കോവിഡ് 19 മഹാമാരി നമ്മുടെ ജീവിതത്തെ യാഥാര്‍ത്ഥ്യത്തിലൂടേയും ഭാവനയിലൂടേയും പല രീതിയില്‍ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം നമുക്കുള്ള ധാരണകളെ ഈ സ്ഥിതിവിശേഷം മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടോ എന്ന് നോക്കാന്‍ ശ്രമിക്കുകയാണ് ഈ കുറിപ്പിലൂടെ.
ഇറ്റലിയില്‍ കോവിഡ് 19 പടരാന്‍ തുടങ്ങിയപ്പോള്‍തന്നെ അവിടെ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയോട് ജോര്‍ജോ അഗമ്പന്‍ (Giorgio Agamben) എന്ന തത്വചിന്തകന്‍ ഒരു ബ്ലോഗിലൂടെ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് പല തത്വചിന്തകരും അതിനോട് പ്രതികരിക്കാന്‍ തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രതികരണങ്ങളെല്ലാം ചേര്‍ന്ന് കോവിഡ് 19 എന്ന സംഭവത്തെക്കുറിച്ച് തത്വചിന്തകര്‍ നടത്തുന്ന ഒരു ചര്‍ച്ചയായി രൂപപ്പെട്ടു. ആ ബ്ലോഗില്‍ അഗമ്പന്‍ ചില ഉത്കണ്ഠകളും ചോദ്യങ്ങളും പങ്കിടുന്നുണ്ട്.
ആദ്യം അഗമ്പന്‍ ബ്ലോഗില്‍ പങ്കുവെച്ച ഉത്കണ്ഠകളെ നോക്കാം. അദ്ദേഹം പറയുന്നത് വ്യക്തമായി മനസ്സിലാക്കാന്‍ അദ്ദേഹത്തിന്റെ തത്വചിന്തയിലൂടെയാണ് നോക്കുന്നത്. സാമൂഹിക ജീവിതം പെട്ടെന്ന് നിര്‍ത്തിവെച്ചപ്പോള്‍ അദ്ദേഹം കരുതി രാഷ്ട്രങ്ങള്‍ ഉദാരതയുടെ മുഖംമൂടി അഴിച്ചുവെച്ച് അവയുടെ യഥാര്‍ത്ഥമുഖം കാണിക്കുകയാണെന്ന്. രാഷ്ട്രങ്ങള്‍ അവയുടെ ഒളിച്ചുവെച്ച യാഥാര്‍ത്ഥ മുഖം പുറത്തെടുത്താല്‍ പ്രജകളുടെ ജീവിതം 'നഗ്ന'(bare)മാവും. അങ്ങനെ പറയുമ്പോള്‍ ആധുനിക രാഷ്ട്ര സങ്കല്‍പ്പത്തില്‍തന്നെയുള്ള ഘടനാപരമായ അപകടത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ആധുനിക രാഷ്ട്രത്തിന്റെ ഈ ഘടനാപരമായ അപകടം പുറത്തുവരുന്ന സന്ദര്‍ഭത്തെ വിവരിക്കാന്‍ അദ്ദേഹം അപവാദാവസ്ഥ (state of exception) എന്ന സങ്കല്‍പ്പമാണ് ഉപയോഗിക്കുന്നത്. അപവാദാവസ്ഥയില്‍ പൊതുവായി എല്ലാവര്‍ക്കും ബാധകമായ കാര്യങ്ങള്‍ ഒരു കര്‍ത്താവിന് മാത്രം ബാധകമായിരിക്കില്ല. അതായത്, ആര്‍ക്കും ആരേയും കൊല്ലാന്‍ പാടില്ല എന്ന നിയമമുള്ളിടത്ത് അപവാദാവസ്ഥയില്‍ ഒരു കര്‍ത്താവിന് കൊല്ലാം എന്ന സ്ഥിതിയാകും. കാരണം ആ നിയമത്തെ സംബന്ധിച്ചിടത്തോളം ആ കര്‍ത്താവ് അപവാദാവസ്ഥയിലാണ്; ഒരു കര്‍ത്താവ് മാത്രം നിയമത്തിന് പുറത്തേയ്ക്ക് സ്വയം മാറി നില്‍ക്കുകയാണ്. അതായത് ഇവിടെ, രാഷ്ട്രത്തിന്റെ കാര്യത്തില്‍, രാഷ്ട്രാധിപന് എന്തും ചെയ്യാം എന്ന അവസ്ഥ ഉണ്ടാകുന്നു. യു എ പി എ, ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ, ഹിറ്റ്‌ലറുടെ ജര്‍മ്മനി, എന്നിവ അപവാദാവസ്ഥകളുടെ ഏതാനും ഉദാഹരണങ്ങളാണ്. അവയില്‍ രാഷ്ട്രാധിപന്‍ രാഷ്ട്രത്തിന്റെ നിയമങ്ങള്‍ക്ക് പുറത്ത് നില്‍ക്കാന്‍ സ്വയം ഇളവ് കല്‍പ്പിക്കുകയാണ്. അത്തരം അവസ്ഥകളില്‍ സാധാരണ മനുഷ്യരുടെ ജീവിതാവസ്ഥ സ്വന്തം ജീവനുമേല്‍പോലും അവകാശമില്ലാത്ത, പൂര്‍ണ്ണമായും നഗ്നമായ, നിലയിലായിരിക്കും. നഗ്നജീവിതം എന്ന പദപ്രയോഗംകൊണ്ട് അഗമ്പന്‍ ഇത്രയും ഉദ്ദേശിക്കുന്നുണ്ട്. ചരിത്രത്തിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോള്‍ രാഷ്ട്രങ്ങള്‍ അപവാദാവസ്ഥ പ്രഖ്യാപിക്കുന്നതിന്റെ ന്യായമായി കാണിക്കുന്ന കാരണങ്ങളൊന്നും ന്യായീകരിക്കാവുന്നതുമായിരുന്നില്ല എന്ന് കാണാം. ഇത്രയധികം ആഴത്തില്‍പോകുന്ന ചിന്താസാമഗ്രികളോടെയാണ് കോവിഡ് 19 ഉണ്ടാക്കിയ അടിയന്തരാവസ്ഥയെ അഗമ്പന്‍ നോക്കുന്നത്. അതുകൊണ്ടാണ് ഈ അവസ്ഥ ഏറെക്കാലം അല്ലെങ്കില്‍ സ്ഥിരമായി നിലനില്‍ക്കുകയാണെങ്കില്‍, മനുഷ്യരുടെ ജീവിതം നഗ്നമായ ജീവിതമായിത്തീരുമെന്ന് അഗമ്പന്‍ ഉത്കണ്ഠപ്പെടുന്നത്. പ്രതീക്ഷ അപ്രത്യക്ഷമാകുന്ന ഭാവിയാണ് അത്. കാരണം നഗ്ന ജീവിതം മനുഷ്യരെ കൂട്ടി ചേര്‍ക്കില്ല, അകറ്റുകയേയുള്ളു, അന്ധരാക്കുകയേയുള്ളൂ. ഇപ്പോഴുളള ജീവിതമാണെങ്കില്‍ നിലനില്‍ക്കല്‍ മാത്രമാണ്. നിലനില്‍ക്കല്‍ എന്നതൊഴിച്ച് മറ്റൊരു മൂല്യവുമില്ലെങ്കില്‍ പിന്നെ ആ സമൂഹം എന്താണെന്നാണ് അഗമ്പന്‍ ചോദിക്കുന്നത്. ഇത്രയും വിശദീകരിച്ച് പറയുന്നത് അദ്ദേഹത്തിന്റെ ചിന്തകളുടെ വെളിച്ചത്തില്‍ വായിച്ചാലാണ് ഈ ഉത്ക്കണ്ഠകളുടെ അര്‍ത്ഥം നന്നായി ഗ്രഹിക്കാന്‍ കഴിയുക എന്നതുകൊണ്ടാണ്.
അദ്ദേഹം പ്രത്യേകിച്ചും എടുത്തു പറയുന്നത് സുരക്ഷാകാരണങ്ങളുടെ പേരിലാണെങ്കിലും സ്ഥിരമായ അപവാദാവസ്ഥയില്‍ നാം എല്ലാ മൂല്യങ്ങളും പ്രത്യേകതകളും നഷ്ടപ്പെട്ട നഗ്നരായ മനുഷ്യരാകുകയും അത് തിരിച്ചറിയാതെപോകുകയും ചെയ്യും എന്നാണ്. അഗമ്പന്‍ ഉത്കണ്ഠപ്പെടുന്നത് താത്കാലികമായ ഈ അവസ്ഥയെ ചൊല്ലിയല്ല. വരാനിരിക്കുന്ന അവസ്ഥയെ ചൊല്ലിയാണ്. യുദ്ധം കഴിഞ്ഞാല്‍ സമാധാനം പതിവുണ്ട്. പക്ഷെ യുദ്ധം പലതും അവശേഷിപ്പിക്കും. സമാധാനം തുടരാനെന്ന ന്യായത്തോടെ. അതിര്‍ത്തിയിലെ കമ്പിവേലിപോലെയുള്ള പലതും അവശേഷിപ്പിക്കും. അതുപോലെ ഇപ്പോഴുള്ള വൈദ്യാടിയന്തരാവസ്ഥയ്ക്ക് ശേഷം ഭരണകൂടം നിലവിലുള്ള പല സംവിധാനങ്ങളും തുടരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്‌കൂളുകളും കോളേജുകളും ഓഫീസുകളും തുറക്കേണ്ടെന്ന് വെയ്ക്കുമോ, ജോലി വീട്ടില്‍നിന്ന് മതി എന്നാക്കുമോ, മനുഷ്യബന്ധം ഡിജിറ്റലായി മാത്രം മതി എന്നാക്കുമോ? പരസ്പരം തൊടുന്നതിനിടയില്‍ യന്ത്രത്തെ വെയ്ക്കുമോ? അദ്ദേഹത്തിന്റെ ഉത്കണ്ഠകളുടെ നിര അങ്ങനെ നീളുന്നു.
