'കണാദം പാണിനീയം ച സര്‍വ്വശാസ്‌ത്രോപകാരകം'
(തര്‍ക്കവും വ്യാകരണവും എല്ലാ ശാസ്ത്രങ്ങള്‍ക്കും ഉപകാരപ്രദമാണ്)
ഉറവിടങ്ങള്‍
രണ്ടായിരം വര്‍ഷങ്ങള്‍ക്കു (ബി.സി.ഇ. 2000) മുന്‍പ് വേദങ്ങള്‍ ഉണ്ടായിരുന്നു. വേദങ്ങള്‍ പലതരം വിഷയങ്ങളെക്കുറിച്ച്് പ്രതിപാദിക്കുന്നുണ്ട്. ദൈവങ്ങളോടുള്ള പ്രാര്‍ത്ഥന മുതല്‍ അഗ്നിയില്‍ ഹോമിക്കുന്നതിന്റെ നിയമങ്ങളും തന്ത്രവും സംഗീതവുംവരെ. ഈ വിഷയങ്ങളിലെല്ലാം അന്തര്‍ലീനമായ ഒരു അടിയൊഴുക്കെന്നപോലെ ഒരു അന്വേഷണം കടന്നുപോകുന്നുണ്ട്. ആനുഭവികലോകത്തിന്റെ വൈവിധ്യങ്ങളുടെ ആധാരമായ ഒരു സത്തിനു (ഏകം സത്്) നേരേയുള്ള അന്വേഷണം. അതോടൊപ്പം സര്‍വ്വപദാര്‍ത്ഥങ്ങളുടേയും ഉത്ഭവം സത്തില്‍നിന്നാണോ ശൂന്യതയില്‍ നിന്നാണോ എന്നുള്ള അന്വേഷണവും. വേദത്തില്‍ മുന്‍കൂര്‍ രൂപപ്പെട്ട സങ്കല്‍പ്പങ്ങളുണ്ട്. ഋത (സത്യം അല്ലെങ്കില്‍ ധാര്‍മ്മികക്രമം), കര്‍മ്മം, മരണാനന്തര ജീവിതം എന്നീ സങ്കല്‍പ്പങ്ങള്‍. എന്തിന്റേയും നിര്‍മ്മാണ ഘടകങ്ങളായി വിഭാവനം ചെയ്യപ്പെടുന്ന സത്ത്വ, രജസ്, തമസ് എന്ന ത്രിഗുണങ്ങളുടെ ആദി സങ്കല്‍പ്പനങ്ങളുമുണ്ട്. വേദകാലഘട്ടത്തിനുശേഷം ഏകദേശം ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞാണ് ഉപനഷത്തുകള്‍ രചിക്കപ്പെടുന്നത്. ഗൗതമബുദ്ധന്റെ കാലത്തിന് തൊട്ടു മുന്‍പാണ് മിക്കവാറും എല്ലാ ഉപനിഷത്തുകളും രചിക്കപ്പെട്ടത് എന്ന് ജെ.എന്‍.മൊഹന്തി പറയുന്നുണ്ട്. ഉപനിഷത്തുക്കളിലാണ്, വേദത്തിന്റെ കാവ്യഭംഗികള്‍ നിലനിര്‍ത്തിക്കൊണ്ട്, ചിന്ത ഒരു താത്വിക സ്വഭാവത്തിലേയ്ക്ക്് വികസിക്കുന്നത്. ഒരു സത്ത് എങ്ങനെ പ്രപഞ്ചത്തില്‍ വിവിധങ്ങളായി കാണപ്പെടുന്നു, വ്യക്തിയില്‍ അഥവാ ആത്മനില്‍ എന്താണുള്ളത് എന്നിങ്ങനെയുള്ള താത്വിക അന്വേഷണങ്ങളാണ് ഉപനിഷത്തുകളിലെ കേന്ദ്രപ്രമേയം. എല്ലാത്തിന്റേയും മഹത്വമാര്‍ന്ന സ്രോതസ്സായ ബ്രഹ്മനും വ്യക്തിയുടെ ഉള്ളിലെ ആത്മനും ഏകമാണ്, രണ്ടല്ല, എന്ന തത്വത്തെ അനുകൂലിക്കുന്ന ആശയങ്ങളാണ് ഉപനിഷത്തുകളിലുള്ളത്. ആദിയില്‍ ഉള്ളത് സത്താണ്, ശൂന്യമല്ല എന്ന നിഗമനത്തിലെത്തുന്നത് വേദത്തിലെ നാസദിയ (ന അസത്) സൂക്തത്തില്‍ പറയുന്ന ന്യായമനുസരിച്ചാണ്. ശൂന്യതയില്‍നിന്ന് ഒന്നും ഉണ്ടാകുന്നില്ല, അതുകൊണ്ട് ആദിയില്‍ ശൂന്യതയായിരിക്കില്ല എന്ന ന്യായം.
