എഴുത്തുകാരിയും സംഗീതജ്ഞയുമായിരുന്ന ഷീല ധറിന്റെ വീട്ടില്‍ വീണ്ടും വീണ്ടും ക്ഷണിക്കപ്പെട്ടിരുന്ന അതിഥിയായിരുന്നു ഉസ്താദ് ബുന്ദു ഖാന്‍. ദില്ലിയിലെ അവരുടെ ബംഗ്ലാവില്‍ എല്ലാ ആഘോഷങ്ങള്‍ക്കും - ഹോളിയായാലും കല്യാണമായാലും സാംസ്‌കാരിക സമ്മേളനമായാലും - ഉസ്താദിന്റെ സാരംഗി വാദനമാണ് ആകര്‍ഷകമായ മുഖ്യം ഇനം. നിരവധി അംഗങ്ങളുള്ള വീട്ടുകാരും ക്ഷണിക്കപ്പെട്ടവരും ഉസ്താദിന്റെ സംഗീതം നന്നായി ആസ്വദിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. സദസ്സിലുള്ളവര്‍ക്ക് സംഗീതത്തില്‍ ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മാത്രമല്ല പൊതുവില്‍ ക്ലാസിക്കല്‍ സംഗീതം ഉദാത്തമാണെന്നും തിരഞ്ഞുപിടിച്ചു കേള്‍ക്കേണ്ടതാണെന്നുമുള്ള ആദര്‍ശം അക്കാലത്തെ വരേണ്യസമുഹത്തിന് ഉണ്ടായിരുന്നതുകൊണ്ടുകൂടി.
ഷീലയുടെ അച്ഛന്‍ ഓരോ തവണയും നടത്തുന്ന ആമുഖ പ്രസംഗങ്ങളും അവിടെയുള്ളവരില്‍ സംഗീതത്തോടുളള ബഹുമാനം വര്‍ദ്ധിപ്പിച്ചു. ഒരു ആമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ബുന്ദു ഖാന്റെ സാധകത്തെക്കുറിച്ചാണ്. വിരലിന്റെ നഖങ്ങളില്‍ രക്തം പൊടിയുവോളം ബുന്ദു ഖാന്‍ സാരംഗി അഭ്യസിച്ചുകൊണ്ടിരിക്കും. എന്നാലും നിര്‍ത്തില്ല. ഗുരു നിര്‍ത്താന്‍ പറയുന്നതുവരെ തുടരും. മറ്റൊരു ആമുഖത്തില്‍ അദ്ദേഹം പറഞ്ഞു മാല്‍കോന്‍സ് രാഗം ശരിക്കും അനുഭവിക്കണമെങ്കില്‍ ചന്ദ്രനില്ലാത്ത രാത്രിയില്‍ മുട്ടറ്റം വെള്ളത്തിലിറങ്ങി തണുപ്പില്‍ നിന്നുവേണം കേള്‍ക്കാനെന്ന്. അദ്ദേഹം പറഞ്ഞത് വാസ്തവമാണോ അല്ലയോ എന്നത് ആര്‍ക്കും തര്‍ക്കവിഷയമായിരുന്നില്ല. മുത്തശ്ശിമാരും കുട്ടികളും മുതിര്‍ന്നവരും കണ്ണുമിഴിച്ച് കേട്ടിരിക്കും. കൂടുതല്‍ കഥകള്‍ക്കായി ദാഹിക്കും. പ്രസംഗത്തിനു ശേഷം നടക്കുന്ന കച്ചേരികള്‍ക്ക് നിറവേറുന്നതായി അവര്‍ക്ക് തോന്നി.
