Skip to main content

ഹാര്‍മോണിയത്തെ ഇഷ്ടമല്ലേ?

പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചശേഷം കുളികഴിഞ്ഞ് കവലയിലേയ്ക്ക് ഇറങ്ങി.  വായനശാലവരെ ഒന്നു പോണം. തട്ടിന്‍പുറത്തെ ചെറിയ മുറി.  അവിടെ പെട്ടിയും തബലയും പഴയ സിനിമാഗാനങ്ങളുമായി ഒരു വൈനേരം. ഒരു കാലത്ത് നാട്ടിന്‍പുറങ്ങളില്‍ സാധാരക്കാരുടെ ജീവിതത്തിന്റെ നിത്യചിത്രമായിരുന്നു ഇത്.  എവിടെയെങ്കിലും നാട്ടിന്‍പുറവും സാധാരണ ജീവിതവുമുണ്ടെങ്കില്‍ ഇപ്പോഴും.  വലിയ വിലകൊടുക്കാതെ വാങ്ങാനും എളുപ്പത്തില്‍ അഭ്യസിക്കാനും കഴിയുന്ന ഹാര്‍മോണിയം ഒരു നൂറ്റാണ്ടിലേറെയായി നാട്ടിലാകമാനം സംഗീതമെത്തിക്കുന്നു.  കാണാന്‍ ഒരു പെട്ടിയെപ്പോലെയുള്ളതുകൊണ്ടായിരിക്കണം ഹാര്‍മോണിയത്തിന് പെട്ടി എന്ന് പേര് വീണത്.  പെട്ടി വായിക്കുക എന്ന പ്രയോഗം ഇന്ന് ഒരു കൂട്ടം ആളുകള്‍ കടന്നുപോയ അവാച്യമായ അടുപ്പത്തിന്റെ സ്മാരകമാണ്.  

ഇന്ന് വീട്ടിലും തീവണ്ടിയിലും ബസ്റ്റാന്‍ിലും ഹാര്‍മോണിയമുണ്ട്.  പ്രചാരത്തിലും പ്രാപ്യതയിലും ഹാര്‍മോണിയത്തെപ്പോലെ മറ്റൊരു സംഗീതോപകരണമുണ്ടോ എന്ന് സംശയമാണ്.  എങ്കിലും ഇന്ത്യയില്‍ ഹാര്‍മോണിയത്തിന് വിലക്കിന്റെ ചരിത്രമുണ്ട്. 1940 മുതല്‍ 1971 വരെ ആകാശവാണിയുടെ ്ര്രപക്ഷേപണത്തില്‍നിന്ന് ഹാര്‍മോണിയത്തെ നിരോധിച്ചിരുന്നു. 

ഹാര്‍മോണിയത്തോടൊപ്പം പാടിപ്പഠിക്കുന്നത് പാട്ടിന് ദോഷമാണെന്ന് കരുതുന്നവരുണ്ട്.  അല്ലാദിയാ ഖാനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും ഹാര്‍മോണിയത്തെ ഹിന്ദുസ്ഥാനി സംഗീതം ഉപേക്ഷിക്കണം എന്ന പക്ഷത്താണ്.  ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പാര്‍സി നൃത്തസംഗീതനാടകത്തോടൊപ്പം മൈസൂരിലെത്തിയ ഹാര്‍മോണിയം ഒരു ദശാബ്ദംകൊണ്ട് കര്‍ണ്ണാടകസംഗീതത്തില്‍ വിദഗ്ധ ഹാര്‍മോണിയം വാദകരെ സൃഷ്ടിച്ചിരുന്നു.  തിരുവനന്തപുരം കൊട്ടാരത്തിലെ കര്‍ണ്ണാടകസംഗീതക്കച്ചേരികളില്‍ ഹാര്‍മോണിയം സോളോ അരങ്ങേറിയിരുന്നു.  പക്ഷെ ക്രമേണ കര്‍ണ്ണാടകസംഗീതം ഹാര്‍മോണിയത്തെ കൈയ്യൊഴിഞ്ഞു. 

വിമര്‍ശകര്‍ മൂന്ന് കുറവുകളാണ് ഹാര്‍മോണിയത്തില്‍ കണ്ടത്.  ഒന്ന്, ഹാര്‍മോണിയത്തിലെ സ്വരസ്ഥാനങ്ങള്‍ വേറിട്ട് നില്‍ക്കുന്നവയാണ്.  സ്വരവിടവുകള്‍ക്ക് മുകളിലൂടെ ചേര്‍ന്ന് നീങ്ങി തുടര്‍ച്ചയുടെ പ്രതീതി ഉണ്ടാക്കാനുള്ള സാധ്യത അതില്‍ ഇല്ല.  രണ്ട്, ഓരോ പരിപാടിയ്ക്കും മുന്‍പായി ഹാര്‍മോണിയത്തിലെ കട്ടകള്‍ സ്വരസ്ഥാനങ്ങള്‍ക്കനുസരിച്ച് ശ്രുതി ചേര്‍ക്കാനുള്ള സംവിധാനം ഇല്ല. നിര്‍മ്മിക്കുമ്പോള്‍ ചേര്‍ത്ത ശ്രുതി മാറുന്നതിനെ തടയാന്‍ മാര്‍ഗ്ഗമില്ല. മൂന്ന്, ഹാര്‍മോണിയം ഒരു ഇന്ത്യന്‍ വാദ്യമല്ല.

