കോഴിക്കോടിന്റെ കലാവിഹായസ്സില്‍ പ്രകാശം പരത്തിയ ഒരു മെഹ്ഫില്‍കാലം ഉണ്ടായിരുന്നു. പല ദിക്കിലേയ്ക്കും അലകള്‍ ചെന്നെങ്കിലും കോഴിക്കോടന്‍ ജനജീവിതത്തെയായിരുന്നു അത് ഗാഢമായി ബാധിച്ചിരുന്നത്. പാട്ടുകാരനായ അബ്ദുള്‍ ഖാദറും ഈണാവിഷ്‌കാരകനായ ബാബുരാജും മറ്റു കലാകാരന്മാരും കൂടെയിരുന്നും ദൂരെയിരുന്നും കേട്ടവരും ഇപ്പോഴും സ്മൃതിപേറുന്നവരും അടങ്ങുന്ന ഒരു സ്വതന്ത്ര സംഗീതകാലം. ആ കാലം ഇപ്പോഴും ഭൂതവും ഭാവിയും വര്‍ത്തമാനവുമായി പലരുടേയും ആന്തരലോകങ്ങളില്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്.
പ്രചാരംകൊണ്ടല്ല, തീക്ഷ്ണതകൊണ്ട് ശ്രദ്ധിക്കപ്പെടുന്ന സംഗീതമായിരുന്നു അത്. ദേശദേശാന്തരങ്ങളിലേയ്ക്ക് പടരാതെ മുക്കിലും മൂലയിലും തട്ടിന്‍പുറങ്ങളിലുമായി രാത്രിയുടെ ദീര്‍ഘയാമങ്ങളില്‍ ഒരു രഹസ്യമെന്നപോലെ ആ മെഹ്ഫിലുകള്‍ വികാരത്തിന്റെ ചുഴികള്‍ ചുഴറ്റി ആ കാലത്തെ വരിഞ്ഞുമുറുക്കി. പാട്ടുകാരനും ശ്രോതാവും ഒന്നായി. സംഗീതവും മനുഷ്യനും പരസ്പരം കടന്നുകയറിയതിന്റെ ആഘോഷത്തില്‍ മൂല്യം കുമിളയിട്ടു. കലാസാംസ്‌കാരികമായ ഏതൊരു പുതിയ തുറസ്സിലുമെന്നപോലെ ഈ സംഗീതാന്തരീക്ഷത്തെ ഒരു തരം ബൊഹീമിയന്‍ ജീവതരീതി വലയം ചെയ്തിരുന്നു. ഒരു സമൂഹത്തിനകത്തെ മറ്റൊരു സമൂഹമായി അതിനെ ആ ബൊഹീമിയന്‍ ജീവിതരീതി നിര്‍വ്വചിച്ചുകൊണ്ടിരുന്നു. പ്രണയത്തിന്റെ രുചിയുള്ള സംഗീതവും മദ്യലഹരിയും സ്വപ്‌നങ്ങളും ഭ്രമാത്മകതയും നിഷേധവും വിഷാദവും ആ ലോകത്തിന്റെ സജീവ നിബിഡതയായി. രക്ഷാധികാരികളില്ലാത്ത, ആധികാരികത തീണ്ടാത്ത, ജനകീയതയുടെ സംഗീതമായി ക്രമേണ ആ സംഗീതസംരഭം ജനങ്ങളിലേയ്ക്ക് കയറിപ്പോയി.
