Skip to main content

സംഗീതസാന്ദ്രം

മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടെ ഉന്നത പുരസ്‌കാരം ലഭിക്കുക എന്നത്‌ മലയാളിയെ സംബന്ധിച്ച്‌ ഒരു വലിയ അംഗീകാരമാണ്‌. കേരളത്തിലെ പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞനും ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ ശിഷ്യനുമായ പാലാ സി. കെ. രാമചന്ദ്രനാണ്‌ ഈ വര്‍ഷത്തെ, 2008 ലെ, ടി ടി കെ പുരസ്‌കാരത്തിന്‌ അര്‍ഹനായിരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ ലഭിച്ച പുരസ്‌കാരംകൂടിയാണ്‌. കാരണം ആദ്യമായാണ്‌ മദ്രാസിലേയ്‌ക്ക്‌ ചേക്കേറിയ മലയാളീ സംഗീതജ്ഞരില്‍ നിന്ന്‌ വ്യത്യസ്‌തമായി കേരളത്തില്‍ നിന്നുകൊണ്ടുതന്നെ സംഗീതജീവിതം നയിക്കുന്ന ഒരു കലാകാരന്‌ ടി ടി കെ പുരസ്‌കാരം ലഭിക്കുന്നത്‌.

കര്‍ണ്ണാടക സംഗീതത്തിന്റെ ശാസ്‌ത്രവും പ്രയോഗവും ശ്രദ്ധയോടെ കാത്തുസൂക്ഷിക്കുന്ന, ഇന്ത്യയിലെ എറ്റവും ആദരിക്കപ്പെടുന്ന, ഒരു സ്ഥാപനമാണ്‌ മദ്രാസ്‌ മ്യൂസിക്ക്‌ അക്കാദമി. ഓരോ സംപ്രദായത്തിലുമുള്ള മികവുറ്റ കലാകാരന്മാരെ തിരഞ്ഞുപിടിച്ച്‌ ആദരിക്കുന്ന പുരസ്‌കാരങ്ങളാണ്‌ സംഗീത കലാനിധിയും സംഗീത കലാ ആചാര്യയും ടി ടി കെ അവാര്‍ഡ്‌ ഓഫ്‌ എക്‌സലന്‍സും. സംഗീതത്തിന്‌ അല്ലെങ്കില്‍ നൃത്തത്തിന്‌ നല്‍കിയ സംഭവാനകളെ കണക്കിലെടുത്താണ്‌ ഈ പുരസ്‌കാരങ്ങള്‍ നിശ്ചയിക്കുക.

ഇന്ത്യയുടെ മുന്‍കാല ധനമന്ത്രിയും വ്യാപാരിയും നല്ല സംഗീതാസ്വദകനും കര്‍ണ്ണാടക സംഗീതത്തെ വളര്‍ത്താന്‍ വളരെ അധികം ഉത്സാഹിക്കുകയും ചെയ്‌ത മ്യൂസിക്ക്‌ അക്കാദമി മുന്‍പ്രസിഡന്റ്‌ ടി ടി കൃഷ്‌ണമാചാരിയുടെ പേരിലുള്ളതാണ്‌ ടി ടി കെ പുരസ്‌കാരം. കര്‍ണ്ണാടക സംഗീതജ്ഞര്‍ക്ക്‌ നല്ല നിലയും വിലയും ഉണ്ടാക്കിക്കോടുത്തത്‌ ടി ടി കെ യാത്രെ. 1964 ലാണ്‌ തന്റെ ഗുരു ശെമ്മങ്കുടി സ്വാമിയോടൊപ്പം പാലാ സി കെ രാമചന്ദ്രന്‍ ടി ടി കെയുടെ വസതിയില്‍ കച്ചേരി അവതരിപ്പിക്കുന്നത്‌. "അന്നൊന്നും ഒരിക്കലും കരുതിയതല്ല അദ്ദേഹത്തെിന്റെ പേരിലുള്ള ഒരു പുരസ്‌കാരം ലഭിക്കുമെന്ന്‌," ടി ടി കെയെ ഓര്‍ത്തുകൊണ്ട്‌ പാലാ സി കെ പറഞ്ഞു.