ഷീലയും വീട്ടുകാരും ബുന്ദു ഖാനെ ആരാധിച്ചു. ഓരോ തവണ വീട്ടില്‍ വരുമ്പോഴും നല്‍കുന്ന ആദരവിനു മുന്‍പില്‍ പൊതുവെ കുനിഞ്ഞ ശരീരപ്രകൃതമുള്ള ഉസ്താദ് കൂടുതല്‍ ചുരുങ്ങി. ദില്ലി ഓള്‍ഡ് സിറ്റിയിലെ സൂയിവാലാനിലായിരുന്നു ഉസ്താദിന്റെ കൂട്ടുകുടുംബം. ചുരുങ്ങിയ സൗകര്യത്തിലുള്ള ജീവിതം. പക്ഷെ അദ്ദേഹത്തിന് അസൗകര്യങ്ങളേക്കാള്‍ പൊരുത്തപ്പെടാനാവാത്തത് പുറംലോകത്തെയാണ്. വീട്ടിലാവുമ്പോള്‍ കൂട്ടിന് സാരംഗിയുണ്ട്. കുട്ടിക്കാലത്ത് കടകളിലേയ്ക്കും മറ്റും വീട്ടില്‍നിന്ന് പറഞ്ഞയയ്ക്കുമ്പോഴാണ് ഏറ്റവും വിഷമം തോന്നിയത്. വിഷമം സംഗീതത്തില്‍നിന്നു വിട്ടു നില്‍ക്കുന്നതിന്റേയാണ്. വെള്ളത്തില്‍നിന്ന് പുറത്തു വീണ മത്സ്യത്തെപ്പോലെ. ബാലനായ ബുന്ദു ഒരു പരിഹാരം കണ്ടെത്തിയിരുന്നു. മുളകൊണ്ട് ഒരു സാരംഗി ഉണ്ടാക്കി. പാടാത്ത സാരംഗി. കടകളില്‍ പോയിവരുവോളം ഇടത് തോളില്‍ ചാര്‍ത്തിപ്പിടിച്ച സാരംഗിയില്‍ ഇടതുകൈവിരലുകളോടിച്ച് അഭ്യാസം തുടരാം. ആളുകള്‍ കണ്ട് കളിയാക്കാതിരിക്കാന്‍ ഇടതു തോളില്‍ ഷാള്‍ ധരിക്കും.
ക്രമേണ എപ്പോഴോ ബുന്ദു ഖാന്‍ നിത്യ സന്ദര്‍ശകനായി. ഷീലയുടെ വീട്ടിലെ പുറത്തുനിന്നുള്ള അംഗമായി. എല്ലാ ഞായറാഴ്ചയും അദ്ദേഹം വരും. ഷീലയുടെ അച്ഛന്‍ വീട്ടിലുണ്ടാകുമ്പോള്‍ പകലന്തിയോളം അച്ഛനുവേണ്ടി സാരംഗി വായിക്കും. രാഗങ്ങളെക്കുറിച്ച് വിശദീകരിക്കും. അച്ഛന്‍ വീട്ടിലില്ലെങ്കില്‍ ആര്‍ക്കുവേണ്ടിയും, ആരും ഇല്ലെങ്കില്‍ അന്തരീക്ഷത്തിനുവേണ്ടിയും സാരംഗീവാദനത്തില്‍ മുഴുകും.
സാരംഗി അദ്ദേഹത്തിന് ശരീരംതന്നെയായിരുന്നു. എപ്പോഴും തൂക്കി നടക്കും. ഗ്രാമത്തില്‍ ആരെങ്കിലും തുളസീദാസ് രാമയണം പാടുന്നുണ്ടെങ്കില്‍ കൂടെ വായിക്കും. റെഡ് ഫോര്‍ട്ടിന് മുന്‍പില്‍ രാമലീലയുണ്ടെങ്കില്‍ അതില്‍ ചേര്‍ന്നു വായിക്കും. എന്തിലും സംഗീതം അന്വേഷിച്ചു നടക്കുന്നതുപോലെ. രാംപൂര്‍ കൊട്ടാരത്തിലെ സാരംഗീവാദകനായിരുന്നു എന്ന ഭാവമൊന്നുമില്ലാതെ.
