Skip to main content

ശമനത്തിന്റെ ആല്‍ക്കെമി



ഐതിഹ്യങ്ങളിലും കഥകളിലും സംഗീതത്തിന് അമാനുഷികമായ പരിവേഷമാണ്.  ഓര്‍ഫ്യൂസ് എന്ന ഗ്രീക്ക് സംഗീതദേവന്‍ ലൈര്‍ (കമ്പിവാദ്യം) വായിച്ച് വന്യമൃഗങ്ങളെ ശാന്തമാക്കുകയും വൃക്ഷങ്ങളെ നൃത്തം ചെയ്യിക്കുകയും പുഴയുടെ ഒഴുക്കിനെ നിശ്ചലമാക്കുകയും ചെയ്തിരുന്നു.  ഹനുമാന്‍ കേദാര രാഗം വിസ്തരിച്ചപ്പോള്‍ നാരദന്‍ ഇരുന്ന പാറ ഉരുകി.  ഉരുകിയ പാറവെള്ളത്തില്‍ പൊന്തിക്കിടന്ന നാരദന്റെ വീണ പാട്ട് നിര്‍ത്തിയപ്പോള്‍ പാറയില്‍ ഉറച്ചുപോയി.  അമൃതവര്‍ഷിണിയും മല്‍ഹര്‍ രാഗങ്ങളും മഴയായി വര്‍ഷിച്ചു.  മനം കുളിര്‍പ്പിക്കുന്ന അതിശയോക്തികള്‍ ഇനിയും എത്രയോ.     

രോഗം മാറ്റലും മഴപെയ്യിക്കലും സംഗീതത്തില്‍ മാത്രമല്ല, സാഹിത്യത്തിലും പതിവുണ്ട്.  കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ശ്ലോകം ചൊല്ലി മഴ പെയ്യിയ്ക്കുകയും രോഗം മാറ്റുകയും ചെയ്തിട്ടുണ്ട്.  കുറ്റിപ്പുഴ കൃഷ്ണപിള്ള അതിനെ യുക്തികൊണ്ട് തിരുത്തി: '...തമ്പുരാന്‍ കവിയായപ്പോള്‍ ശ്ലോകമുണ്ടാക്കിച്ചൊല്ലി രോഗം മാറ്റിയെന്നും മഴ പെയ്യിച്ചുവെന്നും ചിലര്‍ എഴുതിയിരിക്കുന്നു.  രണ്ടു സംഭവങ്ങള്‍ അടുത്തടുത്തുണ്ടായി എന്നു വരാം.  പക്ഷെ, അതുകൊണ്ടു മാത്രം രണ്ടിനും തമ്മില്‍ കാര്യകാരണബന്ധം കല്പിക്കുന്നത് അയുക്തമാണ് (കുറ്റിപ്പുഴ കൃഷ്ണപിള്ള, യുക്തിവിഹാരം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, നാഷനല്‍ ബുക്‌സ്റ്റാള്‍, കോട്ടയം, 1975, പുറം-29).  ശാസ്ത്രീയ യുക്തികൊണ്ട് ഖണ്ഡിക്കപ്പെടേണ്ടതല്ല ഇത്തരം ഐതിഹ്യങ്ങള്‍.  കലയെ കുറിച്ചുള്ള ഇത്തരം അതിശയോക്തികളെ കലാസ്വാദനത്തിന്റേയും മനസ്സിലാക്കലിന്റേയും സുഖകരമായ ഒരു ധാരാളിത്തമായാണ് തുറന്ന സമീപനം കണക്കാക്കുക.  സംഗീതത്തിന്റെ മാസ്മരികതയാല്‍ മഴപെയ്യുന്ന പ്രതീതിയുണ്ടായി എന്നു പറയുന്നതിന്റെ മാന്ത്രികയാഥാര്‍ത്ഥ്യമാണ് മല്‍ഹര്‍ പെയ്യിച്ച മഴ.   രാഗം പാടി രോഗം മാറ്റി എന്നതും സംഗീതശക്തിയെ രേഖപ്പെടുത്തുന്ന അലങ്കാരധൂര്‍ത്തായി മനസ്സിലാക്കുമ്പോള്‍ അത് അനുഭൂതിയെ കൂടുതല്‍ സമൃദ്ധമാക്കുന്നേയുള്ളൂ.     