വിഷയത്തിന്റേയും വിഷയിയുടേയും തന്മ (തദ് ത്വം അസി) മനക്കണ്ണിലൂടെ അറിഞ്ഞ് സാക്ഷാത്കരിക്കുന്നതാണ് ഏറ്റവും ഉന്നതമായ ജ്ഞാനം എന്ന് ഉപനിഷത്തുക്കളില്‍ പ്രതിപാദിക്കുന്നുണ്ട്. എങ്ങനെ ഈ തന്മയെ സാക്ഷാത്കരിക്കും എന്ന ചോദ്യത്തിന് ധ്യാനം മുതല്‍ അഹങ്കാരനിഗ്രഹംവരെ പല വിധത്തിലൂള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. അനുഭവലോകത്തിന്റെ പിന്നില്‍ ഉള്ളിലുള്ള ആത്മന്‍തന്നെയെങ്കില്‍, പ്രത്യക്ഷലോകം മായയാണോ? അല്ലെങ്കില്‍ എല്ലാ വസ്തുക്കളുടേയും ഉള്ളില്‍ ഉള്ളത് ഈ ബ്രഹ്മന്‍-ആത്മന്‍ ആണോ? ഉപനിഷത്തുകളുടെ ഭാഷ്യങ്ങളില്‍ ഇത്തരം ചോദ്യങ്ങളുയര്‍ന്നു. അതിന്റെ ഫലമായി വേദാന്ത തത്വചിന്തയ്ക്ക് വ്യത്യസ്തമായ വിവിധ ചിന്താവിഭാഗങ്ങളുണ്ടായി.
ഇന്ത്യയില്‍ തര്‍ക്കം രൂപംകൊണ്ടത് താത്വിക സംവാദത്തിന്റെ രീതിശാസ്ത്രമായിട്ടാണ്. വേദങ്ങളെ വ്യാഖ്യാനിക്കുന്നതിന്റേയും ഭാഷ്യങ്ങളെ വ്യാഖ്യാനിക്കുന്നതിന്റേയും ഭാഷ്യങ്ങള്‍ക്കുമേല്‍ ഭാഷ്യങ്ങളായുള്ള വ്യാഖ്യാനങ്ങളുടേയും രീതിശാസ്ത്രമായി. വാദത്തിന്റേയും അനുമാനത്തിന്റേയും ശരിയായ മാതൃകകളെ കുറിച്ചുള്ള പഠനങ്ങളുടെ രൂപമെന്ന നിലയില്‍. ബുദ്ധന്റേയും മഹാവീരന്റേയും കാലത്തുതന്നെ താത്വികസംവാദങ്ങളുടെ രീതിശാസ്ത്രം ആരംഭിച്ചിരുന്നു. ബി സി രണ്ടാം നൂറ്റാണ്ടാവുമ്പോഴേയ്ക്കും താത്വികസംവാദങ്ങളുടെ മണ്ഡലം വിമര്‍ശനങ്ങളും വിവാദങ്ങളുംകൊണ്ട് നിറഞ്ഞിരുന്നു. ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട ചോദ്യങ്ങളില്‍ ചിലത് ഇവയാണ്: ശരീരത്തില്‍നിന്ന് ഭിന്നമായ ആത്മാവ് ഉണ്ടോ? ലോകം അനശ്വരമാണോ? ജീവിതത്തിന്റെ അര്‍ത്ഥം, ലക്ഷ്യം അല്ലെങ്കില്‍ ഉദ്ദേശ്യം എന്താണ്? ഭോഗസുഖങ്ങളോടെ ജീവിക്കുന്നതാണോ അല്ലെങ്കില്‍ സര്‍വ്വം ത്യജിച്ചുള്ള ജീവിതമാണോ സ്വീകരിക്കേണ്ടത്?
