ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഒരുപാട് പ്രത്യേകതകളെ സൂക്ഷിക്കുന്ന രഹസ്യ അറയാണ് 'ഘരാന.' ആ വാക്കു തുറന്നാല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഉറവിടംവരെ കാണാം. ചരിത്രത്തില്‍ ഹിന്ദുസ്ഥാനി സംഗീതം എങ്ങനെ വളര്‍ന്നുപടര്‍ന്നു എന്നു കാണാം; എങ്ങിനെയാണ് ഇത്രമാത്രം പിടിച്ചുകൂട്ടി സംരക്ഷിച്ചത് എന്നു കാണാം. പല സംഗീതജ്ഞര്‍ക്കും ജീവിതത്തേക്കാള്‍ വലുതായിരുന്നു സംഗീതം എന്നും കാണാം. ആ സംഗീതത്തിന്റെ വീടാണ് (ഘര്‍) ഘരാന.
വ്യത്യസ്ത ഘരാനകള്‍ക്കുള്ളത് വ്യത്യസ്തമായ ശൈലികളാണ്. ഏത് ഘരാനയാണെന്ന് ശൈലി നോക്കി പറയാം. അതുകൊണ്ട് ഒറ്റനോട്ടത്തില്‍ അത് ഒരു ശൈലിയാണ് എന്ന് തോന്നും. എന്നാല്‍ ഘരാന എന്ന വാക്ക് ഹിന്ദുസ്ഥാനിയുടെ ലോകത്തിലെ സങ്കീര്‍ണ്ണമായ ഒരു യാഥാര്‍ഥ്യത്തെയാണ് കുറിക്കുന്നത്. ഘരാനയെ മറ്റു ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യുക എളുപ്പമല്ല. കാരണം തത്തുല്യമായ ഒരു ഉള്ളടക്കം മറ്റെവിടേയും കാണാനിടയില്ല.
അതിവിദഗ്ധരായ പാട്ടുകാരെ ചുറ്റിപ്പറ്റിയാണ് ഒരു ഘരാന ആവിര്‍ഭവിക്കുക. ആ വ്യക്തിയുടെ സംഗീതമഹിമ തിരിച്ചറിഞ്ഞ് പഠിക്കാന്‍ ചെല്ലുന്ന വിദ്യാര്‍ത്ഥികളും ആസ്വാദനനിപുണരും ആരാധകരും ചേര്‍ന്ന് ഒരു ഗോത്രംപോലെയാവും. ശിഷ്യര്‍ ഗുരുവിന്റെ സംഗീതജ്ഞാനവും ആദര്‍ശങ്ങളും ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും അവയില്‍ പ്രാവീണ്യം നേടുകയും ചെയ്യും. ഈ ശൈലി ഒന്നുരണ്ടു തലമുറ പിന്‍തുടരുന്നതോടെ അത് ഒരു ഘരാനയായി. 1700 ന്റെ തുടക്കം മുതല്‍ ഖയാല്‍ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേന്ദ്രസ്ഥാനത്തുള്ള സംഗീതരൂപമാണ്. അന്നു മുതല്‍ നോക്കുമ്പോള്‍ ഘരാനയ്ക്ക് തലമുറകളോളം പഴക്കവും തുടര്‍ച്ചയുമുണ്ട്. വേരുകള്‍ താന്‍സനിലേയ്ക്ക് നീളുന്നതായി മിക്കവാറും എല്ലാ പഴയ പാട്ടുകാരും നിഷ്‌കളങ്കമായി അവകാശപ്പെടുന്നത് ഘരാനയെ പെരുപ്പിച്ചു കാണിക്കാനുള്ള പ്രവണതയുടെ കൗതുകകരമായ ഒരു വശമാണ്.
രാജാക്കന്മാര്‍ക്ക് അവരുടെ കൊട്ടാരത്തില്‍ ഏറ്റവും നല്ല സംഗീതം ഉണ്ടാകണം. അതിനുവേണ്ടി അവര്‍ മികവുറ്റ സംഗീതജ്ഞരെ കൊട്ടാരത്തില്‍ പാര്‍പ്പിച്ചു. സംഗീതജ്ഞര്‍ക്ക് നല്ല പേരും പെരുമയും പ്രതിഫലവും കിട്ടണമെങ്കില്‍ വൈദഗ്ധ്യം തെളിയിക്കണം. വിശേഷപ്പെട്ട ശൈലി ആവിഷ്‌കരിക്കുക ആ കാലത്തിന്റെ ആവശ്യമായിരുന്നു. പ്രത്യേകമായ ശൈലിയും മറ്റാര്‍ക്കും അറിയാത്ത രാഗതാളങ്ങളും ബന്ദിശുകളും കോപ്പിറൈറ്റുകളെപ്പോലെ സംരക്ഷിക്കപ്പെടേണ്ടതായിവന്നു.
