത്രി സഞ്ചാരങ്ങള്‍ എത്രകാലം നീണ്ടു എന്ന് ഓര്‍മ്മയില്ല. അച്ഛന് നടക്കാന്‍പോലും വയ്യാതാവുന്നതുവരെ. ചില വൈകുന്നേരങ്ങളില്‍ ഇടവഴിയിലൂടെ നടക്കുന്നത് കണ്ടിരുന്നു. വളരെ പതുക്കെ. നടക്കാനാവുന്നു എന്ന അത്ഭുതത്തെ ആസ്വദിച്ച് അടക്കാനാവത്ത സന്തോഷത്തോടെ. വീട്ടുകാരെ വഴിയ്‌ക്കുവെച്ച് കണ്ടാല്‍ ഒരു അസംബന്ധച്ചിരി ചിരിക്കും. നാറാണത്ത് ഭ്രാന്തനെ അച്ഛന് നല്ല പരിചയമാണ്. അച്ഛന്റെ അക്കാലത്തെ ചിരി വളരെ പ്രത്യേകമായിരുന്നു. ഐത്യഹ്യമാലയിലൂടെ പിടിച്ചുപിടിച്ചു നടക്കുകയായിരുന്നു അച്ഛന്‍. പറയിപ്പെറ്റ പന്തിരുകുലത്തിലെ മിടുക്കന്മാരെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. പണം ആളെക്കൊല്ലിയാണെന്ന് പാക്കനാര്‍. അച്ഛന്‍ പണം കൈ കൊണ്ട് തൊട്ടിരുന്നില്ല. ഉച്ചയ്‌ക്ക് തിരുവണ്ണൂരില്‍നിന്നെടുക്കുന്ന സ്ഥിരം ബസ്സിലെ കണ്ടക്ടര്‍ അച്ഛന്റെ കീശയില്‍നിന്ന് എടുക്കുകയായിരുന്നു പതിവ്. കൃത്യം ബസ്സുകൂലി മാത്രമായിരിക്കും കീശയില്‍. സിഗരറ്റ് പാക്കുകണക്കിന് അടുത്ത പോക്കറ്റില്‍.
ചാരുകസേരയില്‍ കിടപ്പായപ്പോള്‍ അച്ഛന്‍ ടി വി കാണാന്‍ നിര്‍ബന്ധിതനായി. ടി വി യും സിനിമയും ഇഷ്ടമല്ല. ഇഷ്ടം കൂടിയാട്ടം മാത്രം. അച്ഛനെ ടി വി യില്‍നിന്ന് രക്ഷിക്കാന്‍ ഞാന്‍ സംസ്‌കൃതം പഠിക്കാന്‍ തുടങ്ങി. രഘുവംശം അച്ഛന് മുഴുവന്‍ ഹൃദിസ്‌ഥമായിരുന്നു. ഞാന്‍ പുസ്‌തകം നോക്കി കേട്ടു. പിന്നെ കുടുതല്‍ വയ്യാതായി. കഫം തുപ്പിക്കൊണ്ടിരിക്കും. കോളാമ്പി അടുത്തുകൊണ്ടുവെച്ചു. കമോഡ്‌കസേര ഉണ്ടാക്കി. ആരോഗ്യം വീണ്ടെടുക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഇല്ലാതായിക്കൊണ്ടിരുന്നു. ഉണര്‍വ്വിന്റെ ഒരു ചെറിയ വെളിച്ചത്തില്‍ അച്ഛന്‍ പറഞ്ഞു, "ഈ ലോകത്തിനപ്പുറം വെറും ഇരുട്ടാണ്." കുറേക്കാലമായി കരുതിവെച്ച ധൈര്യത്തോടെ ഉറക്കെ. "എന്റെ ശരീരം ഒന്നിനും കൊള്ളാതായി കഴിഞ്ഞു. ശരീരം തിരിച്ചുകിട്ടില്ല. ചുവരില്‍ പറ്റിച്ചുവെച്ച രണ്ടു കണ്ണുകളായെങ്കിലും നിലനില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നിങ്ങളെയെല്ലാം കണ്ടിരിക്കാമായിരുന്നു." ഞാന്‍ മനസ്സില്‍ കണ്ടു. അച്ഛന് മനസ്സിലായി. വീണ്ടും, ഇത്തവണ വളരെ ക്ഷീണിച്ച, അസംബന്ധച്ചിരി.