ഇന്ത്യന്‍ ലോജിക്ക് എന്ന പദത്തിന് സമാന അര്‍ത്ഥം വഹിക്കുന്ന സംസ്‌കൃത പദങ്ങള്‍ ആന്വീക്ഷികി, ന്യായവിസ്താര, ന്യായദര്‍ശന, തര്‍ക്കശാസ്ത്ര, പ്രമാണശാസ്ത്ര എന്നിവയാണ്. ഈ വിഷയത്തെ ശ്രദ്ധയോടെ പരിചരിക്കുന്ന ചിന്താപദ്ധതിയാണ് ന്യായ-വൈശേഷികം. സാധുവായ ജ്ഞാനം നേടാനുള്ള രീതിശാസ്ത്രമാണ് അതില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. വൈശേഷികത്തിലെ പ്രതിപാദ്യം ഇന്‍ഡക്ടീവ് ലോജിക്കിന് സമാനമാണ്. ന്യായത്തിന് ഡിഡക്ടീവ് ലോജിക്കിനോട് സമാനതയുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ തര്‍ക്കശാസ്ത്രം ന്യായ-വൈശേഷികംതന്നെയാണെന്ന് പറയാം.
അന്വേഷണത്തിന്റെ രണ്ടു ധാരകള്‍
വേദങ്ങളില്‍ അന്വേഷണത്തിന്റെ രണ്ടു ധാരകള്‍ കാണാം. ഒന്നാമത്തേത് ഉള്‍ക്കാഴ്ചയെ പിന്‍തുടര്‍ന്നുള്ളത്. രണ്ടാമത്തേയത്, യുക്തിയുടേയും സംവാദത്തിന്റേയും രീതി. ഋഗ്വേദത്തില്‍ ഒരു മുനി ഉള്‍ക്കാഴ്ചയിലൂടെ അദ്വൈതദര്‍ശനം ചെയ്യുന്നത് നോക്കാം: 'ആനീദവാതം സ്വധയാ തദേകം' (ഋഗ്. V. X-129-2, തര്‍ക്കസംഗ്രഹം, ആമുഖം, Loc 94, Kindle books). 'പ്രാണവായുപോലുമില്ലാതെ സ്വശക്തിയാല്‍ പ്രാണരൂപത്തിലായിരുന്നു ആ ഏകതത്ത്വം.' അതേ സമയം മറ്റൊരു മുനി യുക്തി, സംവാദം, കൂട്ടായ്മ എന്നിവയെ ലക്ഷ്യംവെച്ച് ഇങ്ങനെ പറയുന്നുണ്ട്: 'സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം' 'ഒരുമിച്ചു പോകുക, സംവദിക്കുക, അങ്ങനെ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ പൊരുത്തമുണ്ടാകട്ടെ' (ഋഗ്. V- X - 191 - 2, Ibid).
ഈ രണ്ടു പ്രവണതകളും ധര്‍മ്മം, സത്യം എന്നീ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് വേദകാലത്തിലൂടനീളം സജീവമായിരുന്നു. വേദാനുഷ്ഠാനങ്ങളെ സംബന്ധിച്ച് യുക്തിവിചാരം ചെയ്ത് ജൈമിനിയുടെ പൂര്‍വ്വമീമാംസ രൂപപ്പെട്ടു. ഉള്‍ക്കാഴ്ചയും യുക്തിചിന്തയും ഇടകലര്‍ന്നുള്ള സത്യാന്വേഷണത്തിന്റെ ഫലമായി ആത്മനെ കുറിച്ചുള്ള ഉപനിഷത് ദര്‍ശനങ്ങള്‍ വികസിച്ചു. ഉള്‍ക്കാഴ്ചയുടെ മൂല്യത്തിലും കഴിവിലും ഊന്നല്‍ നല്‍കുന്ന ഈ പ്രവണത ചെന്നത്തുന്നത് ബാദരായണന്റെ വേദാന്തത്തിലാണ്. ഉപനിഷത് ചിന്തകളുടെ ഉത്പന്നമാണ് അദ്വൈതവാദം. അദ്വൈതവാദത്തോട് വിവധതരം യു്ക്തിചിന്താധാരകള്‍ പ്രതികരിച്ചതിന്റെ ഫലമായി കപിലന്റെ ദ്വന്ദവാദം, യാഥാര്‍ത്ഥ്യവാദം, കണാദന്റെ ബഹുസ്വര യുക്തിവാദമായ വൈശേഷികം, വൈശേഷികത്തിന് പരിപൂരകമായ ഗൗതമന്റെ ന്യായം, വേദവിരുദ്ധ സ്വഭാവമുള്ള ജൈനന്മാരുടെ സ്യാദ് വാദം, വിജ്ഞാനവാദം, ശൂന്യവാദം, ചാര്‍വ്വാക ഭൗതികവാദം എന്നിവ ഉയര്‍ന്നുവന്നു.