കുറേ ഏറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള മലയാളീ കര്‍ണ്ണാടക സംഗീതജ്ഞനാണ്‌ പാലാ സി കെ രാമചന്ദ്രന്‍. 1996 ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡ്‌, മദ്രാസ്‌ മ്യൂസിക്‌ അക്കാദമിയുടേയും ഇന്ത്യന്‍ ഫൈനാര്‍ട്ട്‌സ്‌ സൊസൈറ്റിയുടേയും പുരസ്‌കാരങ്ങള്‍ (ഉദാഹരണം, എം ഡി രാമനാഥന്‍ അവാര്‍ഡ്‌), , ഒളപ്പമണ്ണ ട്രസ്റ്റിന്റെ "ദേവി പ്രസാദം" പുരസ്‌കാരം, മധുരയില്‍ന്ന്‌ "മധുരഗാനസുധ," തിരുവന്തപുരത്തുനിന്ന്‌ സംഗീത രത്‌ന, തുടങ്ങിയവ. 2002ലാണ്‌ പാലാ സി കെ ആദ്യമായി അമേരിക്കയില്‍ പോകുന്നത്‌. അഷ്‌ഠമിരോഹിണയ്‌ക്ക്‌ കാലിഫോര്‍ണിയയിലെ മാലിബൂ ക്ഷേത്രത്തില്‍ പാടിയപ്പോള്‍ സംഘാടകര്‍ അദ്ദേഹത്തെ ആ ക്ഷേത്രത്തിലെ ആസ്ഥാന ഗായകനായി അവരോധിച്ചു. ഈ സ്ഥാനം ആകെ രണ്ട്‌ ഇന്ത്യക്കാര്‍ക്കാണ്‌ ലഭിച്ചിട്ടുള്ളത്‌. ആദ്യം ലഭിച്ചത്‌ പ്രശസ്‌ത വയലിന്‍ വിദ്വാനായ ടി എന്‍ കൃഷ്‌ണന്‌. ഇപ്പോള്‍ രണ്ടാമത്‌ പാലാ സി കെ യ്‌ക്ക്‌്‌.

പാലായിലെ ഇടമറ്റം ഗ്രാമത്തിലാണ്‌ രാമചന്ദ്രന്റെ ജനനം. എട്ടാം വയസ്സിലാണ്‌ സംഗീതം പഠിക്കാന്‍ തുടങ്ങുന്നത്‌ കുമരകം ഭാസ്‌കരന്‍ മേനോന്റെ കീഴില്‍. നന്നായി പാടുകയും വീണവായിക്കുകയും ഫ്‌ളൂട്ട്‌ വായിക്കുകയും ചെയ്യുന്ന ഭാസ്‌കരമേനോന്‍ ശെമ്മങ്കുടിയുടെ ശിഷ്യനാണ്‌. പത്താംതരം പാസാകുന്നതുവരെ ഇദ്ദേഹത്തിന്റെ കീഴില്‍തന്നെ സംഗീതം അഭ്യസിച്ചു. അപ്പോഴേക്കും പാലാ സി കെ ഇടമറ്റം ഗ്രാമത്തിന്റെ ഗായകനായി. "അരങ്ങേറ്റം ഗ്രാമത്തിലെ ഒരു ഉത്സവംപോലെയായിരുന്നു."

തിരുവനന്തപുരത്തുള്ള സ്വാതിതിരുനാള്‍ മ്യൂസിക്‌ അക്കാദമിയില്‍ ചേരാന്‍പോയപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡിലിരിക്കുന്നത്‌ ശെമ്മങ്കുടി. "അദ്ദേഹം എന്നോട്‌ ഒരു വര്‍ണ്ണം പാടാന്‍ പറഞ്ഞു. പിന്നെ രാഗമാലപിച്ച്‌ കീര്‍ത്തനം പാടി നിരവല്‍ ചെയ്‌തു. കേട്ടശേഷം അദ്ദേഹം പറഞ്ഞു ഒന്നാം വര്‍ഷം പഠിക്കേണ്ട, നേരിട്ട്‌ രണ്ടാംവര്‍ഷിത്തില്‍ ചേരാം എന്ന്‌."

