Skip to main content

സിംഫണിയിലെ മാറ്റിയെഴുത്തുകള്‍

കംപോസര്‍ എഴുതിവെച്ച സ്വരങ്ങള്‍, സോളോയ്ക്കും ഓര്‍ക്കസ്ട്രയ്ക്കും വേണ്ടി, അതേപടി തെറ്റുകൂടാതെ അവതരിപ്പിക്കലാണോ ഒരു ക്ലാസിക്കല്‍ കോണ്‍സര്‍ട്ട്?   സാമാന്യധാരണ അതാണ്.  യാഥാര്‍ത്ഥ്യം അതാണെങ്കില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രചനകള്‍ ഇന്നും പുതിയ ആവിഷ്‌കാരങ്ങളെന്നപോലെ എന്തുകൊണ്ട് സ്വീകരിക്കപ്പെടുന്നു?  നാനാത്വത്തിലേയ്ക്ക് നയിക്കുന്ന കലയുടെ ഇടനാഴികളിലൂടെ അവസാനിക്കാത്ത പുതുമകള്‍ കടന്നുവരുന്നതുകൊണ്ടായിരിക്കാം രചനകള്‍ പഴകാത്തത്.             

ജാപ്പനീസ് നോവലിസ്റ്റായ ഹരൂകി മുരാകാമിയും സംഗീതജ്ഞനായ സെയ്ജി ഒസാവയും അബ്‌സൊല്യൂട്ടിലി ഓണ്‍ മ്യൂസിക് എന്ന പുസ്തകത്തില്‍ പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതാവതരണത്തിലെ സവിശേഷതകളെ അന്വേഷിച്ചുകൊണ്ടാണ് സംസാരിച്ചുതുടങ്ങുന്നത്.  ബീഥോവന്റെ സി മൈനറിലെ പിയാനോ കണ്‍സെര്‍ട്ടോ (ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെയുള്ള പിയാനോ സോളോ) നമ്പര്‍ 3 കേട്ടുകൊണ്ടാണ് സംഭാഷണം.  ഒരേ രചന പല കാലങ്ങളില്‍ വിവിധ സംഗീതജ്ഞര്‍ അവതരിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രത്യേകതകള്‍ ശ്രദ്ധിച്ചു മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ.   

ഓസ്ട്രിയന്‍ കണ്ടക്ടറായ കരായനും (Heriber von Karajan) കനേഡിയന്‍ പിയാനിസ്റ്റായ ഗ്ലെന്‍ ഗൂള്‍ഡും (Glenn Gould) ചേര്‍ന്ന് 1957 ല്‍ ഈ രചന അവതരിപ്പിച്ചതിന്റെ ലൈവ് റിക്കോഡിങ്ങാണ് ആദ്യം കേള്‍ക്കുന്നത്.   ആദ്യത്തെ മൂന്നര മിനിറ്റ് ബീഥോവനില്‍നിന്ന് അല്‍പ്പംപോലും മാറുന്നില്ലെങ്കിലും യുവാവായ ഗൂള്‍ഡ് പിയാനോ വായിക്കാന്‍ തുടങ്ങുന്നതോടെ മുറുകി നിന്ന സംഗീതം അല്‍പ്പം അയയുന്നു.  ഗൂള്‍ഡിന്റെ സോളോ ക്രമേണ സ്വന്തം സംഗീതം ഉണ്ടാക്കാനെന്നപോലെ വേറിടുന്നു.  സോളോ തികച്ചും സ്വതന്ത്രമായി.  പക്ഷെ കരായന്‍, വേറിട്ടൊഴുകുന്ന പിയാനോയുടെ വശ്യതയ്ക്ക് ഒരു വിധത്തിലും വഴങ്ങാതെ, സുന്ദരമായ സിംഫണി കണ്ടക്ട് ചെയ്തുകൊണ്ടിരിക്കുന്നു.     