ന്യായ-വൈശേഷികത്തിന്റെ വഴി
ന്യായ-വൈശേഷികത്തിന്റെ തുടക്കം 'ആത്മാ വാരേ ദൃഷ്ടവ്യോ ശ്രോതവ്യോ മന്തവ്യോ നിദിധ്യാസിതവ്യഃ' എന്ന ഉപനിഷദ്‌ശ്ലോകത്തില്‍നിന്നായിരിക്കാം (ബ്രഹദാരണ്യകോപനിഷത്, IV-5, Ibid, Loc 113). കണ്ടോ കേട്ടോ അറിയുന്നത് അന്വേഷണത്തിന്റെ ആദ്യഘട്ടമാണ്. രണ്ടാമത്തെ ഘട്ടം യുക്തി ഉപയോഗിച്ചുള്ള മനനമാണ്. നിദിധ്യാസന, നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കല്‍ അവസാന ഘട്ടമാണ്. വേദാധികാരത്തിനു കീഴില്‍ നിന്നിരുന്ന യുക്തിചിന്താധാരകള്‍ക്കു പുറമെ, ബുദ്ധനു മുന്‍പുതന്നെ, വേദത്തിന് കീഴ്‌പ്പെടാതെയുള്ള യുക്തിവിചാരധാരകളുണ്ടായിരുന്നു. ഇവയില്‍ ചിലതായിരിക്കാം സാംഖ്യമായി രൂപപ്പെട്ടത്. വേദാനുഷ്ഠാനവാദത്തോടുള്ള എതിര്‍പ്പ് അതില്‍ കാണാം. വേദത്തിന് കീഴ്‌പ്പെടാത്ത മറ്റു ചില ദര്‍ശനങ്ങള്‍ ബുദ്ധനു മുന്‍പുള്ള തര്‍ക്കശാസ്ത്രത്തിനും വൈശേഷിക-അതിഭൗതികവാദത്തിനും പ്രത്യക്ഷാഭിജ്ഞാനത്തേയും അനുമാനത്തേയും ആധാരമാക്കിയുള്ള യുക്തിചിന്താപദ്ധതികള്‍ക്കും വഴിയൊരുക്കിയിരിക്കാം.
ക്രിസ്തുവിന് മുന്‍പ് ഏതാണ്ട് അഞ്ചാം നൂറ്റാണ്ടില്‍ വേദവിരുദ്ധമായ ബൗദ്ധികതത്വചിന്ത പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍ വേദതത്വചിന്തയും വേദമതവും നിലനില്‍പ്പിനുവേണ്ടി യുക്തിചിന്തയോട് ആനുകൂല്യം പ്രകടിപ്പിക്കാന്‍ തുടങ്ങിയിരുന്നു. അതായത്, അവൈദികചിന്തകളുടെ വികാസത്തിനു മുന്നില്‍ ചെറുത്തുനില്‍ക്കാനും പ്രതിരോധിക്കാനും വൈദികചിന്ത സംഘടിക്കാന്‍ തുടങ്ങിയിരുന്നു. ഈ സമയത്താണ് വേദവ്യാഖാനത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ന്യായവും, തര്‍ക്കവും അതിഭൗതികതയും സ്വന്തമായുള്ള ആദ്യകാല വേദവിരുദ്ധ വൈശേഷികവും താത്വിക സഹോദരികളെന്നപോലെ ഒരുമിച്ചത്. വിശേഷമായ ഉദാഹരണങ്ങളില്‍നിന്ന് സാമാന്യമായ നിയമങ്ങള്‍ അനുമാനിക്കുന്ന നിരീക്ഷണവും അപഗ്രഥനവുമാണ് വൈശേഷികത്തില്‍. ഈ അനുമാനങ്ങളെ യുക്തിചിന്തയുടെ തത്വങ്ങള്‍ വഴി വിശദീകരിക്കുകയും തര്‍ക്കരൂപം കല്‍പ്പിക്കുന്നതുമാണ് ന്യായത്തിന്റെ പങ്ക്.
ഈ രണ്ടു പദ്ധതികളുടേയും തത്വങ്ങള്‍ ക്രമീകരിച്ച് ക്രി.മു. നാലാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ന്യായസൂത്രങ്ങള്‍, വൈശേഷിക സൂത്രങ്ങള്‍ എന്നിങ്ങനെ സാമഹരിക്കപ്പെട്ടിരുന്നു. ന്യായസൂത്രങ്ങളുടെ ഉപജ്ഞാതാവ് ഗൗതമ. വൈശേഷിക സൂത്രങ്ങളുടെ ഉപജ്ഞാതാവ് കണാദ. അക്ഷപാദഃ (വ്യക്തിപരമായ പേര്) എന്ന പേരിലും ഗൗതമ (ഗോത്രപ്പേര്) അറിയപ്പെട്ടിരുന്നു. ഉലൂകഃ, കാശ്യപഃ എന്നീ പേരിലും കണാദ അറിയപ്പെട്ടിരുന്നു. കണാദ, ഉലൂക എന്നിവ വ്യക്തിപരമായ പേര്. കാശ്യപഃ ഗോത്രപ്പേര്.
