Skip to main content

മസ്തിഷ്‌കത്തിന്റെ പാട്ട്



ജീവികളുടെ കഴിവുകളെല്ലാം അതിജീവനവുമായി ബന്ധപ്പെട്ടതാണ്.  എന്നാല്‍ മനുഷ്യന്റെ പ്രധാനപ്പെട്ട കഴിവുകളിലൊന്നായ സംഗീതവാസന പ്രത്യക്ഷത്തില്‍ ഒരു ധര്‍മ്മവും നിര്‍വ്വഹിക്കുന്നില്ല.  ഡാര്‍വിന് നിഗൂഢമായി തോന്നിയ കാര്യങ്ങളിലൊന്നാണ് മനുഷ്യന്റെ സംഗീതക്കഴിവ്.  പരിണാമപ്രക്രിയകളിലൊന്നും സംഗീതം ഒരു അവശ്യഘടകമാകുന്നില്ല.  പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഈ പരിപാടിയ്ക്കുവേണ്ടി മനുഷ്യര്‍ ജീവിതത്തിന്റെ വലിയ ഒരു ഭാഗം ചെലവിടുന്നത് എന്തുകൊണ്ടായിരിക്കാം?  

സംഗീതം മനുഷ്യര്‍ക്ക് എന്താണ് എന്ന് പഠിക്കാന്‍ ഒരു അന്യഗ്രഹ ജീവി ഭൂമിയിലെത്തി എന്നു കരുതുക.  ആ ജീവിയുടെ നോട്ടത്തില്‍ സംഗീതം അര്‍ത്ഥമില്ലാത്ത ശബ്ദത്തിന്റെ പലതരം മാതൃകകള്‍ മാത്രമായിരിക്കും.  പക്ഷെ മനുഷ്യര്‍ അവരുടെ സമയത്തിന്റെ വലിയൊരു ഭാഗം ചിലവഴിക്കുന്നത് സംഗീതം ഉണ്ടാക്കിയും കേട്ടുമാണ് എന്ന് ആ ജീവി കാണുന്നു.  ഇത്രയേറെ പ്രിയമുള്ളതിനാല്‍ സംഗീതം, ഏറ്റവും ചുരുങ്ങിയത് മനുഷ്യര്‍ക്ക്, ഒരു വിഡ്ഡിത്തമായിരിക്കാനിടയില്ല എന്ന് മനസ്സിലാക്കി, താന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് എന്ന് തിരിച്ചറിഞ്ഞ്, ജീവി സ്വഗ്രഹത്തിലേയ്ക്ക് മടങ്ങുകയേയുള്ളു.       

സംഗീതത്തില്‍ പ്രസ്താവനയില്ല, സങ്കല്‍പ്പനമില്ല, പ്രതിഛായയില്ല. സംഗീതം ഒന്നിനേയും പ്രതിനിധീകരിക്കുന്നില്ല.  അതിന് ലോകവുമായി ഒഴിവാക്കാനാവാത്ത യാതൊരു ബന്ധവുമില്ല.  എങ്കിലും മനുഷ്യര്‍ക്കെല്ലാം കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തിനോട് പ്രിയമാണ്.  മാത്രമല്ല, നാദത്തെ തിരിച്ചറിയാനുള്ള സിരാസംവിധാനങ്ങള്‍ ഇല്ലാത്ത ശരീരങ്ങള്‍ അതീവ വിരളവുമാണ്.  മനുഷ്യന് ജീവനുള്ളവയോട് ഒരു പ്രത്യേക പ്രിയമുണ്ട്.  ഒരു പക്ഷെ, അതുതന്നെയാവാം, ജീവനുള്ള, സംഗീതത്തോടുള്ള പ്രിയവും.   

