Skip to main content

ഒന്നുമല്ലാത്തതിന്റെ നിഴല്‍ മാത്രം



ആത്മഹത്യ ഒരു വല്ലാത്ത, വിഷമിക്കുന്ന, സംഭവവും നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്തോറും പിടികിട്ടാത്തതുമാണ്. കാരണം ആത്മഹത്യചെയ്യുന്ന ഒരാളുടെ മനസ്സിലേയ്ക്ക്് മറ്റൊരാള്‍ക്ക് കയറിനോക്കാനാകില്ലല്ലോ! ആ നിമിഷങ്ങളുടെ ഉത്തമപുരഷ ആഖ്യാനം മണ്‍മറഞ്ഞ രഹസ്യമായി അവശേഷിക്കുകയും ചെയ്യും.

കഥാകാരന്മാരും നോവലിസ്റ്റുകളുമൊക്കെ ആ മനസ്സിലേയ്ക്ക് ഊഹയാത്ര നടത്തിയവരാണ്. ഉദാഹരണം ഓര്‍ഹാന്‍ പാമുക്കിന്റെ 'സ്‌നോ' ഏന്ന നോവലില്‍ 'കാര്‍' എന്ന സ്ഥലത്തുണ്ടാകുന്ന പെണ്‍കുട്ടികളുടെ പടര്‍ന്ന പിടിക്കുന്ന ആത്മഹത്യകളെക്കുറിച്ച് ഒരു പത്രപവര്‍ത്തകന്റെ കാഴ്ചപ്പാടിുലൂടെ അന്വേഷിക്കുന്നുണ്ട്. ആ ആത്മഹത്യകളെക്കുറിച്ച് പറഞ്ഞുകേട്ട കഥകളല്ല പത്രപ്രവര്‍ത്തകനെ ചിന്തിപ്പിച്ചത്. ഓരോരുത്തരും ആ കൃത്യം നിര്‍വഹിച്ച രീതികളാണ് അയാളെ അത്ഭുതപ്പെടുത്തിയത്. എന്തെന്നാല്‍ അവരെല്ലാം ഏത്രയോ മുമ്പ് തയ്യാറായി നിന്നവരാണെന്ന് അവരുടെ കൃത്യനിര്‍വ്വഹണ രീതികള്‍ സ്വയം വെളിപ്പെടുത്തുന്നു. .

ആത്മഹത്യെ എന്താണെന്ന് പരിശോധിച്ചുതുടങ്ങുമ്പോള്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരും. മനുഷ്യന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരണവും വ്യാഖ്യാനവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, നാം ഉപയോഗിച്ചുവരുന്നുള്ള അര്‍ഥത്തില്‍ ആത്മഹത്യയെ മറ്റു മനുഷ്യപെരുമാറ്റങ്ങളില്‍ നിന്ന് കൃത്യമായി തിരിച്ചറിയാനുള്ള പ്രശ്‌നങ്ങള്‍, അങ്ങിന നിരവധി പ്രശ്‌നങ്ങള്‍ കൂട്ടം കൂട്ടമായി വരും. മാത്രമല്ല, ആത്മഹത്യയെ ഒരു പെരുമാറ്റമെന്ന നിലയ്ക്ക് വളരെ നിഷ്പക്ഷമായി നോക്കാന്‍ ശ്രമിക്കുമ്പോഴും ആ നോട്ടത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ പക്ഷവാദം കടന്നുകൂടും. കാരണം ആത്മഹത്യയെ പൊതുവില്‍ ഒരു ചീത്ത കാര്യമായണല്ലോ മനസ്സിലാക്കുന്നത്. മുന്‍വിധിയോടെയുള്ള ഒരു മനസ്സിലാക്കലാണത്. അതായത്, മാറിനിന്ന് നോക്കാനാവത്തവിധം നമ്മുടെ ധാര്‍മ്മികചിന്തയില്‍ ഈ മുന്‍വിധി ഒട്ടിക്കിടക്കുകയാണ്. .