 'എങ്ങിനെയാണോ വേണ്ടത് അങ്ങനെ ഞാന്‍ എന്റെ സംഗീതം ചെയ്യും. ബാക്കി ഭാഗം നിങ്ങള്‍ക്കു തോന്നുന്നതുപോലെ ചെയ്യാം,' എന്നു കരായന്‍ കണ്ടക്ടിങ്ങിലൂടെ പറുയന്നതുപോലെ തോന്നും, മുരാകാമി പറഞ്ഞു.  ഒരുഭാഗത്ത് ബീഥോവന്റെ ലോകത്തില്‍ അടിയുറപ്പിച്ച് സംഫണിയെ നേരെ കുത്തനെ കെട്ടിപ്പടുക്കുകയാണ് കരായന്‍.  മറുഭാഗത്ത് ഒരുമിച്ചുള്ള പോക്ക് ഉപേക്ഷിച്ച ഗൂള്‍ഡ് മുഴുവന്‍ സമയവും ചക്രവാളത്തിലേയ്ക്ക് നോട്ടമയച്ച് സോളോയുടെ ഒറ്റയടിപ്പാതയിലൂടെ പോകുകയാണ്.  ഒരേ സംഗീതത്തില്‍തന്നെ 'കരായന്‍ ലോക'വും 'ഗൂള്‍ഡ് ലോക'വും വേറിട്ടു നില്‍ക്കുകയാണെങ്കിലും ആകമാനം നോക്കുമ്പോള്‍ അത് സംഗീതരചനയെ അത്യധികം ശോഭനമാക്കുകയായിരുന്നു (Haruki Murakami, Absolutely on Music, Vintage, 2106, pp 12- 13). 

രണ്ടാമതായി അവര്‍ കേള്‍ക്കുന്നത് അമേരിക്കന്‍ കണ്ടക്ടറും കംപോസറുമായ ലെനാഡ് ബേണ്‍സ്റ്റീനും (Leonard Bernstein)  ഗൂള്‍ഡും ചേര്‍ന്ന് ഇതേ രചന അവതരിപ്പിക്കുന്നതാണ്.  കരായനില്‍നിന്ന് വ്യത്യസ്തമായിരുന്നു ബേണ്‍സ്റ്റീനിന്റെ കണ്ടക്ടിങ്.  സ്വാതന്ത്ര്യപ്രിയനായ ഗൂള്‍ഡിന്റെ പിയാനോ സോളോയെ കൂടെകൂട്ടുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സംവിധാന കല.  കൂട്ടുവാദ്യങ്ങളുടെ ചില ഭാഗങ്ങളെ മറികടന്നുകൊണ്ടാണ് ബേണ്‍സ്റ്റീന്‍ അത് സാധിച്ചെടുക്കുന്നത്.  ചലി വിശദാംശങ്ങളെ വിട്ടുകളയുന്നത് രചനയുടെ ദിശയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ്.  രചനയിലെ കനത്ത രേഖകളെ പിന്‍തുടരുന്നതിലൂടെയാണ് ഈ വഴക്കം സഫലീകരിക്കുന്നത്.  കൗണ്ടര്‍പോയന്റ്, വ്യത്യസ്ത സ്വരസ്ഥാനങ്ങളില്‍നിന്ന് ഉതിര്‍ക്കുന്ന സംവാദാത്മകമായ ഈണങ്ങള്‍, വായിക്കുന്നതുപോലെയാണ് ബേണ്‍സ്റ്റീന്‍ ഓര്‍ക്കസ്ട്രയെ സോളോയോട് ചേര്‍ത്തുകൊണ്ടുപോകുന്നത്.    