പക്ഷികള്‍ പാടാറുണ്ട്.  ഇണയെ ആകര്‍ഷിക്കാനും അതിന്റെ ഇടം പ്രഖ്യാപിക്കാനും.  ആക്രമണപ്രത്യാക്രമണങ്ങള്‍ക്കിടയിലും.  അതിജീവനത്തിന്റെ ഭാഗമാണ് അവരുടെ പാട്ട്.  പക്ഷികളുടെ സിരാഘടനയില്‍ ജീവിതസഹായിയായ സംഗീതം ക്രിയാത്മകതയ്ക്ക് സാധ്യതയില്ലാത്തവിധം നിശ്ചിതമാണ്.  യുഗ്മഗാനം പാടുന്ന ചില കിളികള്‍ അപവാദമായുണ്ടെങ്കിലും.  അവരും സംഗീതകല ആവിഷ്‌കരിച്ചിട്ടില്ല.  

അതിജീവനത്തിന് നേരിട്ട് പ്രയോജനപ്പെടുംവിധമല്ലാതെ, പരോക്ഷമായി സഹായിക്കുകയാവാം സംഗീതം ചെയ്യുന്നത്.  അതുകൊണ്ടായിരിക്കാം സംഗീതക്കഴിവിന് മസ്തിഷ്‌കത്തില്‍ പ്രത്യേക കേന്ദ്രം ഇല്ലാതിരിക്കുന്നത്.  സംഗീതം നിര്‍മ്മിക്കുന്നതില്‍ മസ്തിഷ്‌കത്തിലെ ഒരു ഡസന്‍ കേന്ദ്രങ്ങള്‍ പങ്കെടുക്കുന്നുണ്ട്. എവിടേയും കേന്ദ്രീകരിച്ചല്ല.  പകരം ഒരു സിരായോഗമായി.  മസ്തിഷ്‌കത്തില്‍ മറ്റു കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുവേണ്ടി രൂപപ്പെട്ട കഴിവുകളെയാണ് സംഗീതത്തിനുവേണ്ടി ഉപയോഗിക്കപ്പെടുന്നത്.  അഥവാ സംഗീതമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന മസ്തിഷ്‌കത്തിലെ ഭാഗങ്ങള്‍ മറ്റു ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍വേണ്ടിയുള്ളവയാണ് (Oliver Sacks, Musicophilia).    

വളരെ ചുരുക്കം ചിലരൊഴിച്ച് നാമെല്ലാവരും ജന്മനാ ഉള്ളില്‍ സംഗീതമുള്ളവരാണ്.  നാദം, ശബ്ദത്തിന്റെ ഗുണം, ശ്രുതിവ്യത്യാസം, മാധുര്യം, പൊരുത്തം, പ്രാഥമികമായ താളം എന്നിവ നമുക്ക് ജന്മനാ തിരിച്ചറിയാന്‍ കഴിയും.  മസ്തിഷ്‌കത്തിന്റെ പല ഭാഗങ്ങളും ചേര്‍ന്ന് ഈ പറഞ്ഞവയേയെല്ലാം കൂട്ടിയിണക്കി സംഗീതം സൃഷ്ടിക്കും.  അബോധതലത്തിലുള്ള ഈ ഘടനകള്‍ക്ക് വൈകാരിക തലവുമായി ബന്ധമുണ്ട്.  പറഞ്ഞറിയിക്കാനാവാത്ത ആഴത്തിലുള്ള സംഗീതാനുഭവം എന്താണെന്ന് നമുക്കനുഭവിച്ചറിയാം.  പക്ഷെ അത് എന്താണെന്ന് പറയാന്‍ കഴിയില്ല.  ഫ്രീഡ്ര്‌റീക് നീഛ പറഞ്ഞതുപോലെ നാം സംഗീതം കേള്‍ക്കുന്നത് പേശികളിലൂടെയാണ്.  നാം പാട്ട് ശ്രദ്ധിക്കാതിരിക്കുമ്പോഴും അറിയാതെ താളം പിടിച്ചു പോകാറുണ്ട്.  പാട്ടിന്റെ വളവുതിരുവുകള്‍ക്കനുസരിച്ച് ശരീരം ആടും.  പാട്ടിന്റെ പ്രതിഫലനം കണ്ണാടിയിലെന്നപോലെ ശരീരത്തില്‍ കാണാം, പാട്ട് ശ്രദ്ധിക്കുന്നില്ലെങ്കില്‍പോലും.  നീഛ ഉദ്ദേശിച്ചത് അതായിരിക്കാം.   