യഥാര്‍ത്ഥത്തില്‍ ആത്മഹത്യയെക്കുറിച്ച് മനസ്സിലാക്കുക എന്ന ഉദ്യമം വളരെ നിരാശാജനകമായ ഒന്നാണ്. കാരണം ആത്മഹത്യയുടെ കാരണങ്ങള്‍, അതിലൂടെയുള്ള ഒരാളുടെ ഉദ്ദേശം, ലക്ഷ്യം എന്നു തുടങ്ങിയുള്ള പല തരം അവ്യക്തകളിലേയ്ക്കുള്ള അന്വേഷണമാവും ഈ യാത്ര. മരണം ആത്മഹത്യയുടെ ലക്ഷ്യവുമാകണമെന്നില്ല. ചില മനഃശ്ശാസ്ത്രജ്ഞര്‍ കരുതുന്നപോലെ ആത്മഹത്യ സഹായത്തിന് വേണ്ടിയുള്ള ഒരു നിലവിളിയാകാം. ആ സഹായം കിട്ടിയിരുന്നെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നില്ല എന്നൊക്കെ ആത്മഹത്യയില്‍ ഇടപെടുന്നവര്‍ക്ക് ധാരണയുണ്ട്. പക്ഷെ മറ്റൊരവസരത്തില്‍ അവര്‍ വീണ്ടും സ്വയം മരിച്ചേയ്ക്കാം. ഒരുപക്ഷെ ഓരോ ആത്മഹത്യകള്‍ക്കും തമ്മില്‍ വിറ്റ്‌ഗെന്‍സ്റ്റൈന്‍ പറയുന്നതുപോലെ ഒരു കുടുംബ സാദൃശ്യം മാത്രമായിരിക്കും ഉള്ളത്. .

ആത്മഹത്യയ്‌ക്കെതിരായിട്ടുള്ള, ഇപ്പോഴും നിലനില്‍ക്കുന്ന, ഒരു പഴയ വാദം ജീവന്‍ ദൈവം തന്നിട്ടുള്ളതാണ് അത് സ്വയം ഇല്ലാതാക്കുന്നത് ദൈവത്തിനെ ധിക്കരിക്കലാണ് എന്നാണ്. പക്ഷെ ദൈവത്തിന്റെ ആളുകള്‍ യുദ്ധം ചെയ്യുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നുണ്ട്. ഈ രണ്ടുതരം നിലപാടുകളും തമ്മിലുള്ള വൈരുദ്ധ്യം പ്രസ്തുത വാദത്തെ അസാധുവാക്കുന്നുമുണ്ട്. ഇതേ മട്ടിലുള്ള മറ്റൊരു വാദം ആത്മഹത്യ പ്രകൃതിനിയമം ലംഘിക്കുന്നുവെന്നാണ്. എന്നാല്‍ പുഴയെ വഴിമാറ്റിവിട്ട് അണക്കെട്ടുണ്ടാക്കുകയും രോഗംവന്നാല്‍ ചികത്സിക്കുന്നതുമൊക്കെ സ്വീകരിക്കപ്പെട്ട പ്രകൃതിനിയമ ലംഘനമാണല്ലോ! ഈ വൈരുദ്ധ്യം നിമിത്തം ഈ വാദവും യുക്തിപരമായി നിലനില്‍ക്കില്ല. .

