Skip to main content

കോഴിക്കോട്ടെ യൂറോപ്യന്‍ സായാഹ്നങ്ങള്‍

കോഴിക്കോട്ടുകാര്‍ക്ക് പല വൈകുന്നേരങ്ങളിലും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.  ലാന്‍സലറ്റ് തോമസ് എന്ന പിയാനിസ്റ്റ് ഊര്‍ജസ്വലനായി ജീവിച്ചിരുന്ന കാലം.  ഇന്ത്യ സന്ദര്‍ശിക്കുന്ന പല പ്രഗത്ഭ പാശ്ചാത്യ സംഗീതജ്ഞരും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു.  ഓരോ വരവും ഓരോ യൂറോപ്യന്‍ സംഗീതസായാഹ്നമായി മാറി.  മലബാര്‍ കൃസ്ത്യന്‍ കോളേജ് വക ജര്‍മ്മന്‍ ബംഗ്ലാവിലായിരുന്നു പ്രഫസര്‍ ലാന്‍സലറ്റ് താമസിച്ചിരുന്നത്.  ചെയ്മ്പര്‍ മ്യൂസിക്കിനും സോളോയ്ക്കും യോജിച്ച വിശാലമായ ഒരു ഹാളുണ്ട് അവിടെ.  സംഗീതപരിപാടിയില്ലാത്തപ്പോള്‍ ആ ഹാള്‍ ഭക്ഷണമുറിയും അതിഥി മുറിയുമാണ്.  വിദ്യാര്‍ത്ഥികളെ അദ്ദേഹം പിയാനോ പഠിപ്പിച്ചിരുന്നതും ആ ഹാളില്‍വെച്ചായിരുന്നു.  പഠിക്കുന്ന കാര്യത്തില്‍ നീക്കുപോക്കുകള്‍ അനുവദിച്ചിരുന്നില്ല.  വൈകാതെ മിക്കവാറും കുട്ടികളും പഠനം നിര്‍ത്തിയത് സ്വാഭാവികം.   

ബംഗ്ലാവിനെ ചുറ്റി വരാന്തയും അതിനെ ചുറ്റി പൂന്തോപ്പും.  ടാറിട്ട നേരിയ പാത പൊതുവഴിയിലേയ്ക്കുള്ള കവാടംവരെ മരങ്ങളുടെ തണല്‍പറ്റി പോകുന്നുണ്ട്.  പാശ്ചാത്യമായ അന്തരീക്ഷം.  ആദ്യമായി കാണാന്‍ വന്നവരിലാരോ തൂപ്പുകാരനോട് ലാന്‍സലറ്റ് അകത്തുണ്ടോ എന്നു ചോദിക്കുകയുണ്ടായത്രെ.  കുറച്ചു കഴിഞ്ഞപ്പോള്‍ തൂപ്പുകാരന്‍ പാന്‍സും ഫൂള്‍കൈ ഷര്‍ട്ടുമിട്ട്, ടൈയ്യും കെട്ടി, മുഖത്ത് നിറയെ പൗഡര്‍ പൂശി അതിഥിമുറിയില്‍ പ്രവേശിച്ചു.  ഇത്തരം സന്ദര്‍ഭങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പറ്റുന്ന അമളിയെ ഒരു വലിയ തമാശയായെടുത്ത് ലാന്‍സലറ്റ് കുലുങ്ങി ചിരിക്കും. 

പൂച്ചകളെ ഇഷ്ടപ്പെടുന്ന വിക്ടോറിയയോടൊപ്പവും പിന്നീട് തനിച്ചും കുറെക്കാലം ലാന്‍സലറ്റ് ആ ബംഗ്ലാവില്‍ കഴിഞ്ഞു.  അപരിചിതമായ ഒരു നഗരത്തിലകപ്പെട്ട ഏകാകിയെപ്പോലെ.  വീടിന് രണ്ട് വൃദ്ധരായ കാവല്‍ക്കാരുണ്ട്.  ഓരാള്‍ വൈകുന്നേരം വന്ന് രാവിലെ പോകും.  രണ്ടാമത്തെ ആള്‍ രാവിലെ വന്ന് ജോലിയില്‍ പ്രവേശിച്ചിട്ടുവേണം ലാന്‍സലറ്റിന് ഉറങ്ങാന്‍.  രാത്രി മുഴുവന്‍ കാവല്‍ക്കാരന് കാവല്‍ നില്‍ക്കും.  രാത്രിയിലെ ഉറക്കം രാവിലെ ആറു മണിക്കു ശേഷമാണ്.

