Skip to main content

Posts

Showing posts from 2020

സാധകവും മനോധര്‍മ്മവും - സര്‍ഗ്ഗാത്മകതയുടെ ലോകങ്ങള്‍

സംഗീതത്തില്‍ പ്രതിഭയുള്ളവരെല്ലാം സംഗീതജ്ഞരാവണമെന്നില്ല.  'ഒരു ക്ലാസിക്കല്‍ സംഗീതജ്ഞന്‍ ഉണ്ടാകുന്നത് കൊല്ലങ്ങളോളം സമര്‍പ്പണബോധത്തോടെ പരിശീലിച്ചിട്ടാണ്' (അംജദ് അലി ഖാന്‍, മാസ്റ്റേഴ്‌സ് ഓണ്‍ മാസ്‌റ്റേഴ്‌സ്).  സംഗീതത്തിന് പ്രത്യേകമായി ഒരു പരിശീലന രീതിതന്നെയുണ്ട്.  പരിശീലനത്തില്‍നിന്നുതന്നെ രൂപംകൊണ്ട ഒരു തപസ്യാക്രമം.  സാധകം, സാധന, റിയാസ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.  കര്‍ണ്ണാടകഹിന്ദുസ്ഥാനി സംഗീതങ്ങള്‍ക്ക് പൊതുവായുള്ളതാണ് സാധകം.  രണ്ട് സംഗീതരൂപങ്ങള്‍ക്കും പൊതുവായുള്ള മറ്റൊരു സുപ്രധാന ഘടകമാണ് മനോധര്‍മ്മം.  പരസ്പരപൂരകമായ ബന്ധമാണ് സാധകവും മനോധര്‍മ്മവും തമ്മില്‍.  മനോധര്‍മ്മത്തിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ സാധകം അതിന്റെ പരീക്ഷണശാലയാണ്.  മനോധര്‍മ്മത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് സാധകത്തിലുടനീളം. സാധകത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ മറ്റു സംഗീതങ്ങളിലും കാണാം.  പാശ്ചാത്യ സംഗീതത്തിലെ കംപോസിങ് മുതല്‍ അവതരണംവരെയുള്ള തയ്യാറെടുപ്പുകള്‍ സാധകത്തോട് സദൃശമാണ്.   നാരദീയശിക്ഷ നാട്യശാസ്ത്രത്തിന് മുന്‍പുതന്നെ രചിക്കപ്പെട്ട നാരദീയശിക്ഷ എന്ന ...

വെളിച്ചത്തിന്റെ വെള്ളച്ചാട്ടം

സംഗീതമധുരമായ ഒരു ദൃശ്യകാവ്യമാണ് ജല്‍സാഘര്‍.  കണ്ണടച്ചു കാണാവുന്ന ഏക സിനിമ.  പ്രഗത്ഭ സംഗീതജ്ഞര്‍ അണിനിരന്ന് പാടുന്നത് കേള്‍ക്കാന്‍ ഒരു സിനിമയുടെ ഉള്ളില്‍ കയറിയതുപോലെ.  ജമീന്ദാര്‍ ബിശ്വംഭര്‍ റോയുടെ ജീവിതമാണ് ഈ സിനിമ.  അദ്ദേഹത്തിന്റെ സ്വപ്‌നസദൃശമായ ഓര്‍മ്മ. ഓര്‍മ്മ നിറയെ സംഗീതമാണ്.     'ജല്‍സാഘറി'ന്  സംഗീതമുറി എന്നാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ട പരിഭാഷ.  സിനിമയില്‍ ഈ മുറി സംഗീതവും നൃത്തവും ലഹരിയും സമ്മേളിക്കുന്ന ആഘോഷവേദിയാണ്.  ഗൗരവമായിരുന്ന് സംഗീതം ആസ്വദിക്കുന്ന മുറി എന്ന അര്‍ത്ഥമല്ല.  സത്യജിത് റേ തന്നെ എഴുത്തുകളില്‍ പരാമര്‍ശിക്കുന്നത് സ്വാറെയ് (Soiree) എന്നാണ്. സായാഹ്ന വിനോദപരിപാടി എന്ന അര്‍ത്ഥത്തില്‍.  സദസ്സില്‍ പലതരം പൊങ്ങച്ചങ്ങളും മനുഷ്യര്‍ തമ്മിലുള്ള ശക്തി മത്സരങ്ങളും നടക്കുന്നത് സൂക്ഷ്മമായി റേ പകര്‍ത്തുന്നുണ്ട്.  പക്ഷെ അവിടെ അവതരിപ്പിക്കപ്പെട്ടതെല്ലാം ഒന്നാം തരം സംഗീതവും നൃത്തവുമാണ്.  വീട്ടില്‍ എപ്പോഴും സംഗീതാന്തരീക്ഷമാണ്.  മകനെ പാട്ട് പഠിപ്പിക്കുന്നത് ബിശ്വംഭര്‍തന്നെയാണ്.  മകന്‍ പാടും.  ബിശ്വംഭര്‍ എ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