ഒരു ഞായറാഴ്ച ഉസ്താദിനെ കാണാതായി. പതിവുപോലെ ഡ്രൈവര്‍ സൂയിവാലാനില്‍ പോയി കാറില്‍ കൂട്ടിക്കൊണ്ടുവന്ന് വരാന്തയില്‍ ഇരുത്തിയതാണ്. ഷീലയുടെ അച്ഛന്‍ വസ്ത്രം മാറി ഇറങ്ങി വന്നപ്പോഴേയ്ക്കും അദ്ദേഹത്തെ കാണാനില്ല. ഭൃത്യരും വീട്ടുകാരും പരക്കെ തിരഞ്ഞു. അര മണിക്കൂര്‍ കഴിഞ്ഞു. അപ്പോള്‍ പുന്തോട്ടത്തില്‍നിന്ന് സാരംഗിയുടെ നേര്‍ത്ത ശബ്ദം കേള്‍ക്കാം. പക്ഷെ അവിടെ ആരേയും കാണുന്നില്ല. എല്ലാവരും അങ്ങോട്ടു നടന്നു. പൊന്തപിടിച്ച ചെടികള്‍ക്കിടയിലെ പൂമെത്തയില്‍ കിടന്ന്, വാദ്യം തോളില്‍ ഒതുക്കി, കണ്ണടച്ച്, അദ്ദേഹം സാരംഗി വായിക്കുകയാണ്. രാഗം ബഹാര്‍. അദ്ദേഹത്തെ വിളിച്ചുണര്‍ത്താമോ?! ഷീലയുടെ അച്ഛന്‍ തഞ്ചത്തില്‍ കള്ളച്ചുമ ചുമച്ചപ്പോള്‍ അദ്ദേഹം കണ്ണു തുറന്ന് ചാടി എഴുന്നേറ്റു. 'വസന്തകാലമായി. പൂക്കള്‍ക്ക് സാരംഗി വായിച്ചുകൊടുക്കുകയായിരുന്നു,' ബുന്ദു ഖാന്‍ നിഷ്‌കളങ്കമായി വിശദീകരിച്ചു. അപ്പോള്‍ സ്വീറ്റ്പീസ് പുഷ്പങ്ങള്‍ പൂന്തോട്ടം നിറയെ വിരിഞ്ഞുനിന്നു. അന്നു മുതല്‍ ഷീലയ്ക്ക് ബഹാര്‍ രാഗം കേള്‍ക്കുമ്പോള്‍ പൂമണം അനുഭവപ്പെടും; പൂമണമനുഭവിക്കുമ്പോള്‍ ബഹാര്‍ രാഗവും കേള്‍ക്കും.
ബുന്ദു ഖാന്‍ മറ്റേതോ ലോകത്തായിരുന്നു. ഓരോ ചലനത്തിലും അതു കാണാം. ഒരിക്കല്‍ കച്ചേരി കഴിഞ്ഞ ഉടനെ ഉസ്താദിന് ചായ സത്കരിക്കേണ്ട ചുമതല അന്ന് പതിനഞ്ചു വയസ്സുള്ള ഷിലയ്ക്കായിരുന്നു. ഷീല ചായ നീട്ടി. ഒരു മങ്ങിയ ചിരിയോടെ പതുക്കെയാണ് അദ്ദേഹം കപ്പ് വാങ്ങിയത്. കപ്പ് പക്ഷിയെപ്പോലെ പറന്നുപോകുമോ എന്ന് പേടിച്ചതുപോലെ. പഞ്ചസാരപ്പാത്രം നീട്ടി എത്ര സ്പൂണ്‍ ഇടണം എന്നു ചോദിച്ചപ്പോള്‍ നിഗൂഢമായി നോക്കിക്കൊണ്ട് ഇഷ്ടമുള്ളത്ര ഇട്ടോളാന്‍ പറഞ്ഞു. ഷീല ആറ് സ്പൂണ്‍ ഇട്ട് സ്വയം നിര്‍ത്തി. സമൂസയും ബര്‍ഫിയും പ്ലെയ്റ്റില്‍ വെച്ച് നീട്ടിയപ്പോള്‍ അദ്ദേഹം വാങ്ങി ചായയിലിട്ടിളക്കി. ചായ കുഴമ്പായി. ഇളക്കുന്നതിനിടയില്‍ സോസറിലേയ്ക്കും അദ്ദേഹത്തിന്റെ വസ്ത്രത്തിലേയ്ക്കും തെറിച്ചു. രണ്ട് സ്പൂണ്‍ കഴിക്കുന്നതിനിടയില്‍ അദ്ദേഹം ദര്‍ബാരി രാഗത്തിലെ കോമള്‍ ഗന്ധാറിന്റെ പ്രത്യേകതയെക്കുറിച്ച്, ശ്രുതിവ്യത്യാസത്തിന്റെ തോതിനെക്കുറിച്ച്, പറയുന്നുണ്ടായിരുന്നു. ഷീലയുടെ അച്ഛന്‍ ഭക്തിയോടെ ശ്രദ്ധിച്ചിരുന്നു. കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ നോക്കി നിര്‍നിമേഷരായി. ഉസ്താദ് ഈ ലോകത്തല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവത്തിനുകൂടി സാക്ഷ്യം വഹിക്കുന്നതുപോലെ. അദ്ദേഹം എപ്പോഴും കറുപ്പിന്റെ ലഹരിയിലാണെന്ന് വീട്ടിലുള്ളവര്‍ അടക്കം പറയുന്നതുകേട്ടു. പക്ഷെ ബഹുമാനത്തോടെ. ഈ ലോകത്തില്‍ ഇത്തരം ആളുകള്‍ക്ക് ജീവിക്കാന്‍ എന്തെങ്കിലുമൊന്ന് ഇല്ലാതെ പറ്റില്ല എന്ന് അംഗീകരിച്ചുകൊണ്ട്.
