Skip to main content

രാഗത്തിന്റെ ആത്മകഥ

രാഗം സംഗീതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത ഘടകമല്ല.  രാഗം എന്ന സങ്കല്‍പ്പനം ഉണ്ടാകുന്നതിനു മുന്‍പും ഇന്ത്യയില്‍ സംഗീതം ഉണ്ടായിരുന്നു.  പാശ്ചാത്യസംഗീതത്തിലെ സ്‌കെയില്‍ എന്ന സങ്കല്‍പ്പനത്തോടു സാദൃശ്യമുള്ള 'ഗ്രാമ'വും അനുബന്ധങ്ങളായ 'മൂര്‍ച്ഛന', 'ജാതി' എന്നിവയുമായിരുന്നു അക്കാലത്തെ സംഗീതത്തിന്റെ ആന്തരരൂപങ്ങള്‍ എന്ന് സാംബമൂര്‍ത്തി പറയുന്നു (P. Sambamurti, Ragas of South Indian Music - Their Origin and Evolution, Music Academy Journal (1935-37).  ക്രിസ്തുവിനു മുന്‍പ് ഏകദേശം ഒന്നാം നൂറ്റാണ്ടുവരെ, ഭരതന്റെ കാലംവരെ, അങ്ങനെയായിരുന്നു.  നാട്യശാസ്ത്രത്തില്‍ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നുമില്ല.  ഭരതന്‍ പറയുന്നത് 'ജാതി'കളെക്കുറിച്ചാണ്.  'ജാതി'കള്‍ പൗരാണിക സംഗീതസങ്കല്‍പ്പനമായ 'ഗ്രാമ'ത്തില്‍നിന്നുണ്ടായതാണ്.  

മതംഗന്റെ കാലത്താണ്, ഏകദേശം അഞ്ചാം നൂറ്റാണ്ടില്‍, ഇന്ത്യന്‍ സംഗീതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നത്.  മതംഗന്‍ രചിച്ച ബൃഹദ്ദേശി പൂര്‍ണ്ണമായി നമുക്ക് ലഭ്യമല്ല.  ലഭ്യമായ അധ്യായങ്ങള്‍ Trivandrum Sanskrit Series ല്‍ അച്ചടിച്ചിട്ടുണ്ട്.  മറ്റു കലകളില്‍നിന്ന് വേറിട്ട് സ്വതന്ത്രമായ ഒരു കലാരൂപമായി സംഗീതം തന്മയീഭവിക്കുന്നത് ഈ കാലത്താണ്.  നാട്യശാസ്ത്രത്തിലും അക്കാലത്തെ മറ്റു സംസ്‌കൃതഗ്രന്ഥങ്ങളിലും സംഗീതം നൃത്തനാടകങ്ങളുടെ ഒരു ഭാഗം മാത്രമായിരുന്നു.  ബൃഹദ്ദേശിയില്‍ രാഗത്തെക്കുറിച്ചു പറയുന്നതില്‍നിന്ന് സംഗീതത്തിന് ഒരു പുതിയ സ്വഭാവമുണ്ടായിത്തീര്‍ന്നതായി മനസ്സിലാക്കാം.  ലക്ഷണസഹിതം രാഗത്തെ നിര്‍വ്വചിക്കുന്നത് മതംഗനാണ്:  
യൊഅസൗ ധ്വനിവിശേഷസ്തു സ്വരവര്‍ണ്ണവിഭൂഷിതഃ
രഞ്ജകൊ ജനചിത്താനാം സ ച രാഗ ഉദാഹൃതഃ
ജനചിത്തങ്ങളെ രഞ്ജിപ്പിക്കുന്ന സ്വരവര്‍ണ്ണവിഭൂഷിതമായ ധ്വനിവിശേഷമാണ് രാഗം എന്ന് ലളിതമായി രാഗത്തെ നിര്‍വ്വചിക്കുകയാണ് മതംഗന്‍.  രാഗാധിഷ്ടിതമായ സംഗീതവും അത് ആസ്വദിക്കുന്ന ജനവൃന്ദവും അക്കാലത്ത് നിലനിന്നതായി ഈ നിര്‍വ്വചനത്തില്‍നിന്ന് ഊഹിക്കാവുന്നതാണ്.  