സംഗീതാഭിരുചിയുള്ള സന്ദര്‍ശകരെത്തുമ്പോള്‍ അദ്ദേഹം മൊസാര്‍ട്ടിനെപ്പോലെയാവും.  ബംഗ്ലാവിലെ പൂച്ചകളുടെ സഞ്ചാരം പരിമിതപ്പെടുത്താന്‍ വാതിലുകളോരോന്നായ് തുറന്നടച്ച് സന്ദര്‍ശകരെ അദ്ദേഹം തന്റെ സ്റ്റുഡിയോ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഓര്‍ഗനും പിയാനോയും വായിച്ചു കേള്‍പ്പിക്കും.  ആദ്യകാല ഹിന്ദി സിനിമയിലെ ഉപകരണ സംഗീതം പാശ്ചാത്യ ഈണങ്ങള്‍ അതേപടി എടുത്തുപയോഗിച്ചതാണെന്ന് തെളിയിക്കാന്‍ അസ്സലും പകര്‍പ്പും വായിച്ചുധരിപ്പിക്കും.  കര്‍ണ്ണാടക സംഗീതത്തിന്റെ തെറ്റായ അവകാശവാദങ്ങളെ ചൂണ്ടിക്കാണിക്കും.  മനോധര്‍മ്മസംഗീതം പാശ്ചാത്യസംഗീതത്തിനും അന്യമല്ലെന്ന് സോദാഹരണം വിശദീകരിക്കും.  അതേസമയം ഇന്ത്യന്‍ സംഗീതത്തെ ശ്രദ്ധയോടെ പിന്‍തുടരുന്നതും കാണാം.  വാണി എന്ന സിനിമയില്‍ ചെമ്പൈ പാടുന്ന വിഡിയോ ആദ്യമായി കണ്ടത് അദ്ദേഹത്തിന്റെ ശേഖരത്തില്‍നിന്നാണ്.  ടി വി യില്‍ വന്നപ്പോള്‍ വി സി ആര്‍ വഴി റിക്കോഡ് ചെയ്തത്.   

അദ്ദേഹത്തിന് രാത്രി ജീവിതം ഇഷ്ടമാണ്.  രാത്രി പന്ത്രണ്ട് മണിക്കുശേഷം ഏതാണ്ട് രണ്ടുമൂന്നു മണിവരെ സംഗീതത്തെക്കുറിച്ച് ചര്‍ച്ച ചെയ്തും തമാശകള്‍ പറഞ്ഞും ഭക്ഷണം കഴിച്ചും രസിക്കാന്‍.  പഴയ ഫോര്‍ച്യൂണ്‍ ഹോട്ടലില്‍ ഒരു പുതിയ വിദേശ പിയാനോ ഉണ്ടായിരുന്നു.  ഒരിക്കല്‍ അവിടെ ഭക്ഷണം കഴിച്ചശേഷം അദ്ദേഹം 20 മിനിറ്റോളം പിയാനോ വായിച്ചു.  ബെഥോവന്റെ ചില പ്രശസ്തമായ നുറുങ്ങുകളും പിന്നെ ചില മനോധര്‍മ്മങ്ങളും. അത്രയും മനോഹരമായി അദ്ദേഹം വായിക്കുന്നത് മുന്‍പ് കണ്ടിട്ടില്ല.  അദ്ദേഹത്തെ ഉത്തേജിപ്പിച്ചത് ഇറക്കുമതി ചെയ്ത വിലയേറിയ ആ പിയാനോ ആയിരിക്കണം. 

ലോക കാന്‍സര്‍ ദിനത്തില്‍ പെയ്ന്‍ ഏന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയ്ക്കു വേണ്ടി ഹാന്‍ഡലിന്റെ 'ഹാല്ലെലുയ' (Hallelujah Chorus) അദ്ദേഹം കണ്ടക്ട് ചെയ്തിരുന്നു.  എങ്കിലും പിയാനോ വാദകന്‍ എന്ന നിലയിലുള്ള പ്രാവീണ്യം പ്രകടിപ്പിക്കാനുള്ള അവസരം അദ്ദേഹത്തിന് കോഴിക്കോടന്‍ ജീവിതകാലത്ത് വേണ്ടത്ര ലഭിച്ചിട്ടില്ല.  എന്നിട്ടും അദ്ദേഹം ഒരു ശുദ്ധ പാശ്ചാത്യ സംഗീതജ്ഞനായി ജീവിച്ചു. 

