സിനിമയുടെ കലാപരമായ ദൗത്യങ്ങളിലൊന്ന് അത് വെറും ചലിക്കുന്ന ക്യാമറക്കാഴ്ചയാണെന്ന നിര്‍വ്വചനത്തെ തിരുത്തിയെഴുതലാണ്. സിനിമ അതിന്റെ യാത്രയ്ക്കിടയില്‍, വേറിട്ട് ഏകവചനങ്ങളില്‍ നിന്ന, കലകളിലേയ്ക്ക് കയറിച്ചെന്ന് ഇടപഴകി. ആ പാരസ്പര്യത്തില്‍ കലയുടെ അനുഭവസീമകള്‍ വിസ്താരംപൂണ്ടു. സിനിമ സംഗീതത്തിന്റേയും സംഗീതം സിനിമയുടേയും വാതിലുകള്‍ തുറന്നിട്ടു. പാര്‍ശ്വഫലമായി അടിമുടി സംഗീതം ബാധിച്ച സിനിമകളുണ്ടായി. കലാസംഗീതം (വെസ്‌റ്റേണ്‍ ക്ലാസിക്കല്‍) ആകമാനം ബാധിച്ച സംവിധായകരും.
പസോലിനിയും താര്‍ക്കോവ്‌സ്‌കിയും ബാക്കിന്റെ (J S Bach) സംഗീതം ധാരാളം ഉപയോഗിച്ചവരാണ്. എന്നാല്‍, ബെര്‍ഗ്‌മെന്‍ തന്റെ ആദ്യ സിനിമയായ പ്രിസണ്‍ (1947) മുതല്‍ അവസാന സിനിമയായ സാരാബേന്‍ഡ് (Saraband, 2003) വരെ എല്ലാ സിനിമകളിലും ബാക്കിന്റെ സംഗീതം ഉപയോഗിക്കുന്നുണ്ട്. കലാസംഗീതം അദ്ദേഹത്തിന്റെ സിനിമകളില്‍ നിറഞ്ഞുനില്‍ക്കും. തുളുമ്പാതെ. സിനിമയ്ക്ക് പുറത്തും അദ്ദേഹത്തിന്റെ വ്യാപാരം സംഗീതത്തിലാണ്. കച്ചേരികള്‍ (concerts) കേട്ടും റെക്കോഡുകളുടെ ശേഖരങ്ങള്‍ കേട്ടും നിരന്തരം സംഗീതബന്ധമുള്ള ജീവിതം.
അദ്ദേഹത്തിന്റെ സിനിമകളില്‍ സംഗീതം കടന്നുവരുന്നത് സാന്ദര്‍ഭികമായി മാത്രമല്ല. സിനിമ പശ്ചാത്തലമായി നിന്ന് സംഗീതം മുന്നണിയില്‍ വരുന്ന ഭാഗങ്ങളുണ്ട്. ചില കഥാപാത്രങ്ങള്‍ സംഗീതജ്ഞരാണ്. സംഗീതത്തെക്കുറിച്ച് സംഭാഷണങ്ങളുണ്ട്. സിനിമയുടെ ശാബ്ദിക ലോകത്ത് സംഗീതം ശബ്ദം മാത്രമല്ല, ആഖ്യാനം കൂടിയാണ്. സിനിമയ്ക്കുവേണ്ടി കംപോസ് ചെയ്യുന്നതിനേക്കാളേറെ ലഭ്യമായ കലാസംഗീതത്തെയാണ് അദ്ദേഹം ഉപയോഗിച്ചത്. പക്ഷെ അങ്ങനെ ഉപയോഗിക്കുന്നതില്‍ അദ്ദേഹത്തിന് ഒരു ശാബ്ദികശൈലി (sonic style)യുണ്ട്.