സ്വകാര്യവേദികള്‍ക്ക് പുറത്ത് അബ്ദുള്‍ഖാദറുടെ സംഗീതം ഏറെയൊന്നും അറിയപ്പെട്ടിരുന്നില്ല. അന്ന് സംഗീതം വലിയ വിപണിയുള്ള ഒരു സാംസ്‌കാരിക ഉത്പന്നമായി കഴിഞ്ഞിരുന്നില്ല. ഇന്ന് തിരിഞ്ഞു നോക്കുമ്പോഴാണ് അത് ഒരു പ്രത്യേക കലാമണ്ഡലമായിരുന്നു എന്ന് തിരിച്ചറിയാനാവുന്നത്. അബ്ദുള്‍ഖാദറിന്റേയും ബാബുരാജിന്റേയും കാസിംക മുതല്‍ ഏതാനും ഗാനരചയിതാക്കളുടേയും സംഗീതത്തെ കോഴിക്കോടന്‍ ഭാവഗീതങ്ങള്‍ എന്ന് വിളിക്കാവുന്നതാണ്. അല്പം ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വാധീനമുള്ള, തബലയും ഹാര്‍മോണിയവും വാദ്യങ്ങളായി ഉപയോഗിച്ചു പാടുന്ന, ഭാവഗീതങ്ങള്‍. സംസ്‌കൃതത്തിലെ ഭാവഗീത സംപ്രദായത്തിന്റെ തുടര്‍ച്ചയാണ് വയലാറിന്റെ രചനാരീതിയെന്ന് പറയപ്പെടാറുണ്ട്. പക്ഷെ അപ്രകാരം ഒരു കള്ളിയിലേയ്ക്ക് കയറ്റി നിര്‍ത്താനാവാത്തവിധം ഈ സംഗീതത്തിന് നിലവിലുണ്ടായിരുന്ന സംപ്രദായങ്ങളുമായി ഇടര്‍ച്ചയുണ്ടായിരുന്നു. ശബ്ദത്തിന്റെ പ്രത്യേകതരം ഉത്പാദനശൈലിയാണ് ഒരു പക്ഷെ അബ്ദുള്‍ ഖാദറുടെ സംഗീതത്തിന്റെ വ്യത്യസ്തയെ സ്ഥാപിക്കുന്ന നിര്‍ണ്ണായക ഘടകം. കാല്പനിക ഭാവുകത്വങ്ങളെ തൊട്ടുണര്‍ത്തുന്ന ആ ശബ്ദം ഏത് പാട്ടിനേയും ആ ശബ്ദശൈലിയുടെ സൃഷ്ടിയായി മാറ്റിത്തീര്‍ക്കുമായിരുന്നു. ഏത് പാട്ടിനേയും തന്റെ പാട്ടാക്കി മാറ്റുന്ന ഗായകവൈഭവം അബ്ദുള്‍ഖാദറിന്റെ ശൈലീവ്യക്തിത്വമാണ്. ആര്‍ക്കും അനുകരിക്കാനാവാത്തതും ഒരു ഗണത്തിലും പെടാത്തതുമായ ആ ശബ്ദശൈലീമൗലികതയാണ് ആ ഭാവഗീതങ്ങളുടെ തന്മ.
അബ്ദുള്‍ ഖാദര്‍ ശബ്ദം ഉത്പാദിപ്പിക്കുന്നത് പാട്ട് അഭ്യസിച്ച ഒരു ഗായകനെപ്പോലെയല്ല. ഒരു പ്രത്യേക വൈകാരികാന്തരീക്ഷത്തെ സൃഷ്ടിക്കാന്‍ വെമ്പുന്നതിലേയ്ക്കാണ് ആ ശ്രമത്തിന്റെ ദിശ. സംഗീതവൈദഗ്ധ്യം കാണിക്കാന്‍ അബ്ദുള്‍ ഖാദര്‍ ശ്രമിച്ചിരുന്നില്ല. വികാരസമൃദ്ധമായ ഭാവാവിഷ്‌കാരത്തിനായ് നീട്ടലിനെ കുറുക്കുന്നതായും കുറുക്കലിനെ നീട്ടുന്നതായും കാണാം. ശബ്ദത്തെ മോടിപിടിപ്പിക്കാന്‍ യത്‌നിക്കുന്നില്ല. ചിലപ്പോള്‍ ആ ശബ്ദത്തിന് ഉറക്കച്ചടവായിരിക്കും. മറ്റു ചിലപ്പോള്‍ നവോന്മേഷം. പുതിയ ക്രിയാത്മക സംരംഭങ്ങളുടെ സകലമാന അങ്കലാപ്പുകളും ആ ശബ്ദത്തിന് ചുറ്റും നിഴലുകളായുണ്ട്. നിഴലുകള്‍ മാഞ്ഞ ഒരു ശബ്ദത്തിനു വേണ്ടി ആഗ്രഹിക്കുന്നുമില്ല. ആയിത്തീരലിന്റെ ശബ്ദവും ശൈലിയുമാണ് അത്. ആയിത്തീരലിന്റെ വക്കില്‍ നില്‍ക്കുന്നതുപോലെ. അങ്ങനെ നില്‍ക്കുമ്പോള്‍ ആ നില്‍പ്പിലുള്ളത് അന്തര്‍ലീനമായ അവ്യവസ്ഥയാണ്. അതുകൊണ്ട് അതിന്റെ മനോഹാരിതയെ സൗന്ദര്യചിന്തകളില്‍ ചിരസ്ഥാപിതമായ ഘടകങ്ങളിലേയ്ക്ക് ചുരുക്കുക അസാധ്യമാണ്.
