Skip to main content

സാധകവും മനോധര്‍മ്മവും - സര്‍ഗ്ഗാത്മകതയുടെ ലോകങ്ങള്‍

സംഗീതത്തില്‍ പ്രതിഭയുള്ളവരെല്ലാം സംഗീതജ്ഞരാവണമെന്നില്ല.  'ഒരു ക്ലാസിക്കല്‍ സംഗീതജ്ഞന്‍ ഉണ്ടാകുന്നത് കൊല്ലങ്ങളോളം സമര്‍പ്പണബോധത്തോടെ പരിശീലിച്ചിട്ടാണ്' (അംജദ് അലി ഖാന്‍, മാസ്റ്റേഴ്‌സ് ഓണ്‍ മാസ്‌റ്റേഴ്‌സ്).  സംഗീതത്തിന് പ്രത്യേകമായി ഒരു പരിശീലന രീതിതന്നെയുണ്ട്.  പരിശീലനത്തില്‍നിന്നുതന്നെ രൂപംകൊണ്ട ഒരു തപസ്യാക്രമം.  സാധകം, സാധന, റിയാസ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.  കര്‍ണ്ണാടകഹിന്ദുസ്ഥാനി സംഗീതങ്ങള്‍ക്ക് പൊതുവായുള്ളതാണ് സാധകം.  രണ്ട് സംഗീതരൂപങ്ങള്‍ക്കും പൊതുവായുള്ള മറ്റൊരു സുപ്രധാന ഘടകമാണ് മനോധര്‍മ്മം.  പരസ്പരപൂരകമായ ബന്ധമാണ് സാധകവും മനോധര്‍മ്മവും തമ്മില്‍.  മനോധര്‍മ്മത്തിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ സാധകം അതിന്റെ പരീക്ഷണശാലയാണ്.  മനോധര്‍മ്മത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് സാധകത്തിലുടനീളം. സാധകത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ മറ്റു സംഗീതങ്ങളിലും കാണാം.  പാശ്ചാത്യ സംഗീതത്തിലെ കംപോസിങ് മുതല്‍ അവതരണംവരെയുള്ള തയ്യാറെടുപ്പുകള്‍ സാധകത്തോട് സദൃശമാണ്.  


നാരദീയശിക്ഷ


നാട്യശാസ്ത്രത്തിന് മുന്‍പുതന്നെ രചിക്കപ്പെട്ട നാരദീയശിക്ഷ എന്ന ഗ്രന്ഥത്തില്‍ സാധകം ചെയ്യുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്നും ഒരു സാധകനുണ്ടാകേണ്ട ഗുണങ്ങള്‍ എന്തൊക്കെയെന്നും പറയുന്നുണ്ട്.  വേദം ചൊല്ലേണ്ട വിധമാണ് നിര്‍ദ്ദേശിക്കുന്നതെങ്കിലും അവയില്‍നിന്ന് പല വിദ്യകളും സംഗീതം സ്വീകരിച്ചിട്ടുണ്ട്.  ആദ്യം നിര്‍ദ്ദേശിക്കുന്നത് സാധകത്തിന് മുന്‍പുള്ള ചിട്ടകളെക്കുറിച്ചാണ്.  രാവിലെ നേരത്തെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് അല്‍പ്പം നെയ്യും തേനും കഴിച്ച് വയറില്‍ അഗ്നി നിലനിര്‍ത്തിക്കൊണ്ടുവേണം സാധകം ആരംഭിക്കാന്‍.  തുടക്കത്തില്‍ ഏഴ് മന്ത്രങ്ങളെങ്കിലും മന്ദ്രസ്ഥായിയില്‍ പാടണം.  മന്ദ്രസ്ഥായിയില്‍ പാടാനുള്ള ഈ നിര്‍ദ്ദേശം ഇന്ന് സംഗീതത്തിലെ ശബ്ദസംസ്‌കരണ വ്യായാമങ്ങളില്‍ പ്രധാനമാണ്.  താഴ്ന്ന സ്ഥായിയില്‍ കുറേ നേരം പാടുന്നത് ശബ്ദത്തിന്റെ വേരിന് കനം കൂട്ടുകയും ഗാംഭീര്യം തോന്നിപ്പിക്കുകയും ചെയ്യും.  പല ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഇത് മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്.  ജസ്‌രാജ് മന്ദ്രസ്ഥായിയില്‍ പാടുമ്പോഴുണ്ടാവുന്ന ശബ്ദത്തിന്റെ ഘനഗാംഭീര്യം ഈ രീതിയിലുള്ള സാധകത്തിന്റെ ഫലമാണ്.     