ഒരു അഭിമുഖത്തില്‍, 2005 ല്‍, ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ബെര്‍ഗ്‌മെന്റെ മറുപടി ഇപ്രകാരമായിരുന്നു: 'ഞാന്‍ മറ്റു ലോകങ്ങളില്‍ വിശ്വസിക്കുന്നു, ഇതര യാഥാര്‍ത്ഥ്യങ്ങളിലും. പക്ഷെ എന്റെ പ്രവാചകന്മാര്‍ ബാക്കും ബിഥോവനുമാണ്. അവര്‍ തീര്‍ച്ചയായും മറ്റൊരു ലോകം കാണിച്ചുതരുന്നുണ്ട്.'
വിന്റര്‍ ലൈറ്റ് (1963) എന്ന സിനിമയില്‍ ഹിംസ് (സ്‌തോത്രങ്ങള്‍) അല്ലാതെ മറ്റു സംഗീതങ്ങളൊന്നും കാര്യമായില്ല. സിനിമയേയും സംഗീതത്തേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിചാരധാരകള്‍ ഒരു പ്രത്യേക നിലയിലെത്തിയ സമയമായിരുന്നു അത്. ആ ചിന്തകള്‍ ഇപ്രകാരമാണ്: സിനിമതന്നെ സംഗീതാത്മകമാണ്. അതിലേക്ക് സംഗീതം ചേര്‍ക്കുമ്പോള്‍ സംഗീതത്തിലേയ്ക്ക് സംഗീതം ചേര്‍ക്കുന്നതുപോലെയാകും. അഥവാ സംഗീതത്തിലേയ്ക്ക് സംഗീതം ചേര്‍ക്കുകയാണെങ്കില്‍, സംഗീതത്തിന് ചേര്‍ന്ന അകമ്പടികള്‍ അന്വേഷിക്കണം. സിനിമയെ സംബന്ധിച്ചിടത്തോളം സംഗീതത്തിന്റെ ഏറ്റവും നല്ല അകമ്പടി നിശബ്ദതയാണ്. ഹോളിവുഡ് സംപ്രദായംപോലെ സ്‌കോറുകളുടെ പ്രളയമാവരുത്. സിനിമയിലെ ദൃശ്യബിംബം ഉണ്ടാക്കുന്ന ഭാവത്തിന്റെ അബോധഭാവങ്ങള്‍ ഉണര്‍ത്താവുന്ന സംഗീതമേ ഉപയോഗിക്കാവു. അതേസമയം നിശബ്ദതകൊണ്ടുള്ള പ്രഹരം സിനിമയില്‍ സംഗീതാത്മകമാണ്. വിന്റര്‍ ലൈറ്റിന്റെ സന്ദര്‍ഭത്തില്‍ മാത്രമാണ് ഇപ്രകാരം നിഷേധാത്മകമായി ബെര്‍ഗ്‌മെന്‍ പറഞ്ഞത്. പക്ഷെ ആ പറഞ്ഞത് ഫലത്തില്‍ നിഷേധാത്മകമല്ലതാനും.
ദൈവത്തിന്റെ മൗനം, മരണം, സ്ത്രീപുരുഷബന്ധത്തിലെ സംഘര്‍ഷം, കുട്ടിക്കാലത്തിന്റെ സങ്കീര്‍ണ്ണത, സര്‍ഗ്ഗാത്മകമായ പ്രതിസന്ധികള്‍ എന്നിവ അദ്ദേഹത്തിന്റെ സിനിമകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന പ്രശ്‌നങ്ങളാണ്. ഇവയുടെ പ്രകാശനം ആക്ഷനിലൂടെയല്ല. സംഗീതത്തിലൂടെയും സംഭാഷണത്തിലൂടെയും ക്ലോസപ്പുകളിലൂടെയുമാണ്. വിസ്മയിപ്പിക്കുന്ന ബിംബങ്ങളിലൂടെയും.