ലാന്‍സലറ്റ് തോമസ് ഒരു പാശ്ചാത്യസംഗീതജ്ഞനായതിന്റെ കാരണങ്ങള്‍ കേരളീയമല്ല.  അതിന്റെ വേരുകള്‍ തമിഴകത്താണ്.  തമിഴകത്ത് പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരു പാരമ്പര്യമുണ്ടായിരുന്നു.  തഞ്ചാവൂരിലെ മറാഠാ രാജാവായിരുന്ന സര്‍ഫോജി രണ്ടാമന്റെ (1798-1832) കാലം മുതല്‍ക്ക്.  പാശ്ചാത്യ മാതൃകയിലുള്ള ആദ്യത്തെ ഇന്ത്യന്‍ കംപോസറായിരുന്നു അദ്ദേഹം. താഞ്ചോര്‍ (തഞ്ചാവൂര്‍) ബാന്‍ഡ് ഉണ്ടാക്കുകയും അതിനുവേണ്ടി അദ്ദേഹം സംഗീതം കംപോസ് ചെയ്യുകയും ചെയ്തിരുന്നു.  

സര്‍ഫോജിയ്ക്ക് ക്രൈസ്തവ മിഷനറിമാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.  ഫ്രീഡ്‌റിക് ഷ്വാര്‍ട്‌സ് (Friedrich Schwartz) എന്ന ജര്‍മ്മന്‍ പാതിരിയും പിന്നീട് വില്‍ഹം ജെറിക്കുമായിരുന്നു (Wilhelm Gericke) അദ്ദേഹത്തെ പാശ്ചാത്യസംഗീതം പഠിപ്പിച്ചത്.  അദ്ദേഹത്തോടൊപ്പം പഠിച്ച വേദനായകം ശാസ്ത്രീയാര്‍ എഴുതിയ ക്രൈസ്തവ ഭക്തി ഗീതങ്ങള്‍ കര്‍ണ്ണാടക രാഗതാളങ്ങളില്‍ അക്കാലത്ത് അവതരിപ്പിക്കപ്പെടാറുണ്ടായിരുന്നു.  ത്യാഗരാജന്റേയും ദീക്ഷിതരുടേയും കൃതികളേക്കാള്‍ താരതമ്യേന ലളിതമായിരുന്നു അതേ കാലത്ത് ജീവിച്ച വേദനായകത്തിന്റെ ക്രൈസ്തവ സംഗീതകൃതികള്‍. 

പാശ്ചാത്യ സംഗീതത്തിലുള്ള സര്‍ഫോജിയുടെ താത്പര്യം വെറുമൊരു ഭ്രമമായിരുന്നില്ല.  സൈദ്ധാന്തിക പുസ്തകങ്ങളെക്കൂടാതെ നിരവധി പ്രസിദ്ധീകരിക്കപ്പെട്ട സംഗീത സ്വരരേഖകളും (notated scores) അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് വരുത്തിച്ചിരുന്നു. അവയില്‍ രണ്ട് ബെഥോവന്‍ രചനകളും ഒരു മൊസാര്‍ട്ടുമൊഴിച്ച് ബാക്കിയെല്ലാം ആ കാലത്തെ കംപോസര്‍മാരുടേതായിരുന്നു. അക്കാലത്ത് തഞ്ചാവൂരില്‍ താമസിച്ചിരുന്ന ബ്രിട്ടീഷുകാരുടെ അഭിരുചിയായിരിക്കണം സര്‍ഫോജിയെ സ്വാധീനിച്ചത്.  അതായത്, സര്‍ഫോജിയുടെ സംഗീതാഭിരുചി ഇന്നത്തെ പാശ്ചാത്യസംഗീതാസ്വദകരില്‍നിന്ന് ഭിന്നമാണന്ന് അദ്ദേഹം ശേഖരിച്ച രചനകളില്‍നിന്ന് മനസ്സിലാക്കാം.    

സര്‍ഫോജി അമ്പത്തിനാല് പാശ്ചാത്യസംഗീത രചനകള്‍ കംപോസ് ചെയ്തിട്ടുണ്ട്.  അവയുടെ പ്രസിദ്ധീകരിക്കപ്പെട്ട സ്വരരേഖ നോട്ടുപുസ്തകങ്ങളായി സരസ്വതി മഹല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.  ഇവയെല്ലാം മേജര്‍ സ്‌കെയിലില്‍ കംപോസ് ചെയ്ത മാര്‍ച്ച് മെലഡികളാണ്.  

