Skip to main content

ആന്തരികതയുടെ മാറ്റൊലികള്‍

സൂക്ഷ്മമായി അനുഭവത്തിലേയ്ക്ക് ശ്രദ്ധിക്കുമ്പോള്‍ കലകള്‍ തമ്മിലുള്ള അതിര്‍വരമ്പുകളില്ലാതാവും.  ആന്ദ്രെയ് താര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍ ഇത്തരമൊരു നോട്ടമാണ്.  സിനിമയില്‍ കാലഭേദം മങ്ങി അമൂര്‍ത്തമാകണം; ദൃശ്യഭാഷയില്‍ ലോകത്തിന്റെ അന്തരംഗം പതിയണം; ബിംബങ്ങളില്‍ സംഗീതം തൊടുമ്പോഴെല്ലാം ഓര്‍മ്മകളുടെ സ്‌ഫോടനമുണ്ടാകണം; സിനിമ ചിത്രങ്ങളിലൂടേയും ശില്‍പ്പങ്ങളിലൂടേയും നിശബ്ദമായി വാചാലമാകണം; യുക്തി കവിതപോലെയാകണം - ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രയത്‌നമായിരുന്നു താര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍.   

മുഖ്യ വിഷയം ആന്തരികതയാണ്.  വ്യക്തിയുടെ മാത്രമല്ല, ലോകത്തിന്റേയും.  അതുകൊണ്ട് ഓര്‍മ്മകള്‍, വിചാരങ്ങള്‍, സ്വപ്നങ്ങള്‍, ഭൂതകാലത്തിന്റെ പെട്ടെന്നുള്ള പ്രത്യക്ഷങ്ങള്‍, കുട്ടിക്കാലം എന്നിവ അദ്ദേഹത്തിന്റെ സിനിമകളില്‍ നവപ്രസരണങ്ങളോടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും.  നീണ്ട ടെയ്ക്കുകളിലൂടെ.  ഗ്രഹിക്കാനുള്ള സാവകാശം നല്‍കിക്കൊണ്ട്.  ദൃശ്യവും ശബ്ദവും തപസ്സ് ആവശ്യപ്പെടുന്നതുപോലെ.  അതിര്‍ത്തികള്‍ മാഞ്ഞുപോയ മങ്ങിയ സ്ഥലകാലത്തിന്റെ മിഥ്യയിലാണ് അദ്ദഹത്തിന്റെ സിനിമ നടക്കുന്നത്.  കാലഘടനയുടെ ഇല്ലായ്മതന്നെ കലാപ്രകാശനമാകുന്നതുപോലെ.  ഈ ദിശയിലുള്ള ഒരു തരം ദാര്‍ശനികതയെയാണ് അദ്ദേഹം തന്റെ കാലത്തില്‍ കൊത്തിവെയ്ക്കല്‍ എന്ന പുസ്തകത്തില്‍ വിചിന്തനം ചെയ്യുന്നതും.            

നാടകപാരമ്പര്യത്തില്‍ കഥ വികസിക്കുക രേഖീയമായാണ്.  എന്നാല്‍ കഥയുടെ യുക്തിയെ താര്‍ക്കോവ്‌സ്‌കി പിന്‍തുടരുന്നില്ല.  അദ്ദേഹത്തിന് കാവ്യാത്മകമായ യുക്തിയോടാണ് പ്രിയം.  ചിന്തയുടെ സ്വഭാവത്തോട്, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, കൂടുതല്‍ അടുത്തുനില്‍ക്കുന്നത് കവിതയാണ്.   