ക്രൈസ് ഏന്‍ഡ് വിസ്‌പേഴ്‌സില്‍ നിറയെ രക്ത വര്‍ണ്ണമാണ്. മനുഷ്യന്റെ ആത്മാവിന്റെ നിറം ശരീരത്തിനകത്തെ ചര്‍മ്മപാളികളുടേതുപോലെയാണെന്ന ബര്‍ഗ്‌മെന്‍ ചിന്തയാണ് അതില്‍ പ്രതിഫലിക്കുന്നത്. ഒരു ചുവന്ന മുറിയില്‍ തൂവെള്ള ഉടുപ്പിട്ട മൂന്നു സഹോദരിമാര്‍ പിറുപിറുക്കുകാണ്. വൈകാരികഭാവങ്ങളുടെ നേരിട്ടുള്ള സംപ്രേക്ഷണംപോലെ. വികാരവായ്പിനിടയില്‍ കരീന്‍ തന്റെ സഹോദരിയോട് കരഞ്ഞ് മാപ്പു ചോദിക്കുന്നുണ്ട്. ഉടന്‍ സംഗീതം വന്ന് ആ രംഗത്തെ എടുത്തുകൊണ്ടുപോകും. സഹോദരിമാര്‍ സൗഹൃദരാഹിത്യത്തിലേയ്ക്ക് തിരിച്ചെത്തുന്നതുവരെ. സിനിമയില്‍ സംഗീതം ആവശ്യമില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയിലെ വൈരുദ്ധ്യംപോലെ.
തനിക്ക് സംഗീതപരമായ കഴിവില്ലെന്നാണ് ബെര്‍ഗ്‌മെന്‍ സ്വയം കരുതിയത്. കാരണം അദ്ദേഹത്തിന് ഒരു സംഗീതരചന മനസ്സിലാവാണമെങ്കില്‍ അനവധി തവണ കേള്‍ക്കണം. പാടിപ്രതിഫലിപ്പിക്കാന്‍ കഴിയുകയുമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മൂന്ന് ഓപ്പര പ്രൊഡക്ഷന്‍സും മാജിക് ഫ്‌ളൂട്ട് എന്ന സിനിമയും കലാപരമായി ഒന്നാംതരമാണ്. അതുകൊണ്ടായിരിക്കണം സിനിമാചരിത്രത്തിലെ ഏറ്റവും 'സംഗീതഹീനനായ' സംഗീതപ്രതിഭയെന്ന് ബെര്‍ഗ്‌മെന്‍ വിശേഷിപ്പിക്കപ്പെട്ടത്.
കാബി ലാററ്റൈ (Kabi Laretei) എന്ന പ്രസിദ്ധ പിയാനിസ്റ്റ്, 1959 ല്‍, ബെര്‍ഗ്‌മെന്റെ നാലാമത്തെ ഭാര്യയായി. ലാററ്റൈ സംഗീതത്തിന്റെ ഒരു വലിയ ലോകത്തെ ബെര്‍ഗ്‌മെന് പരിചയപ്പെടുത്തി. ചോപ്പിന്‍ രചിച്ച മസൂര്‍ക്കകള്‍ (ക്രൈസ് ഏന്‍ഡ് വിസ്‌പേഴ്‌സില്‍ ഉപയോഗിക്കുന്നുണ്ട്) ആദ്യമായി ബെര്‍ഗ്‌മെന്‍ മനസ്സിലാക്കുന്നത് ഇവരിലൂടെയാണ്. ലാററ്റൈ സാധകം ചെയ്യുന്നത് കേട്ട് കേട്ട് അദ്ദേഹത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ സംഗീതമാതൃകയെ സ്വാംശീകരിച്ചിരിക്കാം. കുറച്ച് കഥാപാത്രങ്ങളെ വെച്ചുള്ള അദ്ദേഹത്തിന്റെ സിനിമാശൈലി (ചെയ്മ്പര്‍ ഡ്രാമ) ചെയ്മ്പര്‍ മ്യൂസിക്കില്‍നിന്ന് പ്രചോദനംകൊണ്ടതാവാം.