സംഗീതമത്സരം മഴക്കാലത്താണെങ്കില്‍ വടക്കെ ഇന്ത്യയിലെ കുട്ടികള്‍ മിയാന്‍കി മല്‍ഹര്‍ രാഗത്തിലുള്ള ഖയാല്‍ പാടാന്‍ തയ്യാറെടുത്ത് നില്‍ക്കാറുണ്ട്.  മഴക്കാലത്ത് മഴക്കാല രാഗം പാടാന്‍.  യുക്തിപരമായി അടിസ്ഥാനമില്ലെങ്കിലും വൈകാരികമായ അടിസ്ഥാനം ആ വിശ്വാസത്തിനുണ്ടാകാം.  ആരെയും ബുദ്ധിമുട്ടിക്കാത്ത നിഷ്‌കളങ്കമായ ഒരു അന്ധവിശ്വാസം.  പക്ഷെ ഓരോ സ്വരത്തിനും ശരീരത്തിന്റെ ഓരോ അവയവുമായി ബന്ധമുണ്ട് എന്ന ചില സംഗീതചികിത്സാതത്പരരുടെ അവകാശവാദം ഈ അന്ധവിശ്വാസത്തിന്റെ ഏറ്റവും വികൃതമായ അവതാരമാണ്.  ശ്രീ രാഗം കേട്ടാല്‍ കരള്‍രോഗം മാറും, മധുവന്തി കേട്ടാല്‍ മലബന്ധത്തിന് ശമനമുണ്ടാകും എന്നീവിധത്തില്‍ അവര്‍ ചികിത്സ ആരംഭിക്കാന്‍ തുടങ്ങുകയാണ്.   രാഗസങ്കല്‍പ്പം ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റേതാണ്.  ബഹുഭൂരിപക്ഷം ജനങ്ങളും അതിന്റെ ശ്രോതാക്കളല്ല.  രാഗസങ്കല്‍പ്പമില്ലാത്ത രോഗിയില്‍ എതെങ്കിലും രാഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുക!  സംഗീതചികിത്സ പ്രദാനം ചെയ്യുന്ന ഒരു ആശുപത്രി തുറന്നാല്‍ അത് ഒരു വമ്പന്‍ തമാശയാകും. 

കഠിനമായ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്ന ആള്‍ക്ക് ഒരു പക്ഷെ ഒരു രാഗാലാപനം കേട്ടാല്‍ താത്കാലികമായി വലിയ ആശ്വാസം തോന്നാം.  അതേ ആള്‍ക്ക് സംഗീതം ഇഷ്ടമല്ലെങ്കില്‍ ഈ ഫലം ഉണ്ടാവുകയുമില്ല.  ഇതേ ഫലം നല്ല ചിത്രങ്ങളോ സിനിമയോ കണ്ടാലും ഭാവനവിലാസമുള്ള ഒരു കാവ്യം വായിച്ചാലും ലഭിക്കാം.  ഈ ഉദാഹരണങ്ങളിലൊന്നും തന്നെ പാരസിറ്റാമോള്‍ കഴിച്ചാല്‍ പനി കുറയുന്നതുപോലെയുള്ള പ്രക്രിയയല്ല നടക്കുന്നത്.  ആദ്യത്തേതില്‍ നടക്കുന്നത് ജീവിക്കാനുള്ള പലതരം ബുദ്ധിമുട്ടുകളെ സഹിക്കാന്‍ സഹായിക്കുന്നതോ ആശ്വാസം പകരുന്നതോ ആയ സംജ്ഞാനപരമായ പ്രക്രിയകളാണ്.  രണ്ടാമത്തേതില്‍ ശരീരത്തിനകത്ത് നമ്മുടെ നിര്‍ണ്ണയശക്തിയുമായി നേരിട്ടു ബന്ധമില്ലാതെ നടക്കുന്ന രാസവൈദ്യുത പ്രവര്‍ത്തനങ്ങളാണ്.  രണ്ടാമത്തേതിനെയാണ് ചികിത്സയായി പരിഗണിക്കാറ്.     

സംഗീതത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് സംഗീതത്തിന്റെ പ്രയോഗപരിസരത്തു നിന്ന് രൂപപ്പെടുന്ന ചില മാനദണ്ഡങ്ങളാണ്.  അവ ക്രിയാത്മകതയെ നിര്‍വ്വചിക്കുന്ന തരത്തിലുള്ളതാണ്.  സംഗീതത്തെ ചികിത്സാരീതിയായി കാണുമ്പോള്‍ അവിടെ കലയല്ല പ്രധാനം, സംഗീതം രോഗിയിലുണ്ടാക്കുന്ന ഫലങ്ങളാണ്.  സംഗീതചികിത്സയുടെ യുക്തി സംഗീതബാഹ്യമാണ്.  നേരെ മറിച്ച് കച്ചേരിയില്‍ സംഗീതം മാത്രമാണ് മനനവിഷയം.  അതായത്, സംഗീതജ്ഞര്‍ ചികിത്സിക്കാനൊരുങ്ങുമ്പോള്‍ ബന്ധിപ്പിക്കാനാവാത്ത ആശയങ്ങളുടെ പ്രയോഗസാധ്യതയാണ് തേടുന്നത്.     