ബുന്ദു ഖാന് ലോകകാര്യങ്ങളില്‍ ശ്രദ്ധയില്ലെങ്കിലും ആരും അദ്ദേഹത്തെ ചൂഷണം ചെയ്യാറില്ല. സംഗീതലോകം അദ്ദേഹത്തോട് മാന്യമായി പെരുമാറിയിരുന്നു. ഒരിക്കല്‍ അലഹബാദില്‍ കച്ചേരി നടത്താന്‍ ക്ഷണം കിട്ടി. ആയിരം രൂപ ഫീസ്. ഉസ്താദിന് ആയിരം രൂപ എത്രയാണെന്ന് മനസ്സിലായില്ല. അദ്ദേഹം, മകന്‍ കേട്ടെഴുതി, ഒരു മറുപടി തയ്യാറാക്കി ഷീലയുടെ അച്ഛനെ കാണിച്ചു. തനിക്ക് അഞ്ഞൂറും മകന് ഇരുനൂറും രൂപ തരാത്തപക്ഷം ക്ഷണം നിരസിക്കേണ്ടതായി വരും എന്നായിരുന്നു കത്തിലെ ഉള്ളടക്കം. ചോദിച്ചതിനേക്കാള്‍ വലിയ തുകയാണ് ക്ഷണക്കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ഷീലയുടെ അച്ഛന്‍ കഷ്ടപ്പെട്ടു, ഉസ്താദിന്റെ മുഖത്തെ ചുളിവുകള്‍ പുഞ്ചിരി വരയ്ക്കുംവരെ.
സാരംഗി വായിക്കുന്നതിനിടയ്ക്ക് ബന്ദിഷ് പാടുന്ന സ്വഭാവമുണ്ട് ഉസ്താദിന്. സാരംഗിയുടെ ശബ്ദം തേന്‍പോലെയാണ്. പക്ഷെ അദ്ദേഹത്തിന്റെ ശബ്ദം പാറപോലെയാണ് (യൂട്യൂബിലെ വിഡിയോ റിക്കോര്‍ഡിങ്ങില്‍ കാണാം). ചിലപ്പോള്‍ രാഗത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്യും. റിക്കോര്‍ഡിങ്ങിനിടയില്‍ സംസാരിക്കരുത് എന്ന് ഉസ്താദിനെ ഷീലയുടെ അച്ഛന്‍ പറഞ്ഞു പഠിപ്പിച്ചിരുന്നു. അതിനു ശേഷമുണ്ടായ റേഡിയോ പരിപാടി കേള്‍ക്കാന്‍ വീട്ടുകാരെല്ലാവരും ഫിലിപ്‌സ് റേഡിയോയുടെ മുന്‍പില്‍ കാത്തിരുന്നു. റേഡിയോയില്‍നിന്ന് ചാന്ദ്‌നി കേദാര്‍ രാഗം നിലാവുപോലെ മുറിയില്‍ വന്നു നിറഞ്ഞു. അര മണിക്കൂറിനു ശേഷം സാരംഗി നിശബ്ദമായി. ഈ റിക്കോഡിങ്ങില്‍ സാരംഗി മാത്രമേയുള്ളൂ എന്ന് അവരെല്ലാം അഭിമാനിക്കാന്‍ പോകുകയായിരുന്നു. അപ്പോഴതാ... അനൗണ്‍സര്‍ തുടങ്ങുന്നതിനു തൊട്ടു മുന്‍പ് ഉസ്താദിന്റെ പരുക്കന്‍ ശബ്ദം: 'കണ്ടില്ലേ...ഇത്തവണ ഞാന്‍ ഒരു വാക്കും മിണ്ടിയില്ല.'