സംഗീതാഭ്യസനത്തിന് അനിവാര്യമായിട്ടുള്ള കഠിനമായ പരിശീലനം, അടക്കം എന്നീ ഗുണങ്ങള്‍ ബെര്‍ഗ്‌മെനെ വളരെ ആകര്‍ഷിച്ചിരുന്നതായി അദ്ദേഹം തന്റെ ആത്മകഥയില്‍ പറയുന്നുണ്ട് (Per F. Broman, 'Music, Sound, and Silence in the films of Ingmar Bergman', From 'Music, Sound and Filmmakers', Ed. James Wierzbicki, Routledge, 2012, പേജ് 20). ലാററ്റൈ പറയുന്നത് ബെര്‍ഗ്‌മെന് ആരും പ്രതീക്ഷിക്കാത്ത രീതിയിലുള്ള ചില സംഗീതക്കഴിവുകളുണ്ടെന്നാണ്. ഒരിക്കല്‍ ലാററ്റൈ ഒരു പിയാനോ കച്ചേരി അവതരിപ്പിക്കുകയായിരുന്നു. പിയാനോ വാദനത്തിനിടയില്‍ ആരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു ചെറിയ ഓര്‍മ്മപ്പിശക് സംഭവിച്ചു. ബെര്‍ഗ്‌മെന്‍ ഉടന്‍ തിരിച്ചറിഞ്ഞു. ഹൃദയാഘാതംപോലെയാണ് അദ്ദേഹം ആ വാദനപ്പിശക് അനുഭവിച്ചതത്രെ.
മറ്റൊരു സംഭവം ലാററ്റൈ പറയുന്നുണ്ട്: അവര്‍ പിയാനോ പരിശീലിക്കുകയായിരുന്നു. ബെഥോവന്റെ പിയാനോ സോണാറ്റാ നമ്പര്‍ 23. അതിന്റെ അവസാന മൂവ്‌മെന്റില്‍ ചില വികൃതമായ കോര്‍ഡ്‌സ് ഉണ്ടെന്ന് ബെര്‍ഗ്‌മെന്‍ വാദിച്ചു. ആ കോഡ്‌സിനെ മുന്‍നിരയിലേയ്ക്ക് കൊണ്ടുവന്നാല്‍ മനോഹരമായിരിക്കും എന്ന് ബെര്‍ഗ്‌മെന്‍ ലാററ്റൈയെ ബോധ്യപ്പെടുത്തി. അങ്ങനെ ചെയ്തപ്പോള്‍ സോണാറ്റാ കൂടുതല്‍ മനോഹരമാകുകയും ചെയ്തു.
സംഗീതത്തിന്റെ നൊട്ടേഷന്‍, സ്വരരേഖ, ഭാഷയേക്കാള്‍ കൃത്യമാണ് എന്നാണ് ബെര്‍ഗ്‌മെന്റെ പക്ഷം. ആ കൃത്യത അദ്ദേഹം സിനിമയിലേയ്ക്ക് പകര്‍ത്തി. ഷൂട്ട് തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം കൃത്യമാണ്. അവ്യക്തതയ്ക്ക് ഇടമില്ല. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതുപോലെ. .
സാരാബേന്‍ഡില്‍ സംഗീതം വളരെ സങ്കീര്‍ണ്ണമായ യാഥാര്‍ത്ഥ്യമാണ്. ബാക്കിന്റെ ഫിഫ്ത് സുയിറ്റ് (suite), നൃത്തശൈലിയില്‍ കംപോസ് ചെയ്തിട്ടുള്ള ഉപകരണവാദ്യങ്ങളുടെ രചന, അടക്കിവെച്ച വികാരത്തിന്റെ സാന്നിധ്യമായാണ് സിനിമയില്‍ പെരുമാറുന്നത്. അച്ഛനും (ഹെന്‌റിക്) മകളും (കരിന്‍) തമ്മിലുള്ള അഗമ്യഗമനത്തിന്റെ (incest) ആന്തരസ്പന്ദനമാണ് ആ സംഗീതം. രണ്ടുപേരും ചെല്ലിസ്റ്റുകളാണുതാനും (Cellists). മനുഷ്യശബ്ദത്തോട് ഏറ്റവും സദൃശമായ ശബ്ദം ചെല്ലോയുടേതാണെന്ന ഒരു ധ്വനിയും ഇവിടെ ഉദ്ദേശിച്ചിരിക്കാം.