വ്യത്യസ്തമായ അര്‍ത്ഥധ്വനികളോടെയാണെങ്കിലും അഗമ്പന്റെ ഉത്കണ്ഠകളോട് സമാനമായ ആശങ്കകള്‍ യുവാല്‍ നോഅ ഹരാരിയും (Yuval Noah Harari) പങ്കിടുന്നുണ്ട്. മുന്‍പൊരിക്കലും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലേറെ വളര്‍ന്ന നിരീക്ഷണ സംവിധാനങ്ങളുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച്. കുപ്രസിദ്ധിയുള്ള കെ ജി ബി പണ്ട് രഹസ്യനിരീക്ഷണം നടത്തിയിരുന്നത് മനുഷ്യരെ ഉപയോഗിച്ചായിരുന്നു. അതിന്റെ ഫലം തന്നെ ദുരന്തപൂര്‍ണ്ണമായിരുന്നു. എന്നാല്‍ ഇന്നത്തെ നവസാങ്കേതികതയുടെ കണ്ണുകള്‍ക്കും അല്‍ഗോരിതത്തിനും 240 ദശലക്ഷം ആളുകളെ 24 മണിക്കൂര്‍ നിരീക്ഷിക്കാന്‍ കഴിയും. മുഖം തിരിച്ചറിയാന്‍ പറ്റുന്ന കേമറയുടേയും സ്മാര്‍ട്ട് ഫോണിന്റേയും സഹായത്താല്‍ ചൈനയില്‍ ഓരോരുത്തരുടേയും ഊഷ്മാവ് അളക്കാനും അവരെക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യിക്കാനും കൊറോണയുള്ള ഭാഗത്തേയ്ക്ക് കടക്കുമ്പോള്‍ മുന്നറിയിപ്പു നല്‍കാനും കഴിഞ്ഞിട്ടുണ്ട്. നമുക്ക് മുകളിലൂടെയുള്ള നിരീക്ഷണംപോലെയല്ല നമുക്കകത്തുകൂടെയുള്ള ബയോമെട്രിക് നിരീക്ഷണം. അതുവഴി നമുക്ക് പകര്‍ച്ചവ്യാധിയെ മിക്കവാറും പൂര്‍ണ്ണമായും തടയാനായേക്കും. പക്ഷെ അതേ സമയം നമ്മുടെ ഭരണാധികാരിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ നമുക്ക് കോപമോ വെറുപ്പോ ഉണ്ടായാല്‍ ആ വിവരം ഭരണാധികാരിക്ക് തത്സമയം ലഭിക്കും. യു എ പി യെ ചുമത്താന്‍ പിന്നെ കാലതാമസം വേണ്ട. പ്രത്യേകിച്ച്, സ്വകാര്യത വേണോ ആരോഗ്യം വേണോ എന്ന് ചോദിക്കുമ്പോള്‍ എല്ലാവരും ആരോഗ്യം തിരഞ്ഞെടുക്കുന്ന കാലത്ത്.
സ്ഥിതിഗതികള്‍ ഇത്രയേറെ ഗുരുതരമാണെങ്കിലും അഗമ്പന്റെ വാദങ്ങള്‍ എല്ലാ സാധ്യതകളേയും അടയ്ക്കുന്ന തരത്തിലുള്ളതാണ്. തീര്‍ച്ചയായും കോണ്‍സെന്‍ട്രേഷന്‍ കേംപിലെ മനുഷ്യരുടെ അവസ്ഥയേയും അഭയാര്‍ത്ഥികളുടെ അവസ്ഥയേയും ശക്തമായി വിശദീകരിക്കാന്‍ നഗ്ന ജീവിതം (bare life) എന്ന സങ്കല്‍പ്പം ഉപകരിക്കുന്നുണ്ട്. പക്ഷെ ലോകം മുഴുവന്‍ പ്രഖ്യാപിക്കപ്പെട്ട ഇപ്പോഴത്തെ ഈ അടിയന്തരാവസ്ഥയെ മനസ്സിലാക്കുന്നതില്‍ നഗ്നജീവിതം എന്ന സങ്കല്‍പ്പം സഹായകമാകുന്നുണ്ടോ എന്നത് പരിശോധിക്കേണ്ട ഒരു കാര്യമാണ്.
പ്രത്യക്ഷത്തില്‍ അഗമ്പന്‍ പറയുന്നത് യാഥാര്‍ത്ഥ്യത്തെ ഗ്രഹിക്കുന്നതായി തോന്നാം. പക്ഷെ ഈ ദര്‍ശനത്തില്‍ നിരവധി കാര്യങ്ങള്‍ വിട്ടുപോകുന്നുണ്ട്. വളരെ പ്രത്യക്ഷമായ ഒരു കാര്യം അഗമ്പന്‍ പറയുന്ന ഈ അപവാദാവസ്ഥ ഭരണകൂടങ്ങള്‍ ഉണ്ടാക്കിയതല്ല എന്നതാണ്. ഏറ്റവും ചുരുങ്ങിയത് ഇത് കോവിഡ് 19 ഉണ്ടാക്കിയ അപവാദാവസ്ഥയാണ്. നോവല്‍ കൊറോണ വൈറസ്സ് ആരേയും വിവേചനരഹിതമായി ബാധിക്കും. ക്വാറന്റൈന്‍ ആര്‍ക്കും ബാധകമാണ്. അതുകൊണ്ട് ഈ അപവാദാവസ്ഥ എല്ലാവര്‍ക്കും ബാധകമാണ്. എല്ലാവര്‍ക്കും ബാധകമാണെങ്കില്‍ പിന്നെ അത് അപവാദാവസ്ഥയുമല്ല. മാത്രമല്ല കോവിഡ് 19 ബാധിച്ച പല രാഷ്ട്രങ്ങളിലും അധികാരശക്തി കൂടുതല്‍ മുറുകകയല്ല, മറിച്ച് പൊതുവില്‍ അധികാരശക്തിയുടെ വീര്യം കുറയുകയാണുണ്ടായതത്രെ. അതുകൊണ്ട് ഇതിനെ വേണമെങ്കില്‍ അപവാദാവസ്ഥയുടെ സാര്‍വ്വത്രികമായ അപവാദാവസ്ഥയെന്ന് വിളിക്കാം. കാരണം കോവിഡ് 19 ന് പരിഹാരം കാണുക എന്നത് ഒരു സാര്‍വത്രികതയായി ലോകജനതയുടെ ശ്രദ്ധാകേന്ദ്രത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞിട്ടുണ്ട്.
