Skip to main content

ഭാവനയില്‍ ആരും മരിക്കുന്നില്ല

 ഒക്കത്തെടുത്ത് വളര്‍ത്തിയത് അമ്മിണിയോപ്പോളായിരുന്നു. ചെറിയമ്മതന്നെ പറഞ്ഞതാണ്. പറഞ്ഞപ്പോള്‍ മങ്ങിയ ഓര്‍മ്മ ഒന്ന് മിന്നി. അമ്മിണിയോപ്പോള്‍ കൗമാരം ചിലവിട്ടത് ഞങ്ങളുടെ വീട്ടിലായിരുന്നു. 'കല്യാണം കഴിക്കാന്‍ പോകുകയാണ്, പോയിവരട്ടെ?' പോകുമ്പോള്‍ അനുവാദം ചോദിച്ചു. അമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ പറഞ്ഞു, 'മിണ്ടില്ല.' ആ പരിഭവം ചെറിയമ്മയ്ക്ക് മറക്കാനായില്ല. കാണുമ്പോഴൊക്കെ മാപ്പു ചോദിക്കുന്നതുപോലെ നോക്കും. അവസാനമായി ഒന്ന് കാണണം, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ്, എന്ന് അമ്മിണിയോപ്പോള്‍ ആഗ്രഹിച്ചിരുന്നു. കോവിഡ് 19 ആ കൂടിക്കാഴ്ച ഇല്ലാതാക്കി.


മുരളീകൃഷ്ണനുമായുള്ള, ജ്യേഷ്ഠന്‍, ഊഷ്മളനിമിഷങ്ങള്‍ യാത്രകളിലാണ് പതിവ്. കുടുംബബന്ധം സൂക്ഷിക്കാത്ത ഞാന്‍ വിരളമായി ചില കുടുംബപരിപാടികളില്‍ പങ്കുചേരുന്നത് ഈ സഹോദരസൗഹൃദം നുകരാനാണ്. വിചാരങ്ങള്‍ തത്സമയം വായിക്കാറുള്ള ശര്‍മിള ചോദിച്ചതേയുള്ളൂ, 'ഇപ്പോള്‍ കുറേയായില്ലേ മുരളീകൃഷ്ണനോടൊപ്പം യാത്ര ചെയ്തിട്ട്'.

നിത്യഭാവനകളില്‍ അമ്മ സ്ഥിരസാന്നിധ്യമാണ്. അമ്മയുടെ ഒരു വലിയ അംശമാണ് അമ്മിണിയോപ്പോള്‍. അമ്മ ശര്‍മിളയോടാണ് സംസാരിക്കുക. ഞാന്‍ ദിവാസ്വപ്‌നങ്ങളില്‍ നനയാതെ നടക്കുന്നതായി നടിക്കുന്നതുകൊണ്ടാവാം.

ജ്യേഷ്ഠനോടൊപ്പം യാത്ര ചെയ്തിട്ട് കുറച്ചായില്ലേ, അമ്മിണിയോപ്പോളെ കാണണ്ടേ, ശര്‍മിള ചോദിച്ചത് അമ്മ പറഞ്ഞിട്ടാണ്. അടുത്ത തിങ്കളാഴ്ച പോകാം. അമ്മിണിയോപ്പോളെ കാണാന്‍ തീരുമാനിച്ചു. ഏതാണ്ട് അര മണിക്കൂര്‍ കഴിഞ്ഞു. ജ്യേഷ്ഠന്‍ വിളിക്കുന്നു: 'അമ്മിണിയോപ്പോള്‍ ഉച്ചയ്ക്ക് മരിച്ചു. ആരും നേരത്ത് അറിയിച്ചില്ല. നാളെ രാവിലെ പോകാം.'