വികാരത്തിന്റെ തിരമാലയടിക്കുന്ന കടലോരംപോലെയാണ് ബെര്‍ഗ്‌മെന് സിനിമ. ജീവിതവും സിനിമയും സംഗീതവും ഭാവം ഒഴുകിവരുന്ന ഉറവകളാണ്. അദ്ദേഹം മരണത്തെപ്പോലും സംഗീതത്തിലൂടെയാണ് മനസ്സിലാക്കുന്നത്. സാരാബാന്‍ഡില്‍ ഹെന്‌റിക്ക് പറയുന്നുണ്ട്. മരിച്ചുപോയ ഭാര്യ ഗെയ്റ്റ് കടന്നുവരുന്നതു കണ്ടപ്പോഴാണ് താന്‍ മരിച്ചുകഴിഞ്ഞു എന്ന് തിരിച്ചറിയുന്നത്. 'നാം ജീവതത്തിലൂടനീളം മരണത്തെക്കുറിച്ചും മരിച്ചതിനു ശേഷം എന്ത് സംഭവിക്കുമെന്നൊക്കെ ആലോചിച്ചു നടക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മരണം വളരെ എളുപ്പമാണ്. ബാക്കിന്റെ സംഗീതം പലപ്പോഴും അങ്ങനെ തോന്നിച്ചിട്ടുണ്ട്.'
ബര്‍ഗ്‌മെന് സംഗീതം ജീവിതത്തിന്റെ രൂപകമാണ്. ആദ്യകാല സിനിമയിലെ കഥാപാത്രങ്ങള്‍ സംഗീതത്തെ മനസ്സിലാക്കിയത് ലോകത്തില്‍നിന്ന് പിന്‍വാങ്ങി ആത്മസമര്‍പ്പണം ചെയ്യേണ്ട ഒരു കാര്യമായാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ബെര്‍ഗ്‌മെന്‍, സാരാബാന്‍ഡില്‍, ജീവിതത്തിന് മറ്റൊരു പുതിയ രൂപകം കണ്ടുപിടിച്ചു. ഏകാന്തമായ മുഴുകലിന്റെ നേര്‍വിപരീതം. കഥാപാത്രം (കരീന്‍) പറയുന്നു: 'ഞാന്‍ ഒരു സോളോയിസ്റ്റായി സ്വയം കരുതുന്നില്ല. എനിക്ക് ഓര്‍ക്കസ്ട്രക്കാരിയാവണം. കൂട്ടമായ പ്രയത്‌നത്തിലൂടെ എനിക്കു ചുറ്റും പാട്ടിന്റെ ഒരു കടലുണ്ടാകണം. രംഗത്ത് ഒറ്റയ്ക്കിരിക്കുന്നില്ല. എനിക്ക് ഒരു സാധാരണ ജീവിതം വേണം. അതില്‍ വസിക്കണം, അതിന്റെ ഭാഗമാകണം (അതേ പുസ്തകം, പേജ് 45). ജീവിതം സാധാരണതയിലാണ് സംഭവിക്കുന്നത്. സംഗീതവും സിനിമയും സാധാരണതയിലാണ് സാര്‍ത്ഥകമാകുക എന്ന ഒരു സന്ദേശം ഈ ആത്മഗതത്തില്‍ മിടിക്കുന്നുണ്ട്.
മുകുന്ദനുണ്ണി
(ദേശാഭിമാനി വാരാന്തം, 2020 ജനുവരി 12, പേജ് 4)

Comments