ജീവിതം 'ഒരു മധുര സംഗീത'മാണെന്ന് തോന്നിച്ച സിനിമപാട്ടുകളുണ്ടായിട്ടുണ്ട്. സ്വപ്‌നത്തിന്റെ വരികളില്‍ ഈണം നിറയുന്നതുപോലെ. കുറേ കാലമായി പാട്ടുകള്‍ നമ്മെ മയക്കിയുറക്കുകയും റൊമാന്റിക് മൂഡുകളില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ലോകം ഒരു പ്രത്യേക സംഗീതബോധത്തില്‍ ആകസ്‌മികമായി അകപ്പെട്ടുപോയതുപോലെ. ദുരിതങ്ങളിലേയ്‌ക്ക് പാട്ടുകള്‍ ശമനമഴയായി പെയ്യുന്നതുകൊണ്ടാവാം. ജീവിക്കാന്‍ സ്വപ്‌നയാഥാര്‍ത്ഥ്യം അത്യാവശ്യമായതുകൊണ്ടാവാം. ആര്‍ക്കും കയറിയിരുന്ന് കാണാവുന്ന, പാട്ടില്‍ കോര്‍ത്തുവെച്ച ചിത്രങ്ങളെപ്പോലെയുള്ള, സിനിമകളും കേട്ടുനടക്കാവുന്ന പാട്ടുകളും മഞ്ഞുപോലെ ജീവിതത്തിലേയ്‌ക്ക് ഇറങ്ങിവന്നു. കുറേ നല്ല പാട്ടുകാരുണ്ടായി. ലതാ മങ്കേഷ്‌കര്‍ അവരിലൊരാളായിരുന്നു.
ഒരു നല്ല പാട്ടുകാരിയാവാന്‍ വേണ്ട ഗുണങ്ങള്‍ നിരത്തുക എളുപ്പമല്ല. കുറേ ഗുണങ്ങള്‍ എടുത്തു പറഞ്ഞാലും നിര്‍ണ്ണായകമായ പല ഘടകങ്ങളും തിരഞ്ഞുപിടിക്കാന്‍ ബാക്കിയുണ്ടാവും. ചില ഗുണങ്ങള്‍ സൂക്ഷ്‌മവും അദൃശ്യവുമാണ്. മറ്റു മികച്ച ഗായികമാര്‍ക്കുള്ളതുപോലെ ലതയ്‌ക്കും നല്ല താളബോധം, മധുരമായ ശബ്ദം, രാഗഭാവം, ഈണനിര്‍ഭരത എന്നീ ഗുണങ്ങളുണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്ന് വ്യത്യസ്‌തമായി അവര്‍ക്ക് ശബ്ദത്തെ അനായാസേന ഉയര്‍ത്താനുള്ള, മൂന്നിലധികം സ്ഥായികളില്‍ പാടാനുള്ള, കഴിവുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം ലതാ മങ്കേഷ്‌കര്‍ വന്നതില്‍പിന്നെയാണ് യഥാര്‍ത്ഥ യുഗ്മഗാനം ഉണ്ടായതെന്ന് അശോക് ദാ റാനഡെ പറഞ്ഞത്. ഉച്ചസ്ഥായിയില്‍ ശബ്ദഗുണം നഷ്ടപ്പെടുത്താതെ പാടാന്‍ കഴിയുന്നവരില്ലായിരുന്നതുകൊണ്ട്, അതുവരെ, യുഗ്മഗാനങ്ങളില്‍ ആണുങ്ങള്‍ അവരുടെ സ്വാഭാവിക ശ്രുതിയില്‍നിന്ന് (പിച്ച്) അല്‍പ്പം കുറച്ചാണ് പാടിയിരുന്നത്. ലതയ്‌ക്ക് ഉച്ചസ്ഥായിയില്‍ പാടാന്‍ കഴിയുന്നതുകൊണ്ട് ആദ്യമായി, ആണ്‍ശബ്ദം സ്വാഭാവിക ശ്രുതിയില്‍ പാടുന്ന, യുഗ്മ ഗാനങ്ങളുണ്ടായി.