'ശക്തിയില്‍ പാടണം; പക്ഷെ പ്രാണനെ ബുദ്ധിമുട്ടിക്കാതെ;  ശക്തി അമിതമായാല്‍ ഈണത്തിന് സ്ഥാനഭ്രംശമുണ്ടാകും, വര്‍ണ്ണത്തിന്റെ (ഭാഷാശാസ്ത്രത്തിലെ വര്‍ണ്ണം) മാധുര്യവും നഷ്ടപ്പെടും' വേദം ചൊല്ലുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളായി നാരദീയശിക്ഷയില്‍ പറയുന്ന ഈ നിര്‍ദ്ദേശങ്ങള്‍ സംഗീതം സ്വാംശീകരിച്ചിട്ടുണ്ട്.  നിവര്‍ന്നിരുന്ന് പാടുക, പഠിക്കുമ്പോള്‍ വേഗത കൂട്ടി പാടുക, പാടുമ്പോള്‍ മദ്ധ്യലയത്തില്‍ പാടുക, പഠിപ്പിക്കുമ്പോള്‍ വേഗത നന്നായി കുറച്ച് പാടുക എന്നീ നിര്‍ദ്ദേശങ്ങളും നാരദീയ ശിക്ഷയില്‍ കാണാം.  മൂക്കുകൊണ്ട്, നാസികാശബ്ദത്തില്‍, പാടുന്നവന്‍ സാധകനാവാന്‍ അര്‍ഹനല്ല എന്ന് അതില്‍ പ്രത്യേകം പറയുന്നുണ്ട്.        


സൃഷ്ട്യൂന്മുഖമായ ചട്ടക്കൂടുകള്‍ 


ഹിന്ദുസ്ഥാനിയിലും കര്‍ണ്ണാടക സംഗീതത്തിലും സമാനമായ രാഗങ്ങള്‍ ധാരാളമുണ്ട്.  പക്ഷെ പ്രയോഗ തലത്തില്‍ രണ്ട് ശാഖകളും വേര്‍പിരിയും.  രണ്ടിനും അവയുടേതായ പൊതു ചട്ടങ്ങളുണ്ട്.  സംഗീതപഠനത്തിലുടനീളം ഗായകര്‍ ഈ ചട്ടങ്ങളെ സ്വാംശീകരിച്ചുകൊണ്ടിരിക്കും.  ഭാഷയില്‍ അര്‍ത്ഥോത്പാദനത്തെ സാധ്യമാക്കുന്ന വ്യകാരണംപോലെ.  ഭാഷയിലെന്നപോലെ സംഗീതത്തില്‍ അര്‍ത്ഥം ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്ന വ്യത്യാസത്തോടെ.  ഈ അടിസ്ഥാന സംഗീത വ്യാകരണമാണ് രാഗം എന്ന സങ്കല്‍പ്പത്തെ സങ്കല്‍പ്പിക്കുന്നതിനും രാഗത്തിന്റെ പ്രകാശനത്തിനും കളമൊരുക്കുന്നത്.  ചട്ടക്കൂടുകള്‍ പ്രത്യക്ഷത്തില്‍ നിയന്ത്രണമായി തോന്നിപ്പിക്കുമെങ്കിലും അവയുടെ ധര്‍മ്മം പ്രകാശനസാധ്യത ഒരുക്കലാണ്.  സൗന്ദര്യത്തിനുവേണ്ടി ലംഘിക്കാവുന്ന നിയമങ്ങളാണവ.  ലംഘിച്ചതിന്റെ ഫലമാണ് പലതരം മിശ്രരാഗങ്ങള്‍: മിശ്ര ശിവരഞ്ജനി, മിശ്ര പീലു...   മിശ്ര എന്ന ഉപപദം ഇല്ലാത്ത നിരവധി രാഗങ്ങളും പ്രയോഗത്തില്‍ മിശ്രസ്വഭാവം പുലര്‍ത്തുന്നുണ്ട്.  നാടന്‍ പാട്ടുകളില്‍നിന്ന് പകര്‍ത്തിയ ഈണങ്ങളിലെ സൗന്ദര്യമാണ്, ഒരു പക്ഷെ, മിശ്രരാഗങ്ങളുണ്ടാക്കാന്‍ പ്രചോദനമേകുന്നത്.  ശുദ്ധ രാഗങ്ങള്‍ (മിശ്രമല്ലാത്തവ) അവയിലെ സ്വരങ്ങളുടെ വൈവിധ്യംകൊണ്ട് വേറിട്ട് നില്‍ക്കാന്‍ പ്രാപ്തിയുള്ളവയാണ്.  സാധകവേളയില്‍ രൂപപ്പെടുന്ന രാഗങ്ങളുമുണ്ട്.  പ്രഗത്ഭ സംഗീതജ്ഞര്‍ സൃഷ്ടിച്ച പുതിയ രാഗങ്ങളെല്ലാം സാധകവേളയില്‍ തോന്നിയവയാണ്.     