സംഗീതസംബന്ധിയല്ലാത്ത കൃതികളിലും സംഗീതത്തെക്കുറിച്ചുള്ള പരമാര്‍ശങ്ങള്‍ കാണാം.  രാമായണം, മഹാഭാരതം, വായുപുരാണം, മാര്‍ക്കാണ്ഡേയപുരാണം എന്നീ സംസ്‌കൃത കൃതികളിലും ഇളങ്കോവടികളുടെ കൃതികള്‍, ആദിവീരരാമ പാണ്ഡ്യരുടെ കൃതികള്‍ തുടങ്ങിയ പ്രാദേശിക മാതൃഭാഷാകൃതികളിലും.     

രാഗസമ്പ്രദായം എന്താണെന്ന് മനസ്സിലാകണമെങ്കില്‍ മെലഡിക് സമ്പ്രദായം എന്താണെന്ന് മനസ്സിലാകണം.  അടിസ്ഥാനപരമായി സംഗീതരൂപങ്ങള്‍ രണ്ട് മാതൃകകളിലാണുള്ളത്.    അവതരണത്തിന്റെ ഓരോ മൂഹൂര്‍ത്തത്തേയും വേര്‍പെടുത്തി പരിശോധിച്ചാല്‍ ഒന്നാമത്തെ സമ്പ്രദായത്തില്‍ ഒറ്റ സ്വരങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നായുള്ള സഞ്ചാരവും രണ്ടാമത്തേതില്‍ സ്വരങ്ങളുടെ കൂട്ടം ഒന്നിനു ശേഷം മറ്റൊന്നായി വരുന്നതായും കാണാം.  സ്വരക്കൂട്ടത്തെ കോഡ്‌സ് (chords) എന്നു വിളിക്കുന്നു.   ആദ്യം പറഞ്ഞ സമ്പ്രദായമാണ് മെലഡിക്.  രണ്ടാമത്തേത് ഹാര്‍മണിക് സമ്പ്രദായം.  ആദ്യത്തേതില്‍ ഒരു സമയത്ത് ഒരു സ്വരമേ കേള്‍ക്കു.   രണ്ടാമത്തേതില്‍ ഒരു സമയത്ത് കേള്‍ക്കുന്നത് ഒരു കൂട്ടം സ്വരങ്ങളാണ്.  വ്യാപകമായുള്ളത് മെലഡിയും ഹാര്‍മണിയും ഇടകലര്‍ന്ന സാമാന്യസംഗീതമാണ്.  മെലഡിയ്ക്ക് പ്രത്യേക പ്രാധാന്യവും ശ്രദ്ധയും നല്‍കി വികസിപ്പിക്കുന്ന സംഗീതമാണ് രാഗാധിഷ്ടിതസംഗീതം.  ഹാര്‍മണി എന്ന സങ്കല്‍പ്പനത്തെ കേന്ദ്രീകരിച്ച് വികസിപ്പിച്ച സംഗീതരൂപമാണ് പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം.  ഒരു ഏകാന്ത ശബ്ദരേഖയുടെ സ്ഥലകാലങ്ങളിലൂടെയുള്ള യാത്രയാണ് മെലഡിയെങ്കില്‍ ഹാര്‍മണി നിരവധി ശബ്ദരേഖകളുടെ സമ്മേളനമാണ്.   

സ്വരങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയേയും ചേര്‍ച്ചയില്ലായ്മയേയും സംബന്ധിക്കുന്ന 'സ്വരച്ചേര്‍ച്ച' എന്ന ആശയം ഇന്ത്യയില്‍ പണ്ടു മുതലേ ഉണ്ട്.  സ്വരച്ചേര്‍ച്ചയുടെ ഏറ്റുക്കുറച്ചിലുകളെ സൂചിപ്പിക്കുന്ന പദങ്ങളാണ് വാദി, സംവാദി, അനുവാദി, വിവാദി എന്നിവ.  ഒരു രാഗത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട സ്വരമാണ് വാദി.  വാദി സ്വരങ്ങളുമായി ഏറ്റുവും അധികം കൂട്ടുകൂടുന്ന, പൊരുത്തപ്പെടുന്ന, സ്വരങ്ങളാണ് സംവാദിസ്വരങ്ങള്‍.  വാദി സ്വരങ്ങളുമായി തീരെ ചേര്‍ച്ചയില്ലാത്ത സ്വരങ്ങളാണ് വിവാദിസ്വരങ്ങള്‍.  അനുവാദിസ്വരങ്ങള്‍ മേല്‍പറഞ്ഞ രണ്ടു ഫലങ്ങളും ഉണ്ടാക്കുന്നില്ല.  അവയുടെ ധര്‍മ്മം രാഗസ്വഭാവത്തിനോട് അനുയോജ്യമായി പ്രവര്‍ത്തിച്ച് സംഗീതസുഖം വര്‍ദ്ധിപ്പിക്കലാണ്.  മെലഡിക് സംഗീതം രാഗസമ്പ്രദായത്തിലൂടെ മനോധര്‍മ്മസംഗീതമായി വികസിച്ചു. അവതരണത്തില്‍ തത്സമയം സ്വതന്ത്രമായി ഈണങ്ങളെ വിഭാവനം ചെയ്ത് പാടുന്നതാണ് മനോധര്‍മ്മം.