സിനിമാബാഹ്യമായ പാഠങ്ങളേയും താര്‍ക്കോവ്‌സ്‌കി സ്വീകരിക്കുന്നുണ്ട്.  പ്രത്യേകിച്ചും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം, പെയ്ന്റിങ്ങുകള്‍, രംഗത്തില്ലാത്ത ശബ്ദങ്ങള്‍ (ഇല്ലാത്ത ക്ലോക്കിന്റെ ശബ്ദം) എന്നിവയെ.  ഇവ ഒന്നു മറ്റൊന്നിലൂടെ ചംക്രമണം ചെയ്താണ് ആഖ്യാനശൈലി രൂപപ്പെടുന്നത്.  ഇക്കൂട്ടത്തില്‍ ചിത്രകലയും സംഗീതവും ഇരട്ടകളാണ്.  ഒരേ ആഖ്യാനത്തിനുള്ളില്‍ വിവിധ വായനകളെ സാധ്യമാക്കാനായിരിക്കണം അദ്ദേഹം വ്യത്യസ്ത മാധ്യമങ്ങളിലൂടെ സംവദിക്കുന്നത്.  ഋജുവായ ആഖ്യാനത്തിന്റെ യുക്തിവാദത്തെ, ഒരു പക്ഷെ, ഇങ്ങനെയാവാം അദ്ദേഹം നിരാകരിക്കുന്നത്.   

സാധാരണ ജീവിതത്തില്‍ ശ്രദ്ധയില്‍പെടാതെ പോകുന്ന ശബ്ദങ്ങള്‍ താര്‍ക്കോവ്‌സ്‌കിയുടെ സിനിമകളില്‍ പെട്ടെന്ന് ശ്രദ്ധിക്കപ്പെടും.  സിനിമയില്‍ ശബ്ദം സൂക്ഷ്മമായ ഭാഷയില്‍ പറയാതെ പറയുകയാണ്.  ശബ്ദവ്യത്യാസങ്ങളിലൂടെ ഉള്‍ക്കാഴ്ചയെ വിളിച്ചുണര്‍ത്താന്‍.  ബെല്ലിന്റെ ശബ്ദം, വെള്ളത്തിന്റെ ശബ്ദം, തീയുടെ ശബ്ദം എന്നിവയെ അദ്ദേഹം സംഗീതത്തെപ്പോലെയാണ് പരിചരിക്കുന്നത്.  ഒരു ചെറിയ ശബ്ദത്തിലൂടെ നീണ്ട കാലത്തേയോ വലിയ സംഭവങ്ങളേയോ ഓര്‍മ്മിപ്പിച്ചെടുക്കുന്നതുപോലെ.   

ചിലപ്പോള്‍ ദൃശ്യബിംബങ്ങളില്‍നിന്ന് ശബ്ദത്തെ വേര്‍പെടാന്‍വിട്ട് കാലത്തെ അവ്യക്തമാക്കുകയും മറ്റു ചിലപ്പോള്‍ അവയെ ചേര്‍ത്തുനിര്‍ത്തി വര്‍ത്തമാനകാലത്തിന്റെ കനത്ത പ്രതീതിയുണ്ടാക്കുകയും ചെയ്യുന്നുണ്ട്.  ഇവിടെ അദ്ദേഹത്തിന്റെ ഒരു സംഗീതസങ്കല്‍പ്പമാണ് പ്രവര്‍ത്തിക്കുന്നത്: 'ദൃശ്യബിംബത്തിന്റെ അനുബന്ധമല്ല സംഗീതം.  സങ്കല്‍പ്പനത്തിന്റെ ആകമാനമുള്ള സാക്ഷാത്കാരം സാധ്യമാക്കുന്ന ഒരു മുഖ്യഘടകമാകണം സംഗീതം.  ശ്രദ്ധയോടെ ഉപയോഗിച്ചാല്‍ ഒരു സിനിമാരംഗത്തിന്റെ വൈകാരികനാദത്തെ പൂര്‍ണ്ണമായും പരിവര്‍ത്തിപ്പിക്കാന്‍ പ്രാപ്തിയുണ്ട് സംഗീതത്തിന് (Andrey Tarkovsky, Sculpting in Time: Reflections on the Cinema , trans. Kitty Hunter- Blair, Austin: University of Texas Press,1986,പേജ്, 158) അതായത്, അദ്ദേഹത്തിന്റെ സിനിമകളില്‍ സംഗീതവും ശബ്ദവും ചെയ്യുന്നത് ദൃശ്യംബിംബങ്ങള്‍ ചെയ്യുന്ന അതേ കാര്യമാണ്.  ഒരേ കാര്യം വ്യത്യസ്ത രൂപങ്ങളില്‍ ആവിഷ്‌കരിക്കുകയാണ് അവ.    