ആരുടെയെങ്കിലും സഹായത്തോടെയോ മേല്‍നോട്ടത്തിലൂടെയോ ഉള്ള പരിശീലനമല്ല സാധകം.  ഗുരുവില്‍നിന്നോ ഘരാനയില്‍നിന്നോ ലഭിക്കുന്നത് പ്രചോദനവും പാഠങ്ങളും ചില മാര്‍ഗ്ഗദര്‍ശനങ്ങളും മാത്രമാണ്.  ചുരുക്കം ചില അവസരങ്ങളില്‍ ഗുരു സാധകം ചെയ്യുന്നത് നിരീക്ഷിച്ചിട്ടുണ്ടാകാം.  പക്ഷെ സര്‍ഗ്ഗാത്മകമാകുക എങ്ങനെ എന്ന് മറ്റൊരാള്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല.  ഒറ്റയ്ക്ക് കണ്ടുപിടിക്കാനേ കഴിയു.  പഠന നിലവാരമനുസിരിച്ച് സാധക രീതിയ്ക്ക് വ്യത്യാസമുണ്ടാകും.  നിരന്തരമായി ആവര്‍ത്തിച്ച് പാടി അടിസ്ഥാന പാഠങ്ങള്‍ സ്വായത്തമാക്കുകയാണ് തുടക്കത്തില്‍ ഒരു വിദ്യാര്‍ത്ഥി ചെയ്യുക.  എന്താണ് ചെയ്യുന്നത് എന്നുപോലും അറിയാതെ പരതിക്കൊണ്ടിരിക്കലാണ് പ്രാഥമിക ഘട്ടത്തില്‍.  പരതലില്‍നിന്ന് ജ്ഞാനത്തിലേയ്ക്കുള്ള ദൂരം സാഹസികത നിറഞ്ഞതാണ്.  രാഗങ്ങളെ അടുത്തറിയുംതോറും സാധകരീതി സങ്കീര്‍ണ്ണമാകും.  പരസ്പര ബന്ധമുള്ള ഈണസഞ്ചയങ്ങളെ ആവര്‍ത്തനവിരസതയുണ്ടാക്കാതെ പാടാന്‍ കഴിയുമ്പോഴാണ് സാധകം പക്വത ആര്‍ജിക്കുന്നത്.     


സ്വരവും ഈണവും    


സ്വരങ്ങളെ തമ്മില്‍ പ്രത്യേക രീതിയില്‍ ബന്ധിപ്പിക്കലാണ് അടിസ്ഥാനപരമായി രാഗവിസ്താരം.   എന്നാല്‍ രാഗത്തെക്കുറിച്ചുള്ള ഒരു പ്രാഥമികധാരണ മാത്രമാണത്.  രാഗജ്ഞാനത്തിന്റെ പടവുകള്‍ കയറുംതോറും സ്വരങ്ങള്‍ ഈണങ്ങളായി പരിണമിക്കും.  രാഗാനുഭവം സ്വരങ്ങള്‍ക്കപ്പുറം ഈണങ്ങളുടെ മാത്രം ലോകമായി മാറുമ്പോഴാണ് അത് ശുദ്ധവും സമൃദ്ധവുമായ ഒരു സംഗീതാനുഭവമായി മാറുക.  സ്വരങ്ങള്‍ തന്നെയാണെങ്കിലും സ്വരമായി തിരിച്ചറിയണമെങ്കില്‍ തിരിഞ്ഞുനോക്കേണ്ടിവരുന്ന തരത്തിലുള്ള ശബ്ദത്തിന്റെ സ്ഫുടീകരണമാണ് ഈണത്തില്‍ സംഭവിക്കുന്നത്.  സാധകത്തിലൂടെ ഒരു രാഗം വികസിക്കുക ഈ പടവുകള്‍ കയറിയാണ്.  സിത്താര്‍ വാദകനായ വിലായത് ഖാന്‍ ഒരു രാഗത്തെ സ്പഷ്ടീകരിച്ച് അവതരിപ്പിക്കുമ്പോള്‍ എങ്ങിനെയുള്ളതായിരിക്കണം എന്ന് സങ്കല്‍പ്പിച്ചിട്ടുണ്ടായിരുന്നു: 'അവതരണം തുടങ്ങി അഞ്ച് നിമിഷമാകുമ്പോഴേയ്ക്കും പാടുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും അവരുടെ മുന്‍പില്‍ രാഗം വന്നുനില്‍ക്കുന്നത് കാണുമാറാകണം.'  