ആദ്യം പറഞ്ഞ രണ്ട് ന്യൂനതകളേയും ഹാര്‍മോണിയം വായിക്കുന്നവര്‍ ഗൗരവമായി കണ്ടിട്ടുണ്ട്.  ഈ പരിമിതികളെ മറികടക്കാന്‍ അവര്‍ പലതരം ഉപായങ്ങള്‍ വികസിപ്പിച്ചു.  ചില പ്രത്യേക രാഗങ്ങള്‍ക്ക് വഴങ്ങാന്‍വേണ്ടി റീഡുകളില്‍ ചെറുതായി മാറ്റം വരുത്തല്‍,  വായനയില്‍ സ്വരഘനം വ്യത്യാസപ്പെടുത്തല്‍, ബെല്ലോസ് പ്രത്യേക രീതിയില്‍ അമര്‍ത്തുന്നതിലൂടെ വായുസമ്മര്‍ദ്ദം കൂട്ടിയും കുറച്ചും സ്വരസ്ഥാനങ്ങളില്‍ നേരിയ വ്യത്യാസങ്ങളുണ്ടാക്കല്‍ എന്നവയാണ് വികസിപ്പിച്ച ഉപായങ്ങളില്‍ ചിലത്.  കൂടാതെ, അകമ്പടി വായിക്കുകയാണെങ്കില്‍, ദര്‍ബാരി കാനഡയിലെ ഗാന്ധാരത്തേയും ധൈവതത്തേയും വായിക്കാതിരിക്കല്‍ എന്നിങ്ങനെ പാട്ടില്‍ ഇടപെടാതിരുന്നുള്ള ഉപയാങ്ങളും.

ഇന്ത്യന്‍ സംഗീതം ഇരുപത്തിരണ്ട് ശ്രുതികളെ ആധാരമാക്കിയുള്ളതാണ്.  ഹാര്‍മോണിയം പന്ത്രണ്ട് ശ്രുതികളെ അടിസ്ഥാനമാക്കിയുള്ളതും.  ഈ വ്യത്യാസം ചില രാഗങ്ങളുടെ കാര്യത്തില്‍ വളരെ പ്രകടമാണ്.  അത്തരം രാഗങ്ങള്‍ ഹാര്‍മോണിയത്തില്‍ പൂര്‍ണ്ണമായി പ്രകടിപ്പിക്കാനാവില്ല എന്ന് ഹാര്‍മോണിയം വാദകര്‍ സമ്മിതിക്കുന്നുണ്ട്.  സോളോ അവതരിപ്പിക്കുമ്പോള്‍ ദര്‍ബാരി കാനഡപോലെ ഗമകങ്ങളിലൂടെ സ്വരൂപം സ്ഥാപിക്കുന്ന രാഗങ്ങള്‍ ഒഴിവാക്കുകയാണ് പതിവ്.  പക്ഷെ ഇത്തരം പോരായ്മകള്‍ ഹാര്‍മോണിയത്തിന്റെ കാര്യത്തില്‍ മാത്രമല്ല.  വളരെ ലളിതമായ രാഗങ്ങള്‍ കുറേ നേരം വായിക്കുക രുദ്രവീണയ്ക്ക് യോജിച്ചതല്ല.  അതുപോലെ നേര്‍ത്ത ശബ്ദമുള്ള വായ്പ്പാട്ടുകാര്‍ ഘനരാഗങ്ങള്‍ പാടിയാല്‍ ഫലിക്കില്ല.  ജലതരംഗവും മൃദുവായി അടിച്ച് വായിക്കുന്ന സന്തൂറും ഹാര്‍മോണിയത്തെപ്പോലെ സ്വരങ്ങളെ ഗമകമായി വളയ്ക്കാന്‍ കഴിവില്ലാത്തവയാണ്.  ഹാര്‍മോണിയവാദകര്‍ ചെയ്യുന്നതുപോലെ അവരും ഗമകപ്രാധാന്യമുള്ള രാഗങ്ങളെ ഒഴിവാക്കാറുണ്ട്.  പക്ഷെ ഹാര്‍മോണിയത്തിന് മാത്രമേ ഇക്കൂട്ടത്തില്‍ വിലക്കുള്ളൂ.  ഇത് സൂചിപ്പിക്കുന്നത് ഹാര്‍മോണിയത്തിനെ നിരോധിക്കുന്നതില്‍ മറ്റെന്തോ ചില ഘടകങ്ങള്‍ കൂടി കടന്നുവന്നിട്ടുണ്ടെന്നാണ്. 