ആധുനിക കര്‍ണ്ണാടക സംഗീതത്തിന്റെ ചരിത്രപഥം

ഇന്നത്തെ സംഗീതം പുരാതന സംഗീത ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള സംഗീതത്തിന്റെ തുടര്‍ച്ചയല്ല.  17 മുതല്‍ 19 നൂറ്റാണ്ടുവരെ തഞ്ചാവൂരില്‍ വികസിച്ച ഒരു സംഗീതരൂപത്തെയാണ് നാം ആധുനിക കര്‍ണ്ണാടക സംഗീതം എന്ന പേരില്‍ തിരിച്ചറിയുന്നത്.  വിശദമായി നോക്കുകയാണെങ്കില്‍ കര്‍ണ്ണാടക സംഗീതത്തിന്റെ ചരിത്രത്തെ, സംഗീത രൂപത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി, മൂന്നായി തരം തിരിക്കാം.  തഞ്ചാവൂരില്‍ വികാസംപൂണ്ട സംഗീതരൂപം, അതിന് മുന്‍പ്, അതിന് ശേഷം എന്നിങ്ങനെ.               കര്‍ണ്ണാടക സംഗീതം എന്ന പ്രയോഗം ആദ്യമായി ഉപയോഗിച്ചുകാണുന്നത് എ.ഡി. പതിനാലാം നൂറ്റാണ്ടിലാണ്.  ഹരിപാല എഴുതിയ 'സംഗീത സുധാകര'യില്‍.  അക്കാലത്ത് ദക്ഷിണേന്ത്യയില്‍ പ്രചരിച്ചിരുന്ന സംഗീതത്തെയാണ് അങ്ങനെ വിളിച്ചത്.  മദ്ധ്യ കാലഘട്ടത്തില്‍ യാദവന്മാരുടെ തലസ്ഥാനമായ ദേവഗിരി എന്ന നഗരത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതം നിലവിലുണ്ടായിരുന്നു.  ഇവിടെയാണ് 'സംഗീതരത്‌നാകര' എഴുതിയ ശാര്‍ങ്ഗദേവന്‍ (1175-1247) ജീവിച്ചിരുന്നത്.  ഈ നഗരം (ദേവഗിരി ഇപ്പോള്‍ ദൗലത്താബാദ് ആണ്) ആക്രമിക്കപ്പെട്ടപ്പോള്‍ അവിടെ ഉള്ളവ...

ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വികാസപരിണാമങ്ങള്‍

രാഗം എന്ന സങ്കല്‍പ്പനമാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ മറ്റു സംഗീതങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നത്.  ഈ സങ്കല്‍പ്പനം ഉത്ഭവിച്ചത് ഏതെങ്കിലും പ്രത്യേക രാജ്യാതിര്‍ത്തിക്കുള്ളില്‍വെച്ചല്ല.  മറിച്ച്, സംഗീതാഭിരുചികള്‍ പൊതുവായി പങ്കുവെയ്ക്കാനിടയായ ഒരു മേഖലയില്‍നിന്ന് രൂപംകൊണ്ടതാണ്.  രാജ്യാതിര്‍ത്തികള്‍ക്ക് കുറുകെ നിലനിന്ന സംഗീതമേഖലയില്‍നിന്ന് സംഗീതശൈലികള്‍ വളരുകയും പടരുകയും ചെയ്തതിന്റെ ഫലമായി.  ദീര്‍ഘകാലത്തെ സാംസ്‌കാരികമായ കൊടുക്കല്‍വാങ്ങലില്‍നിന്നാണ് ഒരു സംഗീതമേഖല രൂപപ്പെടുന്നത്.  അവിടെ നിലനിന്ന പല തരം സംഗീതങ്ങള്‍ക്ക് പൊതുവായ ഒരു സങ്കല്‍പ്പനമുണ്ടാകാം.  അത്തരം ഒരു സങ്കല്‍പ്പനം വികസിച്ച് സമ്പന്നമായതാണ് രാഗം.  ഇതിന്റെ വേരുകള്‍ കാണാന്‍ കഴിയുക ഇന്ത്യ, ഇറാന്‍, അറേബ്യ, എന്നീ രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടന്ന ഒരു സംഗീതമേഖലയിലാണ്.   മഖം (maqam)  എന്ന ഗാനരൂപം ഒരു ക്ലാസിക്കല്‍ സംഗീതമായി പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇറാന്‍-അറബ് മേഖലയില്‍ രൂപപ്പെട്ടിരുന്നു.  പ്രാഥമികമായ മെലഡിക് ഘടനകളെ സൂചിപ്പിക്കുന്ന മൊഖമാറ്റ് (Maqamat) എന്ന ഇറാനിയന്‍ വാക്കില്‍നിന്നു വന...

രാഷ്ട്രീയവും ജീവിതവും: ഒരു കോവിഡ്കാല വീണ്ടുവിചാരം

 കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തെ യാഥാര്‍ത്ഥ്യത്തിലൂടേയും ഭാവനയിലൂടേയും പല രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്.  ഈ സന്ദര്‍ഭത്തില്‍ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം നമുക്കുള്ള ധാരണകളെ ഈ സ്ഥിതിവിശേഷം മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പിലൂടെ.    ഇറ്റലിയില്‍ കോവിഡ് 19 പടരാന്‍ തുടങ്ങിയപ്പോള്‍തന്നെ അവിടെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയോട് ജോര്‍ജോ അഗമ്പന്‍ (Giorgio Agamben) എന്ന തത്വചിന്തകന്‍ ഒരു ബ്ലോഗിലൂടെ പ്രതികരിച്ചിരുന്നു.  തുടര്‍ന്ന് പല തത്വചിന്തകരും അതിനോട് പ്രതികരിക്കാന്‍ തുടങ്ങി.  ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രതികരണങ്ങളെല്ലാം ചേര്‍ന്ന് കോവിഡ് 19 എന്ന സംഭവത്തെക്കുറിച്ച് തത്വചിന്തകര്‍ നടത്തുന്ന ഒരു ചര്‍ച്ചയായി രൂപപ്പെട്ടു. ആ ബ്ലോഗില്‍ അഗമ്പന്‍ ചില ഉത്കണ്ഠകളും ചോദ്യങ്ങളും പങ്കിടുന്നുണ്ട്.    ആദ്യം അഗമ്പന്‍ ബ്ലോഗില്‍ പങ്കുവെച്ച ഉത്കണ്ഠകളെ നോക്കാം.  അദ്ദേഹം പറയുന്നത് വ്യക്തമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ തത്വചിന്തയിലൂടെയാണ് നോക്കുന്നത്.  സാമൂഹിക ജീവിതം പെട്ടെന്ന്...