ഇവാന്‍സ് ചൈല്‍ഡ്ഹുഡ് എന്ന സിനിമയില്‍ പക്ഷികളുടെ ശബ്ദം ഗഹനമായ ഒരു ചിഹ്നമാണ്.  ഇവാന്റെ സ്വപ്‌നത്തില്‍ കുയില്‍ കൂവുന്നു.  സന്തോഷവതിയായ അമ്മയോട് അവന്‍ പറയുന്നു, 'അമ്മേ, അതാ കുയില്‍ കൂവുന്നു.'   കുയിലിന്റെ നാദം അവന് അമ്മ ജീവിച്ചിരുന്ന സന്തോഷകാലത്തിലേയ്ക്ക് ചെല്ലുന്ന വഴിയാണ്.  പക്ഷിശബ്ദം ആവര്‍ത്തിച്ചു വരുന്നുണ്ട്.  ഓര്‍ക്കേണ്ടാത്തവയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മരംകൊത്തി നിര്‍ത്താതെ കൊത്തുന്ന ശബ്ദം.  ഒടുവില്‍ കടല്‍ക്കാക്കകളുടെ കരച്ചില്‍.  ഇതെല്ലാം ശബ്ദത്തെ സംഗീതമായും സംഗീതത്തെ ശബ്ദമായും തിരിച്ചുംമറിച്ചും രൂപകാത്മകമാക്കാനുള്ള താര്‍ക്കോവ്‌സ്‌കിയുടെ തഴക്കത്തെയാണ് കാണിക്കുന്നത്. 

സൊളാരിസ് എന്ന സിനിമയില്‍ നാല് ഭാഗങ്ങളിലായി ബാക്കിന്റെ സംഗീതവും പീറ്റര്‍ ബ്രയ്ഗലിന്റെ (Pieter Bruegel) ദി ഹണ്ടര്‍സ് ഇന്‍ ദി സ്‌നോ എന്ന ലാന്‍ഡ്‌സ്‌കെയ്പ് പെയിന്റിങ്ങും ഒരുമിച്ച് ഉപയോഗിക്കുന്നുണ്ട്.  ഭൂമിയെക്കുറിച്ചുള്ള കെല്‍വിന്റെ ഗൃഹാതുരമായ ഓര്‍മ്മകളെ സാന്ദ്രവും സംക്ഷിപ്തവുമായി ഉണര്‍ത്താന്‍ ഈ സംഗീതചിത്രകലാ മിശ്രബിംബങ്ങള്‍ക്ക് കഴിയുന്നു.  സംഗീതം ഓര്‍മ്മകളെ ഒരു തളികയിലെടുത്ത് നടക്കുന്നതുപോലെ.  ഓര്‍മ്മയില്‍ നാട്ടിന്‍പുറത്തെ വീട് ബാക്കിന്റെ സംഗീതത്തില്‍ കുതിര്‍ന്ന് നില്‍ക്കുന്നതുപോലെയാണ്.  മഴ നിര്‍ത്താതെ പെയ്യുന്നുമുണ്ട്. 