സാധകമെന്ന അനുഭവം


സംഗീതം ദൈവീകമാണ് എന്ന് വിശ്വസിക്കുന്നവരാണ്, ചുരുക്കം ചിലരൊഴിച്ച്, പൊതുവില്‍ സംഗീതജ്ഞര്‍.  അങ്ങനെയുള്ള സംഗീതജ്ഞരുടെ ഏകാന്തമായ സാധകങ്ങളില്‍ പലപ്പോഴും രാഗം ദേവിയായി പ്രത്യക്ഷപ്പെടാറുണ്ട്.  രാഗവിസ്താരം ചെയ്യുമ്പോള്‍ എന്താണ് ചിന്തിക്കുക എന്ന് ചോദിച്ചപ്പോള്‍ ബാലമുരളീകൃഷ്ണ പറഞ്ഞത് കല്യാണി രാഗം അതിമനോഹരിയായ ഒരു സംഗീതദേവതയായി മുന്നില്‍ വന്നു നില്‍ക്കും എന്നായിരുന്നു.  ഈണങ്ങളിലൂടെ സംഗീതദേവതയെ മൂര്‍ത്തീകരിക്കലാണ് അദ്ദേഹത്തിന് രാഗാലാപനം.    


നമിതാ ദേവീദയാല്‍, ദി മ്യൂസിക് റും എന്ന പുസ്തകത്തില്‍, സാധകത്തെക്കുറിച്ച് പാട്ടുകാരിയുടെ ഉള്ളില്‍നിന്നുള്ള അനുഭവം വിവരിക്കുന്നുണ്ട്.  ധോണ്ഡുതായ് കുല്‍ക്കര്‍ണ്ണിയുടെ സാധകമാണ് ഭാവനയില്‍: ഏകാന്തമായ പ്രഭാതം.  തംബുരു ശ്രുതി ചേര്‍ത്ത് മീട്ടി.  മന്ദ്രസ്ഥായിയിലൂടെ ആലാപ് ഓരോ സ്വരങ്ങളിലായി തങ്ങിനിന്നു.  ഗര്‍ത്തങ്ങളില്‍നിന്ന് പ്രതിദ്ധ്വനിക്കുന്ന പ്രാര്‍ത്ഥനപോലെ.  പ്രഭാതവെളിച്ചത്തിന്റെ വെള്ളിത്തുണ്ടുകള്‍ പതുക്കെ മുറിയില്‍ വന്ന് ചെറിയ ചതുരങ്ങള്‍ വരയ്ക്കുന്നതുപോലെ ധോണ്ഡുതായ് പാട്ടിന്റെ സ്ഥായികള്‍ കയറി.  ഭൈരവി...  അതിരാവിലെ പാടേണ്ട രാഗം.  പരമശിവന്റെ ഭാര്യയാണ് ഭൈരവി.  ചിലപ്പോള്‍ പ്രണയംപൂണ്ടു നില്‍ക്കുന്നവള്‍, ചിലപ്പോള്‍ ഭക്ത, ചിലപ്പോള്‍ കാമം ഉണര്‍ത്തുന്നവള്‍...  നിഗൂഢമായ സ്ത്രീ ശക്തി.  ധോണ്ഡുതായ് കണ്ണടച്ചു പാടി.  സ്വരങ്ങളെ മൃദുവായി തൊട്ടുണര്‍ത്തി.  ശബ്ദത്തിന്റെ പ്യൂപ്പയില്‍ സ്വയം മൂടി. അപ്പോള്‍ വിചിത്രമായ ഒരു പ്രകാശം പരന്നു.  അവര്‍ കണ്ണുതുറന്നു.  ചലനത്തിന്റെ പാടുകള്‍ പൊഴിച്ചുകൊണ്ട് ഒരു പ്രത്യേക വെളിച്ചം മുറിയുടെ മൂലയിലേയ്ക്ക് നീങ്ങി.  ധോണ്ഡുതായ് വീണ്ടും കണ്ണുകളടച്ച് പാടിക്കൊണ്ടിരുന്നു.  പാട്ട് ഭൈരവി രാഗത്തിന്റെ ഉച്ചസ്ഥായിയിലെ ഏറ്റവും ഉദാത്തമായ സ്വരത്തില്‍ ലയിച്ചു.  അപ്പോള്‍ സംതൃപ്തിയുടെ ഒരു ദീര്‍ഘനിശ്വാസം കേട്ടു.  ഭൈരവി ദേവത പാട്ടുകാരിയുടെ മുമ്പില്‍ വന്നുനിന്ന് പുഞ്ചിരിച്ചു.  നമിതാ ദേവീദയാല്‍ തന്റെ ഗുരുവിന്റെ സാധനയെ ഇങ്ങനെയാണ് സങ്കല്‍പ്പിച്ചത്.  സ്വപ്നംപോലെയുള്ള ഈ അനുഭവത്തില്‍ ഗായികയും ശ്രോതാവുമുണ്ട്.  രണ്ടും ഒരേ ആള്‍.       