ആധുനിക സാഹിത്യം ആത്മഹത്യയ്ക്ക് കാല്പനികമായ ഒരു ഭാഷയുണ്ടാക്കികൊടുത്തിട്ടുണ്ട്. പ്രണയനൈരാശ്യത്തിന്റേയും സാമൂഹികമായ അവഗണനയുടേയും സ്വാഭാവിക പ്രതികരണമായി ആത്മഹത്യയെ മുദ്ര കുത്തിയിട്ടുണ്ട്. അസ്ഥിത്വവാദീസാഹിത്യം ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കും എന്നുപോലും വിശ്വസിക്കപ്പെട്ടിരുന്നു. പക്ഷെ അസ്ഥിത്വവാദികള്‍ ആത്മഹത്യയെക്കുറിച്ച് പരസ്പര വിരുദ്ധമായ തീരുമാനങ്ങളിലാണ് എത്തിയിരുന്നത്. ജീവിതം അസംബന്ധമാണ് അതുകൊണ്ട് ആത്മഹത്യ ധീരമാണ് എന്ന് ഒരു മതം. മറ്റൊന്ന് ആത്മഹത്യ മനുഷ്യനെ എപ്പോഴും പ്രീണിപ്പിക്കും കാരണം ജീവിതം അസംബന്ധമാണ്, പക്ഷെ ജീവിതം അസംബന്ധമാണെന്ന വാസ്തവത്തെ നേരിടുന്നതാണ് ധീരത.എന്ന് വിരുദ്ധ മതം.

ജീവന്‍ പാവനമാണെന്ന വാദം ധാര്‍മ്മിക വീക്ഷണകോണില്‍നിന്ന് ഉന്നയിക്കപ്പെട്ട ഒരു നിലപാടാണ്. ജീവന് ചുരുക്കാനാവാത്ത മൂല്യമുണ്ട്, ഈ മൂല്യം മനുഷ്യന്റെ ആന്തരിക ഗുണമാണ്, അതിനെ നശിപ്പിക്കരുത് എന്നൊക്കെ. ഈ നിലപാട് അനുസരിച്ച് സ്വന്തം ജീവിതം അപകടത്തിലാവുമ്പോഴല്ലാതെ കൊല്ലരുത്. യുദ്ധവും മരണ ശിക്ഷയും മറ്റും ഈ നിലപാടില്‍നിന്ന് ന്യായീകരിക്കാനാവില്ല. എന്നാല്‍ ചിലതരം ആത്മഹത്യകളെ ഇവര്‍ ജീവിതത്തെക്കുറിച്ചുള്ള നിര്‍വ്വചനം ഉപയോഗിച്ച് ന്യായീകരിക്കുന്നുണ്ട്. ഒരാളുടെ ജീവിതം മാനസികമായും ശാരീരികമായും ദുഷ്‌കരമാകുമ്പോള്‍ അയാളുടേത് മുമ്പുണ്ടായിരുന്ന ജീവന്റെ നിഴലുമാത്രമായി ചുരുങ്ങാം. അതുകൊണ്ട് ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ജീവന്റെ ധാര്‍മ്മികമായ പാവനതയെ അനാദരിക്കുന്നില്ല എന്നാതാണ് ന്യയം.

ആത്മഹത്യ യുക്തിപരമാണോ വിവേകാത്മകമാണോ എന്നൊന്നും നോക്കാതെതന്നെ ആത്മഹത്യ ഒരു വ്യക്തിയുടെ അവകാശമാണ് എന്ന ഉദാര നിലപാടുകളുണ്ട്. വ്യക്തിയുടെ ഈ അവകാശത്തില്‍ ഭരണകൂടവും മനോരോഗ വിദഗ്ധരും ഇടപെടുമ്പോള്‍ ധാര്‍മ്മികമായി അനുവദിക്കപ്പെടുന്ന വ്യക്തിസ്വാതന്ത്രത്തിന്റെ പ്രകടനത്തെ രോഗമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത് എന്ന് ഇവര്‍ നിരൂപിക്കുന്നു.

ജീവിക്കാനുള്ള അവകാശത്തിന്റെ സ്വാഭാവികമായ അനുബന്ധമാണ് മരിക്കാനുള്ള അവകാശവും. ആത്മഹത്യ സ്വയം നിര്‍ണ്ണായകാവകാശത്തിന്റെ ഒരു ശബ്ദവുമാണ്. കാരണം നമ്മുടെ ക്ഷേമം നാം തന്നെയാണ് തീരുമാനിക്കുകയെങ്കില്‍ ആ ജീവിതം എങ്ങിനെ ഏത്രകാലം എന്നുള്ളതൊക്കെ സ്വയംനിര്‍ണ്ണയാവകാശത്തില്‍ ഉള്‍പെടുന്നുണ്ട്. അന്തസ്സോടെ മരിക്കുക എന്ന മൂല്യവും ഇതിനുണ്ട്.
(ഇത്രയും കാര്യങ്ങള്‍ ആത്മഹത്യയ്ക്ക് ഒരു ധാര്‍മ്മികാനുമതി നിലനില്‍ക്കുന്നുണ്ടോ എന്ന പരിശോധനയുമായി ബന്ധപ്പെട്ടതാണ്.).