ശെമ്മങ്കുടി ജോലിയില്‍നിന്ന്‌ പിരിഞ്ഞപ്പോള്‍ പാലാ സി കെയെ വിളിപ്പിച്ച്‌ ഇപ്രാകാരം പറഞ്ഞു, "ഞാന്‍ പോകുകയാണ്‌. ഒരു ശിഷ്യനെ ആവശ്യമുണ്ട്‌, കൂടെപ്പോരൂ... മകനെപ്പോലെ നോക്കാം... ധാരാളം സംഗീതം പഠിക്കാം..." പാല സി കെ ഗുരുവിനോടൊപ്പം പോയി. പത്തുവര്‍ഷം അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചു. ശെമ്മങ്കുടിയുടെ അക്കാലത്തെ എല്ലാ കച്ചേരികള്‍ക്കും കൂടെ പോകും, കൂടെ പാടും, ദിവസവും നാലും അഞ്ചും കീര്‍ത്തനങ്ങള്‍ പഠിപ്പിക്കും. "അദ്ദേഹമാണ്‌ എന്റെ എല്ലാ കാര്യവും നോക്കിയിരുന്നത്‌. ഭക്ഷണം, വസ്‌ത്രം... മകനെപ്പോലെതന്നെയാണ്‌ നോക്കിയത്‌. തിരിച്ച്‌ ഞാനും, ആരും പറഞ്ഞുതരാതെതന്നെ, അദ്ദേഹത്തെ ശുശ്രൂഷിക്കും, വസ്‌ത്രങ്ങള്‍ അലക്കിത്തേച്ചുകൊടുക്കും. അദ്ദേഹം എനിക്ക്‌ ഒരു ബാങ്ക്‌ എക്കൗണ്ടുണ്ടാക്കി തന്നിട്ടു പറഞ്ഞു ആവശ്യത്തിന്‌ പണം ഉപയോഗിക്കാം, വീട്ടിലേയ്‌ക്കും അയച്ചുകൊടുത്തോളൂ എന്ന്‌," പാലാ സി കെയ്‌ക്ക്‌ അതിശയം മറച്ചുവെയ്‌ക്കാനായില്ല.

ഈ ഗുരുകുല വാസത്തിനിടയില്‍ പാലാ സി കെ യെ മദ്രാസ്‌ തിരിച്ചറിഞ്ഞു തുടങ്ങി. ആദ്യത്തെ കച്ചേരി മദ്രാസിലെ കൃഷ്‌ണഗാന സഭയിലായിരുന്നു. ആയ.ിടയ്‌ക്കാണ്‌ കോഴിക്കോട്‌ ആള്‍ ഇന്ത്യാ റേഡിയോവില്‍ ഉദ്യോഗം ലഭിക്കുന്നത്‌. ഉദ്യോഗത്തില്‍ കയറിയെങ്കിലും ഗുരുവിന്‌ പിന്‍പാട്ട്‌ പാടുന്നത്‌ മുടക്കിയില്ല. മിക്കവാറും എല്ലാ ശനിയും ഞായറും ശെമ്മങ്കുടിയ്‌ക്ക്‌ മദ്രാസില്‍ കച്ചേരിയുണ്ടാകും. എല്ലാ വെള്ളിയാഴ്‌ചയും പാലാ സി കെ കോഴിക്കോട്‌ നിന്ന്‌ മദ്രാസിലേയ്‌ക്ക്‌ വണ്ടി കയറും. ഗുരുവിനോടൊപ്പം പാടും. തിങ്ങളാഴ്‌ച കോഴിക്കോട്‌ ഓഫിസില്‍ തിരിച്ചെത്തും.

