Skip to main content

ചെമ്പൈ: നിലയ്ക്കാത്ത ശബ്ദം

ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുമ്പോള്‍ ഒരു ഗ്രാമം മുഴുവന്‍ കേട്ടുണരും.  ശക്തവും ഗംഭീരവുമാണ് ആ ശബ്ദം.  തൊണ്ട തുറന്ന പാട്ട്.  മൈക്കില്ലാത്ത കാലത്തും മൈക്കുള്ള കാലത്തും അദ്ദേഹം പാടിയിട്ടുണ്ട്.  യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് മൈക്ക് ആവശ്യമില്ലായിരുന്നു.  ചോദിക്കാതെ, ആവശ്യമില്ലാതെ, കയറി വന്നിരിക്കുന്നതുപോലെയാണ് മൈക്ക് അദ്ദേഹത്തിന്റെ മുന്‍പില്‍ ഇരിക്കുക.  കഴിയുന്നത്ര വിട്ട് ചെമ്പൈയും ഇരിക്കും.   

ഒറ്റ ദിവസം മൂന്ന് പ്രധാന കച്ചേരികളൊക്കെ പാടുന്ന പതിവുണ്ടായിരുന്നു ചെമ്പൈയ്ക്ക്. അദ്ദേഹത്തിന്റെ പാട്ടിന്റെ അക്ഷീണഭാവത്തെക്കുറിച്ച് അക്കാലത്തെ മറ്റൊരു പ്രസിദ്ധ ഗായകനായ ജി. എന്‍. ബാലസുബ്രഹ്മണ്യം പറഞ്ഞത് ഇങ്ങനെയാണ്: 'ഇവരൊന്നും സാധാരണക്കാരല്ല.  സംഗീതലോകത്തെ അസുരന്മാരാണ്.  എനിക്ക് ഒരു കച്ചേരി പാടിയാല്‍ അടുത്ത ദിവസം മുഴുവനും വിശ്രമിക്കേണ്ടിവരും.'  ചെമ്പൈയുടെ ശാരീരശക്തിയെക്കുറിച്ച് ജി. എന്‍. ബി. ഈ പറഞ്ഞത് അതിശയോക്തിയല്ല. 

അദ്ദേഹത്തിന്റെ ശബ്ദശക്തിയെ പ്രകീര്‍ത്തിക്കുന്ന ഒരു സംഭവം ജയവിജയന്മാര്‍ പറയാറുണ്ട്.  തഞ്ചാവൂര്‍ റെയില്‍വേ സ്റ്റേഷനിലിരുന്ന് കീര്‍ത്തനം പഠിപ്പിച്ച കഥ.  തീവണ്ടി പുറപ്പെടാന്‍ ഒരു മണിക്കൂര്‍ വൈകും.  കേട്ടപാട് ചെമ്പൈ തന്റെ പോര്‍ട്ടബ്ള്‍ കിടയ്ക്ക വിരിച്ചു.  മുന്നില്‍ ജയവിജയന്മാരെ പാട്ടു പഠിക്കാനിരുത്തി.  കീര്‍ത്തനം തുടങ്ങുന്നത് ഉച്ചസ്ഥായിയിലാണ്.  'ഏലാ...'  അദ്ദേഹത്തിന്റെ ശബ്ദം പ്ലാറ്റ്ഫോമില്‍ മുഴങ്ങി.  യാത്രക്കാരെല്ലാം ചുറ്റും കൂടി.  ഒരു മണിക്കുറോളം.  കീര്‍ത്തനം പഠിപ്പിച്ചപ്പോള്‍ യാത്രക്കാര്‍ക്ക് ഒരു ചെമ്പൈക്കച്ചേരി കേട്ട സന്തോഷം.  ചെമ്പൈക്കച്ചേരി എന്നത് അക്കാലത്ത് ഒരു പ്രയോഗമാണ്.  ഒരു ചെമ്പൈക്കച്ചേരിയില്ലാതെ ഒരു ഉത്സവമില്ല എന്നത് അക്കാലത്തെ ഒരു ചൊല്ലായിരുന്നു.     