ഇതേ കാലത്ത് മറ്റുചില സംഗീതജ്ഞരും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതത്തെ സ്വീകരിച്ചിട്ടുണ്ട്.  കര്‍ണ്ണാടകസംഗീതത്തിന്റെ അഗ്രഗണ്യരിലൊരാളായ മുത്തുസ്വാമി ദീക്ഷിതര്‍ മേജര്‍ സ്‌കെയിലും ശങ്കരാഭരണ രാഗവും തമ്മിലുള്ള സമാനതയെ കൗതുകപൂര്‍വ്വം കണ്ടു.  തുടര്‍ന്ന്, മേജര്‍ സ്‌കെയ്‌ലിനെ സ്വന്തം സംഗീതജ്ഞാനത്തിലൂടെ ആവിഷ്‌കരിച്ചു.   മുപ്പത്തിയൊമ്പത് 'നോട്ടുസ്വര സാഹിത്യ'ങ്ങളുടെ രൂപത്തില്‍.  മാര്‍ച്ച് സോങ്ങിന് ചേര്‍ന്ന മൂന്നടിയുടേയും നാലടിയുടേയും താളങ്ങളില്‍.  വര്‍ഷങ്ങള്‍ക്കുശേഷം മുത്തയ്യാഭാഗവതരും (1877 - 1945) മേജര്‍ സ്‌കെയിലില്‍ ഒരു കൃതി രചിച്ചു.  പ്രശസ്തമായ 'ഇംഗ്ലീഷ് നോട്ട.്'   ഇതിന്റെ ഈണഘടന കുറേക്കൂടി സങ്കീര്‍ണ്ണമാണ്.  മധുരൈ മണി അയ്യരാണ് (1912 - 1968) ഈ കൃതി പാടി പ്രചരിപ്പിച്ചത്.  ഈ കൃതി ഇപ്പോഴും കച്ചേരികളിലെ ഇഷ്ടപ്പെട്ട ഇനമാണ്.

വയലിന്‍ ഇന്ത്യന്‍ സംഗീതത്തിന്റെ ഭാഗമാകുന്നത് പാശ്ചാത്യ സ്വാധീനത്തിന്റെ മറ്റൊരു ഉദാഹരണമാണ്.  വയലിനെ കര്‍ണ്ണാടക സംഗീത രീതിയില്‍ ഉപയോഗിക്കുന്നത്, ഏകദേശം 1800 ല്‍, ബാലസ്വാമി ദീക്ഷിതര്‍, വരാഹപ്പയ്യര്‍, വടിവേലു, കൃഷ്ണ ഭാഗവതര്‍ എന്നിവരാണ്.  ബാലസ്വാമി ദീക്ഷിതര്‍ മൂന്നു വര്‍ഷം പാശ്ചാത്യ രീതിയില്‍ വയലിന്‍ പഠിച്ചതിന് ശേഷമാണ് കര്‍ണ്ണാടക സംഗീതത്തില്‍ ഈ വാദ്യം പരീക്ഷിക്കുന്നത്. 

തഞ്ചാവൂരിലെ സര്‍ഫോജി രാജാവില്‍നിന്ന് തുടങ്ങിയ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതപ്രിയത്തിന്റെ പ്രകാശിപ്പിക്കപ്പെടാതെപോയ ഒരു ആരോഹണമായിരിക്കാം ലാന്‍സലറ്റ് തോമസ്സില്‍ കണ്ടത്.  അര്‍ദ്ധരാത്രി വായിച്ചതൊന്നും ആരും കേള്‍ക്കാതെപോയതുപോലെ.  മനസ്സിലാക്കാനോ പരസ്പരം സ്വാധീനിക്കപ്പെടാനോ സാവകാശം ലഭിക്കാനാവാത്തവിധം സൃഷ്ടികള്‍ പെരുകുന്ന ഒരു സംഗീതകാലത്തെ തിരിച്ചറിഞ്ഞായിരിക്കണം, ഒരു പക്ഷെ, ക്രമേണ അദ്ദേഹം നിശബ്ദമായി നിഷ്‌ക്രമിച്ചത്.  

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 15 മാര്‍ച്ച് 2020, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...