ഇങ്ങനെയുള്ള ഒരു ശബ്ദോത്പാദന രീതി സ്വായത്തമാക്കാന്‍ അബ്ദുള്‍ഖാദര്‍ പ്രചോദിതനാകുന്നത് വടക്കെ ഇന്ത്യയിലെ പുതിയ സംഗീതശൈലികളില്‍ ആകൃഷ്ടനായതുകൊണ്ടായിരിക്കാം. അവിടെ, അന്ന്, കുന്ദന്‍ലാല്‍ സൈഗാളിന്റെ ശബ്ദശൈലി ശ്രോതാക്കളെ തൊട്ടാവാടി കണക്കെ ഉറക്കുന്ന കാലം. 'സോജാ രാജകുമാരി' കേട്ടാല്‍ വാടിയുറങ്ങിപ്പോകാത്തവര്‍ ഇന്നും വിരളം. മീണ്ട് എന്ന ഗമകത്തെ ലളിതമായ അവതരണത്തിന് ഉതകുംവിധം സ്വാംശീകരിച്ച ടാഗോര്‍പാട്ടുകളും വികാരസാഗരമായി ഓളംതള്ളിനിന്നിരുന്നു. നാടോടി ഈണങ്ങളുടേയും നാടന്‍ ഈണങ്ങളുടേയും പോഷകപ്രദമായ അടിത്തട്ടുള്ള തനി ബംഗാളി രബീന്ദ്രസംഗീതം. ടാഗോര്‍ അദ്ദേഹത്തിന്റെ സംഗീതം പാടി റിക്കോര്‍ഡ് ചെയ്യാന്‍ എല്ലാ പാട്ടുകാരേയും അനുവദിക്കാറില്ല. പ്രത്യേകിച്ചും ബംഗാളികളല്ലാത്തവരെ. പഞ്ചാബിയായിരുന്നിട്ടും സൈഗാളിനെ രബീന്ദ്രസംഗീതം പാടാന്‍ സമ്മതിച്ചത് അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ടാഗോര്‍ ഭ്രമിച്ചുപോയതുകൊണ്ടാണ്.
ഒരു ദിവസം സൈഗാള്‍ തന്റെ ഒരു പഴയ മോട്ടോര്‍സൈക്കിളില്‍ ഹാര്‍മോണിയം വെച്ചുകെട്ടി കല്‍ക്കത്തയില്‍നിന്ന് ശാന്തിനികേതനിലേയ്ക്ക് ഓടിച്ചുപോയി. രബീന്ദ്രനാഥ ടാഗോറിന് മുന്‍പിലിരുന്ന് പാടാന്‍. ടാഗോര്‍ ആദ്യം കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. അവസാനം സമ്മതം കിട്ടി. സൈഗാള്‍ പാടിയപ്പോള്‍ തൃപ്തനായ ടാഗോര്‍ ഇങ്ങനെയാണ് തന്റെ പാട്ടുകള്‍ പാടേണ്ടതെന്ന് പറയുകയും ചെയ്തു. അങ്ങനെയാണ് സൈഗാള്‍ രബീന്ദ്രസംഗീതം പാടാന്‍ തുടങ്ങിയത്. പിന്നീട് സൈഗാളിന്റെ ശൈലിയാണോ രബീന്ദ്രസംഗീതത്തിന്റേത് അതോ മറിച്ചോ എന്ന് തിരിച്ചറിയാനാവാത്തവിധം ആ ശൈലികള്‍ സമ്മേളിച്ചു. വേറൊരു ഭാഗത്ത്, സിനിമാപാട്ടിലൂടെ ധ്രുമ്രിയും ഗസലുമൊക്കെ സൈഗാള്‍ സ്വന്തം ശൈലിയിലേയ്ക്ക് ഈണാന്തരം ചെയ്ത് പാടിക്കൊണ്ടിരുന്നു.