1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ ബുന്ദു ഖാന് കാര്യമായി ഒന്നും മനസ്സിലായില്ല. ഭാര്യയും മക്കളും സഹോദരനും സഹോദരിമാരും പാക്കിസ്ഥാനിലേയ്ക്ക് പോയി. അമ്പതുകൊല്ലത്തിലേറേയായി സാരംഗി വായിച്ചുകൊണ്ടിരുന്ന തന്റെ വീട് വിട്ട് പോകാന്‍ ബുന്ദു ഖാന് മനസ്സുവന്നില്ല. മൂന്നു വര്‍ഷത്തോളം സ്വന്തം വീട്ടില്‍തന്നെ പിടിച്ചുനിന്നു. പക്ഷെ അദ്ദേഹത്തന് എന്തോ പറ്റുന്നുണ്ടായിരുന്നു. ഷീലയുടെ വീട്ടില്‍ വന്നാല്‍ ഇരുന്നുറങ്ങും. വായിക്കാന്‍ പറഞ്ഞാല്‍ മാത്രം സംഗീതത്തില്‍ മുങ്ങിമരിച്ചതുപോലെ വായിക്കും. സ്വയമേവ സംഗീതത്തില്‍ മുഴുകാതായി. എന്തുപറ്റിയെന്ന് ഷീലയുടെ അച്ഛന്‍ തിരക്കി. ബുന്ദു ഖാന്റെ കണ്ണുനിറഞ്ഞു. പറയുമ്പോള്‍ ശ്വാസം മുട്ടി. 'ഭാര്യയും മക്കളും പോയി... ഇനി വയ്യ.'
ഷീലയുടെ അച്ഛന്‍ കറാച്ചിയിലേയ്ക്കുള്ള യാത്ര ശരിയാക്കിക്കൊടുത്തു. ഉസ്താദിന്റെ പ്രിയപ്പെട്ട ട്രാന്‍സിസ്റ്റര്‍ റേഡിയോയും കൂടെ കൊണ്ടുപോകാം. ആ കാലത്ത് അത് സമ്മതിച്ചിരുന്നില്ല. എല്ലാം ഏര്‍പ്പാട് ചെയ്തതുപോലെ നടന്നു. മൂന്നു മാസത്തിനു ശേഷം കറാച്ചിയില്‍നിന്ന് കത്ത് വന്നു. രണ്ട് കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്. ഒന്ന്, ഷീലയുടെ അച്ഛന്‍ തനിക്കു വേണ്ടി ചെയ്തതൊന്നും ഒരിക്കലും മറക്കില്ലെന്ന്. രണ്ടാമത്, മാല്‍കോന്‍സ് രാഗത്തിലെ ഇരുപതോളം താനുകളുടെ സ്വരങ്ങളാണ്. അതായിരിക്കാം ഉസ്താദിന്റെ ഏറ്റവും വിലപിടിപ്പുള്ള സ്വത്ത്.
ഉസ്താദിന്റെ ബന്ധുക്കള്‍ പറഞ്ഞു അവിടെ കച്ചേരികള്‍ തീരെ ഇല്ലെന്ന്. കറാച്ചി റേഡിയോയില്‍ റിക്കോഡിങ് കിട്ടുന്നുണ്ട്. ക്ലാസിക്കല്‍ സംഗീതത്തിന് അവിടെ ആദരവ് ലഭിക്കുന്നില്ല എന്നത് ഉസ്താദിനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്ന്. അവിടെ ഗസലിനാണ് പ്രചാരം. ഷീലയും അച്ഛനും കറാച്ചി റേഡിയോയ്ക്ക് കാതോര്‍ത്തു. ബുന്ദു ഖാനെ കേട്ടില്ല. ഗസലുകള്‍ മാത്രം കേട്ടു. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഉസ്താദ് മായാത്ത ദുഃഖമായി.
അദ്ദേഹത്തിന്റെ സാരംഗി വാദനം കേട്ട് കുട്ടികളും യുവാക്കളും മുത്തശ്ശീമുത്തശ്ശന്മാരും തൂവാലയെടുത്ത് മുഖം തുടയ്ക്കാറുണ്ടായിരുന്നു. കണ്ണീരൊപ്പാന്‍. കാരണം ഉസ്താദ് ബുന്ദു ഖാന്റെ സാരംഗി ചിലപ്പോള്‍ മനുഷ്യശബ്ദത്തിലും ചിലപ്പോള്‍ ഷെഹനായിയായും മറ്റു ചിലപ്പോള്‍ കനയ്യയുടെ ബാംസുരിയായും പാടുമായിരുന്നു.
മുകുന്ദനുണ്ണി
(ദേശാഭിമാനി വാരാന്തപ്പതിപ്പ്, 29 സെപ്തംബര്‍ 2019, പേജ് - 4)

Comments