പരോക്ഷമായ സ്വാധീനങ്ങള്‍ 


സംഗീതവും സംസ്‌കാരവും തമ്മില്‍ ബന്ധമുണ്ട്.  അവ പരസ്പരം കാരണവും ഫലവുമാണ്.  കൂടാതെ, ജീവസംഗീതപരമായ (ബയോമ്യൂസിക്കല്‍) വശങ്ങളുണ്ട്.   ഉദാഹരണത്തിന്, ഒരു ജീവി എന്ന നിലയ്ക്ക് മനുഷ്യന് സംഗീതം എന്താണ് എന്ന ചോദ്യം ജീവസംഗീതപരമാണ്.  സംഗീതത്തിലൂടെ മനുഷ്യന്റെ ശ്രവണസംവിധാനം സൂക്ഷ്മതരമാകുന്നുണ്ടാവാം.  പരിണാമത്തിലൂടെയുണ്ടായ സംഗീതം പരിണാമത്തെ സ്വാധീനിക്കുന്നുണ്ടാവാം.  ഇത്തരം സ്വയം അറിയലുകളും ഉത്കണ്ഠകളും സാധകത്തെ സ്വാധീനിക്കുന്നുണ്ട്. 


മറ്റു കലകളില്‍നിന്ന് വ്യത്യസ്തമായി ക്ലാസിക്കല്‍ സംഗീതത്തിന് ഓരോ കാലത്തേയും സാമൂഹിക സാംസ്‌കാരിക കാലവസ്ഥയുമായി നേരിട്ടുള്ള ബന്ധമില്ല.  കാരണം ക്ലാസിക്കല്‍ സംഗീതത്തിന് പ്രതിനിധീകരണ സ്വഭാവമില്ല.  അത് ലോകത്തിന്റെ കണ്ണാടിയല്ല. അത് സൃഷ്ടിക്കുന്ന ഈണങ്ങളും അവയുടെ ഭാവോദ്ദീപകതയും സാമൂഹിക ലോകത്തുള്ള ഒന്നിനേയും പ്രതിനിധീകരിക്കുന്നില്ല.  അതുകൊണ്ട് അതിന് കാലത്തിനനുസരിച്ച് മാറേണ്ടതില്ല.  സംഗീതം നിര്‍ണ്ണയനങ്ങള്‍ക്ക് അപ്പുറത്തായി തോന്നുന്നത് ഈ കാരണംകൊണ്ടായിരിക്കാം.      


കല എന്ന നിലയ്ക്ക് സംഗീതം മതപരമല്ല.  അനുഷ്ഠാന സംഗീതം ഒരു വെറും ചടങ്ങാണ്.  അതിന്റെ നില്‍പ്പ് ഉള്ളിലേയ്ക്ക് തിരിഞ്ഞാണ്.  ക്ലാസിക്കല്‍ സംഗീതം ലോകത്തെയാണ് അഭിസംബോധന ചെയ്യുന്നത്.  പുറത്തേയ്ക്ക് തിരിഞ്ഞു നില്‍ക്കുന്നതുകൊണ്ട് പലതരം പ്രതീക്ഷകളെ തൃപ്തിപ്പെടുത്തേണ്ടതായുണ്ട്.  ശ്രോതാക്കള്‍, രക്ഷാകര്‍ത്താക്കള്‍, പണ്ഡിതന്മാര്‍, പൊതുജനം... ശ്രോതാക്കള്‍ക്ക് വേണ്ടിയല്ല പാടുന്നത് എന്ന് പലരും അവകാശപ്പെടാറുണ്ട്.  എങ്കിലും ആസ്വദിക്കപ്പെടണമെങ്കില്‍ പൊതുലോകത്തിന്റെ അഭിരുചിയുമായി അനുരഞ്ജനത്തില്‍ എത്തേണ്ടി വരും.  സാധകം ഇത്തരം അനുരഞ്ജനങ്ങള്‍ക്കുവേണ്ടിയുള്ള തയ്യാറെടുപ്പുകൂടിയാണ്.  അനുരഞ്ജനം എപ്പോഴും നിഷേധാത്മകമല്ല.  വാഗ്ദാനങ്ങള്‍ പരസ്പരം ഏറ്റെടുക്കുക എന്ന അര്‍ത്ഥത്തിലാണ് സാധകത്തില്‍ അനുരഞ്ജനമെങ്കില്‍ സംഗീതത്തെ സംബന്ധിച്ചിടത്തോളം അത് ആരോഗ്യകരമാണ്.  