സംഗീതത്തിന് ആന്തരഘടനയുണ്ട്.  ശബ്ദത്തിന്റെ മാതൃകകളുണ്ട്. അതിന്റേതായ യുക്തിയുണ്ട്.  ഗതിയുണ്ട്.  അഭംഗുരസഞ്ചാരങ്ങളുണ്ട്.  ഇവയ്ക്ക് അനുബന്ധമായി കേള്‍വിയുടെ ശരീരസംവിധാനങ്ങളും തലയ്ക്കുള്ളിലെ ഘടനാവൈഭവങ്ങളും സംഗീതത്തെ നിര്‍മ്മിക്കാന്‍ സജ്ജമായിരിപ്പുണ്ട്.  ശ്രവണേന്ദ്രിയം നല്‍കുന്നതിനെ അഴിച്ചുപണിഞ്ഞ് അനുഭവമായി സൃഷ്ടിക്കുന്ന സിരായോഗങ്ങളുടെ സങ്കീര്‍ണ്ണമായ ധര്‍മ്മം ശരീരത്തിന്റെ ഭാഗത്തുനിന്നുണ്ട്.  നിഗൂഢമായ രീതിയില്‍ ഇവയെല്ലാം വികാരവുമായി കെട്ടുപിണയുന്നുമുണ്ട്. അതായത്, അകത്തുനിന്നാണോ പുറത്തുനിന്നാണോ സംഗീതം ഉണ്ടാകുന്നത് എന്ന നിശ്ചയിക്കാന്‍ പറ്റാത്തവിധം കൂടിച്ചേര്‍ന്ന ഒരു പ്രക്രിയയാണ് സംഗീതനിര്‍മിതി.   

സംഗീതജ്ഞര്‍ മണിക്കൂറുകളോളം പാടാറുണ്ട്.  ദീര്‍ഘമായ രചനകള്‍ സൃഷ്ടിക്കാറുണ്ട്.  വിസ്മയം പൂണ്ട് നാം ഈ കഴിവിനെ ദൈവാനുഗ്രഹം എന്ന് വിശേഷിപ്പിക്കും.  സംഗീതജ്ഞാനത്തിന്റെ, മസ്തിഷ്‌കം സൂക്ഷിക്കുന്ന, പ്രതിരൂപമാണ് ഇത് എന്നാണ് സിരാവിജ്ഞാനശാഖ വിശദീകരിക്കുന്നത്.  ഈ പ്രതിരൂപത്തിന്റെ സാന്നിധ്യം പ്രഗത്ഭരില്‍ പ്രകടമാണ്.  ഏറ്റവും നല്ല ഉദാഹരണം ബിഥോവന്‍തന്നെ.  ചെവി കേള്‍ക്കാതിരുന്നിട്ടും നിരവധി വിശേഷപ്പെട്ട സംഗീതരചനകളെ അദ്ദേഹം സൃഷ്ടിച്ചു.  കേള്‍ക്കാന്‍ വയ്യായ്മ അദ്ദേഹത്തിന്റെ സംഗീതഭാവനയെ കൂടുതല്‍ ഉത്തേജിപ്പിക്കുകയാണുണ്ടായത്.  അവസാനകാല രചനകളുടെ ശില്‍പ്പഘടന കുറേക്കൂടി സങ്കീര്‍ണ്ണമായതിന് കാരണം, ഒരു പക്ഷെ, ഈ സംഗീതാത്മകമായ പ്രതിരൂപത്തിന്റെ പ്രകാശനം പൂര്‍ണ്ണമായതുകൊണ്ടാകാം.    