സാക്രിഫൈസ് എന്ന സിനിമ തുടങ്ങുന്നതും ഒടുങ്ങുന്നതും വാക്കുകളില്ലാതെയാണ്. കണ്ടും കേട്ടും നോക്കിയിരിക്കാം.  ബാക്കിന്റെ 'സെയ്ന്റ് മാത്യു പാഷന്‍' എന്ന ആറിയയുടെ (ഓപ്പറയിലെ പാട്ട്) ദൃശ്യം ഡാവിഞ്ചിയുടെ 'ദി അഡോറേഷന്‍ ഓഫ് ദി മാഗി'യാണ്.  ഈ ചിത്രത്തിന്റെ ക്ലോസപ്പാണ് പേര് കാണിക്കുന്നതിലുടനീളം.  മാഗി മുട്ടുകുത്തി ക്ഷമ യാചിക്കുന്ന ഭാഗം. പിന്നീട് കേമറ ചിത്രത്തിന്റെ മുകളിലേയ്ക്ക് നോക്കുമ്പോള്‍ കടലോര ശബ്ദങ്ങള്‍ കടന്നുവരുന്നു. പിന്നെ കടലോര രംഗവും.  സിനിമ അവസാനിക്കുന്നതും ഇതേ ആറിയ പാടിക്കൊണ്ടാണ്.  സന്ദേഹചിന്തകളില്‍ മുഴുകി പൂഴിയില്‍ കിടക്കുന്ന ബാലനില്‍നിന്ന് കേമറ കടലിലേയ്ക്ക് ഉയര്‍ന്ന് നോക്കിക്കൊണ്ടിരിക്കുമ്പോള്‍.     

സംഗീതത്തില്‍ താര്‍ക്കോവ്‌സ്‌കി കാണുന്നത് അതിന്റെ 'പല്ലവി'യാവാനുള്ള ശേഷിയെയാണ്.  പല്ലവി എന്ന പദത്തിന് അദ്ദേഹത്തിന്റെ വാക്കറയില്‍ വിശേഷപ്പെട്ട അര്‍ത്ഥമാണ്.  കവിതയെഴുതാന്‍ കവിയെ പ്രേരിപ്പിച്ച ആദ്യ കാരണമാണ് പല്ലവി.  പല്ലവി നമ്മെ കാവ്യലോകത്തേയ്ക്ക് ആനയിക്കുമ്പോഴുണ്ടായ ആദ്യാനുഭവത്തിലേയ്ക്ക് കൊണ്ടുപോകുന്നു.  വീണ്ടും സന്ദര്‍ശിക്കപ്പെടുന്നതാണ് പല്ലവി.  സ്രോതസ്സിന്റെ പുതുമ നുകരാന്‍.  ഇത്രമേല്‍ തത്വസാന്ദ്രമായ അര്‍ത്ഥത്തോടെയാണ് താര്‍ക്കോവ്‌സ്‌കി പല്ലവിയാകലാണ് സംഗീതത്തിന്റെ ധര്‍മ്മം എന്ന് പറയുമ്പോള്‍ മനസ്സിലാക്കേണ്ടത്. 

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ താര്‍ക്കോവ്‌സ്‌കി ഇങ്ങനെ ചിന്തിക്കുന്നു: 'സിനിമയ്ക്ക് സംഗീതം ആവശ്യമാണെന്ന് ഞാന്‍ ഉള്ളിന്റെ ഉള്ളില്‍ വിശ്വസിക്കുന്നില്ല.  പക്ഷെ സംഗീതമില്ലാതെ ഞാന്‍ ഒരു സിനിമയും എടുത്തിട്ടില്ല.  സ്റ്റോക്കറിിലും നൊസ്റ്റാള്‍ജിയയിലും ആ വഴിക്ക് നീങ്ങിയതല്ലാതെ...ഏറ്റവും ചുരുങ്ങിയത് ഇപ്പോള്‍ സംഗീതത്തിന് എന്റെ സിനിമയില്‍ ശരിയായ സ്ഥാനമുണ്ട്, സുപ്രധാനവും അമൂല്യവുമായ സ്ഥാനം' (അതേ പുസ്തകം, പേജ് 159)