വിശ്വാസയോഗ്യമായ ശബ്ദപ്രമാണത്തിലൂടെയോ പ്രത്യക്ഷാഭിജ്ഞാനത്തിലൂടെയോ നിരീക്ഷണം വഴിയോ ലഭിച്ച അറിവിന്റെ സാധുതയെ പരിശോധിക്കുന്ന ക്രമപ്രകാരമുള്ള യുക്തിവിചാരമോ അന്വേഷണമോ കേന്ദ്രപ്രമേയമാകുന്ന തത്വചിന്താപദ്ധതിയാണ് ഇന്ത്യന്‍ തര്‍ക്കശാസ്ത്രം. അതായത് ആധികാരികമായ സ്രോതസ്സില്‍നിന്ന് പറഞ്ഞുകേട്ട കാര്യങ്ങള്‍, നിരീക്ഷിച്ചത്, അനുഭവത്തിലൂടെ ഗ്രഹിച്ചത്, എന്നിവ അറിവാണ്. ആ അറിവിന്റെ സാധുതയെ പരിശോധിക്കുന്ന ക്രമപ്രകാരമുള്ള യുക്തിവിചാരം അല്ലെങ്കില്‍ അന്വേഷണം പ്രധാനവിഷയമാകുന്ന തത്വചിന്താപദ്ധതിയാണ് ഇന്ത്യന്‍ ലോജിക്. ചര്‍ച്ചകള്‍ വേണ്ടരീതിയില്‍ നടത്താന്‍ എടുക്കേണ്ട നടപടിക്രമങ്ങള്‍, നല്ല വാദത്തിന്റെ സ്വഭാവം, പ്രത്യക്ഷാഭിജ്ഞാനത്തിന്റെ അപഗ്രഥനം, അനുമാനം, തെളിവ് തുടങ്ങിയ വിഷയങ്ങളാണ് ന്യായസൂത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നത്.
നിരൂപണാത്മകമായ അന്വേഷണം
ഏതാണ്ട് എ ഡി 400 ല്‍, വാത്സ്യായന പക്ഷിലസ്വാമിന്‍ അദ്ദേഹം രചിച്ച ന്യായസൂത്രം ഭാഷ്യത്തിന്റെ തുടക്കത്തില്‍ ന്യായത്തിന്റെ സവിശേഷ സ്വഭാവത്തെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അറിയാനുള്ള മാര്‍ഗ്ഗങ്ങളിലൂടെ (പ്രമാണ) പദാര്‍ത്ഥങ്ങളെ പരിശോധിക്കലാണ് ന്യായം. നിരീക്ഷണത്തിന്റേയും ആധികാരികതയുടേയും ബലത്തിലുള്ള അനുമാനത്തിലൂടെയാണ് അറിവിന്റെ സാധുതയെ തീരുമാനിക്കുന്നത്. നിരൂപണാത്മകമായ ഈ അന്വേഷണമാണ്, ആന്വീക്ഷികിയാണ്, ന്യായശാസ്ത്രം. നിരീക്ഷണത്തിനും ആധികാരികതയ്ക്കും വിരുദ്ധമായ അനുമാനത്തെ കപടന്യായമായാണ് ഗണിക്കുന്നത്.
ആന്വീക്ഷികി ഒരു വെറും തര്‍ക്കവിദ്യമാത്രമാണെങ്കില്‍ ഏത് ലക്ഷ്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെട്ടേയ്ക്കാം. ആത്മാവിന്റെ ഉന്നമനത്തിനു വേണ്ടി ഉപകരണാത്മകമായി അതിനെ ഉപയോഗിച്ചെന്നുവരാം. എന്നാല്‍ ന്യായം ആന്വീക്ഷികിയെ കാണുന്നത് തര്‍ക്കസംഗതമായ മാര്‍ഗ്ഗമായി മാത്രമല്ല തര്‍ക്കസംഗതമായ ലക്ഷ്യമായുമായാണ്.
(മുകുന്ദനുണ്ണി, തത്വവിചാരം പംക്തി 4, കേരളീയം, മെയ് 2019, പുസ്തകം 20, ലക്കം 5, പേജ് 14-15)

Comments