ഭാവനിര്‍ഭരമായ ശബ്ദധ്വനി, ആര്‍ക്കും മൂളാന്‍ കഴിഞ്ഞേയ്‌ക്കുമെന്ന് തോന്നിപ്പിക്കുന്ന ലാളിത്യം, അപരിചിതത്വമില്ലായ്‌മ, സാധാരണ ജീവിതത്തോടുള്ള അടുപ്പം, ദ്രുതഗതിയിലുള്ള ഭൃഗ, എന്നീ ഗുണങ്ങളും ലതയുടെ ഗാനാവതരണത്തില്‍ തിരിച്ചറിയാനാവും. ലത പാടുമ്പോള്‍ പാട്ട് നേരിട്ട് ശ്രോതാവിലെത്തുന്നതുപോലെ തോന്നും; ശബ്ദത്തിലൂടെയുള്ള വരവിനിടയില്‍ സംഗീതാംശം അല്‍പംപോലും ചോര്‍ന്നുപോകുന്നില്ല. ശബ്ദം സ്‌ഫടികംപോലെ തെളിഞ്ഞതുകൊണ്ടാണ് ആ തോന്നലുണ്ടാകുന്നത്. ലതയുടെ ശബ്ദം നേരിട്ട് ഭാവത്തില്‍ പ്രവേശിക്കുകയാണ്, ഗായിക അറിയാതെ. അതേ സമയം ശാരീരികമായും സങ്കേതികമായും അവരുടെ ശബ്ദത്തിന് ന്യൂനതകളുണ്ട്. നേര്‍ത്ത ശബ്ദമാണ്, ഭൃഗകള്‍ക്ക് വേണ്ടത്ര കനമില്ല, പ്രത്യേകിച്ചും താനുകള്‍ (വേഗമാര്‍ന്ന അകാരം) പാടുമ്പോള്‍ ബലക്കുറവ് തോന്നും. മാത്രമല്ല, ശബ്ദത്തിനകത്ത് ഒരു കുഞ്ഞിന്റെ ശബ്ദം ഉള്ളതായി തോന്നും. പലരും അക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശിക്കാറുണ്ട്. കുറവുകളെ സ്വയം തിരിച്ചറിഞ്ഞ് അവയെ മികവുകളാക്കുന്നതില്‍ ലത ഏറെക്കുറെ വിജയിച്ചിട്ടുണ്ടെങ്കിലും ചില കുറവുകള്‍ പാതി മറഞ്ഞിരിക്കുന്നുണ്ട്.
ലതാ മങ്കേഷ്‌കറുടെ അച്ഛന്‍ ദീനാനാഥ് മങ്കേഷ്‌കര്‍ നാട്യസംഗീതവും ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതവും ഒരുപോലെ പാടുമായിരുന്നു. ലത ആദ്യം സംഗീതം അഭ്യസിച്ചത് അച്ഛനില്‍നിന്നാണ്. ഗഹനമായിത്തന്നെ പഠിച്ചിരുന്നു. മാല്‍കോന്‍സ് രാഗത്തില്‍ ലത ഒരു ബന്ദിശ് അവതരിപ്പിക്കുന്ന വിഡിയോ (1950) യൂട്യൂബില്‍ കാണാം. ഹിന്ദുസ്ഥാനി ക്ലാസിക്കലിന്റെ ഒരു ചെറിയ പതിപ്പല്ല; വളരെ വിശദമായ വിളംബിത് ബന്ദിശ് വിസ്‌താരം. നന്നായി റിയാസ് (സംഗീതത്തിലെ സാധകം) ചെയ്‌തതിന്റെ ലക്ഷണങ്ങളും ജ്ഞാനത്തിന്റെ ആഴവും ആ വിഡിയോയില്‍ പ്രകടമാണ്.