നേരത്തെ പറഞ്ഞതിനേക്കാള്‍ ആത്മഹത്യയെ അതിന്റെ അനന്തരഫലത്തിന്റെ ഭാഗത്തുനിന്ന് വീക്ഷിക്കുന്ന ധാരണകളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. അതായത് ഒരാള്‍ മരിക്കുന്നത് കൂറേപേരുടെ സന്തോഷം വര്‍ദ്ധിപ്പിക്കുമെങ്കില്‍ ആ ആത്മഹത്യ തെറ്റല്ലെന്നുമാത്രമല്ല അഭികാമ്യമാണ് എന്നും ഈ ധാരണയില്‍ ധ്വനിയുണ്ട്. മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ജീവിതം ബലിയര്‍പ്പിക്കുന്ന നായികാനായകന്മാര്‍ക്ക് സമൂഹത്തിലുള്ള ബഹുമതിയും സുചിപ്പിക്കുന്നത് ഈ ധാരണയുടെ സാമാന്യജീവിതത്തിലുള്ള മേല്‍ക്കൈയ്യിനെയാണ് (രക്തസാക്ഷികള്‍ സിന്ദാബാദ്!)

യുക്തിപൂര്‍വ്വം തീരുമാനിച്ചിട്ടുള്ള ആത്മഹത്യയെ പിന്‍താങ്ങുന്നവരുണ്ട്. ആത്മഹത്യചെയ്യുമ്പോള്‍ യുക്തിപൂര്‍ണ്ണയായ സ്വത്വമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് സംശയിക്കുന്നവരുമുണ്ട്. അതേ സമയം എല്ലാ ആത്മഹത്യകളും അയുക്തമാണെന്ന വാദം ഉന്നയിക്കുന്നത് ആര്‍ക്കും തന്നെ മരണമെന്ന അനുഭവത്തെക്കുറിച്ച് അറിയാത്ത സാഹചര്യത്തില്‍ ജീവിതം തുടരുന്നതിന് പകരമായി ആത്മഹത്യ ചെയ്യുന്നവര്‍ അവര്‍ എന്താണ് ചെയ്യുന്നതെന്ന് അറിയുന്നില്ല, അതുകൊണ്ടുതന്നെ ആ പെരുമാറ്റം യുക്തിയ്ക്ക് നിരക്കാത്തതാണ് എന്നാണ്.

