പഞ്ചാബില്‍നിന്നും കണ്ടെടുത്ത ഒരു അപൂര്‍വ്വ സൃഷ്ടിയായിരുന്നു ബഡേ ഗുലാം അലി ഖാന്‍. വരണ്ടൊഴുകിക്കൊണ്ടിരുന്ന പാട്യാല ഖരാനയുടെ വൈകി വന്ന വസന്തംപോലെ. അവിഭക്ത ഇന്ത്യലെ ശ്രോതാക്കളെ ആ വസന്തത്തിന്റെ ഇടിമുഴക്കം ഞെട്ടിച്ചിരുന്ന കാലം. അന്ന് ദില്ലിയില്‍ സംഗീതോത്സവത്തിലും മറ്റും പങ്കെടുക്കാന്‍ വരുന്ന സംഗീതജ്ഞര്‍ക്ക് ആതിഥ്യം നല്‍കി പരിചരിക്കുന്നതില്‍ ഭ്രമമുള്ളവരുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ബഡേ ഗുലാം അലി ഖാന് സംഘാടകയായ നിര്‍മലാ ജോഷിയുടെ വീട്ടിലാണ് താമസം തയ്യാറാക്കിയിരുന്നത്. സംഘാടക തിരക്കിലായതുകൊണ്ട് സത്കരിക്കാനുളള ചുമതല ഷീലയുടേതായി. ഷീല ധറിന് അന്ന് പതിനാറ് വയസ്സ്. പുറംലോകത്തിലേയ്ക്കും സംഗീതവേദികളിലേയ്ക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങിനിന്ന സമയം. 'റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാറില്‍ വരുന്ന അദ്ദേഹത്തെ വീട്ടില്‍ കയറുമ്പോള്‍ ആദരവോടെ സ്വീകരിക്കുകയും കുളി കഴിഞ്ഞ് നിര്‍മലാജി തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഒരുങ്ങുന്നതുവരെ കാത്തിരിക്കുകയും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ മൈതാനംവരെ, കച്ചേരിയ്‌ക്കൊരുക്കിയ വേദി വരെ, അദ്ദേഹത്ത...