സാമൂഹിക ജീവിതം കുറേ മതിലുകള്‍ക്കകത്തിട്ട് പൂട്ടിയിട്ടുണ്ടെന്നുള്ളത് ശരിതന്നെ. പക്ഷെ ഈ മതിലുകള്‍ തമ്മില്‍ ഉച്ചനീചത്വമില്ല. ഇവ ആര്‍ക്കുമെതിരെ കൊണ്ടുനടക്കുന്ന ഒരു മീറ്റര്‍ മതിലുകളാണ്. ഈ മതില്‍ ആരേയും ഒഴിവാക്കുന്നില്ല. മതിലിനകത്തുനിന്നുകൊണ്ട് അപ്പുറത്തേയ്ക്ക് നോക്കാം, കാണാം, സംസാരിക്കാം... കരുതലിന്റേയും ശ്രദ്ധയുടേയും മതിലുകളാണവ. മരണം ബാധിക്കുന്ന ആരേയും കോവിഡ് 19 ബാധിക്കാമെന്നതുകൊണ്ടാണ് കരുതാനും ശ്രദ്ധിക്കാനും പറയുന്നത.് എല്ലാവരും മര്‍ത്യരായതുകൊണ്ട് എല്ലാവരും തുല്യമായി കോവിഡിന് 19 ന് വിധേയരാണ്. ഇത് ഒരുതരം അടിസ്ഥാനപരമായ സമത്വം ഉണ്ടാക്കുന്നുണ്ട്. നഗ്നമായ ജീവിതത്തിന്റെ സമനിലയല്ല ഇത്. നഗ്നമായ ജീവിതത്തില്‍ വിഷയി അപ്രത്യക്ഷമാണ്. ഇവിടെ വിഷയിയുണ്ട്. കോവിഡുണ്ടാക്കുന്ന സമത്വത്തില്‍ ഒത്തൊരുമിച്ച് സാര്‍വത്രികമായ ഈ അപകടത്തെ അഭിമുഖീകരിക്കാനുള്ള സാധ്യത ഒരുക്കുന്നതില്‍ വിഷയികള്‍ കര്‍മ്മനിരതരാണ്.
നാം കോവിഡുണ്ടാക്കിയ പ്രശ്‌നങ്ങള്‍ക്ക് അകത്താണ്. അതുകൊണ്ട് ഇതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതം എന്തായിരിക്കുമെന്ന് പറയുകവയ്യ. ഒരു പക്ഷെ, ഇനിയുണ്ടാകുന്ന രാഷ്ട്രീയം മറ്റേതെങ്കിലും തരത്തിലുള്ളതായിരിക്കാം. ഭരണകൂടങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ക്ഷയിക്കാം. രാഷ്ട്രീയം ചിലപ്പോള്‍ അതിന്റെ പ്രാഥമികാവസ്ഥയിലേയ്ക്ക് തിരിച്ചുപോയി വീണ്ടും തുടക്കം മുതല്‍ തുടങ്ങാം. പണ്ട് ഗ്രീസില്‍ മിറ്റിലീനിയിലെ അല്‍കെയ്‌സ് (Alcaeus of Mytilene) എന്ന ഒരു കവിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒരു കാവ്യചിത്രം പ്ലാറ്റോ ഉപയോഗിച്ചിട്ടുണ്ട്. റിപ്പബ്ലിക്കിലെ രാഷ്ട്രത്തിന്റെ കപ്പല്‍ (Ship of State) എന്ന സങ്കല്‍പ്പത്തിന് ഒരു ഭാവനാചിത്രം നല്‍കാന്‍. കാറ്റും കോളുമുള്ള ഒരു കടലില്‍ ഒരു കപ്പലിന്റെ കര്‍ണ്ണധാരന്‍ അഥവാ ഷിപ്പിന്റെ പൈലറ്റ് കപ്പലിനെ നയിക്കുന്ന ചിത്രം. സുരക്ഷിതമായ ഒരു തുറമുഖവും തീരംതേടാനായി ഇല്ലെന്നും അതേസമയം യാത്ര അവസാനിപ്പിക്കാനാവില്ലെന്നും അറിഞ്ഞുകൊണ്ടുള്ള കപ്പലോട്ടം. ഒഴിവാക്കാനാവാത്തത് കപ്പലോടിക്കുക മാത്രമാണെന്നറിഞ്ഞുകൊണ്ടുള്ള കടല്‍യാത്ര.