മറ്റൊരു തരത്തില്‍ നോക്കുമ്പോള്‍ ആത്മഹത്യ തേങ്ങലിന്റെ വക്കിലെത്തിയ ഏകാന്തമായ ചിരിയാണ്. കാത്തുനില്‍ക്കാനാവാത്ത,ശൂന്യതയിലേയ്ക്കുള്ള ചാട്ടമാണ്. മരണത്തിന്‍മേലുള്ള ബോധത്തിന്റെ ശക്തിയുമാണ് ആത്മഹത്യ. എന്റെ ചുറ്റിലുമുള്ള എല്ലാ വസ്തുക്കളേയും അതേ സമയം എന്നേയും നിരാകരിക്കാനുള്ള കഴിവാണത്. മനുഷ്യമനസ്സിന് മാത്രം കഴിയുന്ന ഏറ്റവും വലിയ ഒരു നടപ്പാക്കലാണത്. മൃഗത്തിന് വരുന്ന മരണമല്ല അത്. സ്വയം ജീവിതം അവസാനിപ്പിക്കുന്ന പ്രക്രിയയില്‍ ആശയവും തത്വവും പദ്ധതിയുമാണ് മരിക്കുക എന്നത്. മരണത്തിന് മുകളിലുള്ള ആധിപത്യമാണത്. മറ്റു തരത്തിലുള്ള മരണത്തോടുള്ള തിരിഞ്ഞുനില്പാണത്. എന്നാല്‍ മരണത്തെ കൈയ്യിലെടുക്കുന്ന സ്വാതന്ത്ര്യത്തിന്റെ ഏറ്റവും ഭ്രാന്തമായ മുഹൂര്‍ത്തമല്ല അത് എന്ന് മോറിസ് ബ്ലോങ്‌ഷോ പറയുന്നു. കാരണം ആത്മഹത്യയില്‍ മരണം ഒരു ആശയമാണ്. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യത്തില്‍നിന്ന് വിദൂരമാണ്. ആത്മഹത്യചെയ്യുന്ന ഒരാള്‍ ശക്തിയഴിഞ്ഞു നില്‍ക്കുകയാണ്. ജീവിതത്തിന്റെ അര്‍ഥത്തിലേയ്ക്കുള്ള വാതില്‍ കൊട്ടിയടയ്ക്കുന്ന ഒരു പ്രവര്‍ത്തി - ആത്മഹത്യ എന്ന ആശയം ഇവിടെ ഒരു തീരുമാനത്തിന്റെ യുക്തിയാണ്. നമ്മുടെ അസ്ഥിത്വത്തിന്റെ ഒഴുക്കിനെ സാധ്യമാക്കുന്ന കാലത്തിന്റെ വിരാമമില്ലാത്ത ഒഴുക്കിനെതിരെയുള്ള ഒരു പ്രവര്‍ത്തി. ജീവിതത്തിന്റെ കാലത്തില്‍നിന്നുള്ള ഓട്ടം. ആത്മഹത്യ ചെയ്യുന്ന ആള്‍ അധിപതിയല്ല. ഇല്ലായ്മയുടെ ഒരു ചിഹ്നമാണ്. മറഞ്ഞുനില്‍ക്കുന്ന ഒരു അപ്രത്യക്ഷം. ഒന്നുമല്ലാത്തതിന്റെ നിഴല്‍ മാത്രം.

