Skip to main content

സാഹസികതയെ കാത്ത് സംഗീതം

'സംഗീതം നിരന്തരം മാറിക്കൊണ്ടിരിക്കണം.  നമ്മെ സ്വയം ക്ഷീണിപ്പിച്ചല്ലാതെ ആവര്‍ത്തനം നമുക്ക് താങ്ങാനാവില്ല.' - ഇമ്മാന്വല്‍ കാന്റ്


സംഗീതത്തിലെ ഒരു മനോഹരമായ സങ്കല്‍പ്പമാണ് മനോധര്‍മ്മം.  പാട്ടിലെ സ്വാതന്ത്ര്യമാണ്, ഭാവനാവിലാസത്തില്‍ മുഴുകലാണ്, മനോധര്‍മ്മം.  അത് സംഗീതനിര്‍മ്മാണത്തിനകത്തുതന്നെയുള്ളതാണ്.  പുറത്തുനിന്നെടുത്ത് സംഗീതത്തില്‍ പ്രയോഗിക്കുന്ന ഒന്നല്ല.  കംപോസ് ചെയ്യുക എന്നാല്‍, പാശ്ചാത്യ സംഗീതത്തില്‍, ഭാവനാവിലാസത്തില്‍ മുഴുകലാണ്.  ഭാവന രേഖപ്പെടുത്തി ഉറപ്പിക്കുന്നതോടെ കോംപസിഷന്‍ പൂര്‍ത്തിയാവുന്നു.  അവതരിപ്പിക്കുമ്പോള്‍ ആ സ്വരാങ്കനങ്ങളെ വീണ്ടും സ്വന്തം മനോധര്‍മ്മത്തിനനുസരിച്ച് പുനരാവിഷ്‌കരിക്കുന്നതിലേയ്ക്ക് സൃഷ്ടിപരത നീളുന്നു.  ഇന്ത്യന്‍ സംഗീതത്തില്‍ കൃത്യതയ്ക്കുവേണ്ടി സ്വരാങ്കനം ചെയ്തു വെയ്ക്കുന്നില്ല.  പകരം തത്സമയം മനോധര്‍മ്മം ചെയ്യാന്‍വേണ്ടി പരിശീലിക്കുകയാണ്. 

ക്ലാസിക്കല്‍ സംഗീതത്തെക്കുറിച്ചുള്ള പൊതുധാരണകളില്‍ മനോധര്‍മ്മം എന്ന ആശയം മങ്ങിയ നിഴല്‍പോലയേ തെളിയുന്നുള്ളൂ.  അതിന് പ്രധാന കാരണം സംഗീതത്തെ ഭരിക്കുന്ന പ്രത്യയശാസ്ത്രമാണ്.  കര്‍ണ്ണാടക സംഗീതത്തിലാണെങ്കില്‍ അടിസ്ഥാന രചയിതാക്കളുടെ കൃതികള്‍ അതുപോലെ പാടുക, സംരക്ഷിക്കുക, അതേ മാര്‍ഗ്ഗത്തിലൂടെ പോകുക, സാഹിത്യശുദ്ധി പുലര്‍ത്തുക തുടങ്ങിയ ധാരണകള്‍.  പാശ്ചാത്യ സംഗീതത്തിലാണെങ്കില്‍ വലിയ കംപോസേഴ്‌സിന്റെ രചനകള്‍ വീണ്ടും വീണ്ടും അവതരിപ്പിക്കുന്നതില്‍ കേന്ദ്രശ്രദ്ധ പതിപ്പിക്കുക, ആ മട്ടിലുള്ള രചനകള്‍ കംപോസ് ചെയ്യുക, കണ്ടക്ട് ചെയ്യുക, എന്നിങ്ങനെ. ഹിന്ദുസ്ഥാനി സംഗീതത്തിലാണെങ്കില്‍ ഘരാനയെ സംരക്ഷിക്കുക...    സംഗീതത്തെ പുറത്തുനിന്ന് ഭരിക്കുകയും സംഗീതത്തിന്റെ സംരക്ഷകവേഷം ധരിക്കുകയും ചെയ്യുന്നവരോട് പാട്ടുകാര്‍ ഇണങ്ങി നില്‍ക്കുമെങ്കിലും പ്രയോഗതലത്തില്‍ അവര്‍ ഈ വക നിയന്ത്രണങ്ങളൊന്നും പാലിക്കാറില്ല. 