രാഗത്തില്‍ മാത്രമല്ല താളത്തിലും ചെമ്പൈയ്ക്ക് നല്ല പിടിയാണ്.  മൃദംഗവാദകനായിരുന്ന പുതുക്കോട്ടൈ ദക്ഷിണാമൂര്‍ത്തി പിള്ളൈ  'ലയ ബ്രഹ്മാ'  എന്നു വിളിച്ച് ആദരിച്ചത് ചെമ്പൈയുടെ സൂക്ഷ്മമായ താളജ്ഞാനത്തെ അംഗീകരിച്ചാണ്.  ചെമ്പൈയുടെ ശ്രുതിചേര്‍ന്നു പാടാനുള്ള കഴിവിനെക്കുറിച്ച് കെ. വി. നാരായണസ്വാമി ബഹുമാനത്തോടെ പറയാറുണ്ടായിരുന്നു.  ചെമ്പൈയ്ക്ക് ഹിന്ദുസ്ഥാനി സംഗീതത്തോട് നല്ല ഇഷ്ടമായിരുന്നു.  ശ്രുതിയില്‍ നിറഞ്ഞുനില്‍ക്കാനുള്ള അവരുടെ കഴിവിനെ ചൊല്ലിയാണ് അതിനോട് കമ്പം.  ശ്രുതിബോധത്തിന്റെ കാര്യത്തില്‍ അദ്ദേഹം കര്‍ണ്ണാടകസംഗീതക്കാരെ കളിയാക്കാറുണ്ട്: 'ഇവിടെയുള്ളവര്‍ക്ക് ശ്രുതിയില്‍ ചേരണം.  അവിടെയുള്ളവര്‍ (ഹിന്ദുസ്ഥാനിക്കാര്‍) ശ്രുതിയില്‍ മുങ്ങി നില്‍ക്കുകയാണ്.  ചേരേണ്ട ആവശ്യമില്ല.'

സ്വരപ്രസ്താരത്തില്‍ വളരെ വ്യത്യസ്തമായ മാതൃകകളാണ് ചെമ്പൈയുടെ ഭാവനയില്‍ രൂപംകൊണ്ടിരുന്നത്.  സമവ്യാപ്തിയുള്ള സ്വരവാക്യങ്ങളുടെ സംഗീതത്തിലെഴുതിയ കവിതപോലെ തോന്നിപ്പിക്കുന്നവ.  അതേ മാതൃകയുടെ മേല്‍ പരിഷ്‌കരിക്കുന്ന വിവിധതരം യതികളായി അവ സ്വരപ്രസ്താരത്തിന്റെ അടുത്ത ഘട്ടത്തില്‍ പരിണമിക്കും.  വേഗത തുന്നിക്കോര്‍ക്കുന്ന ചടുലമായ സ്വരപ്രയോഗങ്ങള്‍, ചെറുതില്‍നിന്ന് വലുതിലേയ്ക്കും പിന്നീട് കൊറുപ്പുകളിലേയ്ക്കുമുള്ള രൂപാന്തരങ്ങള്‍ - വാസ്തുശില്‍പ്പകലയെ ഓര്‍മ്മിപ്പിക്കുംവിധമുള്ള ഘടനാവിശേഷങ്ങളുടെ ഒരു വിശാല കല്‍പ്പനയാണ് അദ്ദേഹത്തിന് സ്വരംപാടല്‍. 

വൈത്തി (ചെമ്പൈ) ഭാഗവതരിലെത്തിയ സംഗീതപാരമ്പര്യം കൈമാറി വന്നത് ഒരു പഴയ സുവര്‍ണ്ണകാലത്തില്‍നിന്നാണ്.  ചെമ്പൈയുടെ അച്ഛന്‍ അനന്ത ഭാഗവതര്‍, അദ്ദേഹത്തിന്റെ അച്ഛന്‍ മറ്റൊരു വൈദ്യനാഥ ഭാഗവതര്‍, ആ വൈത്തി ഭാഗവതരുടെ അച്ഛനും അനന്ത ഭാഗതര്‍ - അങ്ങനെ നീളുന്ന പരമ്പര ചെന്നു നില്‍ക്കുന്നത് ഘനചക്രതാനം സുബ്ബയ്യരില്‍.  സുബ്ബയ്യര്‍ ത്യാഗരാജസ്വാമിയുടെ സമകാലികനായിരുന്നു.  തിരുവനന്തപുരം കൊട്ടാരത്തില്‍ ഒരിക്കല്‍ സുബ്ബയ്യര്‍ വീണ വായിച്ചുകൊണ്ട് താനം പാടി.  ശബ്ദചക്രങ്ങള്‍ മന്ദ്രസ്ഥായിയില്‍നിന്ന് തിരിഞ്ഞുയുരുന്നതുപോലെ ഒരു പ്രതീതി ജനിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ താനംപാടല്‍.  വിസ്മയംപൂണ്ട രാജാവ് അദ്ദേഹത്തിന് 'ഘനചക്രതാനം' എന്ന ബഹുമതി നല്‍കി.  സ്വര്‍ണ്ണത്തിന്റെ ഒരു തോടയും.  വരുന്ന വഴിക്ക് സുബ്ബയ്യര്‍ തോട ഒരു പാവത്തിന് ദാനം ചെയ്തു.  ആ വാര്‍ത്തയറിഞ്ഞ് രാജാവ് ചോദിച്ചപ്പോള്‍ തന്നെക്കാള്‍ അത് ഉപകരിക്കുക ആ പാവത്തിനാണെന്ന് മറുപടി പറഞ്ഞു.  രാജാവ് വീണ്ടും തോട നല്‍കി.  ആര്‍ക്കും ദാനം ചെയ്യാതിരിക്കാന്‍ കൂടെ അനുചരന്മാരെ വിട്ടു.  ചെമ്പൈതന്നെ അഭിമുഖങ്ങല്‍ പറയുന്നതാണ് ഈ കഥകളെല്ലാം.  കേട്ട കഥകളാണെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട്.