സംഗീതദീപ്തി പകര്‍ന്ന് രംഗങ്ങള്‍ക്ക് വൈകാരികമായ തേജോവലയം ഉണ്ടാക്കുന്ന രീതി പലരും സ്വീകരിക്കാറുണ്ട്.  താര്‍ക്കോവ്‌സ്‌കിയ്ക്ക് അത് ഇഷ്ടമല്ല.  കാരണം ആ രീതി പ്രേക്ഷകരെ ഒരു പ്രത്യേക രീതിയില്‍ കാണാന്‍ നിര്‍ബന്ധിക്കുന്നുണ്ട്.  അദ്ദേഹത്തിന് സംഗീതം മനുഷ്യജീവിതത്തിന്റേയും ലോകത്തിന്റേയും സ്വാഭാവികമായ മാറ്റൊലിയാകണമെന്നാണ്.   
സിനിമയിലൂടെ രൂപാന്തരം വന്ന ലോകവും സംഗീതത്തിലൂടെ രൂപാന്തരം വന്ന ലോകവും സമാന്തരമാണ്.  സമാന്തര ലോകങ്ങളുടെ കൂട്ടിമുട്ടല്‍ ഒഴിവാക്കാന്‍ രണ്ട് വഴികളുണ്ട്.  സിനിമയെ പൂര്‍ണ്ണമായും ആധികാരികമാക്കാന്‍ സംഗീതത്തെ ഒഴിവാക്കുക.  അല്ലെങ്കില്‍ ലോകത്തിന്റെ അനുനാദമായി സംഗീതത്തെ ഉചിതമായി ഉപയോഗിക്കുക.  താര്‍ക്കോവ്‌സ്‌കിയുടെ ലക്ഷ്യം ശബ്ദത്തെ സംഗീതമായി കാണാന്‍ കഴിയലാണ്: '...ലോകത്തിലെ ശബ്ദങ്ങളെല്ലാം സ്വയമേവ മനോഹരമാണ്.  നാം ശരിയായി കേള്‍ക്കാന്‍ പഠിച്ചാല്‍ മതി. അത് സാധിച്ചാല്‍ പിന്നെ സിനിമയ്ക്ക് സംഗീതത്തിന്റെ ആവശ്യമേ ഉണ്ടാകില്ല' (അതേ പുസ്തകം, പേജ് 162).

ഉപകരണസംഗീതത്തിന് സ്വന്തമായ ഭാവമുണ്ട്.  എത്ര ലയിപ്പിച്ചാലും അത് മുഴുവനായി സിനിമയില്‍ അലിഞ്ഞു ചേരില്ല.  നീക്കുപോക്കുകള്‍ വേണ്ടിവരും.  കാരണം അത് എപ്പോഴും സംഗീതപരമായ ചിത്രീകരണമായിരിക്കും.  അതുകൊണ്ടായിരിക്കാം താര്‍ക്കോവ്‌സ്‌കി ഇലക്ട്രോണിക് സംഗീതത്തിന്റെ സാധ്യത ആരാഞ്ഞത്.  ഒരു പക്ഷെ അദ്ദേഹം അവസാനംവരെ തിരഞ്ഞുകൊണ്ടിരുന്നത് ശബ്ദത്തിന്റേയും സംഗീതത്തിന്റേയും സൂക്ഷ്മാനുപാതത്തെയായിരിക്കാം: മറ്റു ശബ്ദങ്ങളെ പിന്‍പറ്റി നില്‍ക്കുന്ന, അവ്യക്തമായി പതുങ്ങി നില്‍ക്കുന്ന, പ്രകൃതിയുടെ ശബ്ദംപോലെ, മങ്ങിയ ധ്വനികളോടെ... ആരോ മൃദുവായി ശ്വാസം വലിക്കുന്നതുപോലെയുള്ള ശബ്ദസംഗീതത്തെ!

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 2020 ഫെബ്രുവരി 2, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...