ഓരോ ഘരാനയ്ക്കും അതിന്റെ സ്ഥാപകന്റേതായ വ്യക്തിമുദ്രകളുണ്ടാവും. പ്രത്യേകതരം മനോഭാവങ്ങള്‍, പലതരം രുചിവൈചിത്ര്യങ്ങള്‍ തുടങ്ങിയവ. ജയ്പൂര്‍ ഘരാന രൂപപ്പെട്ടത് യാദൃശ്ചികമായാണ്. അല്ലാദിയാ ഖാന്‍ ചെറുപ്പത്തില്‍, കോല്‍ഹാപ്പൂരിലേയ്ക്ക് വരുന്നതിനു മുന്‍പ് അംലേടാ കൊട്ടാരത്തിലെ ആസ്ഥാന ഗായകനായിരുന്നു. ആറു മാസമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അംലേടായിലെ രാജാവ് ആ യുവാവിന്റെ സംഗീതത്തില്‍ വല്ലാതെ ഭ്രമിച്ച് അദ്ദേഹത്തെ രാപ്പകല്‍ പാടിപ്പിച്ചുകൊണ്ടിരുന്നു. അവസാനം ഖാന്‍സാഹിബ്ബിന്റെ ശബ്ദംപോയി. സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അടുപ്പം സംഗീതമേ ജീവിതം എന്ന മട്ടിലായിരുന്നു. ആത്മഹത്യചെയ്യാന്‍ ഒരുങ്ങിയ ഖാന്‍സാഹിബ്ബിനെ ഒരു അഭ്യുദയകാംക്ഷിയുടെ ചോദ്യമാണ് പിന്‍തിരിപ്പിച്ചത്. നിലവിലുള്ള ശബ്ദത്തിന് പ്രകടനസാധ്യതയുള്ള ഒരു പ്രത്യേക ശൈലി ഉണ്ടാക്കാന്‍ ശ്രമിച്ചുകൂടെ എന്ന ചോദ്യം. തുടര്‍ന്ന്, സ്വനസാദത്തെ വകവെയ്ക്കാതെ, ശബ്ദസൗകുമാര്യത്തെ ആശ്രയിക്കാത്ത തരത്തിലുള്ള, ഒരു ശൈലി ഖാന്‍സാഹിബ്ബ് ആവിഷ്‌കരിച്ചു. അതിന്റെ സങ്കീര്‍ണ്ണമായ കൂട്ട് ശ്രോതാക്കളുടെ ശ്രദ്ധയെ കെട്ടിയിട്ടു. ക്രമേണ അല്ലാദിയയുടെ സംഗീതം അതിന്റെ സമൃദ്ധമായ ഈണവൈജാത്യങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. അപൂര്‍വ്വരാഗങ്ങളും സങ്കീര്‍ണ്ണരാഗങ്ങളും ജയ്പൂര്‍ ഘരാനയുടെ പ്രശസ്തമായ മുദ്രയായി. പ്രത്യേകിച്ചും ഒന്നിലധികം രാഗങ്ങളെ അവയുടെ അതിര്‍വരമ്പുകളറിയാത്തവിധം ചേര്‍ത്തുകൊണ്ടുള്ള രാഗങ്ങള്‍. അവയിലോരോ രാഗത്തിന്റേയും പ്രത്യേകതകള്‍ എടുത്തുകാണിച്ചുകൊണ്ടുതന്നെ. ഈ വശം അദ്ദേഹത്തിന്റെ ഗായകിയെ ശബ്ദത്തിന്റെ ഒരു നൂതന ശില്പകലയാക്കി.