കുട്ടിക്കാലത്ത് ചെമ്പൈയ്ക്ക് കടുത്ത ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നിരുന്നു.  പാട്ടിന്റെ ലഹരിയില്‍ ഒന്നും അറിഞ്ഞില്ലെന്ന് മാത്രം.  മൂന്ന് വയസ്സായപ്പോള്‍തന്നെ ചെമ്പൈ പാട്ട് പഠിക്കാന്‍ തുടങ്ങി.  അനന്തഭാഗവതര്‍ അറിയുന്നതെല്ലാം പകര്‍ന്നു.   പൊതു കച്ചേരികള്‍ നടത്തുന്നതിന് മുന്‍പുതന്നെ അച്ഛന്‍ മക്കളേയും കൂട്ടി പ്രഭു കുടുംബങ്ങളിലും അമ്പലങ്ങളിലും ചെന്ന് പാടാന്‍ തുടങ്ങി.  പ്രകൃതിയിലൂടെയുള്ള ഈ യാത്രകള്‍ക്കിടയില്‍ പുഴയുടെ തീരവും മരത്തണലുമൊക്കെ പാട്ടുപഠനത്തിന്റേയും സാധകത്തിന്റേയും ഇടങ്ങളായി.  ചുരുക്കത്തില്‍ യഥാര്‍ത്ഥ കച്ചേരി നടത്തുന്നതിന് വളരെ മുന്‍പുതന്നെ ചെമ്പൈയും സഹോദരനും നിരവധി കച്ചേരികള്‍ നടത്തിക്കഴിഞ്ഞിരുന്നു. 

1905 ല്‍ ഒറ്റപ്പാലത്തെ കൃഷ്ണ ക്ഷേത്രത്തില്‍ വെച്ചാണ് ചെമ്പൈ ആദ്യമായി പൊതു കച്ചേരി നടത്തിയത്.  പാടിയപ്പോള്‍ കഴിവ് ശ്രദ്ധിച്ച കലിയകുഡി നടേശ ശാസ്ത്രി ആ ബാലനെ തഞ്ചാവൂരില്‍ കൊണ്ടുപോയി സംഗീതം അഭ്യസിപ്പിച്ചു. തുടര്‍ന്ന് പുതുക്കോട്ടൈ ദക്ഷിണാമൂര്‍ത്തി പിള്ളൈ, കുംഭകോണം അഴഗിയ നമ്പിയാ പിള്ളൈ, മാലൈകോട്ടൈ ഗോവിന്ദസ്വാമി പിള്ളൈ എന്നിവര്‍ ചെമ്പൈയെ പഠിപ്പിച്ചു.  ചെമ്പൈയിലൂടെ അവര്‍ക്ക് ലക്ഷ്യം വേറെയായിരുന്നു.  കാഞ്ചീപുരം നൈനാ പിള്ളൈയെ കടത്തിവെട്ടാന്‍ ആരെയെങ്കിലും വളര്‍ത്തിയെടുക്കുക. നൈനാ പിള്ളൈ തഞ്ചാവൂരുകാരനല്ല.  മാത്രമല്ല, അവര്‍ വിശ്വസിച്ചിരുന്നത് പാലക്കാട്ടെ ബ്രാഹ്മണര്‍ യഥാര്‍ത്ഥത്തില്‍ തഞ്ചാവൂരില്‍ നിന്ന് പാലക്കാട്ടേയ്ക്ക് പോയവരാണെന്നായിരുന്നു.  ഈ ചരിത്രം പൊതുവിലുള്ള ചെമ്പൈ ചരിത്രത്തില്‍ കാണുന്നില്ല.  പക്ഷെ ചരിത്രകാരന്‍ വി. ശ്രീറാം ഇങ്ങനെ 'ദി ഹിന്ദു' വില്‍ എഴുതിയിട്ടുണ്ട്.  ചെമ്പൈയ്ക്ക് ഏറെ രാഗപരിചയവും കൃതിജ്ഞാനവും സിദ്ധിക്കാന്‍ ഏതെങ്കിലും സ്രോതസ്സില്ലാതിരിക്കില്ല.  തഞ്ചാവൂരിലെ ശിക്ഷണമായിരുന്നിരിക്കാം അദ്ദേഹത്തിന്റെ സംഗീതബലം.  