ശ്വാസപാതയില്‍ വല്ലാതെ കഫം നിറഞ്ഞു. ഇടയ്‌ക്ക് അപ്രതീക്ഷിതമായി വിയര്‍ത്തു. ഡോക്ടര്‍ ഗോവിന്ദരാജ് അച്ഛനെ രാജേന്ദ്ര നഴ്‌സിങ് ഹോമില്‍ അഡ്‌മിറ്റ് ചെയ്‌തു. ടിബിയുണ്ടോ എന്ന് പരിശോധിച്ചു. പള്‍മണറി ട്യൂബര്‍കുലോസിസ് ആണ്. റൂമറ്റോയ്‌ഡ് ആര്‍ത്രൈറ്റിസിന്റെ രണ്ടാം ഘട്ടം അങ്ങനെയാവാറുണ്ടത്രെ. ഡിസ്‌ചാര്‍ജ് ചെയ്‌തു. എന്തിനാണ് ഡിസ്‌ചാര്‍ജ് ചെയ്‌തത് എന്ന് അച്ഛന്‍ ചോദിച്ചില്ല. സംശയം മുഖത്തുണ്ടായിരുന്നു. ഉത്തരം ആരുടെ മുഖത്തും കണ്ടില്ല. ആശുപത്രിയില്‍നിന്ന് വീട്ടിലേയ്‌ക്ക് മടങ്ങി. ഒരു സന്ധ്യയ്‌ക്ക് മരിച്ചു. കഫം നിറഞ്ഞ് ശ്വാസം മുട്ടിയിട്ടാണെന്ന് തോന്നി. കൈകൊണ്ട് നെഞ്ചത്ത് കുത്തുന്നതുപോലെ ഒരു ആംഗ്യമാണ് അവസാനമായി കാണിച്ചത്.
അമ്മ
പേര് എ. പി. ശ്രീദേവി. എല്‍ പി സ്‌ക്കൂളില്‍ പ്രധാന അദ്ധ്യാപികയായിരുന്നു. തിരക്കുകള്‍ ഒഴിഞ്ഞ് സ്വതന്ത്രയായതിനു ശേഷം അവസാനംവരെ ബുദ്ധിമതിയും സന്തോഷപ്രിയയുമായിരുന്നു.
പ്രമേഹം ഉണ്ടായിരുന്നു. കുറഞ്ഞ തോതില്‍. പഞ്ചസാര ഉപേക്ഷിച്ചു. സുക്രോസിന്റെ മധുരം ശീലിച്ചു. മരണകാരണമായിത്തീര്‍ന്ന രോഗത്തെ അമ്മ ഒളിച്ചുവെച്ചിരിക്കുകയായിരുന്നു. എത്ര കാലം മൂടിവെച്ചു എന്നറിയില്ല. അമ്മയെ സന്തോഷിപ്പിക്കാന്‍ രസമാണ്. അമ്മ സന്തോഷത്തെ കാത്തിരിക്കും. വെറുതെ ഒരു സ്വപ്‌നപദ്ധതി പറയുകയായിരുന്നു. ഭാവിയിലേയ്‌ക്ക് രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കടന്ന് നടക്കാനിരിക്കുന്നതിന്റെ ഭാവന. ഭാവനയെല്ലാം കേട്ടിട്ടും അമ്മ മൗനം പാലിച്ചു. അന്ന് ഞാനുണ്ടാവില്ല എന്ന് അല്‍പം കഴിഞ്ഞ് പറഞ്ഞു. ജോതിഷമാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് തലയാട്ടി. മറച്ചുപിടിച്ച തന്റെ രോഗം കുറച്ച് ഗുരുതരമാണെന്ന് അമ്മ തിരിച്ചറിഞ്ഞിരിക്കാം. അക്കാലത്ത് മൂത്ത ജ്യേഷ്‌ഠനോടൊപ്പം, ശ്രീവത്സന്‍, അമ്മ ശബരിമലയില്‍ പോയിരുന്നു. അവസാന ആഗ്രഹംപോലെ എന്തോ ആയിരുന്നോ, ആവോ, അറിയില്ല. ജ്യേഷ്‌ഠനേക്കാള്‍ വേഗത്തില്‍ ഓടിക്കയറുകയായിരുന്നത്രെ ശബരിമലയിലെ പടികള്‍.