മരണം മറ്റുള്ളവരുടേതാകുമ്പോള്‍ അത് ഒരു സാധാരണ കാര്യമാകുന്നു. എല്ലാവരും മരിക്കും എന്ന പ്രസ്താവനയില്‍ തോന്നുന്നതുപോലെ. പക്ഷെ ഞാന്‍ മരിക്കുക എന്നത് പ്രസ്താവനയില്‍ അനുഭവപ്പെടുന്നതുപോലെയല്ല. വൃദ്ധനായി ഞാന്‍ മരിക്കുമ്പോള്‍ ക്ഷീണിച്ച് ക്ഷീണിച്ച് മരിക്കുകയാണ്. മരണം അടുത്തടുത്ത് വരുമ്പോള്‍ ഞാന്‍ അതിനെ തള്ളി മാറ്റാനാകാതെ, ഞാന്‍ തന്നെ ഇല്ലാതായി, ആരോ മരിക്കുന്നതുപോലെയാകുന്നു. ലോകം ക്രമേണ അപ്രത്യക്ഷമാകുമ്പോള്‍ ഞാന്‍ എന്റെ സാധ്യതയുടെ അസാധ്യതയാകുന്നു (മോറിസ് ബ്ലോങ്‌ഷോ). ഞാന്‍ മരിക്കുമ്പോള്‍ തോന്നുന്നത് ഏതോ ഒരു ശക്തി എന്നില്‍നിന്ന് എന്നെ വേര്‍പെടുത്തുന്നതായാണ്. മരിക്കുന്നതിനിടയില്‍ 'ഞാന്‍' എന്നു പറയാന്‍ എനിക്ക് ശക്തിയില്ലാതാകുന്നു. മരണത്തിന്റെ ഇപ്പുറം മങ്ങിയില്ലാതാവുകയും മരണത്തിന്റെ അപ്പുറം ശക്തിയാര്‍ജിക്കുകയും ചെയ്യുന്നു. ലോകം നഷ്ടപ്പെടുന്ന അസ്ഥിത്വത്തിന്റെ ഭീകരമായ മൂഹൂര്‍ത്തങ്ങള്‍ എന്നെ കൈയ്യേറുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഞാന്‍ മരണത്തെക്കുറിച്ച് നല്ല അന്തസ്സുള്ള ഒരു അന്ത്യമായി സ്വപ്‌നം കണ്ടേയ്ക്കാം, പക്ഷെ മരണത്തിന്റെ അന്തരാള ഘട്ടത്തില്‍ മരണം അഥവാ മരിക്കലില്‍ മരണം എന്ന ആശയം (ഊഹിച്ച പ്രക്രിയ) എന്ന നിലയില്‍നിന്ന് തകര്‍ന്ന് തരിപ്പണമാകുന്നു. എനിക്ക് എന്റെ മരണത്തെക്കുറിച്ച് ജീവിക്കുമ്പോഴുണ്ടായിരുന്ന ഊഹത്തില്‍നിന്ന് മാറി മരണം വിവരിക്കാവാനാവാത്ത അര്‍ഥരാഹിത്യത്തിന്റെ ഭീകരാവസ്ഥയാി മാറുന്നു. കാരണം ഞാന്‍ മരിക്കുന്നതില്‍ ഞാനില്ലാതെ ആരോ ഒരാള്‍ മരിക്കുന്നതുപോലെയാകുന്നു. അജ്ഞാതനാമാവിന്റെ മരണമായിപ്പോകുന്നു. മരണം എപ്പോഴും മറ്റൊരാളുടേയാണ്. മരിക്കലേ നാം അറിയൂ (ബ്ലോങ്‌ഷോ). .

നേരെ മറിച്ച് ആത്മഹത്യ ഒരു കൃത്യമാണ്. കാരണം ആത്മഹത്യ ഒരു വിഷയിയുടെ, ഉദ്ദേശവും അര്‍ഥവുമുള്ള, സ്വന്തം പ്രകടനമാണ്. മരിക്കാനുള്ള അവകാശത്തിന്റെ പൂര്‍ത്തീകരണമാണ്, മരണത്തോട് ക്ഷമകെട്ട് ചെയ്യുന്ന ഒരു പ്രവര്‍ത്തിയാണ്. സ്വാഭാവിക മരണം കാത്തിരിപ്പിന്റേതാണെങ്കില്‍, ആത്മഹത്യ മരണത്തിന്റെ ഇടത്തെ ലോകത്തിന്റെ ഭാഗമെന്നപോലെ വലിച്ചിഴച്ച് ആ ഇടത്തില്‍ കൈയ്യേറുകയാണ്. അതായത് ആത്മഹത്യ മരണത്തിന്റെ സ്ഥാനത്ത് കയറി നില്‍ക്കലാണ്. ഉദാഹരണത്തിന് സോക്രട്ടീസ് മരിക്കുകയല്ല, മരണത്തിന്റെ സ്ഥാനത്ത് കയറി നിന്ന് മരണത്തിന് ഒരു വ്യാഖ്യാനം നല്‍കുകയാണ്. സ്വമേധയാ മരിക്കല്‍ നമുക്ക് മനസ്സിലാക്കാനാവാത്ത, എത്തിച്ചേരാനാകാത്ത സ്വാഭാവിക മരണത്തെ നിരാകരിക്കലാണ്. എന്നാല്‍ മരണത്തില്‍ മനുഷ്യന്‍ ചക്രവാളമില്ലാത്തവനാണ്.