ബ്രീട്ടീഷുകാര്‍ ഇവിടെ ആധിപത്യം ഉറപ്പിച്ച ശേഷം പലതരത്തിലുള്ള സംഗീതോപകരണങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു.  ഹാപ്‌സികോഡുകളും ഓര്‍ഗനുകളും മറ്റും.  അവയൊന്നും ഇന്ത്യന്‍ സംഗീതത്തില്‍ ഉപയോഗിക്കപ്പെട്ടില്ല.  പലതിനും ഇവിടത്തെ കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിഞ്ഞില്ല.

ഫ്രാന്‍സുകാരനായ അലിക്‌സാണ്ടര്‍ ദിബെന്‍ (Alexandre Debain) ആണ് ആദ്യമായി, 1842 ല്‍, ഹാര്‍മോണിയം നിര്‍മ്മിച്ച് പെയ്റ്റന്റ് എടുത്തത്.  ചവിട്ടാര്‍മോണിയമായിരുന്നു അത്.  വില കുറഞ്ഞതും കൊണ്ടുപോകാന്‍ എളുപ്പവുമായതുകൊണ്ട് ഹാര്‍മോണിയം പെട്ടെന്ന് എല്ലായിടത്തുമെത്തി. ഇന്ത്യയില്‍ മിഷനറിമാര്‍ ഇത് ധാരാളം ഉപയോഗിച്ചുതുടങ്ങി.  ഏതാനും ദശാബ്ദങ്ങള്‍ക്ക് ശേഷം ഹാര്‍മോണിയം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെട്ടു.  കല്‍ക്കത്തയിലെ ഉപകരണ നിര്‍മ്മാതാവായ ദ്വാരക്‌നാഥ് ഘോഷ് ആണ്, 1875 ല്‍, കൈകൊണ്ട് ബെല്ലോസ് അമര്‍ത്താനാവുന്ന ഫ്രഞ്ച് ഹാര്‍മോണിയത്തിന്റെ മാതൃകയില്‍ ഹിന്ദുസ്ഥാനി സംഗീതത്തിനുവേണ്ടി പരിഷ്‌കരിച്ച ഹാര്‍മോണിയം നിര്‍മ്മിച്ചത്.   ദ്വാരക്‌നാഥിന്റെ ഹാര്‍മോണിയം ഫ്രഞ്ച് ഹാര്‍മോണിയത്തെ അപേക്ഷിച്ച് ലളിതവും വില കുറഞ്ഞതുമായിരുന്നു.  ഇരുന്ന് വായിക്കാന്‍ സൗകര്യമുള്ളത്.  ഈ മാതൃകയിലുള്ള ഹാര്‍മോണിയമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്.  ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഹാര്‍മോണിയത്തിന്റെ ഉപയോഗം വളരെ അധികം കൂടി.  മിഷനറിമാര്‍ക്ക് പുറമെ ഹിന്ദുസ്ഥാനിസംഗീതക്കാരും നൃത്തസംഗീതനാടകക്കാരും ഹാര്‍മോണിയത്തിലേയ്ക്ക് തിരിഞ്ഞു.

രബീന്ദ്രനാഥ ടാഗോറിന്റെ ഒരു വാചകമാണ് എപ്പോഴും ഹാര്‍മോണിയത്തിനെതിരെ ഉദ്ധരിക്കപ്പെടാറ്.  ആ വരിയുടെ അടുത്ത വരികൂടി ഉദ്ധരിച്ചിരുന്നെങ്കില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെടില്ലായിരുന്നു.  സ്വാതന്ത്ര്യസമരത്തിന്റെ ആവേശത്തില്‍ പലരും പലതും പറഞ്ഞുപോയിട്ടുണ്ട്.  സന്ദര്‍ഭത്തിനപ്പുറത്തേയ്ക്ക് ഉദ്ദേശിക്കാതെ.  'ഹാര്‍മോണിയം, ഇന്ത്യന്‍ സംഗീതത്തിന്റെ ശാപം, അന്ന് പ്രചാരത്തിലില്ലായിരുന്നു.' ഈ വരി മാത്രമാണ് ഉദ്ധരിക്കപ്പെടാറ്.  അടുത്ത വരി ഇങ്ങനെയാണ്: 'ഞാന്‍ എന്റെ പാട്ടുകള്‍ പരിശീലിക്കാറ് തംബുരു തോളില്‍ ചേര്‍ത്തുവെച്ചുകൊണ്ടാണ്.  കീബോര്‍ഡിന്റെ അടിമത്വത്തിന് ഞാന്‍ കീഴ്‌പ്പെട്ടിട്ടില്ല.' യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഹാര്‍മോണിയം വായിക്കാറുണ്ടായിരുന്നു. പാശ്ചാത്യ സംഗീതവും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു.  വീട്ടില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ദിവസവും പിയാനോ വായിക്കുക പതിവായിരുന്നു.  മഹാത്മാഗാന്ധി മുന്‍ഗണന നല്‍കിയ വാദ്യങ്ങള്‍ വീണയും സിതാറുമാണ്.  ഹാര്‍മോണിയം വായിക്കുന്നവരെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും.  ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതിന്റെ പശ്ചാത്തലമായി മധുരനാദമാണ് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്.   