ഘരാന ശൈലി മാത്രമല്ല, രാഗങ്ങളുടേയും രചനകളുടേയും സ്വത്തുകൂടിയാണ്. കരുതിമാത്രം ഉപയോഗിക്കേണ്ടവ. നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കേണ്ടവ. സമ്പന്നരായ അമ്മമാര്‍ ആഭരണങ്ങള്‍ എടുത്തുകൊണ്ടുവെയ്ക്കുന്നതുപോലെ, കുടുംബസ്വത്തുപോലെ കൈമാറേണ്ടവ. കഴിയുന്നതും രക്തബന്ധത്തിലുളളവര്‍ക്ക്, പ്രത്യേകിച്ചും ആണുങ്ങള്‍ക്ക്. അപൂര്‍വ്വ രാഗങ്ങളില്‍ പലതും കച്ചേരികളില്‍ പാടാറില്ല. രഹസ്യമായി മക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ വിശ്വസ്തരായ ശിഷ്യര്‍ക്കോ പഠിപ്പിക്കും. വിവാഹബന്ധങ്ങള്‍ ആലോചിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ പരിഗണിക്കുക സംഗീതസമ്പത്ത് സംരക്ഷിക്കപ്പെടുമോ എന്നാണ്. വീട്ടിലെ സ്ത്രീകളും പാട്ടുകേട്ട് വിദുഷികളായിട്ടുണ്ടാകും. അപ്പോള്‍ അവരെ കെട്ടിച്ചുകൊടുക്കുന്ന വീട്ടിലും ഘരാന സംരിക്ഷിക്കപ്പെടുമോ എന്ന് ഉറപ്പു വരുത്തണം.
ക്ലാസിക്കല്‍ സംഗീതത്തിന്റെ തുടക്കം നാട്യശാസ്ത്രത്തിന്റെ കാലത്തായിരുന്നു എന്നാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. പക്ഷെ അനുഷ്ഠാനങ്ങളിലെ പാട്ടായും പാഠങ്ങള്‍ ചൊല്ലി മനസ്സില്‍ സൂക്ഷിക്കുന്നതിന് സഹായഘടകമായും സംഗീതം വളരെ മുന്‍പുതന്നെയുണ്ട്. ഗുരുശിഷ്യപരമ്പരകളില്‍ സംഗീതം എഴുത്തിന്റെ സഹായമില്ലാതെയാണ് പകര്‍ന്നിരുന്നത്. സംഗീതപണ്ഡിതര്‍ സംസ്‌കൃതഭാഷയില്‍ സംഗീതത്തെ സംബന്ധിച്ച സിദ്ധാന്തങ്ങള്‍ രചിക്കുമ്പോള്‍ പാട്ടുകാര്‍ ചെയ്തിരുന്നത് അവരുടെ കലയെ പാതി ഗോപ്യവും പാതി തുറന്നും വെയ്ക്കുകയായിരുന്നു. പാതി തുറന്നു വെയ്ക്കുന്നത് കലാവിഷ്‌കാരത്തിനും അതേസമയം കഴിഞ്ഞുകൂടാന്‍ വേണ്ടിയുമാണ്. പാതി ഗോപ്യമാക്കി വെയ്ക്കുന്നത് ഭാവിയില്‍ സ്വന്തം സംഗീതം കൈവിട്ടുപോകാതിരിക്കാനും.