സൈഗാളിന്റെ ശബ്ദത്തിന്റെ കണ്ണാടി-പ്രതിബിംബമാകാന്‍ അബ്ദുള്‍ ഖാദര്‍ കൊതിച്ചിരുന്നു. പക്ഷെ അദ്ദേഹം ഒന്നും അനുകരിച്ചില്ല. സൈഗാളിനെപ്പോലെ ക്ലാസിക്കല്‍ ബന്ധമുള്ള പാട്ടുകളും ഭജനയും പാടിയല്ല; സൈഗാളിനെപ്പോലെ ലോകപ്രസിദ്ധനുമായില്ല. പകരം അദ്ദേഹം മലബാറിന്റ സൈഗാള്‍ ആയി.
ചില പ്രത്യേക സൗന്ദര്യമൂല്യങ്ങളും അവയെ സൃഷ്ടിക്കുന്ന ചില സംഗീതശീലങ്ങളും ശൈലികളും നിലനിര്‍ത്തപ്പെടുമ്പോള്‍ അതിന്റെ പ്രയോക്താക്കള്‍ക്ക് അത് ഒരു സംഗീതലോകമായി. ഈ നിര്‍വ്വചനമനുസരിച്ച് രബീന്ദ്രസംഗീതം സ്വയം ഒരു ലോകമാണ്. ഇതേ അര്‍ത്ഥത്തില്‍, ഒരുപാട് മൗലിക ഘടകങ്ങള്‍ ഐക്യരൂപത്തെ നിര്‍മ്മിക്കുന്ന അബ്ദുള്‍ ഖാദറിന്റെ സംഗീതവും അതിന്റെ ബൊഹീമിയന്‍ അവ്യവസ്ഥകളും ചേര്‍ന്ന് ഒരു സാമൂഹ്യലോകമാകുന്നുണ്ട്. സൈഗാള്‍ സ്പര്‍ശം എന്നു പറയുന്നതുപോലെ, അബ്ദുള്‍ഖാദര്‍ സ്പര്‍ശം മുദ്രയായുള്ള ഗാനലോകം. മുഖ്യദിശാ സംഗീതത്തിന്റെ ഓരങ്ങളിലാണ് കോഴിക്കോടന്‍ മെഹ്ഫിലുകളുടെ സ്ഥാനം. പക്ഷെ ഓരങ്ങളില്‍നിന്ന് ഒഴുകിയ ആ സംഗീതതരംഗങ്ങള്‍ മുഖ്യധാരയില്‍ നിറയെ ഭാവങ്ങളുടെ പുതിയ കീശകള്‍ (pockets) തുറന്നു. ശബ്ദസംസ്‌കാരത്തിന്റെ നിലവാരത്തില്‍ അദ്ദേഹത്തിന്റെ ശബ്ദം ഏറെ അസംസ്‌കൃതമായിരിക്കാം. പക്ഷെ ആ ശബ്ദം ശ്വസിക്കുന്ന സ്വാതന്ത്ര്യം ഇന്ന് നമുക്ക് നഷ്ടമായിട്ടുണ്ട്.
മുകുന്ദനുണ്ണി
2018 ഡിസംബര്‍ 30 ഞായര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്

Comments