ഓരോ കാലത്തും പ്രചാരം നേടുന്ന മനോധര്‍മ്മരീതികള്‍ ആ കാലത്തെ സംഗീതനിര്‍മ്മാണസങ്കല്‍പ്പങ്ങളുടെ ഒരു മാതൃക പങ്കിടുന്നുണ്ടാവും.  ഭാവനാവിലാസത്തിന് സഹായകരമായ ചട്ടക്കൂടുകളും എവിടെ, എങ്ങനെ എന്നീ സൂചനകളും അതില്‍ അടങ്ങിയിട്ടുണ്ടാകും.  ഭാവനയെ പ്രകാശിപ്പിക്കാന്‍ ചട്ടക്കൂടുകള്‍ അനിവാര്യമാണ്.  പക്ഷെ അവ പ്രത്യേക രീതിയില്‍ മനോധര്‍മ്മത്തെ നിര്‍ണ്ണയിക്കാതിരിക്കില്ല.  ചെറിയ മാറ്റങ്ങളെ അനുവദിച്ചുകൊണ്ട് പുതിയ ഗായകരിലൂടെ മാതൃക നിലനിര്‍ത്തപ്പെടുകയാണ്.  നിലതുടരാന്‍ നിര്‍ബന്ധിക്കുന്ന ഉള്‍സമ്മര്‍ദ്ദവും സംഗീതലോകത്തുണ്ട്.  എങ്കിലും മാറ്റങ്ങള്‍ ക്രമേണ മാതൃകാമാറ്റത്തെ അനിവാര്യമാക്കും. അടിമുടി മാറുക അപ്പോള്‍ മാത്രമാണ്.  തോമസ് എസ് കു(ഹ്)ന്‍ പറയുന്ന സയന്‍സിലെ മാതൃകാമാറ്റങ്ങള്‍ പോലെ.  1930 കളില്‍ രാഗവിസ്താരം, നിരവല്‍, സ്വരപ്രസ്താരം എന്നിയ്ക്ക് വന്ന വലിയ മാറ്റത്തെക്കുറിച്ച് ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ പറയുമ്പോള്‍ സൂചിപ്പിക്കപ്പെടുന്നത് ഇത്തരം സമൂലമായ മാറ്റത്തെയാണ്.  ശെമ്മങ്കുടിയും തൊട്ടു പുറകെ വന്ന ജി എന്‍ ബാലസുബ്രഹ്മണ്യനുമാണ് മനോധര്‍മ്മത്തിനുള്ള ഇടങ്ങളായ രാഗവിസ്താരം, നിരവല്‍, സ്വരപ്രസ്താരം എന്നിവയുടെ വിസ്താരദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച് കര്‍ണ്ണാടക സംഗീതത്തിന്റെ ഈണാന്വേഷണത്തെ കൂടുതല്‍ കലാസമ്പന്നമാക്കിയത് എന്ന് പറയപ്പെടുന്നുണ്ട് (Semmangudi, A Mosaic-portrait, Ed. N. Pattabhi Raman, Sruti Foundation, Madras, 1989).  വാച്യാര്‍ത്ഥവും സംഗീതാംശവും കൂടിക്കലര്‍ന്ന കൃതിയുടെ ഭാവത്തില്‍നിന്ന് ഈണത്തിന്റെ ഭാവത്തിലേയ്ക്കുള്ള ചുവടുമാറ്റമാണ് ഈ മാതൃകാമാറ്റത്തിന്റെ സ്വഭാവം.  ഈ മാതൃകയാണ് ഇപ്പോള്‍ കര്‍ണ്ണാടക സംഗീതം തുടരുന്നത്.  എങ്കിലും സ്വന്തം ശൈലിയില്‍ പാടുന്ന ധാരാളം പേരുണ്ട്.  എത്ര വ്യത്യസ്തമായ ശൈലിയായാലും ഈ മാതൃകയുടെ പരിധിയ്ക്കകത്ത് നിന്നുകൊണ്ട്.      