ലോകാരോഗ്യത്തിനുള്ള ശുശ്രൂഷ

ശുശ്രൂഷിച്ച് ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കല്‍ എന്ന് പറയുമ്പോള്‍ ആ ചിന്തയില്‍ത്തന്നെ ചില നയങ്ങള്‍ വ്യക്തമാണ്.  ഒന്ന്, ലക്ഷ്യം ലോകത്തിന്റെ ആരോഗ്യമാണ്.  രണ്ട്, ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴി ശുശ്രൂഷയുടേതാണ്.  ശുശ്രൂഷിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ശ്രദ്ധയോടെ പരിചരിക്കല്‍ എന്നാണ്.  എന്താണ് ലോകത്തിന്റെ ആരോഗ്യം, എന്താണ് ശുശ്രൂഷിക്കല്‍ എന്നിവയാണ് അടുത്ത ചോദ്യങ്ങള്‍.    മനുഷ്യാരോഗ്യവും ലോകാരോഗ്യവും പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്.  മനുഷ്യര്‍ക്ക് അനാരോഗ്യമില്ലാതിരിക്കാന്‍ ലോകത്തിന് ആരോഗ്യംവേണം.  ഏറ്റവും വലിയ ലോകം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്.  വായുവും കാറ്റും ചൂടും മരങ്ങളും പക്ഷികളും... എല്ലാം.  ഈ വലിയ ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കാനുള്ള യത്‌നമാണ് തുടങ്ങുന്നത്.  എന്നാല്‍ ഈ ബൃഹത് ലോകത്തിന്റെ ഭാഗമായ മനുഷ്യരെ ശുശ്രൂഷിക്കുമ്പോള്‍, ശുശ്രൂഷ ഫലവത്താവണമെങ്കില്‍, ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനുഷ്യരെക്കുറിച്ച് നിസ്സംശയകരമായി പറയാവുന്നത് അവര്‍ക്ക് സ്വന്തമായി ശരീരമുണ്ടെന്നുള്ളതാണ്.  ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്.  അതിനെ ഒര...

എന്റെ പേര് എന്റെ ഗ്രാമത്തിന്റെ പേര്

ഒരു ഗ്രാമത്തിന്റെ പേരാണ് അദ്ദേഹത്തിന്.  ശെമ്മങ്കുടി.  ആ വിളിപ്പേര് ഇഷ്ടമായിരുന്നു.  ആസ്വാദകരെ പാടി അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയുമായിരുന്നു ശെമ്മങ്കുടി ആര്‍. ശ്രീനിവാസയ്യര്‍ (1908-2003) തന്റെ ദീര്‍ഘായസ്സ് മുഴുവന്‍.  അതിനിടയില്‍ കാലത്തിന്റെ വിസ്മൃതിയിലേയ്ക്ക് പാടി മറഞ്ഞ നിരവധി കൃതികള്‍ക്ക് സ്വരശില്‍പ്പാകാരം നല്‍കി നവീന സംഗീതകൃതികളാക്കി.  സ്വാതിതിരുനാള്‍, ജയദേവ, നാരായണതീര്‍ത്ഥ, സദാശിവ ബ്രഹ്മേന്ദ്ര, സുബ്രഹ്മണ്യഭാരതി എന്നിവരുടെ കൃതികളില്‍ പലതും നാം ഇന്ന് കേള്‍ക്കുന്നത് അദ്ദേഹം ഇട്ട ഈണത്തിലാണ്.       ഗ്രാമത്തില്‍ ഉത്സവകാലത്ത് പുലര്‍ച്ചവരെ നാഗസ്വര കച്ചേരികള്‍ ഉണ്ടാവും.  നാഗസ്വരം കേട്ട് മതിവരാതെ കേട്ടതെല്ലാം മൂളി നടന്ന കുട്ടിക്കാലം.  പില്‍ക്കാലത്ത് ഒരു പ്രഗത്ഭനായ ഗായകനായി മാറിയപ്പോഴും ശൈലിയില്‍ നാഗസ്വരഛായയുടെ വിദൂര മര്‍മ്മരങ്ങള്‍ കേള്‍ക്കാം.  ശെമ്മങ്കുടി സന്തോഷത്തോടെ ഓര്‍ത്തിരുന്ന പാട്ടുകാരിലൊരാളായിരുന്നു മധുരൈ പുഷ്പവനം. ഓര്‍മ്മകളില്‍: 'അദ്ദേഹം സുന്ദരനായിരുന്നു.  പാട്ടും സൗന്ദര്യം നിറഞ്ഞത്.  ശബ്ദമാധുര്യം അത്യ...