റോക്കോ റോങ്കി (Rocco Ronchi) എന്ന ഇറ്റാലിയന്‍ തത്വചിന്തകന്‍ പറയുന്നത് രാഷ്ട്രീയപരമായ പ്രാഥമികത എന്നാല്‍ പ്രകൃതിയെ ഗവേണ്‍ ചെയ്യലാണ് എന്നാണ്. ഗവേണ്‍ (Govern) എന്ന വാക്ക് ലാറ്റിന്‍ പദമായ gurbernare ല്‍നിന്ന് വന്നതാണ്. അത് ഗ്രീക്ക് വാക്കായ kybernan എന്ന വാക്കില്‍നിന്നും. kybernan എന്ന വാക്കിനര്‍ത്ഥം കപ്പലോടിക്കുക എന്നാണ്. അതായത് പ്രകൃതിയുടെ യാത്രയ്ക്ക് അമരംപിടിക്കുകയാണ് രാഷ്ട്രീയപരമായ പ്രാഥമികതകൊണ്ട് ഉദ്ദേശിക്കുന്നത്, പ്രകൃതിയെ കീഴടക്കലല്ല. ഈ അര്‍ത്ഥത്തിലുള്ള ഗവണ്‍മെന്റിന്റെ രാഷ്ട്രീയ സ്വഭാവം പൂര്‍ണ്ണമായി പ്രകാശിപ്പിക്കാന്‍ പ്ലാറ്റോ ഉപയോഗിക്കുന്ന പദപ്രയോഗം kata dyanamin എന്നാണ്. ഒരു മനുഷ്യന് കഴിയുന്നത്ര എന്ന അര്‍ത്ഥത്തില്‍. കോവിഡ് 19 രാഷ്ട്രീയ ശക്തിയെ തളര്‍ത്തുകയാണെങ്കില്‍ പകര്‍ച്ചവ്യാധിയുടെ കാറ്റിലും കോളിലും അകപ്പെട്ട നമ്മുടെ കപ്പലിനെ നിയന്ത്രിക്കാന്‍ ഒരു കര്‍ണ്ണധാരനെയായിരിക്കും വേണ്ടിവരുക. അതായത് തളര്‍ന്ന ലോകത്തെ നയിക്കാന്‍ ചിലപ്പോള്‍ കപ്പല്‍യാത്രയുടെ യുക്തിയോടെയുള്ള രാഷ്ട്രീയപരമായ പ്രാഥമികതയായിരിക്കും വേണ്ടിവരുക.
എന്താണ് മനുഷ്യന്‍ എന്ന പഴയകാല ചോദ്യോത്തരങ്ങളുടെ പരമ്പരയില്‍ പെട്ടതാണ് അഗമ്പന്റെ ജീവരാഷ്ട്രീയം. എന്താണ് മനുഷ്യന്‍ എന്ന ചോദ്യത്തിന് അരിസ്‌റ്റോട്ടലിന്റെ ഉത്തരം മനുഷ്യന്‍ ഒരു രാഷ്ട്രീയ മൃഗമാണെന്നാണ്. ഭാഷയും സംസാര ശേഷിയും ഉള്ളതുകൊണ്ട് നല്ലതേതെന്നും ചീത്തതേതെന്നും ന്യായമേതെന്നും അന്യായമേതെന്നും തിരിച്ചറിയാനുള്ള അര്‍ത്ഥബോധമുണ്ടായതാണ് മനുഷ്യന്റെ വിശേഷം എന്ന് അരിസ്‌റ്റോട്ട്ള്‍ കരുതി. ഇതേ ചോദ്യോത്തര ശൃംഖലയില്‍ ഫൂക്കോയുടെ ഉത്തരം ''ദശാബ്ദങ്ങളായി മനുഷ്യന്‍ അരിസ്റ്റോട്ട്ള്‍ പറഞ്ഞതുപോലെയായിരുന്നു. രാഷ്ട്രീയശക്തിയുള്ള മൃഗം. ആധുനിക മനുഷ്യന്‍ അങ്ങനെയല്ല. ആധുനിക മനുഷ്യനും ഒരു രാഷ്ട്രീയശക്തിയുള്ള മൃഗം തന്നെ. പക്ഷെ ആധുനികതയില്‍ ആ രാഷ്ട്രീയം ഒരു ജീവിക്കുന്ന ഉണ്മ എന്ന നിലയിലുള്ള മനുഷ്യന്റെ അസ്തിത്വത്തെ സംശയത്തില്‍ നിര്‍ത്തുന്ന തരത്തിലുള്ളതാണ.്' ഫൂക്കോ ഇങ്ങനെ പറയുമ്പോള്‍ എന്താണ് ഭരിക്കപ്പെടുന്ന, നിരീക്ഷിക്കപ്പെടുന്ന, അനുശീലിപ്പിക്കപ്പെടുന്ന ജീവതം എന്നതിനെ ഒരു തുറന്ന ചോദ്യമായി അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ അഗമ്പന്‍ എല്ലാ സാധ്യതകളേയും അടയ്ക്കുന്ന ഉദാഹരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിതത്തെ വിശദീകരിക്കുന്നത്.