19-ാം നൂറ്റാണ്ടിനിടയിലാണത്രെ ആത്മഹത്യ സാമൂഹ്യശാസ്ത്രത്തിന്റെ പഠന മേഖലയില്‍ വരുന്നുത് (മിഷേല്‍ ഫൂക്കോ. ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി. വൊള്യം ഒന്ന്. പേജ് 138-39). (ഈ പ്രസ്താവന എമിലി ഡുര്‍ക്‌ഹേം എന്ന സാമൂഹ്യശാസ്ത്രഞ്ജന്റെ പഠനങ്ങളെ സൂചിപ്പിച്ചുള്ളതാണ്.) അപ്പോഴാണ് ജീവിതത്തിനുമേല്‍ ഇടിഞ്ഞുവീഴുന്നപോലെയുള്ള നിയന്ത്രണ-അനുശീലന ശക്തിവിന്യാസങ്ങളുടെ വലയത്തിനകത്തെ ഇടവഴികളില്‍ നടന്ന സ്വയഹത്യകള്‍ വൈയക്തികവും സ്വകാര്യവുമാവുന്നത്. അങ്ങിനെയാണ് ആത്മഹത്യയെ സൈദ്ധാന്തികമായി സമീപിക്കാനുള്ള സാധ്യത ഒരു സ്‌ഫോടനംപോലെ സാധ്യമാവുന്നത്. അതുവരെ ശരീരത്തെ ഒരു യന്ത്രമായി കരുതുകയായിരുന്നു. അതുകൊണ്ടുതന്നെ പുറം ശക്തികളിലൂടെ നിയന്ത്രക്കേണ്ടതുമായിരുന്നു ശരീരം.

ഭരണകൂടത്തിന്റേയും ആധുനിക സ്ഥാപനങ്ങളുടേയും ശക്തി-സാങ്കതികതകളോട് ചെറുത്ത് നില്‍ക്കുന്ന ഒന്നായാണ് ഫൂക്കോ ആത്മഹത്യയെ മനസ്സിലാക്കുന്നത്. അതായത് മനുഷ്യനെ പലതരത്തിലും അനുസരിക്കുവാന്‍ നിര്‍ബന്ധിക്കുന്ന ശക്തിപ്രയോഗങ്ങളുടെ ഓരങ്ങളിലും ഉള്ളിടങ്ങളിലും ഉണ്ടാകുന്ന ഒരു പ്രതികരണമായാണ് ആത്മഹത്യയെ അദ്ദേഹം കാണുന്നത് (ibid). അതായത് ആത്മഹത്യ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു സംഭവമാണ്, അത് ഈ നിയന്ത്രണ ശക്തികളുടെ പ്രവര്‍ത്തന മണ്ഡലങ്ങള്‍ക്കപ്പുറം നില്‍ക്കുന്ന ഒന്നാണ്. ഒരു അഭിമുഖത്തില്‍ ജ്ഷാക് ഡെറീഡ (jacques Derida) ഈ ചിന്തയെ പുനര്‍വായിക്കുന്നതിലൂടെ ഈ ആശയത്തെ കുറച്ചുകൂടി വ്യാപിപ്പിക്കുന്നുണ്ട്, വധശിക്ഷയേയും ശിക്ഷാപരമായി ആത്മഹത്തീകരിക്കുന്ന സംഭവമായി കണക്കാക്കാനുള്ള സാധ്യത തുറന്നുകൊണ്ട്. അതായത് വധശിക്ഷ വിധിക്കുന്നതിലൂടെ ശിക്ഷിക്കപ്പെട്ടായാള്‍ സ്വയം ശിക്ഷിക്കുന്ന പ്രതീതിയാണ് വ്യവാസ്ഥാപിത നീതിപീഠങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ പ്രതീതിയ്ക്കകത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആള്‍ സ്വയം ശിക്ഷ നടപ്പാക്കി ആത്മഹത്യ ചെയ്യുകയാണ് എന്ന അര്‍ഥത്തില്‍.