സിനിമയില്‍ ആടിപാടിയതിന് കര്‍ണ്ണാടക സംഗീതജ്ഞരായ ജി. എന്‍. ബി, മഹാരാജപുരം, മുസിരി സുബ്രഹ്മണ്യയ്യര്‍ എന്നിവരോട് ചെമ്പൈയ്ക്ക് വിയോജിപ്പുണ്ടായിരുന്നു.  എന്നാല്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ചെമ്പൈയും ഒരു സിനിമയില്‍ അഭിനയിച്ചു.  ചൗഡയ്യ എടുത്ത കന്നഡ സിനിമ 'വാണി' യില്‍.  ചൗഡയ്യതന്നെ രചിച്ച ഒരു ഷണ്‍മുഖപ്രിയരാഗ കൃതിയാണ് ചെമ്പൈ അതില്‍ പാടുന്നത്.  ഒരു കച്ചേരി നടത്തുന്ന അതേമട്ടില്‍.  പാലക്കാട് മണി അയ്യര്‍ മൃദംഗം.  ചൗഡയ്യ വയലിന്‍.  ചെമ്പൈ ഗ്രാമത്തില്‍നിന്നാണ് ഷൂട്ട് ചെയ്തത്.  ഒരു സിനിമ എന്ന നിലയ്ക്ക് നിലവാരം പുലര്‍ത്തിയില്ലെങ്കിലും സംഗീതാനുഭവം എന്ന നിലയ്ക്ക് മൂല്യവത്താണ് 'വാണി'.  ചെമ്പൈയ്ക്ക് 5000 രൂപ പ്രതിഫലം ലഭിച്ചു.  അദ്ദേഹം കൈകൊണ്ട് തൊട്ടില്ല.  നേരെ സ്വര്‍ണ്ണമാല ഉണ്ടാക്കി നാട്ടിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വിഗ്രഹത്തിന് ചാര്‍ത്താന്‍ ഏര്‍പ്പാട് ചെയ്തു. 

പാട്ടുകാരന്‍ മാത്രമായിരുന്നില്ല, ഈണം നല്‍കുന്നതിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് ചെമ്പൈ.  ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ തൃപ്പൂണിത്തുറക്കാരന്‍ ടി. ജി. കൃഷ്ണയ്യര്‍ ചെന്നൈയില്‍ താമസിക്കാന്‍ ചെമ്പൈയ്ക്ക് ഒരു വീട് നല്‍കി.  കൃഷ്ണയ്യര്‍ പദ്യം രചിക്കും.  ലളിതാദാസര്‍ എന്ന പേരില്‍.  കൃഷ്ണയ്യരുടെ നൂറ്റന്‍പത് പദ്യങ്ങള്‍ക്ക് ചെമ്പൈ ഈണം നല്കി.  അവയാണ് ലളിതദാസര്‍ കൃതികള്‍.  പലതും ചെമ്പൈതന്നെ കച്ചേരികളില്‍ പാടി പ്രചരിപ്പിച്ചിട്ടുണ്ട്.  ഒരു റിക്കോര്‍ഡും ഇറങ്ങിയിരുന്നു.  ഇന്ന് കുറേപേര്‍ക്ക് അറിയാവുന്ന, മൂളി നടക്കാറുള്ള, ഹംസാനന്ദി രാഗത്തിലുള്ള 'പാവന ഗുരു പവനപുരാ...' ലളിതദാസര്‍ കൃതികളിലൊന്നാണ്.  