ആധുനികതയുടെ തുടക്കത്തില്‍ വെറും ജീവിതം (mere life) അഥവാ അരിസ്‌റ്റോട്ടലിയന്‍ രാഷ്ട്രീയമൃഗ ജീവിതം, രാഷ്ട്രത്തിന്റെ അധികാര ശക്തിയുടെ പല തരം സംവിധാനങ്ങളുമായി കോര്‍ക്കപ്പെടാനും ഭരണതാത്പര്യത്തിന്റെ കണക്കുക്കൂട്ടലുകള്‍ക്ക് പാത്രീഭവിക്കാനും തുടങ്ങിയപ്പോഴാണ് രാഷ്ട്രീയം ജീവരാഷ്ട്രീയമാകുന്നത്. ആ പ്രക്രിയയില്‍ ജനങ്ങള്‍ ആള്‍ക്കൂട്ടങ്ങളാവുകയും ഭരണത്തിന്റെ വിധേയരാവുകയും ചെയ്തു. അഗമ്പന്റെ അപവാദാവസ്ഥ എന്ന സങ്കല്‍പ്പമനുസരിച്ച് ജൈവശക്തിയുടെ വിതരണം രണ്ട് ധ്രുവങ്ങളിലേയക്ക് മാറും. ഒരറ്റത്ത് രാജാവും മറ്റേയറ്റത്ത് അഭയാര്‍ത്ഥിയും. രാഷ്ട്രാധിപന് ആ ജൈവശക്തി അപവാദാവസ്ഥ പ്രഖ്യാപിക്കാനും ജനങ്ങളുടെ ജീവന്‍ എടുക്കാനുമുള്ള അവകാശമായി മാറും. അപവാദം നിയമമായി മാറുന്ന പ്രക്രിയയ്‌ക്കൊപ്പം രാഷ്ട്രീയമണ്ഡലവും നഗ്നജീവിതവും ഇഴചേരും. ജീവന്‍ എപ്പോള്‍ വേണമെങ്കിലും നമ്മില്‍നിന്ന് എടുത്തുമാറ്റപ്പെടാം. അതായത് അപവാദാവസ്ഥയില്‍ എപ്പോഴും വധിക്കപ്പെടാവുന്ന ഒന്നായാണ് ജീവിതത്തിന്റെ പദവി. വധിക്കപ്പെടാവുന്ന ജീവിതം വെറും നഗ്നമായ ജീവിതമാണ്. മൃഗങ്ങളുടേതിന് തുല്യമായ, ജീവശാസ്ത്രപരമായ, ഭൗതിക ജീവിതം.
ഫൂക്കോ ജീവരാഷ്ട്രീയത്തെക്കുറിച്ച് പറയുമ്പോള്‍ ഉദ്ദേശിച്ചത് ആള്‍ക്കൂട്ടങ്ങള്‍ എന്നത് ഒരു ആധുനിക കണ്ടുപിടത്തമാണ് എന്ന നിലയിലാണ്. ജനങ്ങളെ നിയന്ത്രിക്കാനുള്ള സാങ്കേതികശാസ്ത്രമായാണ് അദ്ദേഹം ജീവരാഷ്ട്രീയത്തിന്റെ പ്രകൃതത്തെ സൂചിപ്പിക്കുന്നത്. ആള്‍ക്കൂട്ടങ്ങള്‍ എന്ന പ്രതിഭാസത്തെ അഭിസംബോധന ചെയ്യേണ്ടതിനു പകരം അഗമ്പന്‍ അപവാദാവസ്ഥയിലെ ജീവിതത്തെ മനസ്സിലാക്കാനുള്ള യാത്രയില്‍ ഗൂഢാലോചനാസിദ്ധാന്തങ്ങളുടെ ഛായയുള്ള ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയാണുണ്ടായത്. അതുകൊണ്ടായിരക്കാം അദ്ദേഹത്തിന്റെ കോവിഡ് ഉത്കണ്ഠകള്‍ വിലക്ഷണവും വിചിത്രവുമായി തോന്നുന്നത്. അതുകൊണ്ടുതന്നെ കോവിഡ് കാലാവസ്ഥയില്‍ രാഷ്ട്രങ്ങളുടെ രാഷ്ട്രീയശക്തി കുറയുകയാണെങ്കില്‍ ജീവരാഷ്ട്രീയത്തിന്റെ അഗമ്പന്‍ പതിപ്പ് അപ്രസക്തമാവാനേ വഴിയുള്ളൂ.
ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചിന്ത ചൊരിയാനുള്ള മറ്റൊരു അവസരം ഴാക് ദെറീദ അദ്ദേഹം തന്റെ അവസാനകാലത്ത് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളില്‍ മുളപൊട്ടി നില്‍ക്കുന്നുണ്ട്. കാന്‍സര്‍ ബാധിച്ച കാലത്ത് മരണത്തെ അഭിമുഖീകരിക്കുമ്പോള്‍ വികസിപ്പിച്ച ചിന്തകള്‍. ആ അഭിമുഖത്തില്‍ ദെറീദ ഇങ്ങനെ പറയുന്നു: 'ഇപ്പോള്‍ ഞാന്‍ അഭിമുഖീകരിക്കുന്ന അതിജീവനാനുഭവത്തിന് വളരെ മുന്‍പ് ഞാന്‍ എഴുതിയിട്ടുണ്ട് നമ്മുടെ അസ്തിത്വമെന്ന് നാം വിളിക്കുന്നതിന്റെ ഘടനയെത്തന്നെ ഉണ്ടാക്കുന്ന ഒരു യഥാര്‍ത്ഥ സങ്കല്‍പ്പമാണ് അതിജീവനം എന്ന്. ഘടനാപരമായി സംസാരിക്കുകയാണെങ്കില്‍ നാം അതിജീവിച്ചവരാണ്. ബൈബിളില്‍ പറയുന്ന നിയമത്തിന്റെ ഘടനാവശിഷ്ടങ്ങളുടെ അടയാളങ്ങളുള്ളവര്‍. പക്ഷെ അതിജീവനം ജീവിതത്തേക്കാളും ഭാവിയേക്കാളും മരണത്തിന്റേയും ഭൂതകാലത്തിന്റേയും ഭാഗമാണെന്ന കാഴ്ചപ്പാടിനെ ഞാന്‍ അംഗീകരിക്കുന്നില്ല. അല്ല, അപനിര്‍മ്മാണം എപ്പോഴും ജീവിതത്തിന്റെ സ്ഥിരീകരണത്തിന്റെ ഭാഗത്താണ്.' മരിക്കുന്നതിന് കുറച്ച് ദിവസം മുന്‍പ് ദെറീദ അതിജീവനമാണ് ജീവിതം എന്ന രീതിയിലുള്ള ജീവത സങ്കല്‍പ്പം ദീര്‍ഘമായി വികസിപ്പിച്ചിരുന്നു. അദ്ദേഹം തുടരുന്നു, 'ചില ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ അതിജീവനത്തിന്റെ ചോദ്യവും മരണത്തില്‍നിന്നുള്ള താത്കാലിക അവധിയും - അവ ജീവിതത്തിലെ ഓരോ നിമിഷത്തിലും മൂര്‍ത്തവും ക്ഷീണിപ്പിക്കുന്നതുമായ രീതിയില്‍ എന്നെ ഒരു ബാധയായി പിന്‍തുടര്‍ന്നിരുന്നു - ഒരു വ്യത്യസ്ത നിറം പൂണ്ടിരുന്നു.' 'ഇല്ല, ഞാന്‍ ഒരിക്കലും ജീവിക്കാന്‍ പഠിച്ചിരുന്നില്ല. തീര്‍ച്ചയായും ഇല്ല! മരിക്കാന്‍ പഠിക്കുക എന്നതായിരിക്കണം ജീവിക്കാന്‍ പഠിക്കുക എന്നതിന്റെ അര്‍ത്ഥം. ഞാന്‍ മരണത്തെ സ്വീകരിക്കാന്‍ ഒരിക്കലും പഠിച്ചിരുന്നില്ല. എങ്ങിനെ മരിക്കണം എന്ന വിവേകപൂര്‍ണ്ണമായ ജ്ഞാനം അഭ്യസിക്കുന്നതില്‍നിന്ന് ഞാന്‍ എപ്പോഴും സ്വയം ബാധിക്കപ്പെടാതെ നിന്നു.'
ഈ അഭിമുഖത്തില്‍ തന്നെ അദ്ദേഹം പറയുന്നുണ്ട് ജീവിതം അതിജീവനമാണെന്ന്. അതിജീവനം ജീവിതത്തിനപ്പുറത്തേക്കുള്ള ജീവിതമാണ്. ജീവിതത്തെക്കാള്‍ കൂടിയ ജീവിതം. അതിജീവനം എന്ന വ്യവഹാരം മരണത്തെക്കുറിച്ചല്ല. നേരെ മറിച്ച് മരണത്തിനു പകരം ജീവിതത്തെ തിരഞ്ഞെടുക്കുന്ന ജീവജാലത്തെ അംഗീകരിക്കുന്നതിനെ കുറിച്ചാണ്. അതുകൊണ്ട് ജീവിതമെന്നാല്‍ മരണം വരെ അതിജീവിക്കലാണ്. കാരണം അതിജീവനം എന്നത് അവശേഷിക്കുന്ന ബാക്കി ജീവിതമല്ല. അത് സാധ്യമായ ഏറ്റവും തീവ്രമായ ജീവിതമാണ്.
വിശേഷജീവിതം, നഗ്നജീവിതം, വെറും ജീവിതം എന്നിങ്ങനെയുള്ള വേര്‍തിരിവ് അദൃശ്യമായിരുന്ന പല ബലതന്ത്രങ്ങളേയും കാണുമാറാക്കി. പക്ഷെ അതേ സമയം രാഷ്ട്രീയപരമായ ജീവിതത്തിന്റേയും ജീവശാസ്ത്രപരമായ ജീവിതത്തിന്റേയും സമ്മിശ്രമായ മുഹൂര്‍ത്തങ്ങളെ അദൃശ്യാത്മകമാക്കുകയും ചെയ്തു. മാത്രമല്ല ജീവിതത്തിന്റെ നിരവധി വായനകള്‍ സാധ്യമാക്കുന്നതിന് പകരം അതിന്റെ മേല്‍ ചില സങ്കല്‍പ്പരൂപങ്ങളെ ഒട്ടിച്ചുവെയ്ക്കുന്നതില്‍ കലാശിക്കുകയും ചെയ്തു.