രോഗം ഗുരുതരമായ ഒരു പ്രശ്‌നമാണ്.  അതിന്റെ പരിഹാരം തേടല്‍ വളരെ ഫലവത്തായ മാര്‍ഗ്ഗങ്ങള്‍ മുതല്‍ അന്ധവിശ്വാസം വരെ വ്യാപിച്ചു കിടക്കുകയാണ്.  രണ്ടാമത്തെ അറ്റത്താണ് ആത്മീയതയും മുറിവൈദ്യങ്ങളും ചെപ്പടിവിദ്യകളും തഴച്ചു വളരുന്നത്.  സംഗീതചികിത്സയും നമ്മുടെ നാട്ടില്‍ ശ്രമിക്കുന്നത് ഈ രണ്ടാമത്തെ വാതിലിലൂടെ കയറാനാണ്. 

പാട്ട് കേള്‍ക്കുമ്പോള്‍ മാത്രമാണ് മസ്തിഷ്‌കത്തിലെ എല്ലാ മേഖലകളും ഒരേ സമയം ഉണര്‍ന്ന് സക്രിയമാകുന്നത് എന്ന് ബ്രെയ്ന്‍ സ്‌കാനുകള്‍ കാണിക്കുന്നുണ്ട്.  ബ്രെയ്ന്‍ പ്ലാസ്റ്റിസിറ്റി സിദ്ധാന്തത്തിന്റെ മാതൃകയുമായി ബന്ധപ്പെട്ട് സംഗീതചികിത്സയ്ക്ക് സാധ്യതകളുണ്ട് എന്നാണ് ഇതിലെ സൂചന.  പുതിയ ന്യൂറല്‍ പാതകള്‍ തുറക്കാന്‍ സംഗീതം സഹായിച്ചേയ്ക്കുമെന്ന അര്‍ത്ഥത്തില്‍.  പുനരധിവാസം, സുസ്ഥിതി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടക്കുന്ന വിവിധശാഖാഗവേഷണ പദ്ധതികളെ സംഗീതത്തിന് സഹായിക്കാനാകുമെന്ന അഭ്യൂഹത്തിന്റെ സാധ്യതകളാണ് അന്വേഷിക്കപ്പെടുന്നത്.  സംഗീതജ്ഞരുടെ വൈദഗ്ധ്യം ഈ പദ്ധതിയില്‍ എത്രമാത്രം പ്രധാനമാണെന്ന് ഇതുവരെ പറയാനായിട്ടില്ല. തത്കാലം അത്തരം പദ്ധതികള്‍ക്ക് സംഗീതത്തിന്റെ ഭാഗത്ത് നിന്ന് ഒരു ഡിസ്‌ക്ക് ജോക്കിയുടെ (DJ) പങ്കേ ആവശ്യമുള്ളൂ. 

ആറ്റം ബോംബ് പൊട്ടുന്നത് കണ്ടവര്‍ക്ക് ആ സംഭവത്തെ മറക്കാനും വിവരിക്കാനും കഴിഞ്ഞില്ല.  മനുഷ്യരുടെ അനുഭവശേഷിയേക്കാള്‍ എത്രയോ വലിയ മാനമായിരുന്നു ആ അനുഭവത്തിന്.  ചിലപ്പോഴെങ്കിലും സംഗീതവും നമ്മുടെ അനുഭവശേഷിയ്ക്ക് അപ്പുറം കടക്കുന്നുണ്ടാവാം.  സംഗീതത്തിന്റെ അത്തരം ഒരു ആഘാതമേറ്റാല്‍ ചിലപ്പോള്‍ സമൂലമായ മാനസിക പരിവര്‍ത്തനം സംഭവിക്കാം. 