്അവതരണതലത്തിലുള്ള സഫലതയാണ് സാധകം ലക്ഷ്യം വെയ്ക്കുന്നത്.  ഇവിടെ സഫലത എന്നാല്‍ നാനാവിധത്തിലുള്ള ശ്രോതാക്കളില്‍ മതിപ്പ് ഉളവാക്കലാണ്.  ശ്രോതാക്കള്‍ക്കിടയില്‍ സംഗീതം അറിയുന്നവര്‍ മുതല്‍ ഒട്ടും അറിയാത്തവര്‍ വരെ ഉണ്ടാകാം.  സംഗീതത്തിന്റെ അപരോക്ഷമായ അനുഭവം ശ്രോതാവില്‍ എത്തിക്കാന്‍ കഴിയുമ്പോഴാണ് അതിന് ഭിന്നരിലേയ്ക്ക് ഒരുപോലെ പ്രവേശിക്കാന്‍ കഴിയുക.  വളരെ ലോലമായ ശബ്ദം മുതല്‍ ഏറ്റവും കനത്ത ശബ്ദംവരെ സംഗീതാത്മകമായി സൃഷ്ടിക്കാന്‍ കഴിയുക, അതുപോലെ ഏറ്റവും പതിഞ്ഞ കാലത്തില്‍ മുതല്‍ ഏറ്റവും വേഗതയാര്‍ന്ന കാലത്തില്‍ വരെ പാടാന്‍ കഴിയുക - ഇങ്ങനെയുള്ള കഴിവുകള്‍ പ്രകടിപ്പിക്കുമ്പോഴാണ് എല്ലാവരും ഒരുപോലെ ആകൃഷ്ടരാകുക.  


ശബ്ദസാങ്കേതികവിദ്യയ്ക്കനുസരിച്ച് സാധകത്തിന്റെ മാതൃകയില്‍ മാറ്റം വന്നിട്ടുണ്ട്.  മൈക്കില്ലാത്ത കാലത്ത് ഉയര്‍ന്ന ശ്രുതിയിലും മേല്‍സ്ഥായിയിലും പാടിയാലേ ദൂരത്തേയ്ക്ക് കേള്‍ക്കു.  മന്ദ്രസ്ഥായിയുടെ മനോഹാരിത വ്യക്തമായി കേള്‍ക്കാനാവുന്നത് ശബ്ദം വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികത വന്നതിനു ശേഷമാണ്.  അതുകൊണ്ട് ഇക്കാലത്തെ സാധകത്തില്‍ മന്ദ്രസ്ഥായില്‍ പാടാനുള്ള കഴിവിനെ പുഷ്ടിപ്പെടുത്തുന്ന അഭ്യാസങ്ങള്‍ മുഖ്യമാണ്.    