ജീവിതത്തെ അതിജീവനമായി കരുതുമ്പോള്‍ രാഷ്ട്രീയപരമായ ജീവിതം/ജീവശാസ്ത്രപരമായ ജീവിതം എന്ന വേര്‍തിരിവ് ഉണ്ടാകുന്നില്ല. അതിജീവനം എന്ന ജീവിത സങ്കല്‍പ്പത്തില്‍ ഭൗതിക ജീവിതവും അസ്തിത്വാനുഭവങ്ങളും കൂടിക്കലര്‍ന്നാണ് കിടക്കുന്നത്. അതിജീവിക്കുക എന്നാല്‍ മുഴുവനായും ജീവനോടെയിരിക്കുകയും മരണത്തിനപ്പുറത്തേയ്ക്ക് ജീവിക്കുകയുമാണ്. അത് ജീവിതത്തേയും ജീവിക്കാനുള്ള സൗഖ്യത്തേയും നിരുപാധികമായി അംഗീകരിക്കലാണ്. ജീവിക്കാനുള്ള അവശേഷിക്കുന്ന പാതകളിലൂടെ അതിജീവിക്കാനുള്ള പ്രതീക്ഷയാണ്.
നമ്മുടെ ജീവിതത്തെ ജീവശാസ്ത്രം വഴി വായിച്ചാല്‍ ഇത് നമ്മുടെ ജീവിതമാണെന്ന് തറപ്പിച്ചു പറയാന്‍ കഴിയാതാകും. മാത്രമല്ല നമ്മെ പൂര്‍ണ്ണമായി സാനിറ്റൈസ് ചെയ്താല്‍ നാം മരിച്ചുപോകും. കാരണം നമ്മുടെ ശരീരത്തിനകത്തെ ആവാസവ്യവസ്ഥയില്‍ താമസിക്കുന്ന, നമ്മെ പലതരത്തില്‍ ജീവിപ്പിക്കുന്ന നിരവധി ജന്തുജാലങ്ങളും സസ്യജാലങ്ങളും മരിച്ചുപോകും. യഥാര്‍ത്ഥത്തില്‍ വ്യത്യസ്ത ജീവവര്‍ഗ്ഗങ്ങളുടെ കൂടിപ്പാര്‍പ്പാണ് നാം. പ്രകൃതിയുടെ സമയമാനത്തില്‍ ഒരു പക്ഷെ ഒരു സമ്പൂര്‍ണ്ണ കൂടിപ്പാര്‍പ്പ് സാധ്യമായേക്കും. നോവല്‍ കൊറോണ വൈറസ് താമസിക്കാന്‍ വന്നത് പ്രകൃതിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നതായിരിക്കാം. പക്ഷെ മര്‍ത്ത്യന് അത് മാരകമാണ്. ജീവിതത്തിനോടുള്ള, സ്വന്തവും മറ്റുള്ളവരുടേയും, ഉത്തരവാദിത്തം കാരണം നമുക്കും വൈറസ്സിന്റെ മ്യൂട്ടേഷനൊപ്പം ശാസ്ത്രസാങ്കേതിക ദ്വാരാ ഉള്ള മ്യൂട്ടേഷന്‍ നടത്തിയേ പറ്റൂ. പ്രകൃതിയുടെ സമയത്തിന് വിപരീതമായി മനുഷ്യന് പ്രധാനം ഈ നിമിഷമാണ്. അടുത്ത നിമിഷത്തിലേയ്ക്ക് നീങ്ങുന്ന ഈ നിമിഷം. അസ്തിത്വബോധമുള്ളതുകൊണ്ട് നാം ഉപേക്ഷിക്കപ്പെട്ടവരാണെന്ന് നമുക്കറിയാം. ആരും നമ്മെ ഉപേക്ഷിച്ചതല്ല. ശൂന്യതയാല്‍ ഉപേക്ഷിക്കപ്പെട്ടതാണ്. ഈ ഉപേക്ഷിക്കപ്പെടലാണ് നമ്മെ കൂടുതല്‍ ഉത്തരവാദികളാക്കുന്നത്. ഓരോ ജീവനേയും വിലപിടിപ്പുള്ളതായി കരുതി ശ്രദ്ധിക്കാന്‍ നിര്‍ബന്ധിക്കുന്നത്. നമ്മുടേത് ഉപേക്ഷിക്കപ്പെട്ടവരുടെ ഒരു സമുദായമാണ്. ഉപേക്ഷിക്കപ്പെട്ടവരുടെ വിളി നമുക്ക് കേള്‍ക്കാം. ആ വിളി കേള്‍ക്കാനും ശ്രദ്ധിക്കാനും നാം മാത്രമേയുള്ളൂ.
മുകുന്ദനുണ്ണി
(സമകാലിക മലയാളം വാരിക, 2020 ജൂലൈ 6, പേജുകള്‍ 30-35)

Comments