ഒരിക്കല്‍ വയറില്‍ എന്തോ ഒരു ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വയര്‍ എപ്പോഴും പ്രശ്‌നമായിരുന്നു. പണ്ട് വീട്ടില്‍ പശുക്കളെ വളര്‍ത്തിയിരുന്നു. അയല്‍ക്കാരില്‍ ചിലര്‍ പാലിന് വരും. ബാക്കിയുള്ള പാലെല്ലാം പായസമുണ്ടാക്കി കുടിക്കും. മിക്കവാറും രാത്രി പാല്‍പ്പായസമാവും. പായസത്തേക്കാള്‍ രുചി കഞ്ഞിക്കാണെന്ന് അക്കാലത്ത് ബോധ്യപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും ബാക്കി വരുന്ന പാല്‍ അമ്മ കുടിച്ചു തീര്‍ക്കും. എന്നും വയറിളക്കമായിരുന്നു. പ്രായം കൂടിയപ്പോള്‍ തിരിച്ചായി. ശോധനയേയില്ല. ത്രിവൃല്ലേഹം കഴിക്കാന്‍ തുടങ്ങി, ശോധനയ്‌ക്ക്.
ത്രിവൃല്ലേഹത്തിന് പകരം നാരുള്ള ഭക്ഷണം കഴിക്കുന്നതല്ലേ നല്ലത്? കുറച്ചു ദിവസം പാലില്‍ കലക്കി കുടിക്കുന്ന ഫങ്‌ഷണല്‍ ഫൈബര്‍ പരീക്ഷിച്ചു. അമ്മ മുഖത്ത് തൃപ്‌തി വരുത്തിയിട്ടും വന്നില്ല. ഭയങ്കര വില. ഒരു നല്ല ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. അമ്മയ്‌ക്ക് പുറത്തുപോകുന്നത് ഇഷ്ടമാണ്. നെയ്‌റോസ്‌റ്റ്, കടല, പോപ്‌കോണ്‍, ഉഴുന്നു വട, പരിപ്പുവട... ഞാനും അമ്മയും രുചിയെ ഓമനിക്കുന്ന ഭക്ഷണപ്രേമികളാണ്. വൈകുന്നേരം നാലരയായാല്‍ മനസ്സില്‍ ചൂടുള്ള ഉഴുന്നുവട പൊരിയും. മാസത്തില്‍ രണ്ടു തവണ രക്തം പരിശോധിക്കും. ഫാസ്റ്റിങ് ബ്ലഡ് ഷുഗര്‍ നോക്കാനുള്ള സാമ്പിള്‍ കൊടുത്ത് പോസ്‌റ്റ്‌പ്രാണ്ടിയലിനു മുന്‍പുള്ള നീണ്ട സമയം നെയ്യ്‌റോസ്‌റ്റ് കഴിച്ചും കടപ്പുറം കണ്ടും ചിലവഴിക്കും. ദക്ഷിണ്‍ ദ വെജ് എന്ന റസ്റ്റാറന്റില്‍ ഞങ്ങള്‍ക്ക് ഒരു നെയ്‌റോസ്‌റ്റ് രണ്ടാക്കി ഉണ്ടാക്കിത്തരും.