ഒരു രാഗത്തെ അറിയുക എന്നാല്‍ അതിന്റെ സ്വരസ്ഥാനങ്ങളും ആരോഹണാവരോഹണങ്ങളും എതെല്ലാമാണെന്ന് അറിയുക മാത്രമല്ല.  ഒരു രാഗത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള അഭ്യാസഗാനങ്ങളും കൃതികളും പഠിച്ചതുകൊണ്ടുമായില്ല. ഇങ്ങനെ പഠിക്കുന്ന രീതി സമുദ്രത്തില്‍ ഒന്നിറങ്ങി അതിന്റെ ഓളം അറിയുന്നതുപോലെയാണ്.  സമുദ്രത്തിന്റെ ആഴമറിയല്‍ വേറെത്തന്നെ ഒരു വ്യാപാരമാണ്.  രാഗത്തെ പാടിയറിഞ്ഞ് അതില്‍ സ്വന്തം ഈണങ്ങള്‍ സൃഷ്ടിക്കലാണ് സമുദ്രത്തിന്റെ ആഴമറിയുന്നതിന് സദൃശമായ ഉദ്യമം.  ഈ ഉദ്യമം രാഗത്തെ സൃഷ്ടിക്കുന്ന സ്വരങ്ങളെ തമ്മില്‍ കോര്‍ക്കല്‍ മാത്രമല്ല.  അതിലുപരി സ്വരങ്ങളുടെ വിടവുകളിലെ ശ്രുതിപഥത്തില്‍ ശബ്ദശില്‍പ്പം ഒരുക്കലാണ്.  സ്വരങ്ങള്‍ തമ്മിലുള്ള ഈ വിടവുകളിലാണ് ഗമകത്തിന്റെ സൂക്ഷ്മമായ കയങ്ങളുള്ളത്.  ഈ സൂക്ഷ്മസ്രോതസ്സുകളില്‍ സ്പര്‍ശിക്കുമ്പോഴാണ് സര്‍ഗ്ഗാത്മകമായ സംഗീതഭാഷ രാഗത്തിന്റെ അപൂര്‍വ്വപ്രകാശനങ്ങളായി പുറത്തുവരുന്നത്.   പാടിയും കേട്ടുമുള്ള രാഗപരിചയമാണ് രാഗസംഗീതത്തിന്റെ പ്രകാശനങ്ങളെ അര്‍ത്ഥവത്താക്കുന്ന ചക്രവാളം.  ഈ ചക്രവാളം സംഗീതത്തേയും സംഗീതം ചക്രവാളത്തേയും നവീകരിച്ചുകൊണ്ടിരിക്കും.  ഇവയെല്ലാം ചേര്‍ന്നതാണ് സംഗീതലോകം.  പാടുന്നവരും കേള്‍ക്കുന്നവരും ചിന്തിക്കുന്നവരും വിമര്‍ശിക്കുന്നവരും ഭാവനയില്‍ സൃഷ്ടിക്കുന്നതാണ് സംഗീതലോകം.  രാഗത്തിന്റെ മനോഹാരിത ഈ ഭാവനാലോകത്തിനകത്തെ അതീവസൗന്ദര്യമാര്‍ന്ന ചില അനുഭവബിന്ദുക്കളാണ്.  ഈ ഭാവനാലോകത്തിനു പുറത്ത് രാഗം വെറും ശബ്ദംമാത്രം. 

-മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 2019 ജൂണ്‍ 16, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...