പാടുന്നവര്‍ ഓരോ നിമിഷവും സൃഷ്ടിക്കുന്ന കലയാണ് സംഗീതം.  രാഗം നിലവിലുള്ളതാണെങ്കിലും അതിന്റെ വ്യാഖ്യാനം (ആലാപനം) പുനഃസൃഷ്ടിയല്ല.  ആലാപനത്തെ നയിക്കാനുള്ള മാര്‍ഗ്ഗദര്‍ശനങ്ങളുണ്ട്.  ഗുരുക്കന്മാരുടെ ശൈലികള്‍, പരിശീലനമാതൃകകള്‍, ശബ്ദം ഉത്പാദിപ്പിക്കുന്ന രീതിയുടെ ഗൃഹപാഠങ്ങള്‍ എന്നിവ ഫലത്തില്‍ മാര്‍ഗ്ഗദര്‍ശനങ്ങളാണ്.  എങ്കിലും പുതിയ ഈണങ്ങള്‍ ആദ്യമായി സൃഷ്ടിക്കാനായേയ്ക്കും.  ചട്ടക്കൂടുകളെ ചിലര്‍ മറികടക്കുന്നുണ്ടാവും.  പഴയ മട്ടുകളെ പുതുതായി വ്യാഖാനിക്കുന്നുണ്ടാവാം.  സംഗീതവിഭവങ്ങളെ നവോന്മേഷത്തോടെ  പുനഃസമീപിക്കുന്നുണ്ടാവാം.  പുതിയ നോട്ടത്തിലൂടെ പുതിയ നാദചിത്രങ്ങള്‍ വരയ്ക്കുന്നുണ്ടാവാം.  പക്ഷെ അപ്പോഴൊന്നുംതന്നെ ആ ശ്രമങ്ങള്‍ മാതൃകയ്ക്ക് പുറത്തു പോവുന്നില്ല. അതായത്, ഒരു സംഗീതജ്ഞന്‍ തന്റെ സംഗീതം സൃഷ്ടിക്കാന്‍ തത്വത്തില്‍ സ്വതന്ത്രനാണെങ്കിലും പ്രയോഗത്തില്‍ നിലവാരമായിത്തീര്‍ന്ന സ്വാതന്ത്ര്യത്തെ ഉപയോഗിക്കാനേ അനുവദിക്കപ്പെടൂ.  നിലവാരം എന്നത് സ്വീകരിക്കപ്പെട്ട മാനദണ്ഡങ്ങളും മൂല്യങ്ങളുമാണ്.  ഈ മൂല്യങ്ങളുണ്ടാകുന്നത് സംഗീതാവിഷ്‌കാരങ്ങളില്‍നിന്നാണെങ്കിലും നിലവാരമായി തീരുമാനിക്കപ്പെടുമ്പോള്‍ അത് വീണ്ടും സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും.  അതായത് സ്വാതന്ത്ര്യം കാണിക്കുകയെന്നാല്‍ നിലവാരമായി സ്വീകരിക്കപ്പെട്ട സ്വാതന്ത്ര്യത്തെ ഉപയോഗിക്കുക എന്നാണ്.  അല്ലാത്ത പക്ഷം പാട്ടുകാരും കേള്‍വിക്കാരുമടങ്ങുന്ന സംഗീതലോകത്തിന്റെ അധിപര്‍, മാതൃകയുടെ വക്താക്കള്‍, ചെവിയടച്ചുപിടിയ്ക്കും; വിദ്യാര്‍ത്ഥികളെ ഓഡിഷനില്‍ തോല്‍പ്പിക്കും; പാട്ടുകാരെ സഭകളില്‍ പാടാന്‍ ക്ഷണിക്കില്ല.  മാതൃകയെ ചോദ്യം ചെയ്യുന്ന സാഹസികരെ സംഗീതവൃന്ദം പുറംതള്ളും. 