ഡോക്ടര്‍-സുഹൃത്ത്, ബ്രഹ്മപുത്രന്‍, അദ്ദേഹത്തിന്റെ സുഹൃത്തായ ഡോക്ടര്‍ രാമചന്ദ്രനെ നിര്‍ദ്ദേശിച്ചു. പരിശോധനയ്‌ക്കിടയില്‍ പെല്‍വിസിന്റെ മുഴച്ച ഭാഗം തൊട്ട് ഇതെന്താണെന്ന് അമ്മയോട് ചോദിച്ചു. അമ്മ ഒന്നും മിണ്ടിയില്ല. "ആരോടും മിണ്ടാതിരിക്കുകയാണല്ലേ," ഡോക്ടര്‍ക്ക് മനസ്സിലായി. എല്ലുരോഗ വിദഗ്‌ധനെ കാണാന്‍ പറഞ്ഞു.
ഡോക്ടര്‍ സത്യനാരായണനെ പരിചയമുണ്ട്. അദ്ദേഹം നോക്കി. എംആര്‍ഐ കണ്ടു. ഡോക്ടര്‍ സങ്കടത്തോടെ പറഞ്ഞു: കോണ്ട്രോസര്‍ക്കോമയാണ്, ബയോപ്‌സി നോക്കിയിട്ട് ഉറപ്പിക്കാം. ബയോപ്‌സി പറഞ്ഞു ആമലോയ്‌ഡോസിസ് ആണെന്ന്. ആമലോയ്‌ഡ് എന്ന ഒരു തരം അബ്‌നോര്‍മല്‍ പ്രോട്ടീന്‍ അവയവങ്ങളില്‍ അടിഞ്ഞുകൂടുക. അമ്മയുടെ എല്ലുകളിലാണ് അടിഞ്ഞുകൂടുന്നത്. 2010, സെപ്‌തംബര്‍ 2. ന്യൂക്ലിയര്‍ ഇമേജിങ് എടുത്തു. അസ്ഥികളിലെല്ലാം ദീപംകൊളുത്തിയതുപോലെയുള്ള ചിത്രം. ശരീരത്തില്‍ എല്ലുള്ളിടത്തെല്ലാം അത് അടിഞ്ഞുകൂടി എല്ലായി വളരുന്നു. ഫലത്തില്‍ കോണ്ട്രോസര്‍ക്കോമതന്നെ. കാന്‍സര്‍ അല്ലെങ്കിലും ഫലത്തില്‍ കാന്‍സര്‍തന്നെ. നാരായണന്‍ കുട്ടി ഡോക്ടറെ കണ്ടു. കീമോ ചെയ്‌താല്‍ ഫലമുണ്ടോ എന്ന് അറിയില്ല. മാറണമെന്നില്ല. ഇപ്പോഴുള്ള സൈ്വര്യം പോകും. ഇപ്പോള്‍ അമ്മയ്‌ക്ക് ഒന്നുമില്ല. കുറച്ച് ക്ഷീണം മാത്രം. രണ്ടാഴ്‌ചകൂടുമ്പോള്‍ ഡോക്ടറെ കണ്ടുകൊണ്ടിരുന്നു. ഷുഗര്‍ ഫ്രീ ഇട്ട ചായയും പലഹാരങ്ങളും കഴിച്ച് ജീവിതം ആസ്വദിച്ചുകൊണ്ടിരുന്നു.