രണ്ടാമത്തെ മൂവ്‌മെന്റ്, രചനയുടെ സ്വയംസമ്പൂര്‍ണ്ണമായ ഭാഗം, വളരെ പതിഞ്ഞ കാലത്തിലാണ്.  ഇവിടെ ബേണ്‍സ്റ്റീന്‍ ബുദ്ധിമുട്ടുന്നതായി മുരാകാമിയ്ക്ക് തോന്നി.  വേഗത ഇഴയുകയായിരുന്നു.  ഏതു സംഗീതത്തിലായാലും പതിഞ്ഞ കാലം അത്തരം ഒരു പ്രതീതിയെ ഉണ്ടാക്കാം.  വേഗമാര്‍ന്ന സംഗീതം സുഗമമായി പ്രവഹിക്കുന്നതായും തോന്നാം.  പക്ഷെ ദ്രുതഗതിയില്‍ വിശദാംശങ്ങള്‍ പാടാന്‍ ഇടം തികയാതെവരും.  പതിഞ്ഞ കാലത്തിലാണ് പാട്ടുകാര്‍ കൂടുതല്‍ സ്വതന്ത്രരും ഏകാന്തരുമാകുക.  താളം താമസിക്കുമ്പോള്‍ പാടി നിറയ്ക്കാനുള്ള ഉത്തരവാദിത്തം വന്നുചേരുന്നു. വലിഞ്ഞുവിടര്‍ന്ന് വിസ്തൃതമായ താളത്തിന്റെ മാത്രകള്‍ക്കുള്ളില്‍ സ്വരസമൂച്ചയങ്ങള്‍ തീര്‍ക്കാന്‍ ഗാഢമായ ശ്രദ്ധ വേണം.  ഒസാവ പറയുന്നതുപോലെ അതിന് തികഞ്ഞ ആത്മവിശ്വാസംതന്നെ വേണം.   

ഈ അവതരണത്തില്‍ ഗൂള്‍ഡ് ചിലയിടത്ത് താളാത്മകമായി നിര്‍ത്തുന്നത് മുരാകാമി ശ്രദ്ധിച്ചു.  താളാത്മകമായ കാലിയിടങ്ങളുടെ പ്രയോഗം ഏഷ്യന്‍ സംഗീതത്തിലുണ്ട്.  ജാപ്പാനീസ് ഭാഷയില്‍ അതിനെ 'മാ' എന്നാണ് പറയുക.  കാലിയിടം ശൂന്യമാണ്, നിശ്ശബ്ദമാണ്.  മറ്റൊരു നോട്ടത്തില്‍ അത് സ്വരങ്ങളുടെ വ്യത്യസ്തമായ ക്രീമീകരണത്തിനുവേണ്ടിയുള്ള ഇടമൊരുക്കലുമാണ്.    

കംപോസ് ചെയ്തത് അതേപടി അവതരിപ്പിക്കുന്ന സമ്പ്രദായം മാറിത്തുടങ്ങിയത് 1960 ലാണെന്ന് മുരാകാമി പറയുന്നു.  ബീഥോവസംഗീതത്തിന്റെ പ്രതിഛായ പ്രകടമായി മാറിയത് ഗൂള്‍ഡിലാണ്.  ഈ മാറ്റം പിന്നീട് ഒരു പുതിയ ശൈലിയായി.  ബലത്തോടെയുള്ള, യാഥാസ്ഥിതികമായ, വാദനരീതിയുടെ ശബ്ദം പുതിയ ശൈലിയില്‍ നേരിയതായി.  സിംഫണിയ്ക്കകത്തുതന്നെയുള്ള ആന്തരശബ്ദങ്ങളെ കേള്‍ക്കുമാറാക്കിക്കൊണ്ട്.  ഫലത്തില്‍ ഓര്‍ക്കസ്ട്രയിലെ ഓരോ വിഭാഗവും പ്രത്യേകം കേള്‍ക്കുമാറായി (അതേ പുസ്തകം, പുറങ്ങള്‍: 42-43).  മൊത്തത്തില്‍ ഒറ്റ ശബ്ദമായായിരുന്നു പഴയ കാലത്ത് ഓര്‍ക്കസ്ട്ര സങ്കല്‍പ്പിക്കപ്പെട്ടിരുന്നത്.  മാറിയ ശൈലിയില്‍ ഓരോ ശബ്ദവും ബഹുസ്വരാസ്തിത്വം ആര്‍ജിക്കുന്നു.  പ്രത്യേക ശ്രദ്ധ നല്‍കി ഓര്‍ക്കസ്ട്രയെ പരിശീലിപ്പിച്ചാലേ അത് സാധ്യമാവൂ.  ഓര്‍ക്കസ്ട്രയെ പരിശീലിപ്പിക്കല്‍ തങ്ങളുടെ ജോലിയല്ല എന്ന പക്ഷക്കാരായിരുന്നു പഴയ കണ്ടക്ടര്‍മാര്‍.   