ജ്യേഷ്ഠനും ഞാനും രാവിലെ പുറപ്പെട്ടു. ജ്യേഷ്ഠന്റെ ഐട്വന്റി വിളംബിത ലയത്തില്‍ ഓടി. അന്തരംഗങ്ങളില്‍ സോദരവാത്സല്യത്തിന്റെ ഓളങ്ങള്‍. മുരളീകൃഷ്ണന്റെ നാദവും യാത്രയുടെ നേരിയ മുഴക്കവും ഒരേ ശ്രുതിയില്‍. സഞ്ചരിക്കുന്ന ധ്യാനം.

ആമയൂരെത്തി. സ്വന്തം തറവാട് നാട്ടുകാരോട് ചോദിച്ച് കണ്ടുപിടിച്ചു. കുടുംബക്കാരെല്ലാം സ്ഥലം വിട്ടിരുന്നു. മകളും അവളുടെ ഭര്‍ത്താവും, അവരുടെ മകളും അവളുടെ ഭര്‍ത്താവും കുഞ്ഞും മാത്രം. മുരളീകൃഷ്ണന്‍ പ്രഭാഷണം തുടര്‍ന്നു. അവിടത്തെ മരുമകനോടായി. എല്ലാവരും പങ്കെടുത്തു. ചര്‍ച്ചയ്ക്കിടയില്‍ ചായ വന്നു.

'ഞാന്‍ തിങ്കളാഴ്ച വരാനിരിക്കുകയായിരുന്നു. ശര്‍മിളയോട് അമ്മ പറഞ്ഞു.'
രതി (അമ്മിണിയോപ്പോളുടെ മകള്‍): 'അമ്മ അവരെയൊക്കെ കണ്ടു കാണും. അതായിരിക്കും വല്യമ്മ പറഞ്ഞത്.'
'അതെ. വിവരമെത്താന്‍ വൈകി. അല്ലെങ്കില്‍ അമ്മിണിയോപ്പോള്‍ മൂന്നു ദിവസം മുന്‍പേ ഇറങ്ങി.'
മുരളീകൃഷ്ണന്റെ ശാസ്ത്രനേത്രങ്ങള്‍ അനുകമ്പയോടെ ഞങ്ങളെ നോക്കി ചിരിച്ചു. ഭാവനയുടെ ഹരത്തില്‍ ഞങ്ങള്‍ മര്‍ത്യതയുടെ ആകസ്മിക രംഗങ്ങളെ സരസയുക്തികൊണ്ട് കൂട്ടിക്കെട്ടി.

വരാന്‍ നേരത്ത് ഒരു തുണ്ട് ഭൂതകാലം ഓര്‍ത്തു: യൗവ്വനത്തിലൊരിക്കല്‍, റോഡ്കിങ് ബൈക്കില്‍, ആമയൂരിലൂടെ പോകുകയായിരുന്നു. ആമയൂര്‍ റേഷന്‍ഷോപ്പ് കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി. അമ്മമ്മയെ ഒന്ന് സന്ദര്‍ശിച്ചാലോ. റേഷന്‍ കടയില്‍ ചോദിച്ചു. 'മനയ്ക്കല്‍ തൊടിയിലേയ്ക്കുള്ള വഴി?' 'രണ്ടുമൂന്ന് മനയ്ക്കല്‍ തൊടികളുണ്ട്, ഏതാ?' 'ദേവകി പിഷാരസ്യാരുടെ...' വഴി പറഞ്ഞു. 'ആരാ?' 'മകളുടെ മകനാ...' 'ഓ... സ്വന്തം വീട്ടിലേയ്ക്കാണോ വഴി ചോദിക്കുന്നത്!' റേഷന്‍ കടക്കാരന് 'കാലത്തിന്റെ ഒരു പോക്ക്' എന്ന ഭാവം. അസ്തിത്വവാദത്തിന്റെ അദൃശ്യമായ പിന്‍ബലത്തില്‍ ദീര്‍ഘമായി ചരിച്ച് വിജയശ്രീലാളിതനായി ഞാന്‍ യാത്ര തുടര്‍ന്നു.