വയ്യായ്‌മ നേരിയ തോതില്‍ കൂടിക്കൊണ്ടിരുന്നു. എങ്കിലും ദിവസേന രാവിലെ അമ്മ യോഗ ചെയ്യും. ചെയ്യാനാവുന്നിടത്തോളം. മൂത്ത ജ്യേഷ്‌ഠന്‍ ശ്രീ ശ്രീ രവിശങ്കറുടെ ഭക്തനായിരുന്നു. ആറു മക്കളുടെ സ്‌നേഹം നുകര്‍ന്നും മൂത്ത ജ്യേഷ്‌ഠന്റെ ആത്മീയ ആഘോഷപരിപാടികളില്‍ മുഴുകിയും അമ്മ രോഗം മറന്ന് ജീവിച്ചു. ക്ഷീണം കൂടിയപ്പോള്‍ ആ ആഹ്ലാദസമൂഹത്തില്‍നിന്ന് അകന്നു. സ്വന്തം ശരീരവും അതിനെ പരിചരിക്കുന്നവരും മാത്രമായി. പ്രസവത്തിനു ശേഷം ആദ്യമായി ഒരു ആശുപത്രിയില്‍, മിംമ്‌സില്‍, ഒരാഴ്‌ച കിടന്നു. വേദനയല്ല. എന്തോ ഒരു ക്ഷീണം. അവിടത്തെ നഴ്‌സുമാരെ വലിയ ഇഷ്ടമായി. ഡിസ്‌ചാര്‍ജ് ചെയ്‌തുവരുമ്പോള്‍ അവര്‍ക്ക് എന്തെങ്കിലും സമ്മാനം കൊടുക്കാന്‍ പറഞ്ഞു. അവര്‍ പണം സ്വീകരിക്കില്ല. അതുകൊണ്ട് കുറേ പഴംപൊരിയും വടയും ബോണ്ടയും വാങ്ങി അവര്‍ക്ക് നല്‍കി. കൗതുകം നിറഞ്ഞ ഒരു യാത്രയയപ്പ്. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ആശുപത്രിയില്‍ വന്നു കിടപ്പായി. ഡിസ്‌ചാര്‍ജായി പോയാല്‍ വീണ്ടും വരാറായി. അവസാനം ഡിസ്‌ചാര്‍ജ് ചെയ്‌തതിന്റെ അടുത്ത ദിവസം വീണ്ടും അഡ്‌മിറ്റായി. എല്ലുവളരാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. 2011 സെപ്‌തംബര്‍ അവസാനം. അമ്മയ്‌ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു.
ക്ഷീണം കൂടി കൂടി വന്നു. അമ്മ പറഞ്ഞു ലക്ഷ്‌മീ സ്‌റ്റോറിലെ കടുമാങ്ങ വാങ്ങാന്‍. അമ്മയ്‌ക്കല്ല, എനിക്കുവേണ്ടി. അമ്മയ്‌ക്കറിയാം എനിക്ക് കാന്റീനിലെ ഊണ് ഇഷ്ടമല്ലെന്ന്. അമ്മയ്‌ക്കറിയാം ഇനി അമ്മ വീട്ടിലേയ്‌ക്ക് തിരിച്ചുപോകുന്നില്ലെന്ന്, അമ്മ മിംമ്‌സ് വിട്ടുപോകുന്നതുവരെ ഞാനും. കാന്റീനിലെ ഊണ് സഹിക്കാനാണ് കടുമാങ്ങ. കിടന്ന കിടപ്പില്‍നിന്ന് ഇളകാന്‍ പറ്റാതായി. എന്തിനും അമ്മയെ എടുക്കണമെന്നായി. മലവിസര്‍ജ്ജനത്തിന് ശേഷം തുടച്ചപ്പോള്‍ തൊലിയോടെ പോന്നു. എടുത്തുവെയ്‌ക്കുമ്പോള്‍ എന്റെ ശരീരബലം അമ്മയെ വേദനിപ്പിച്ചു. ശര്‍മിള കുട്ടികളെ എടുക്കുന്നതുപോലെ എടുത്തു. അമ്മയ്‌ക്ക് വേദനിച്ചില്ല. ക്ഷീണം കൂടി കൂടി വന്നു. ഓരോന്നിനും 'ശര്‍മിളേ...' എന്നു വിളിച്ചു. പിന്നീട് എല്ലാം നഴ്‌സുമാര്‍തന്നെ ചെയ്‌തു. അവരെപോലെ മറ്റാര്‍ക്കും കഴിയില്ല. മനുഷ്യന് മനുഷ്യനോടുള്ള സമാനമായ ശ്രദ്ധയും സമര്‍പ്പണവും മറ്റൊരു സാമൂഹിക സന്ദര്‍ഭത്തിലും കണ്ടിട്ടില്ല. നഴ്‌സുമാരുടെ ലോകത്തിലല്ലാതെ.