ചെമ്പൈയ്ക്ക് പുരസ്‌കാരങ്ങളിലൊന്നും താത്പര്യമില്ലായിരുന്നു.  പത്ഭഭൂഷണ്‍ സ്വീകരിക്കാനുള്ള കത്ത് അദ്ദേഹം ഒപ്പിട്ടിട്ടില്ല.  ശിഷ്യന്‍ ടി. വി. ഗോപാലകൃഷ്ണനാണ് ഒപ്പിട്ട് അയച്ചത്.  ചെമ്പൈ പത്മഭൂഷണ്‍ സ്വീകരിക്കാന്‍ പോയതുമില്ല.  പുരസ്‌കാരം തപാലില്‍ വരുകയാണുണ്ടായത്. 

ചെമ്പൈയ്ക്ക് ധാരാളം ഭൂമിയുണ്ടായിരുന്നു.  ഇം. എം. എസ്സിന്റെ ഭൂപരിഷ്‌കരണത്തില്‍ എല്ലാം പോയി.  അദ്ദേഹം ധാരാളം പണം ഉണ്ടാക്കിയിരുന്നു.  അതില്‍ ഭീമഭാഗം ഗുരുവായൂരപ്പന് നല്‍കി.  ഒരോഹരി തന്റെ നാട്ടിലെ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നല്കി.  ഗ്രാമത്തിലെ ഓല മേഞ്ഞ വീടുകള്‍ ഓടു മേഞ്ഞു.  അതിനായി ഒരു ഓട്ടുനിര്‍മ്മാണശാലതന്നെ വാങ്ങി. വരുമാനം ഏറെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം നയിച്ചത് സമ്പത്തിന്റെ ചളി പുരളാത്ത ഒരു ലളിത ജീവിതമായിരുന്നു.   

ഗുരുവായൂരപ്പനും ചെമ്പൈയും

ഗുരുവായൂരില്‍ ആദ്യമായി പാടിയതിനെക്കുറിച്ച് ചെമ്പൈ നര്‍മ്മത്തോടെ വിവരിക്കാറുണ്ട്.  ഒരു ഏകാദശി ദിവസമാണ് പാടിയത്.  കച്ചേരി കഴിഞ്ഞപ്പോള്‍ രണ്ട് പോലീസുകാര്‍ അനന്തഭാഗവതരോട് പറഞ്ഞു ഏമാന്‍ സ്റ്റേഷനിലേയ്ക്ക് വരാന്‍ പറഞ്ഞു എന്ന്.  കുട്ടികള്‍ പാടിയത് തെറ്റായിപ്പോയോ?  എന്ത് തെറ്റാണാവോ ചെയ്തത്?  അനന്തഭാഗവതര്‍ പരിഭ്രമച്ച് സ്റ്റേഷനിലെത്തി.  അവിടത്തെ സബ്ബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു അടുത്തെവിടെയോ ഒരു ക്ഷേത്രത്തില്‍ തന്റെ മകന്റെ കച്ചേരി വേണമെന്ന്.  ചെമ്പൈ പാടി.  നൂറ്റൊന്ന് രൂപ പ്രതിഫലം.  അന്ന് അത് വലിയ സംഖ്യയായിരുന്നു.  എല്ലാം ഗുരുവായൂരപ്പന്റെ കടാക്ഷമെന്ന് അവര്‍ കരുതി.  അന്നു മുതല്‍ തുടങ്ങിയതാണ് ചെമ്പൈയുടെ ഏകാദശിക്കച്ചേരികള്‍. 

ഉയര്‍ച്ചയും താഴ്ചയുമുള്ള ജീവിതമായിരുന്നു ചെമ്പൈയുടേത്.  ഒരു സിനിമാ തിരക്കഥപോലെ.  അദ്ദേഹത്തിന് രണ്ടുതവണ ശബ്ദം നിലച്ചു.  ആദ്യം യുവാവായിരുന്നപ്പോള്‍.  പിന്നീട് മുതിര്‍ന്ന് കുറേ കഴിഞ്ഞിട്ടും.  രണ്ടു തവണയും ശബ്ദം തിരിച്ചു കിട്ടി.