മനയ്ക്കല്‍ തൊടിയുടെ അന്തരീക്ഷത്തെ റോഡ്കിങ്ങിന്റെ ശബ്ദം കുലുക്കിയുണര്‍ത്തി. വയലില്‍നിന്നു വന്ന ഉച്ചമയക്കത്തിന്റെ കാറ്റ് പരിഭ്രമിച്ച് തിരിച്ചുപോയി. വണ്ടി സ്റ്റാന്‍ഡില്‍ വെയ്ക്കുന്നത് അമ്മമ്മയും അമ്മിണിയോപ്പോളും ആരാധനയോടെ നോക്കിനിന്നു. ഇപ്പോള്‍ അമ്മമ്മ ചായയുമായി വരും. അരഗ്ലാസ് ചായയില്‍ പകുതി വെള്ളമൊഴിച്ച് ഒരു നിറഗ്ലാസ് ചായയാണ് അമ്മമ്മയുടെ ഏറ്റവും ഉദാരമായ ആതിഥ്യമര്യാദ. പിശുക്കാണോ കുനഷ്ടാണോ. അറിയില്ല.

വീട്ടിലേയ്ക്ക് കയറി. പാന്‍സും ഇന്‍സര്‍ട്ട് ചെയ്ത ഷര്‍ട്ടുമായിരുന്നു എന്റെ വേഷം. 'നീ ഒരു ഡാക്കിട്ടറായി കാണാനായിരുന്നു മോഹം. ഇപ്പം നീ ഒരു ഡാക്കിട്ടര്‍ തന്നെ.' അമ്മമ്മയ്ക്ക് വേഷത്തിലാണ് ഡാക്കിട്ടര്‍. പന്നിയങ്കര ഡിസ്‌പെന്‍സറിയിലെ ഡോക്ടര്‍ മുഹമ്മദുകുട്ടിയായിരിക്കണം ആ ആരാധ്യന്‍. അരണ്ട മനുഷ്യരുടെ കാലത്ത് പാന്‍സും ഷര്‍ട്ടും വെളുപ്പും ഉയരവും കാറും. ആരും മോഹിച്ചുപോകും. കുട്ടിയുടെ ആരാധനയുടെ ഒരു കാലം ബാധിച്ച ചിത്രം, തിരഞ്ഞപ്പോള്‍, ഓര്‍മ്മയില്‍നിന്ന് കണ്ടുകിട്ടി.

പെട്ടെന്ന് അമ്മമ്മ ഒരു മിറണ്ട തുറന്നു. ഒരു സ്‌ട്രോയും. വെള്ളവും ചായയും അല്ല. ഞാന്‍ വെയില്‍കൊണ്ട് കരിഞ്ഞിരുന്നു. റോഡ്കിങ്ങിലാണെന്ന കാര്യം വെയിലിനറിയില്ല. അമ്മിണിയോപ്പോള്‍ അടുത്ത മിറാണ്ട തുറന്നു. വീണ്ടും പുതിയ സ്‌ട്രോ. നില്‍പ്പനടിക്കുന്നതുപോലെ ഒറ്റവലിക്ക് കുപ്പികള്‍ കാലി. ഇനി വേണോ. ഫ്രിഡ്ജിലിരുപ്പുണ്ട്.

കരുണയും ചിരിയും മനുഷ്യനാണയത്തിന്റെ ഇരുപുറങ്ങളാണ്. ചിരി പടര്‍ന്നുപിടിച്ചു. അണഞ്ഞു. തമാശകള്‍ കേള്‍ക്കാന്‍ എല്ലാവരും ഇവിടെ ഉണ്ടായിരുന്നിരുന്നെങ്കില്‍..., രതിയുടെ തുടുത്തു ചുവന്ന മുഖം കടലാസുപോലെ വിളറിമുഷിഞ്ഞു. രതിയുടെ മനോരഥത്തില്‍ കയറി ഞാന്‍ പറഞ്ഞു: അവരെല്ലാവരും ഇവിടയുണ്ട്.

മുകുന്ദനുണ്ണി

Comments

Johns Mathew said…
റോഡ്കിംഗിലേറിയുള്ള സ്മൃതി യാത്ര മനോഹരം.

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...