അമ്മ നീര് നിറഞ്ഞ് തടിച്ചുകൊണ്ടിരുന്നു. മിക്കവാറും സമയം നിശബ്ദമായി ഉറങ്ങി. അമ്മ ശാന്തമായി, സുഖമായി മരിക്കുകയാണെന്ന് നാരായണന്‍ കുട്ടി ഡോക്ടര്‍ പറഞ്ഞു. ശരിയായിരിക്കാം. അമ്മ ചെറുതായി ഉണര്‍ന്നാല്‍ ജീവിതത്തിലേയ്‌ക്ക് പിടിച്ചു കയറാന്‍ ശ്രമിക്കും. ഡോക്ടര്‍മാരിലും എന്നിലും അമ്മയ്‌ക്കുള്ള വിശ്വാസം ഇല്ലാതായി. വൈദ്യംകൊണ്ട് ഡോക്ടര്‍മാര്‍ക്കോ സ്‌നേഹംകൊണ്ട് ഉണ്ണിയ്‌ക്കോ തന്നെ രക്ഷിക്കാനാവില്ലെന്ന് അമ്മ തിരിച്ചറിഞ്ഞു. അമ്മ പറഞ്ഞു ഉണ്ണികൃഷ്‌ണനെ വിളിക്ക് എന്ന്. ഉണ്ണികൃഷ്‌ണന്‍, ആശാലതയുടെ ഭര്‍ത്താവ്, കാനഡയിലാണ്. റേഡിയേഷന്‍ ഫിസിസിസ്റ്റ് ആയി ജോലി ചെയ്യുന്നു. ടെക്‌നോളജിയ്‌ക്കേ ഇനി തന്നെ രക്ഷിക്കാനാവു എന്ന് അമ്മ മനസ്സിലാക്കി. ഇടയ്‌ക്കിടയ്‌ക്ക് ഉണ്ണികൃഷ്‌ണനെ വിളിക്കാന്‍ പറഞ്ഞുകൊണ്ടിരുന്നു. ക്ഷീണത്തിലേയ്‌ക്ക് ആണ്ടുപോകുമ്പോള്‍ ശര്‍മിള മധുരമായി ചോദിക്കും, അമ്മയ്‌ക്ക് ഉണ്ണിയെ കാണണ്ടേ എന്ന്. അമ്മ കണ്ണു തറക്കാന്‍ ശ്രമിക്കും. കണ്‍പോളകളെ ഉയര്‍ത്താനുള്ള ശക്തിയില്ലാതെ അമ്മ വിഷമിക്കും. ഞാന്‍ അമ്മയുടെ കൂടെ ഏതാണ്ട് ജീവിതത്തിന്റെ അറ്റംവരെപോയി. അവിടെനിന്നങ്ങോട്ട് അമ്മ ഇറങ്ങാന്‍ തുടങ്ങുന്നതായി തോന്നി. ഞാന്‍ വീട്ടില്‍പോയി പനിപിടിച്ചു കിടന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എന്നെ ആശുപത്രിയിലേയ്‌ക്ക് വിളിച്ചുകൊണ്ടുപോയി. ശരീരത്തിലെ ജലഗതാഗതം പൂര്‍ണ്ണമായും സ്‌തംഭിച്ചു. ഒരു ശരീരത്തില്‍ മാത്രമായി പ്രളയംവന്ന് ലോകം അവസാനിച്ചതുപോലെ. അടുത്ത ദിവസം ഉപ്പിട്ട കുഴിയിലേയ്‌ക്ക് ഇറക്കിവെയ്‌ക്കുമ്പോള്‍ ശരീരത്തിന്റെ അണപൊട്ടി ആ പ്രളയജലം ഞങ്ങളുടെ മേലേയ്‌ക്ക് ഒഴുകിവന്നു.
മുകുന്ദനുണ്ണി
2022 മാര്‍ച്ച് 10
Comments