മനോധര്‍മ്മം


സംഗീതത്തില്‍ 'മനോധര്‍മ്മം' കുറേ കാര്യങ്ങളെ സൂചിപ്പിക്കുന്ന ഒരു പദമാണ്.  പാഠത്തില്‍ വരുത്തുന്ന ചെറുതും വലുതുമായ മാറ്റങ്ങള്‍, ആകെയുള്ള മാറ്റങ്ങള്‍, കൂട്ടിച്ചേര്‍ക്കല്‍ എന്നിവയെല്ലാം മനോധര്‍മ്മമാണ്.  ഇവിടെ പാഠം എന്നാല്‍ മുന്‍കൂര്‍ രചിക്കപ്പെട്ട ഈണമാണ്. കൃതി പാടുമ്പോള്‍ സ്വന്തം ശബ്ദത്തിനും ഭാവനയ്ക്കും അനുസരിച്ച് സംഗതികളെ പരിഷ്‌കരിക്കുന്നതും മാറ്റുന്നതും മനോധര്‍മ്മമാണ്.  കൃതിയിലെ ഒരേ വരിതന്നെ പല ഈണങ്ങളില്‍ പാടും.  ആ ഓരോ ഈണവും ഓരോ സംഗതികളാണ്.  പാട്ടുകാര്‍ അവരുടെ മനോധര്‍മ്മമനുസരിച്ച് സംഗതികള്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്.  പൊതുവില്‍ സംഗതികളില്‍ വരുന്ന മാറ്റങ്ങള്‍ പിന്നീട് ഓരോ സംഗീതജ്ഞരുടേയും സ്വന്തം പാഠമായി പരിണമിക്കാറുണ്ട്. അതുകൊണ്ട് മനോധര്‍മ്മവും പാഠവും എളുപ്പത്തില്‍ വേര്‍തിരിക്കാനാവാത്തവിധം കൂടിക്കുഴഞ്ഞിരിക്കും. കര്‍ണ്ണാടക സംഗീതത്തിലെ കലര്‍പ്പില്ലാത്ത മനോധര്‍മ്മ വിഭാഗങ്ങള്‍ രാഗവിസ്താരം, താനവിസ്താരം, നിരവല്‍, സ്വരപ്രസ്താരം എന്നിവയാണ്.  അവയെ പാട്ടുകാര്‍ സാധകത്തിലൂടെ പരിശീലിച്ച് സൃഷ്ടിക്കുകയാണ്.  ഓരോ അവതരണങ്ങളിലും മനോധര്‍മ്മ പ്രകടനങ്ങള്‍ വ്യത്യസപ്പെടും.  എന്നാല്‍ ഓരോരുത്തരുടേയും സംഗീതഭാവനയുടെ പരിധിക്കുള്ളില്‍ പരിമിതപ്പെട്ട് അത്തരം മനോധര്‍മ്മങ്ങള്‍ അവരവരുടെ ശൈലിയായി രൂപപ്പെടാറുണ്ട്.  നിതാന്തമായ സാധകത്തിലൂടെ മാത്രമേ മനോധര്‍മ്മം ശൈലിയായി ഘനീഭവിക്കാതെ സൂക്ഷിക്കാന്‍ കഴിയു. ഈ അര്‍ത്ഥത്തില്‍ മനോധര്‍മ്മം സദാ ജാഗ്രത പുലര്‍ത്തേണ്ട സൃഷ്ടിയുടെ ലോകമാണ്.  


സൃഷ്ടിയുടെ സംഗീതലോകത്തില്‍ മനോധര്‍മ്മം രണ്ടായി നില്‍ക്കുന്നുണ്ട്.  ഒന്ന്, പരിശീലത്തിനിടയില്‍ രൂപമാര്‍ജ്ജിച്ചുവന്ന മനോധര്‍മ്മം (Improvisation).  മറ്റൊന്ന്, അതവരണവേളയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നത്, തത്കാലസ്ഫൂര്‍ത്തി (Extemporisation).  സാധകവും മനോധര്‍മ്മവും അനിബദ്ധ സംഗീതമാണെങ്കിലും അവ തമ്മില്‍ വ്യത്യാസമുണ്ട്.  സാധകം ഒരിക്കലും അവതരിപ്പിക്കപ്പെടുന്നില്ല.  മനോധര്‍മ്മം അവതരിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് സഫലമാകുന്നത്.  


പാശ്ചാത്യ സംഗീതത്തില്‍ എഡി 1200 നും 1700 നു ഇടയിലുള്ള വായ്പാട്ടില്‍ ഒരു ശബ്ദം പാട്ട് മാത്രം പാടുമ്പോള്‍ സമാന്തരമായി മറ്റൊരു ശബ്ദം മനോധര്‍മ്മം ചെയ്യാറുണ്ടായിരുന്നു.  Descant, ഡെസ്‌കാന്റ,് എന്നാണ് ഇതിനെ വിളിച്ചിരുന്നത്.  1800 ല്‍ കോര്‍ഡ് (Chord) - ഹാര്‍മണിയുണ്ടാക്കാന്‍വേണ്ടി ഒരേസമയം വാദനം ചെയ്യുന്ന വ്യത്യസ്ത സ്വരക്കൂട്ടുകള്‍ - ഉണ്ടാക്കല്‍ ഉപകരണവാദ്യക്കാരുടേതായി.  പിന്നീട് ഉപകരണവാദ്യക്കാര്‍ ചില അലങ്കാരങ്ങള്‍ കൂട്ടിച്ചേര്‍ക്കുക പതിവായി.  അവസാനം കണ്‍സര്‍ട്ടോയില്‍ കഡെന്‍സാ (Cadenza) ഉള്‍പ്പെടുത്തി.  കഡെന്‍സാ ഒറ്റയ്ക്ക് വായിക്കുന്ന മനോധര്‍മ്മമാണ് (Ashok Da. Ranade, Perspectives on Music - Ideas and Theories, Promilla & Co., Publishers, New Delhi 2008, P. 215).  