രണ്ടാമതായി ഒച്ച പോയത് 1952 ലാണ്.  അദ്ദേഹം ഗുരുവായൂരപ്പന്റെ നടയില്‍നിന്ന് പ്രാര്‍ത്ഥിച്ചു, 'ഗുരുവായൂരപ്പനെ സ്തുതിച്ചുകൊണ്ടുള്ള ശ്ലോകം ചൊല്ലുന്നതുപോലും കേട്ടു കൂടാണ്ടായോ..'  അദ്ദേഹം നിലവിളിച്ചങ്ങനെ പറയുന്നുണ്ട്...  പക്ഷെ ആര്‍ക്കും കേള്‍ക്കില്ല.  ധാരയായി കണ്ണീരൊഴുകുന്നുണ്ട്.  അപ്പോള്‍ ഒരു അമ്പതടി പിന്നാപ്പുറത്തുനിന്ന് ഒരാള്‍ വന്ന് പുറത്തു തട്ടി.  'ഏയ്, ഞാനൊന്നു പരീക്ഷിച്ചു നോക്കട്ടെ, ഗുരുവായൂരപ്പന്റെ കൃപയുണ്ടെങ്കില്‍, എല്ലാം ശരിയാകും.'  പ്രസിദ്ധ വൈദ്യനായിരുന്ന വൈദ്യമഠം നമ്പൂതിരിയായിരുന്നു അത്.   'ഞാന്‍ വൈന്നേരം കാറുംകൊണ്ടു വരാം, നമുക്ക് പൂമുള്ളി മനയ്ക്കിലേയ്ക്ക് പൂവ്വാ.' 

ഒരാഴ്ച്ച ചികിത്സ.  ശബ്ദം ഭേദപ്പെട്ടു വരുന്നു.  അപ്പോഴേയ്ക്കും ആകശാവാണിയില്‍ പ്രോഗ്രാം വെയ്ക്കട്ടെ എന്നു ചോദിക്കുന്നു.  അവര്‍ വൈദ്യമഠത്തോട് ചോദിച്ചു.  'എന്താ സംശയം? അദ്ദേഹം തലയ്ക്കകത്ത് പാടിക്കൊണ്ടിരിക്കുന്നുണ്ടല്ലോ.'  അവസാനം തിരിച്ചു കിട്ടിയ ശബ്ദത്തില്‍ ചെമ്പൈ റേഡിയോവില്‍ പാടി. 

തിരിച്ചുകിട്ടിയ പുതിയ ശബ്ദത്തില്‍ അദ്ദേഹം യൗവ്വനകാലത്തെ ശൈലി പിന്‍തുടര്‍ന്നില്ല.  ഭൃഗകളും വേഗതയും കസര്‍ത്തുകളും വേണ്ടെന്ന് വെച്ചു.  ഭക്തിഭാവത്തിന് ഊന്നല്‍ നല്‍കി.  പാടിത്തകര്‍ക്കുന്ന ചെമ്പൈയ്ക്ക് പകരം വന്ന ഭക്തനും ശാന്തനുമായ ചെമ്പൈ ഗുരുവായൂരപ്പനോട് കൂടുതല്‍ അടുത്തു.  ഒറ്റപ്പാലം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് ചെമ്പൈ അവസാനം പാടിയത്.  അവിടെനിന്നുതന്നെയാണ് തുടങ്ങിയതും.  അവിടത്തെ പൂജാരി പറഞ്ഞു ചെമ്പൈ 120 വയസ്സു വരെ ജീവിക്കും എന്ന്.  തനിക്കും കൃഷ്ണനും തമ്മില്‍ ഒരു കണക്കുണ്ടെന്ന് ചെമ്പൈ മറുപടി പറഞ്ഞു.  പൂജാരിയുടെ പ്രവചനം തെറ്റി.  സന്ധ്യാവന്ദനം ചെയ്യുമ്പോള്‍ തല ഒരു വശത്തേയ്ക്ക് ചരിഞ്ഞു.  വൈദ്യനാഥ ഭാഗവതര്‍ പോയിക്കഴിഞ്ഞിരുന്നു. 

മുകുന്ദനുണ്ണി

(മാതൃഭൂമി ഗുരുവായൂര്‍ സപ്ലിമെന്റ് 2020, പേജുകള്‍ - 56-58)

Comments

Gopinath said…
🎶Simmply superb. He has unerthed the magical legend in music in a few words.
Gopinath said…
@Simmply superb. He has unerthed the magical legend in music in a few words.

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...