ബോംബെയിലേയ്‌ക്ക് താമസം മാറിയപ്പോള്‍ ലത ഭേന്ദീബസാര്‍ ഘരാനയിലെ ഉസ്‌താദ് അമാന്‍ അലി ഖാന്റെ ശിഷ്യയായി. ഭേന്ദിബസാര്‍ ഘരാന പ്രശസ്‌തമാണ്. അമീര്‍ ഖാന്‍ ആ ഘരാനയിലെ ഗായകനായിരുന്നു. ലത പിന്നീട് പാട്യാല ഘരാനയിലെ ബഡേ ഗുലാം അലി ഖാന്റെ ശിഷ്യനായ പണ്ഡിറ്റ് തുളസീദാസ് ശര്‍മ്മയുടെ കീഴില്‍ പഠിച്ചു. ക്ലാസിക്കല്‍ സംഗീതജ്ഞയായിത്തീര്‍ന്നില്ലെങ്കിലും ഗുണമേന്മയുള്ള ശിക്ഷണം ലതയ്‌ക്ക് ലഭിച്ചിരുന്നു. ദീനാനാഥ് ഗ്വാളിയോര്‍ ഘരാനക്കാരനാണ്. മറ്റു സ്രോതസ്സുകളില്‍നിന്നും സംഗീതഭംഗികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഔത്സുക്യം കാണിച്ചിരുന്നു. പാട്യാല ഘരാനയുടെ പഞ്ചാബി അംഗ് വരള്‍ച്ചയിലേയ്‌ക്ക് ഒഴുകുന്ന അരുവിപോലെയാണ്. പഞ്ചാബി നാടന്‍ ഈണങ്ങള്‍ രാഗരൂപം ധരിച്ച് ക്ലാസിക്കല്‍ സംഗീതത്തിലേയ്‌ക്ക് ലയിക്കുന്ന ഭാഗമാണ് പഞ്ചാബി അംഗ്. ദീനാനാഥ് പഞ്ചാബി അംഗിനെ സ്വാംശീകരിച്ചു. ഭേന്ദീബസാര്‍ ഘരാനയില്‍ മൃദുലവും നൃത്തഛായയുള്ളതുമായ സംഗീതാംശങ്ങളുണ്ട്. വൈവിധ്യമാര്‍ന്ന ഇത്തരം സ്രോതസ്സുകളില്‍നിന്ന് സ്വായത്തമാക്കിയതെല്ലാം ലത കെട്ടിലും മട്ടിലും തീര്‍ത്തും വ്യത്യസ്‌തമായ സിനിമാപാട്ടിലേയ്‌ക്ക് കൊണ്ടുപോയി.
സിനിമാപാട്ടിന് ഒരു റേഡിയോ യുഗം ഉണ്ടായിരുന്നു. തിക്കുംതിരക്കുമില്ലാതെ പാട്ടു കേട്ട കാലം. അടുത്ത ഘട്ടത്തില്‍ സിനിമാപാട്ട് ശക്തമായ ഒരു മുഖ്യധാരയായി രൂപപ്പെട്ടു. ബോളിവുഡ്ഡ് ഒരു ചലചിത്രഗാന ലോകത്തെ സൃഷ്ടിച്ചു. മാധ്യമദ്വാരാ സങ്കല്‍പ്പിക്കുകയും, പ്രചരിക്കുകയും, സ്വീകരിക്കപ്പെടുകയും ചെയ്യുന്ന ജനപ്രിയ ഉത്‌പന്നമായി പാട്ട്. ആവര്‍ത്തിച്ചു കേള്‍ക്കാനുള്ള അവസരമുണ്ടായി. സകല മാധ്യമങ്ങളിലും വ്യാപിച്ചിരിക്കയാല്‍ കേള്‍ക്കാതിരിക്കുക അസാധ്യമായിരുന്നു. നിര്‍ബന്ധിതമായ കേള്‍വിയിലൂടെ അബോധ തലത്തില്‍ ചിരകാല മാതൃകകള്‍ രൂപംകൊണ്ടു. അതായത്, സ്വീകരിക്കപ്പെട്ട ശബ്ദം കണ്ണടച്ച് ആരാധിക്കപ്പെടാനിടയായി. ലതയുടെ പാട്ട് ഹിന്ദി സിനിമാപാട്ടിലെ പ്രധാന സ്‌ത്രീശബ്ദമാതൃകയായി സ്വീകരിക്കപ്പെട്ടു. പ്രിയഭക്തര്‍ ലതയെ ഐതിഹാസികതയിലേയ്‌ക്ക് ഉയര്‍ത്തി. മുഖ്യധാരയില്‍ കയറിപ്പറ്റാത്തവര്‍ ഓരംപറ്റി പാടി. മുഖ്യധാര എപ്പോഴും ഇതര ധാരകളെ നിശബ്ദമാക്കിക്കൊണ്ടാണ് ശബ്ദമുഖരിതമാവുക.
