'നീ ഇന്ത്യന്‍ എക്‌സപ്രസ്സിലെഴുതുന്ന ലേഖനങ്ങളൊന്നും അത്ര ആഴമുള്ളതൊന്നുമല്ലല്ലോ.' പല തവണ കണ്ടുപരിചയം മാത്രമുള്ള ഒരു കാലത്ത് രണ്ടുപേരും മാത്രമായി ചിലവിടാന്‍ പോകുന്ന ഒരു സന്ദര്‍ഭത്തിന് നാരായണന്‍ താക്കോല്‍ കൊടുത്തത് ഇങ്ങനെയായിരുന്നു. എന്റെ അഹങ്കാരത്തെ ചൊടിപ്പിക്കാതെ എങ്ങിനെ ഇത്രയം പരുക്കനായി വിമര്‍ശിക്കാനായി എന്നത് ഇപ്പോഴും അത്ഭുതമായി അവശേഷിക്കുന്നു. 'അറിയുംതോറും അറിയില്ല എന്ന് ബോധ്യമാവുന്നതുകൊണ്ട് അറിയുന്ന കാര്യത്തെ കുറിച്ച് ഇതുവരെ എഴുതിയിട്ടില്ല.' എന്റെ ഈ മറുപടി നാരായണന് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ തമ്മിലും ഇഷ്ടപ്പെട്ടു. പിന്നീട് വാഗ്വാദം തുടങ്ങി. കണ്ടുമുട്ടലുകളിലെ മുഖാമുഖങ്ങളില്‍ വാഗ്വദം തുടര്‍ന്നു.
കോഴിക്കോട് എന്റെ പഴകി ദ്രവിച്ച് വീട്ടില്‍ ഒരു ഗുഹയുടെ ഇരുട്ടും തണുപ്പുമായിരുന്നു. നാരായണനും ജഗദയും അവിടെ വന്നു താമസിച്ചു. കാലഗതിയില്‍നിന്ന് വിട്ടുമാറി ആ ഇരുട്ടിലും തണുപ്പിലും സംഗീതത്തിലും വാഗ്വാദത്തിലും ലഹരിയിലും ഞങ്ങള്‍ സ്വത്വഭേദമില്ലാതെ രസിച്ചു. തിരിച്ചുപോകുമ്പോള്‍ ഞാന്‍ പറഞ്ഞു, 'നിങ്ങളുടെ ഹൃദയങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി എടുത്ത് തന്നു പോയ്‌ക്കോളൂ.' നാരായണന്‍ തമാശയിലെ കാല്പനികതയെ പുഛിച്ചു. ജഗദയ്ക്ക് തമാശ ഇഷ്ടമായി.
ആരോ ബേബി ആശുപത്രിയില്‍ കിടക്കുന്നത് പ്രമാണിച്ച് കുറേ പേരോടൊപ്പം നാരായണന്‍ വീണ്ടും കോഴിക്കോടെത്തി. കുറേ പേരോടൊപ്പം ഗായത്രി ബാറിലും. താമസിയാതെ കുറേ പേര്‍ പോയി. ഞങ്ങള്‍ ഗായത്രി അടപ്പിച്ച് എന്റെ ഗുഹയിലേയ്ക്കും. വീണ്ടും രാവിലെ ബാറിലേയ്ക്ക്, വീണ്ടും വീട്ടിലേയ്ക്ക്, വീണ്ടും ബാറിലേയ്ക്ക്... ദിവസങ്ങളോളം. ആ കാലത്ത് ബാറുകളില്‍ 1960 കളിലെ ഫ്രാന്‍സിന്റെ അന്തരീക്ഷമായിരുന്നു. മദ്യപാനം ഒരു സര്‍റിയല്‍ കലയാണെന്നും തോന്നുമായിരുന്നു. നാരായണന്‍ അപകടകരമാംവിധം സ്വതന്ത്രനായിരുന്നു. താത്വിക തര്‍ക്കങ്ങളിലേയ്ക്കും സംഗീതത്തിന്റെ അകങ്ങളിലേയ്ക്കും ലഹരിയിലൂടെ കൂപ്പു കുത്തി. അന്ന് മദ്യപിച്ച് വാഹനമോടിച്ചാല്‍ പോലീസി പിടിക്കില്ലായിരുന്നു. ഇരുചക്ര വാഹനത്തില്‍ ഞങ്ങള്‍ എവിടെയൊക്കെയോ പോയി. നാരായണന്‍ ഇടയ്ക്കിടയ്ക്ക് രണ്ടു ചക്രങ്ങളുടെ സമനിലയെ കുറിച്ച് ആലോചിച്ച് അത്ഭുതപ്പെട്ടു. സയന്‍സ്, തര്‍ക്കം, സത്യം, എന്നിവയെ സംബന്ധിക്കുന്ന താത്വികാന്വേഷണം മൂന്നു ദിവസത്തിലധികം നീണ്ടു നിന്നു. രണ്ടുപേര്‍ മാത്രം പങ്കെടുത്ത ഒരു തത്വചിന്താ വര്‍ക്ക്‌ഷോപ്പുപോലെ. നാലാം ദിവസം ആളുകളുടെ എണ്ണം കൂടി. നാരായണന് അവര്‍ പറയുന്ന മന്ത്രിസഭാ ചര്‍ച്ചകളൊന്നും ഇഷ്ടമായില്ല. തെറ്റിപ്പിരിഞ്ഞ് ബസ്സില്‍ കയറി തിരിഞ്ഞു നോക്കാതെ പോയി.