അവസാനകാലത്ത്‌ വെറും മൂന്നു കൊല്ലം മാത്രമേ ശെമ്മങ്കുടി പാടാതിരുന്നിട്ടുള്ളൂ. ഏറ്റവും അവസാനം പാടിയത്‌ 2000 ത്തില്‍ നവംബറിലാണ്‌. ആ കച്ചേരിയ്‌ക്കും ഈ ശിഷ്യന്റെ അകമ്പടിയുണ്ടായിരുന്നു. തഞ്ചാവൂര്‍ കിട്ടപ്പയുടെ ശതാഭിഷേകത്തോടനുബന്ധിച്ചായിരുന്നു കച്ചേരി. കിട്ടപ്പ സംഗീതജ്ഞര്‍ക്ക്‌ മാത്രമായി ഒരു ലോഡ്‌ജ്‌ നടത്തി എന്ന ഖ്യാതിയുള്ള ആളാണ്‌. 93 വയസ്സുള്ള ശെമ്മങ്കുടി പാടുകയായിരുന്നു. ആദ്യം തന്നെ 'മേരു സമാന' എന്ന കൃതി. ചടുലമായ സ്വരപ്രസ്‌താരത്തിന്‌ അടങ്ങാത്ത ഹസ്‌തഘോഷം. "സ്റ്റേജില്‍ കയറി ഇരുന്നു കഴിഞ്ഞാല്‍ പിന്നെ ശെമ്മങ്കുടിയുടെ വയസ്സ്‌ പറയാന്‍ കഴിയില്ല എന്നാണ്‌ എല്ലാവരും പറയുന്നത്‌," ശിഷ്യന്‍ പറഞ്ഞു. "93ാം വയസ്സില്‍ മൂന്നു മണിക്കൂര്‍ പാടിയെന്നു പറഞ്ഞാല്‍ ആര്‍ക്കും വിശ്വസിക്കനൊക്കുകയില്ല."

ഗുരുവിനെ ഓര്‍ക്കുമ്പോള്‍ ഒരിക്കലും അത്ഭുതം തീരാത്ത ശിഷ്യന്റെ ഗുരുവിനോടൊപ്പമുണ്ടായിരുന്ന നാല്‌പതു വര്‍ഷത്തെ അനുഭവങ്ങളാണ്‌ "സദ്‌ഗുരു ശ്രീ ശെമ്മങ്കുടി സ്വാമി" എന്ന ഗ്രന്ഥത്തില്‍. പാലാ സി കെ എഴുതിയ ഈ ഗ്രന്ഥം ഇപ്പോള്‍ ഇംഗ്ലീഷിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌. ശെമ്മങ്കുടിയുടെ നൂറാം ജന്മദിനാഘോഷച്ചടങ്ങുകളില്‍ സംബന്ധിക്കാന്‍വന്ന മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം ആസാദ്‌ ഈ ഗ്രന്ഥത്തെക്കുറിച്ചറിഞ്ഞ്‌ പാലാ സി കെയെ വിളിക്കുകയും തന്റെ പ്രസംഗത്തില്‍ ഈ ഗ്രന്ഥത്തില്‍നിന്ന്‌ ഏറെ ഉദ്ദരിക്കുകയും ചെയ്‌തിരുന്നു.

എത്ര ബഹുമതികള്‍ കിട്ടിയാലും അതെല്ലാം ഗുരുനാഥന്‍ അനുഗ്രഹം ചൊരിയുന്നതാണെന്ന്‌ വിശ്വസിക്കാനാണ്‌ വിനയ ശിഷ്യനിഷ്ടം.

(മാതൃഭൂമി വാരാന്തപ്പതിപ്പ്‌. 2008 സപ്‌തംബര്‍ 21. ഞായറാഴ്‌ച)

Comments

ഫോണ്ടൊന്നു വലുതാക്കുക.
കമെന്റീല്‍ പോയി വേര്‍ഡ് വെരി നോ കൊടുക്കുക

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...