കുറേ ഭാഷകളില്‍ ലത പാടിയിട്ടുണ്ടെങ്കിലും ഹിന്ദി പാട്ടുകളെപ്പോലെ മറ്റു ഭാഷകളിലെ പാട്ടുകള്‍ തിളങ്ങിയില്ല. മലയാളത്തില്‍ പാടിയ "കദളി കണ്‍കദളി ചെങ്കദളി" എന്ന 'നെല്ലി'ലെ ഗാനം അത്രയൊന്നും ആരും ഇഷ്ടപ്പെട്ടിരുന്നില്ല. ഈണത്തിന്റെ അവതരണം തീര്‍ത്തും കുറ്റമറ്റതും മികച്ചതുമാണ്. പക്ഷെ മലയാള ഭാഷയിലല്ല പാടിയതെന്ന് തോന്നും. ജയഭാരതിയുടെ ശബ്ദമായിരുന്നു പാട്ടില്‍ പ്രതിഫലിക്കേണ്ടിയിരുന്നത്. പൊതുവില്‍ ലത ഹിന്ദി സിനിമയിലെ പ്രധാന നടിമാരുടെ ശബ്ദ വ്യത്യാസങ്ങളും സ്വഭാവ വ്യത്യാസങ്ങളും സ്വന്തം ശബ്ദത്തില്‍ പ്രതിഫലിപ്പിക്കാറുണ്ട്. എന്തുകൊണ്ടോ മലയാളത്തില്‍ അങ്ങനെ ഒരു ശ്രമം കണ്ടില്ല. മലയാളം അറിയാത്ത മറ്റു പാട്ടുകാര്‍ ഇവിടെ ഇടം പിടിച്ചിട്ടുണ്ട്. ആശാ ഭോസ്ലെ പാടിയ 'സ്വയംവര ശുഭദിന മംഗളങ്ങള്‍' എന്ന പാട്ടിലെ ഭാഷ ഏറെക്കുറെ മലയാളമായി തോന്നും. മന്നാഡയുടെ പാട്ട് (മാനസ മൈനേ വരു) അന്നും ഇന്നും മലയാളത്തിലെ ഗംഭീര ഭാവഗാനമാണ്. തമിഴില്‍ ലത കുറേ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഏതാനും പാട്ടുകള്‍ എക്കാലത്തേയും ഹിറ്റായിട്ടുമുണ്ട്. എന്നാല്‍ തമിഴില്‍ പാടിയ ഇരുപത് ഏറ്റവും നല്ല ഗായികമാരുടെ പട്ടികയില്‍ ലതയുടെ പേരില്ല. കെ.സ്. ചിത്ര, ശ്രേയാ ഘോഷാല്‍, എന്ന് തുടങ്ങി നീളുന്ന പേരുകളില്‍ ആഷാ ഭോസ്ലെയുണ്ട്. രാജ്യത്തെ രണ്ടാമത് വലിയ സിനിമാവ്യവസായമായ കോളിവുഡ്ഡില്‍ പേരെടുക്കാനായില്ലെങ്കില്‍ എങ്ങനെയാണ് ലതാ മങ്കേഷ്‌കര്‍ ദേശത്തിന്റെ വാനമ്പാടിയാവുക എന്ന് ചോദിക്കുന്നവരുണ്ട്. ചോദ്യത്തിന് ന്യായത്തിന്റെ ഉറപ്പുണ്ട്.
യഥാര്‍ത്ഥത്തില്‍ ലതാ മങ്കേഷ്‌കര്‍ ഒരു മികച്ച ഹിന്ദി സിനിമാപാട്ടുകാരിയായിരുന്നു. അങ്ങനെയാവുന്നതില്‍ മൂല്യം കുറയുന്നില്ല, കൂടുന്നതേയുള്ളൂ. ബഡേ ഗുലാം അലി ഖാന്‍ പറഞ്ഞതുപോലെ, 'ഒരിക്കല്‍പോലും അപസ്വരം പാടാതിരുന്ന ഗായിക.' അതാണ് ലതാ മങ്കേഷ്‌കര്‍.
മുകുന്ദനുണ്ണി
(ദൃശ്യതാളം, ഫെബ്രുവരി 2022, പേജുകള്‍ 9-11)
Comments