സംഗീതത്തിനുവേണ്ടിയുള്ള സിരാസംവിധാനങ്ങളുടെ സാന്നിധ്യം പ്രകടമാകുന്ന പ്രതിഭാസങ്ങളിലൊന്നാണ് മായാസംഗീതശ്രവണം (musical hallucination). കേള്‍വിക്കുറവ്, അപസ്മാരം എന്നീ രോഗങ്ങളുള്ളവരിലാണ് ഇത് കൂടുതല്‍ കാണുന്നത്.  മായാശ്രവണത്തില്‍ മസ്തിഷ്‌കം ഉണ്ടാക്കുന്ന സംഗീതം നാം പുറത്തുനിന്നെന്നപോലെ കേള്‍ക്കുകയാണ്.  ഓണ്‍ ചെയ്യാന്‍ മാത്രം സ്വിച്ചുള്ള ഒരു റേഡിയോ തലയ്ക്കുള്ളില്‍ പാടുകയാണ്.  പക്ഷെ ഇത് ആര്‍ക്കും സുഖകരമല്ല.  കാരണം നമ്മുടെ ഇഷ്ടഗാനങ്ങളല്ല കേള്‍ക്കുന്നത്.  പകരം നാം കേള്‍ക്കാനിടയായ, കേള്‍ക്കുമ്പോള്‍ ശ്രദ്ധിക്കാതിരുന്നവയടക്കം, പാട്ടുകളാണ് കേള്‍ക്കുക.  കാലത്തിന്റെ അഭിരുചിയെയാണ് മായാസംഗീതം പ്രതിഫലിപ്പിക്കുക, വ്യക്തിയുടെ അഭിരുചിയെ അല്ല.

നമുക്കിടയില്‍ സംഗീതമില്ലാത്ത മനുഷ്യരുമുണ്ട്.  അവര്‍ക്ക് സംഗീതത്തെ തിരിച്ചറിയാന്‍ കഴിയില്ല.  ലോകമര്യാദ പാലിക്കാന്‍ ഇവര്‍ കച്ചേരിക്കൊക്കെ പോയി സഹിച്ചിരിക്കും.  'ഹാപ്പി ബെര്‍ത്ത്‌ഡെ ടു യു' എന്ന പാട്ടുപോലും സംഗീതത്തിന്റെ അകമ്പടി കാരണം മനസ്സിലാകാത്തവരുണ്ട്.  വാക്കുകള്‍ക്കൊപ്പം വരുന്ന ഓര്‍ക്കസ്ട്രയുടെ അനുഭവത്തെ വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒരു സംഗീതരഹിത പറഞ്ഞത് അടുക്കളയില്‍ കിണ്ണവും പാത്രങ്ങളുമൊക്കെ താഴേയ്ക്ക് വലിച്ചിടുമ്പോഴുണ്ടാകുന്ന ശബ്ദം കേള്‍ക്കുന്നതുപോലെയാണ് അത് എന്നാണ്.  ഇവിടെ സംഗീതരഹിതയ്ക്ക് സ്വരസ്ഥാനഭേദം മാത്രമല്ല, ടെംബ(ര്‍),Timbre, കൂടി മനസ്സിലാവുന്നില്ല.  ഒരു ശബ്ദത്തിന്റെ നാദസ്ഥിരതയാണ്, ധ്വനിഗുണമാണ്, ടെംബ(ര്‍).  വര്‍ണ്ണത്തിന്റെ കാര്യത്തില്‍ കളര്‍ടോണ്‍ എന്നൊക്കെ പറയുന്നതുപോലെ, പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ ധ്വനിയുടെ തോത് നിറവാര്‍ന്ന് നിര്‍ത്തുന്നതാണ് ടെംബ(ര്‍).    