ഏറ്റവും ഉദാത്തമായ ഒരു സംഗീതസമ്പ്രദായത്തിന് വേണ്ടത് തുറസ്സിന്റെ യുക്തിഘടനയാണ് (logical structure of openness).  തുറന്ന സമ്പ്രദായത്തിന് മറ്റു സമ്പ്രദായങ്ങളോട് സംഭാഷണത്തിലേര്‍പ്പെടാനുള്ള ആഭിമുഖ്യമുണ്ടാകും.  സമ്പ്രദായങ്ങള്‍ പരസ്പരം അഭിമുഖീകരിക്കുമ്പോള്‍ തൂവുന്ന വെളിച്ചം നിരവധി പുതിയ സംഗീതസങ്കല്‍പ്പങ്ങളെ പ്രക്ഷേപണം ചെയ്‌തേയ്ക്കാം.  സമ്പ്രദായത്തിന്റെ തുറന്നുനില്‍പ്പ് ഒരു തരം അനിശ്ചിതാവസ്ഥയാണ്.  അതുകൊണ്ട് സര്‍ഗ്ഗാത്മകത എപ്പോഴും സാഹസികമായിരിക്കും.  ഈ അനിശ്ചിതാവസ്ഥയാണ് നിലവാരമല്ലാത്ത സ്വാതന്ത്ര്യത്തിന്റെ മുഹൂര്‍ത്തം.  എങ്കിലും ചില ചട്ടങ്ങളില്ലാതെ സര്‍ഗ്ഗാത്മകത സാധ്യമാകില്ല.  നിലവാരമായിത്തീരാത്ത ചട്ടങ്ങള്‍ ഭേദഗതികള്‍ക്ക് വഴങ്ങാന്‍ തുറന്നുനില്‍ക്കുന്നവയായിരിക്കും.  ഈ സ്വതന്ത്ര ചട്ടങ്ങളുടെ ധര്‍മ്മം ഫലത്തില്‍ സര്‍ഗ്ഗാത്മകത സംഭവിക്കാനുള്ള ഇടം തുറക്കലാണ്.    

നേരെ മറിച്ച് ഒരു സംഗീതസമ്പ്രദായത്തിന്റെ മാതൃക കുറ്റമറ്റ് പൂര്‍ണ്ണതയിലെത്തി നില്‍ക്കുകയാണെങ്കില്‍ അത് അടഞ്ഞു നില്‍ക്കുന്നതിന് തുല്യമാണ്.  മാതൃക ഉറച്ചുകഴിഞ്ഞാല്‍ പിന്നെ അതില്‍ ഉണ്ടാവുക സാങ്കേതികമികവുകളാണ്.  'രാഗം താനം പല്ലവി'യിലും 'സ്വരം പാടലി'ലും ഇന്ന് യുവ സംഗീതജ്ഞര്‍ പ്രകടിപ്പിക്കുന്ന ലയഭാഷാവൈദഗ്ധ്യം ഒരു തരം കലാസാങ്കേതിക മികവാണ്.  അത് വിസ്മയകരമായ നേട്ടമാണെങ്കിലും അതില്‍ സാഹസികമായ സര്‍ഗ്ഗാത്മകതയില്ല.  പകരം കണക്കുകൂട്ടലും ക്രമപ്പെടുത്തലുമാണുള്ളത്.       

ഇന്നത്തെ ലോകത്ത് എല്ലാം ക്രമീകൃതവും വിവിധ തലത്തില്‍ കണക്കുകൂട്ടി ഭദ്രമാക്കപ്പെട്ടതുമാണ്.  കുട്ടിക്കാലത്തെ സ്വപ്‌നങ്ങളിലെന്നപോലെ ഒന്ന് പറന്നു നോക്കാന്‍ അവസരമില്ല.   സാഹസികതയ്ക്ക് പ്രകടന സാധ്യതയില്ല.  എന്നിട്ടും സര്‍ഗ്ഗാത്മകത കാത്തിരിക്കുന്നത് സാഹസികതയെയാണ്.  സംഗീതം അതിന്റെ കെട്ടുപാടുകളഴിച്ചുവെച്ച് ഒരു സ്വപ്‌നം കാണട്ടെ.  ചിറകില്ലാതെ പറക്കുന്ന ഒരു കുട്ടിക്കാല സ്വപ്‌നം. 

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തപ്പതിപ്പ്, 8 സെപ്തംബര്‍ 2019, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...