ഗോവിന്ദരാജിന്റെ വീട്ടില്‍ താമസിക്കുന്ന എല്ലാ രാത്രികളിലും നാരായണന്‍ എന്നെ നിര്‍ബന്ധിച്ച് തോഡി രാഗം പാടിപ്പിച്ചിരുന്നു. സംഗീതത്തിന്റെ ഏറ്റവും അമൂര്‍ത്തമായ ഭാഗം, രാഗവിസ്താരം, മാത്രം കേട്ടാല്‍ മതി നാരായണന്. പാട്ടു കഴിഞ്ഞാല്‍ ഗോവിന്ദരാജ് ചിരിക്കും, ജഗദ കൈയ്യടിക്കും, ഇന്ദിര സന്തോഷിക്കും, കുട്ടന്‍ പലതും സ്വകാര്യമായി മനസ്സിലാക്കും, നാരായണന്‍ മുഖത്തുനോക്കി ആലോചിക്കും... നോക്കിത്തീരുന്നതിനു മുന്‍പ് പ്രഭാഷണം തുടങ്ങും. ഓരോ തവണത്തേയും ആലാപനത്തിലെ ഈണവ്യത്യസങ്ങളെ തിരിച്ചറിഞ്ഞ് എന്റെ രാഗാന്വേഷണത്തിലുള്ള പുരോഗതിയെ ചൂണ്ടിക്കാട്ടും. നാരായണന്റെ ആസ്വാദനതലത്തിലുള്ള ആ നോട്ടത്തിനും പ്രഭാഷണത്തിനും ഒരിക്കല്‍ ഞാന്‍ മനസ്സില്‍ അടിക്കുറിപ്പു നല്‍കിയിരുന്നു: 'നാരായണന്റെ ഈണവിശ്ലേഷണം'. ജ്ഞാനം ക്രമേണയുള്ള കൂട്ടിവെയ്പ്പിന്റെ പരണിതഫലമാണെന്ന തന്റെ സിദ്ധാന്തത്തെ നാരായണന്‍ ഒരിക്കല്‍ കൂടി സ്ഥാപിക്കുകയും ചെയ്യും.
നാരായണന്‍ നിലച്ചു എന്നു കേട്ടപ്പോള്‍ നാരായണനുണ്ടായ ജീവിതനഷ്ടത്തെ കുറിച്ച് ആലോചിച്ച് ഞാന്‍ ജീവിച്ചിരിക്കുന്നതിന്റെ കുറ്റബോധത്തോടെ ദുഃഖിച്ചു. പക്ഷെ സ്വന്തം ജീവതം നഷ്ടമായത് അദ്ദേഹം തിരിച്ചറിഞ്ഞിട്ടില്ല. ഉണ്ടായിരുന്ന നാരായണന്‍ നഷ്ടബോധമില്ലാത്തവനായിരുന്നു. ആ നാരായണന്‍ മരണത്തിന്റെ ഉമ്മറപ്പടിവരയെ പോയുള്ളു. ആ ഉമ്മറപ്പടിക്കപ്പുറത്തേയക്ക് മരണം ആരുമില്ലാതെ ഓടുന്ന തീവണ്ടിപോലെ പോകുയായിരുന്നു. ആ വണ്ടി ശൂന്യമായിരുന്നു. സ്‌നേഹാദരപൂര്‍ണ്ണമായ ഓര്‍മ്മയായി നാരായണന്‍ കുറേകാലം കൂടി നമ്മുടെ ബോധത്തിന്റെ ജാഗരിത മണ്ഡലത്തില്‍ സജീവമായിരിക്കും.
മുകുന്ദനുണ്ണി
മുകുന്ദനുണ്ണി. 'മരണത്തിന്റെ ഉമ്മറപ്പടി വരെ.' എസ് നാരായണന്‍ - ജീവിതത്തിന്റെ ഓര്‍മ്മകള്‍ ഓര്‍മ്മകളിലെ ജീവിതം. എഡിറ്റര്‍: പ്രതാപന്‍. പ്രസാധനം: പ്രേംനാഥ്, സുഹൃത്സംഘം, കണ്ണൂര്‍. ഓഗസ്ത് 2017. പുറം 66.
Comments