ഭയാനകമാം വിധം യാഥാസ്ഥിതികനായ ഒരു ബ്രാഹ്മണന്റെ അയിത്തചിന്തയെ സംഗീതാഘാതം ഇല്ലാതാക്കിയതിനെ കുറിച്ച് ഒരു കഥയുണ്ട്.  നാഥന്‍ ഖാന്‍, ശിഷ്യനായ ഭാസ്‌കര്‍ബുവ ബഖ്‌ലെ എന്നീ രണ്ട് പ്രഗത്ഭ സംഗീതജ്ഞര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഗംഭീരമായി പാടി ജീവിച്ചിരുന്നു.  റിക്കോഡിങ്ങിന്റെ അഭാവത്തില്‍ അവരുടെ സംഗീതം അവരോടൊപ്പം പോയി. ധാര്‍വാഡിലെ ഒരു ഗ്രാമത്തില്‍ അമ്മാവന്റെ വകയിലുള്ള ഒരു വീട്ടിലായിരുന്നു അന്ന് ഭാസ്‌കര്‍ബുവ താമസിച്ചിരുന്നത്.  കടുത്ത യാഥാസ്ഥിതിക ബ്രാഹ്മമണനായ അമ്മാവന്‍ സദാ അമ്പലങ്ങളില്‍ അലയും. താഴ്ന്ന ജാതിക്കാരുടെ നിഴല്‍ കണ്ടാല്‍ പുഴയില്‍പോയി കുളിക്കും.  മുസ്ലീങ്ങളും തൊട്ടുകൂടാത്തവരും നടന്ന വഴിയില്‍ ഓട്ടുപാത്രത്തില്‍ വെള്ളവുമായി പുണ്യാഹം തളിച്ചു നടക്കും.  

ഒരിക്കല്‍ നാഥന്‍ ഖാന്‍ തന്റെ ശിഷ്യന്റെ ഗൃഹത്തില്‍ താമസിച്ച് പഠിപ്പിക്കാമെന്നു വെച്ചു.  ആട്ടിറച്ചിയും മദ്യവും ഹുക്കയും ഒരുക്കാന്‍ പറഞ്ഞു.  അശുദ്ധമാക്കിയാല്‍ നാടുകടത്തപ്പെടും എന്നറിയാമെങ്കിലും ശിഷ്യന്‍ എല്ലാം ഒരുക്കി.  പാട്ടും പഠനവും കുടിയും വലിയും... രാത്രിയില്‍ എപ്പോഴോ ഉറങ്ങിപ്പോയി.  പുലര്‍ച്ചയ്ക്കു മുന്‍പ് ഭാസ്‌കര്‍ബുവ ഞെട്ടി ഉണര്‍ന്നു.  ആ സമയത്താണ് പുഴയില്‍ കുളി കഴിഞ്ഞ് അമ്മാവന്‍ അതുവഴി വരുക.  മുറിയിലാകെ ചാരവും കുപ്പിയും ചിതറി കിടക്കുകയാണ്.  ശിഷ്യന്‍ ഗുരുവിനെ ഉണര്‍ത്തി പ്രശ്‌നം പറഞ്ഞു.  ഗുരു തംബുരു കൊണ്ടുവരാന്‍ പറഞ്ഞു.  ആമ്മാവന്‍ ദൂരെ നിന്ന് നടന്നു വരുന്നുണ്ടായിരുന്നു.  നാഥന്‍ ഖാന്‍ ഭൈരവി രാഗത്തില്‍ ഒരു ശിവഭജന്‍ പാടി.  അമ്മാവന്‍ വാതില്‍ക്കല്‍ തരിച്ചു നിന്നു.  15 മിനിറ്റ് കഴിഞ്ഞു.  നാഥന്‍ ഖാന്‍ പാട്ടു നിര്‍ത്തി തംബുരു താഴെവെച്ച് തലയുയര്‍ത്തി.  അമ്മാവന്‍ നേരെ വന്ന് കാല്‍തൊട്ടു വന്ദിച്ചു, 'ഞാന്‍ 60 വര്‍ഷമായി ശിവനെ സ്തുതിയ്ക്കുന്നു.  ഇപ്പോള്‍ ഇവിടെ ശിവന്‍ പ്രത്യക്ഷപ്പെട്ടതുപോലെ.'

കഥയിലെ സന്ദേശം: സംഗീതജ്ഞരുടെ ധര്‍മ്മം പാടുകയാണ്.  സംഗീതചികിത്സയെ കുറിച്ച് ആലോചിച്ച് തല പുകയ്ക്കുകയല്ല.  സ്വതന്ത്രവും ക്രിയാത്മകവുമായ സംഗീതധര്‍മ്മം തന്നെയാണ് അവര്‍ക്കും സംഗീതത്തിനും ഗുണം. മഴയും രോഗശമനവും പരിവര്‍ത്തനവും സംഗീതം ലക്ഷ്യത്തിലെത്തുമ്പോല്‍ താനെ സംഭവിച്ചുകൊള്ളും.  

മുകുന്ദനുണ്ണി 

(ദേശാഭിമാനി വാരാന്തം, സെപ്തംബര്‍ 16, 1028, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...