ചില മാറ്റരുതാത്ത ചട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏതാണ്ട് പൂര്‍ണ്ണമായും മനോധര്‍മ്മമായുള്ള സംഗീതമാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം. ആര്‍ജിച്ച ജ്ഞാനവും സൃഷ്ടിച്ച ജ്ഞാനവും രേഖപ്പെടുത്തുന്നില്ല. രേഖപ്പെടുത്തുന്നതില്‍ അനൗചിത്യമുള്ളതുകൊണ്ട്. ആലാപില്‍ ശ്രുതിഭംഗി പ്രകടിപ്പിക്കാന്‍ ഒരു സ്വരം ശ്രുതി ചേര്‍ന്ന് ദീര്‍ഘനേരം പാടുന്നത് സ്വരമെഴുത്തിലൂടെ രേഖപ്പെടുത്തുന്നത് ഒരു വലിയ തമാശയായിത്തീരുകയേയുള്ളു. ഒരു സ്വരം മറ്റുസ്വരങ്ങളിലൂടെ പറന്നു കളിക്കുന്നത് എങ്ങനെ സ്വരമെഴുത്തിലൂടെ പ്രകടിപ്പിക്കും? ഗമകങ്ങളും വൈവിധ്യമാര്‍ന്ന ശൈലികളും സ്വരസങ്കല്‍പ്പങ്ങളുടെ അതിര്‍ത്തി ഭേദിച്ചുകൊണ്ടിരിക്കും. ഈ കാരണത്താല്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ സ്വരരേഖ പൂര്‍ണ്ണമായ പ്രതിനിധാനമാകില്ല. പാട്ടുകള്‍ ഭൂരിഭാഗവും അവരുടെ സംഗീതാനുഭവത്തില്‍നിന്നും ഉള്‍ക്കാഴ്ചയില്‍ നിന്നും ഭാവുകത്വങ്ങളില്‍നിന്നും രൂപപ്പെടുന്നതാണ്. ഇത്രയും സങ്കീര്‍ണ്ണമായ ഒരു കലയ്ക്ക് കമ്പോളം കണ്ടെത്തേണ്ടതുണ്ട്. അതേസമയം അതില്‍ കലര്‍പ്പുവരാതെ സ്വന്തം സൃഷ്ടിയായി നിര്‍ത്തുകയും വേണം. ഇപ്രകാരം ചോരാതെ, മോഷ്ടിയ്ക്കപ്പെടാതെ, പകര്‍ത്തപ്പെടാതെ, സ്വന്തമായി നിര്‍ത്തിക്കൊണ്ടുതന്നെ പകര്‍ന്നുകൊടുക്കാന്‍ ഗുരുശിഷ്യ സമ്പ്രദായമാണ് യോജിച്ചത്. അതുകൊണ്ടുകൂടിയാണ് ഘരാന രൂപംകൊണ്ടതും നിലനിന്നതും.
്‌സ്വയം രചിച്ച ബന്ദിശുകളും പ്രത്യേകമായ രാഗതാളങ്ങളും വിസ്താരരീതികളും പ്രത്യേകമായ ശബ്ദോത്പാദനരീതികളും ചേര്‍ന്ന ഒരു മുഴുവന്‍ സംഗീതവിഭവസമൃദ്ധിയാണ് ഒരു ഘരാനയുടെ സ്വത്ത്. വ്യക്തികള്‍ക്ക് അവരുടേതായ സര്‍ഗ്ഗവൈഭവം ഉണ്ടാകുമെങ്കിലും ഘരാനയുടെ ശൈലിയെ ധരിക്കുമ്പോഴാണ് സംഗീതജ്ഞന്റെ പദവി ഉയരുക.
കാലംമാറുന്നതിനനുസരിച്ച് ഘരാനയുടെ ഉത്കണ്ഠകളുടെ പ്രസക്തി കുറഞ്ഞുവന്നു. ഭിംസെന്‍ ജോഷി പാട്ടു പഠിക്കാന്‍ നാടു വിട്ടു. സവായി ഗന്ധര്‍വ്വിന്റെ ശിഷ്യനായി. കുടുംബക്കാരനല്ലാതെതന്നെ കിരാന ഘരാനയുടെ ഘനഗംഭീര ശബ്ദമായി. സമാനമായ ഉദാഹരണങ്ങള്‍ നിരവധി. ഇന്നത്തെ ലോകം ഘരാനകള്‍ക്ക് അവയുടെ ധര്‍മ്മം നിറവേറ്റാനാകാത്ത തരത്തിലുള്ളതാണ്. ശബ്ദാന്തരീക്ഷത്തില്‍ എല്ലാ ഘരാനകളും ഒരുപോലെ തുറന്നുകിടക്കുകയാണ്. ഒരു വാതിലും അടയ്ക്കാനാവാതെ. ഇന്നത്തെ ലോകത്തിന് ഘരാന നല്‍കിയ സംഭാവന ഒരു പക്ഷെ സംഗീതത്തിലെ വിവേകമായിരിക്കാം. വിവേകം എന്താണെന്ന് പൂര്‍വ്വനിശ്ചിതമല്ല. അത് സര്‍ഗ്ഗാത്മകതയുടെ ഇംഗിതങ്ങള്‍ക്ക് പാത്രീഭവിച്ചുകൊണ്ടേയിരിക്കും.
മുകുന്ദനുണ്ണി
(ദേശാഭിമാനി വാരാന്തപ്പതിപ്പ്, ഫെബ്രുവരി 17, 2019, പേജ് 4)

Comments