സിരാവിജ്ഞാനീയമനുസരിച്ച് സംഗീതത്തെ മനസ്സിലാക്കുന്നതില്‍ രണ്ടു പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ഒന്ന്, ഈണത്തെ മനസ്സിലാക്കല്‍.  രണ്ട്, താളത്തെ മനസ്സിലാക്കല്‍.  മസ്തിഷ്‌കത്തിന്റെ വലതുപകുതിയ്ക്ക് തകരാറ് സംഭവിക്കുമ്പോഴാണ് ഈണഗ്രഹണത്തെ ബാധിക്കുന്നത്.  അതുകൊണ്ട് ആ ഭാഗമാണ് ഈണഗ്രഹണത്തിന് ഉത്തരവാദി എന്ന് ഊഹിക്കാം.    താളത്തെ പ്രതിനിധീകരിക്കുന്ന ഭാഗങ്ങള്‍ കുറേക്കൂടി സ്ഥൂലമാണ്.  മസ്തിഷ്‌കത്തിന്റെ ഇടതുവശം മാത്രമല്ല, ബെയ്‌സല്‍ ഗാന്‍ഗ്ലിയയിലെ (Basal Ganglia) ധാരാളം ഉപവിഭാഗങ്ങള്‍ (subcortical systems) കൂടി ഇതില്‍ പങ്കുകൊള്ളുന്നുണ്ട്. 

സ്റ്റീവെന്‍ മിഥെന്‍ (Steven Mithen) പറയുന്നത് പരിണാമദശയില്‍ ഭാഷയുടേയും സംഗീതത്തിന്റേയും ഉത്ഭവം ഒരുമിച്ച് ചേര്‍ന്ന നിലയിലായിരുന്നു എന്നാണ്. നിയന്‍ഡര്‍താല്‍ മനുഷ്യര്‍ക്ക് അര്‍ത്ഥമുള്ള ഭാഷയുണ്ടായിരുന്നു.  വാഗര്‍ത്ഥമല്ല.  അര്‍ത്ഥമുണ്ടാക്കിയിരുന്നത് ശ്രുതിഭേദത്തിലൂടെയാണ്.  കേവലമായ സ്വരസ്ഥാനബോധമാണ് (Absolute pitch) അര്‍ത്ഥത്തെ നിര്‍ണ്ണയിച്ചിരുന്നത്.  ഒരു തരം പാട്ടുഭാഷ.  ഭാഷയുടേയും സംഗീതത്തിന്റേയും പ്രാഗ്‌രൂപമായിരുന്നു അത്.  മനുഷ്യരിലും കേവലമായ സ്വരസ്ഥാനബോധം കാണാം.  മനുഷ്യരില്‍ ഇത് ഗുണമായും ദോഷമായും പ്രവര്‍ത്തിക്കും.  ഇതര സ്വരങ്ങളുമായി താരതമ്യം ചെയ്യാതെ ഏതെങ്കിലും സ്വരത്തിന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള ജന്മസിദ്ധിയാണിത്.  പക്ഷെ മറ്റൊരു ശ്രുതിയില്‍ ഇതേ സ്വരം വരുമ്പോള്‍ ഇത് അതേ സ്വരമായിരുന്നു എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ ഈ ഗുണത്തിന്റെ ദോഷഫലമാണ്.  പറഞ്ഞാല്‍ തീരാത്തത്ര പദങ്ങളും വാക്യഘടനകളുമുള്ള ഭാഷ സംഗീതഭാഷയുടെ സ്ഥാനത്ത് പകരംവന്നപ്പോള്‍ സംഗീതം പ്രയോജനപഥത്തില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നോ?  സംഗീതത്തിന്റെ നഷ്ടത്തിലാണോ നാം ഭാഷാജീവികളായത്?  

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തപ്പതിപ്പ്, 18 ഓഗസ്ത് 2019, പേജ് 4)


 

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...