അടുത്തതായി മുരാകാമിയും ഒസാവയും കേള്‍ക്കുന്നത് റുഡോള്‍ഫ് സെര്‍ക്കിനും ഒസാവയും ചേര്‍ന്ന് 1982 ല്‍ അവതരിപ്പിച്ച ഇതേ രചനയുടെ റിക്കോഡിങ്ങാണ്.  സെര്‍ക്കിന് അന്ന് വയസ്സ് എഴുപത്തിയൊന്ന്.  അദ്ദേഹത്തിന് ഇഷ്ടംപോലെ, വിശ്രാന്തിയോടെ, പിയാനോ വായിക്കാനായി ഒസാവ ഓര്‍ക്കസ്ട്രയെ സജ്ജമാക്കിയിരുന്നു.  'അപായത്തോടു പ്രണയബദ്ധമായതുപോലെയാണ് സെര്‍കിന്‍ പിയാനോ വായിക്കുന്നത്,' ഒസാവ പറഞ്ഞു.  വാര്‍ദ്ധക്യത്തിലാണ് സംഗീതത്തിന്റെ രുചി പാകം വരുക.  ബഡേ ഗുലാം അലിഖാനും ശെമ്മങ്കുടിയുമൊക്കെ പാടുമ്പോള്‍ അനുഭവപ്പെടുന്ന അനായാസത അവര്‍ക്ക് വാര്‍ദ്ധക്യത്തില്‍ വന്നു ചേര്‍ന്നതാവാം.  ഇതേ ആശയത്തെയാണ് സെര്‍ക്കിന്‍ പിയാനോയില്‍ ചെയ്യുന്നതിനെ കുറിച്ച് ഒസാവ സൂചിപ്പിച്ചതും.  എഴുപത്തൊന്നാം വയസ്സില്‍ സെര്‍ക്കിനിന്റെ വിരലുകളില്‍ ബീഥോവന്റെ സംഗീതം ചിറകില്ലാതെ പറക്കുമ്പോള്‍ അതിനെ അപായത്തോടുള്ള പ്രണയമായല്ലാതെ, കാവ്യാത്മകമായി, ഒസാവയ്ക്ക് പറയാനായില്ല.        

പാശ്ചാത്യ ക്ലാസ്സിക്കല്‍ സംഗീതത്തില്‍ കണ്ടക്ടറുടെ ജോലി, ഒസാവ പറയുന്നു, ഓര്‍ക്കസ്ട്രയെ ഒരുമിച്ച് ശ്വസിപ്പിക്കലാണ്.  വേദിയില്‍ കുറേ പേരുണ്ടാകും.  വിവിധ തരം ഉപകരണവാദ്യങ്ങള്‍ വായിക്കുന്നവര്‍.  എല്ലാവര്‍ക്കും പിയാനോ വ്യക്തമായി കേള്‍ക്കാനിടയില്ല.  ചിലര്‍ കുറച്ച് ദൂരെയാകാം. കണ്ടക്ടര്‍ മുഖഭാവംകൊണ്ടും കൈയാംഗ്യങ്ങള്‍കൊണ്ടും അവരെ ഒരുമിപ്പിക്കണം.  സംഗീതം ദീര്‍ഘമായി ശ്വസിക്കണോ ഹ്രസ്വമായി ശ്വസിക്കണോ എന്ന് കണ്ടക്ടര്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്കിക്കൊണ്ടിരിക്കും.  അത് ഫലപ്രദമായാല്‍ ഓര്‍ക്കസ്ട്ര ഒരു സംഘം സംഗീതജ്ഞര്‍ ഒരുമയോടെ ശ്വസിക്കുന്ന സംഗീതമാകും.  രമ്യതയാര്‍ന്ന സിംഫണി സംഗീതത്തിന്റെ സ്വച്ഛന്ദമായ ശ്വസനമാണ്.   

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 31 മാര്‍ച്ച് 2019)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...