മനോധര്‍മ്മവും പ്രകടനവും


മനോധര്‍മ്മം സംഗീതത്തിന്റേത് മാത്രമായ ഗുണമല്ല.  എല്ലാവിധ പ്രകടനങ്ങളിലും ഈ ഗുണം ചില ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ട്.  പ്രകടനകലകള്‍ തലമുറകളായി കൈമാറുന്നതിനിടയില്‍ ക്രമേണ രൂപപ്പെട്ട ഗുണമാണ് മനോധര്‍മ്മം.  'മനോധര്‍മ്മം എന്ന സാങ്കേതികപദംകൊണ്ട് സൂചിപ്പിക്കുന്ന സങ്കല്‍പ്പം സംഗീതഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചതായി കാണുന്നില്ലെന്ന'് അശോക് ദാ റാനഡെ പറയുന്നുണ്ട്.  ഒരുപക്ഷെ മനോധര്‍മ്മത്തെക്കുറിച്ച് തുറന്ന് സംവദിക്കാന്‍ സാംസ്‌കാരികമായ ചില നിയന്ത്രണങ്ങള്‍ അനുവദിക്കാത്തതുകൊണ്ടായിരിക്കാം.  'വിശാലമായ അര്‍ത്ഥത്തില്‍ സൃഷ്ടി എന്ന് അര്‍ത്ഥം വരുന്ന ഉപജ് എന്ന പദം ഹിന്ദുസ്ഥാനി സംഗീതവിജ്ഞാനീയത്തില്‍ കാണാം. അതുപോലെ സംഗീതഗ്രന്ഥങ്ങളില്‍ അനിബദ്ധ സംഗീതത്തെക്കുറിച്ച് പറയുന്നുണ്ട്' (അതേ പുസ്തകം; 217).    

 

മനോധര്‍മ്മത്തിന്റെ വേരുകള്‍ ചില സംസ്‌കാരങ്ങളില്‍ കാണാം.  ബൈഗാ ഗോത്രത്തിന്റെ ദൈവമാണ് ഭീമുല്‍പിന്നു.  ഓരോ മൂന്നു കൊല്ലം കൂടുംപോഴും ഈ ദൈവത്തിന്റെ രൂപം പുതുതായി വരയ്ക്കണം.  രൂപം തീരുമാനിക്കുന്ന രീതി രസകരമാണ്. ആരാധന ചെയ്യുന്ന ആള്‍ തലേ ദിവസം സ്വപ്‌നത്തില്‍ കണ്ട രൂപം അടുത്ത ദിവസം വരയ്ക്കുകയാണ് പതിവ് (അതേ പുസ്തകം; 222.).


മനോധര്‍മ്മത്തെ സ്വഭാവവത്കരിക്കുന്ന ഘകടങ്ങള്‍ ഇവയാണ്: 1. യാദൃശ്ചികത, 2. സാഹസികത, 3. വിമുക്തമാവാനോ വ്യത്യസ്തമാവാനോ സൃഷ്ടിപരമാവാനോ ഉള്ള വാഞ്ച, 4. സൂക്ഷ്മതരമാകാനുള്ള അഭിലാഷം, 5. ഏറെക്കുറെ നിശ്ചിതമായ ഉള്ളും ആപേക്ഷികമായി ചാഞ്ചല്യമുള്ള ഉപരിതലവും തമ്മിലുള്ള ഊര്‍ജ്ജസ്വലമായ ബന്ധം, 6. ഇന്നത്തെ മനോധര്‍മ്മം നാളത്തെ പഠമാകുകയും ആ പ്രക്രിയ സജീവമായ വെല്ലുവിളിയാവുകയും ചെയ്യുന്ന അവസ്ഥ (അതേ പുസ്തകം; 222).   


സംഗീതാവതരണങ്ങള്‍ ഒരേ മട്ടില്‍ ആവര്‍ത്തിക്കപ്പെടുകയും ശ്രോതാക്കള്‍ക്ക് അതിന്റെ ആദ്യന്തം പ്രവചിക്കാന്‍ കഴിയുകയും ചെയ്യുന്ന അവസ്ഥ ഓരോ ഘട്ടത്തിലും വന്നുചേരാം.  അത്തരം മുരടിപ്പുകളില്‍നിന്ന് പുറത്തു കടക്കാനുള്ള കലയുടെ താക്കോലാണ് മനോധര്‍മ്മം.  അതുകൊണ്ട് അത് എല്ലായെപ്പോഴും അപൂര്‍ണ്ണമായ ഒരു പ്രക്രിയയായിരിക്കും. കെട്ടുന്നതിലൂടെ കെട്ടഴിക്കപ്പെടുന്നതുപോലെ.      


മുകുന്ദനുണ്ണി


(Mathrubhumi GK & Current Affairs, October 2020, pp - 54 - 57)


Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...