ആത്മഹത്യയുടെ സ്ഥിതിവിവര കണക്കുകള്‍വെച്ച് എന്തൊക്കെയോ കണ്ടുപിടിച്ചു എന്ന ഭാവം ഇന്ന് പൊതുവിലുണ്ട്. പക്ഷെ ഇത്തരം കണക്കുകള്‍ അത്ര നിഷ്‌കളങ്കമല്ല. അതായത് ജനസംഖ്യപഠനങ്ങളുടെ സ്ഥിതിവിവരകണക്കുകളുടെ ധര്‍മ്മം അവയെ വീണ്ടും മുതലാളിത്താധിപത്യത്തിന്റെ നിലനില്‍നില്‍പ്പിന്ന് ഉപകരിക്കുംവിധമാക്കുകയാണ്. 'സ്വവര്‍ഗ്ഗരതിക്കാര്‍ പലപ്പോഴും ആത്മഹത്യം ചെയ്യും' എന്ന സ്ഥിതിവിവരക്കണക്കിന്റെ നിഗമനത്തില്‍ 'പലപ്പോഴും' എന്ന വാക്കിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഫൂക്കോ ശ്രദ്ധിച്ചിട്ടുണ്ട് (1996: ഫൂക്കോ). ഈ നിഗമനം കണ്ട് മുതലാളിത്തം അത്ഭുതം കൂറുകയാണ് ചെയ്യുക. അവരുടെ ആവശ്യത്തിന് (നിലനില്ക്കുന്ന വ്യവസ്ഥയുടെ ആവശ്യത്തിന്) നിലനിര്‍ത്തേണ്ട ശരീരങ്ങള്‍ എന്ന നിലയ്ക്ക്. ഈ സ്ഥിതിവിവരക്കണക്കുകളുടെ നിഗമനം വീണ്ടും ഭരണകൂടത്തിന്റേയും സ്ഥാപനങ്ങളുടേയും നിയന്ത്രണ സാമഗ്രികളുടെ ആവനാഴിക്ക് കനം കൂട്ടുകയേയുള്ളൂ.

ഫൂക്കോവിന്റെ ഒരു നടക്കാതെപോയ സ്വപ്‌നം ആത്മഹത്യചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സുഖമായി താമസിക്കാനും എല്‍ എസ് ഡി ഉപയോഗിച്ച് ലഹരിയില്‍ മുങ്ങി രസിക്കാനും വൈകാതെ അപ്രത്യക്ഷരാവാനുമുള്ള സൗകര്യം ചെയ്തുകൊടുക്കുക എന്നതായിരുന്നു (ഫൂക്കോ - സംഭാഷണങ്ങള്‍

ഒരു കൂട്ടം അത്മഹത്യകളെക്കുറിച്ച് ഗാഢമായ പഠിച്ച കുറേ സാമൂഹ്യശാസ്ത്ര ഗവേഷകരായ ചെറുപ്പക്കാര്‍ക്ക് അവസാനം യുക്തമായ നിഗമനങ്ങളിലെത്തിച്ചേരാന്‍ കഴിഞ്ഞില്ലത്രെ. ഒരു പക്ഷെ മസ്തിഷ്‌കശാസ്ത്രത്തിന് എന്നെങ്കിലും ആത്മഹത്യയെ പൂര്‍ണ്ണമായും വിവരിക്കാനായേക്കാം. പക്ഷെ അത് അവരുടെ നിര്‍വ്വചനത്തിലുള്ള ആത്മഹത്യമാത്രമായിരിക്കും. ബുദ്ധിശക്തിയെ ഐ.ക്യു (ഇന്റലിജന്‍സ് കോഷന്റ്) ആയി നിര്‍വ്വചിക്കുന്നതുപോലെ. അനുഭവത്തില്‍ ആത്മഹത്യ എന്താണെന്ന ചോദ്യം വീണ്ടും ചോദിക്കാനാവുകയും ചെയ്യും.
----------------------------------------------------------------------------------

തടവുകാരുടെ പത്രം ഒന്നരാടനില്‍ 2010 മെയ്-ജൂണ്‍ ലക്കത്തില്‍ പ്രസദ്ധീകരിച്ചത്. പേജുകള്‍: 72-77.

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...