വയലിനും ഹാര്‍മോണിയത്തെപ്പോലെ ഒരു വിദേശ വാദ്യമാണ്.  പക്ഷെ ഹിന്ദുസ്ഥാനി സംഗീതവും കര്‍ണ്ണാടക സംഗീതവും വയലിനെ സ്വീകരിച്ചു.  ഹാര്‍മോണിയത്തിനുള്ള കുറവുകള്‍ വയലിന് ഇല്ലാത്തതുകൊണ്ടുതന്നെ.  മനുഷ്യശബ്ദവുമായുള്ള അതിന്റെ ചേര്‍ച്ചകൊണ്ടും.  വയലിന് ലഭിച്ച സ്വീകാര്യത സൂചിപ്പിക്കുന്നത് വിദേശിയായ കാരണത്താലല്ല സംഗീതപരമായ കാരണത്താലാണ് ഹാര്‍മോണിയം തിരസ്‌കരിക്കപ്പെട്ടത് എന്നാണ്.  എന്നാല്‍ നിരവധി ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ ഹാര്‍മോണിയം ഉപയോഗിക്കുന്നുണ്ട്.  ഭീംസെന്‍ ജോഷി, കേസര്‍ബായ് കേര്‍ക്കര്‍, അമീര്‍ ഖാന്‍, മല്ലികാര്‍ജുന്‍ മന്‍സൂര്‍, ഫൈയ്യാസ് ഖാന്‍ തുടങ്ങിയവര്‍ കച്ചേരിയ്ക്ക് ഹാര്‍മോണിയം ഉപയോഗിച്ചിരുന്നവരാണ്.  ഒരു പക്ഷെ, ഹിന്ദുസ്ഥാനി സംഗീതം തീവ്രമായ അര്‍ത്ഥത്തില്‍ സോളോ ആയതുകൊണ്ടായിരിക്കാം ഒരു സഹായവാദ്യം എന്ന നിലയില്‍ ഹാര്‍മോണിയം അതിന് ചേരുന്നത്.  അതായത്, മുഖ്യ കലാകാരന്റെ സോളോ പ്രകടനത്തിന്റെ ചക്രവാളമാകുകയാണ് തബലയുടേയും ഹാര്‍മോണിയത്തിന്റേയും ധര്‍മ്മം എന്ന നിര്‍വ്വചനമനുസരിച്ച്. 

ചില സംഗീതജ്ഞര്‍ ഹാര്‍മോണിയത്തില്‍ തൊടുമ്പോള്‍ അതിന്റെ കുറവ് പ്രബലതയായി മാറും.  പ്രത്യേകിച്ച് ഗണപതിറാവുവിനെപ്പോലെയുള്ളവര്‍ വായിക്കുമ്പോള്‍.  ഗ്വാളിയോറില്‍നിന്ന് വായ്പാട്ടും സിതാറും പഠിച്ച ഗണപതിറാവു പിന്നീട് ഹാര്‍മോണിയം തിരഞ്ഞെടുത്തു.  അനനുകരണീയമായ അദ്ദേഹത്തിന്റെ വായന സ്വരവിടവുകളെ, മാന്ത്രികമായി, ഈണധ്വനികള്‍കൊണ്ട് നിറയ്ക്കുംവിധമായിരുന്നു.  അല്ലാദിയാ ഖാന്‍ പാടുമ്പോഴുള്ള അതേ പ്രതീതി ഹാര്‍മോണിയത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു ഗോവിന്ദറാവു ടെംബെ.  പ്രതിഭയുണ്ടെങ്കില്‍ ന്യൂനതയില്ലെന്ന് തെളിയിച്ചവരുടെ നിര ഇനിയും നീളുന്നുണ്ട്.  

-മുകുന്ദനുണ്ണി-    


(ദേശാഭിമാനി വാരാന്തപ്പതിപ്പ്, 2020 ഫെബ്രുവരി 23, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...