മനുഷ്യന്റെ ഒരു പ്രത്യേകത അവന്റെ കാലം ഭാവിയില്‍നിന്ന് തുടങ്ങുന്നു എന്നുള്ളതാണ്. തുടര്‍ച്ചയില്ലാത്ത അസ്തിത്വമാണവന്റേത്. ഒരുവനും മറ്റൊരുവനും തമ്മില്‍ ഒരു കടല്‍ ദൂരം. ശ്രമിച്ചാല്‍ ഒരാള്‍ക്ക് മറ്റൊരാളുടെ ജീവിതത്തില്‍ താല്‌പര്യപ്പെടാന്‍ കഴിയും, പക്ഷെ അയാളുടെ ജീവിതത്തിലെ സംഭവങ്ങളുമായി അയാള്‍ മാത്രമാണ് നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നത്. അയാള്‍ പറയുമ്പോള്‍ മറ്റെയാള്‍ കേള്‍ക്കുന്ന ആളാണ്. അതുപോലെ തിരിച്ചും. ഒരാള്‍ക്ക് മറ്റൊരാളുടെ മരണം മരിക്കാന്‍ കഴിയില്ല. ഓരോരുത്തരും ഒറ്റയ്‌ക്ക് സ്വന്തം മരണം മരിച്ചേ തീരൂ. ഈ വിടവാണ്, തുടര്‍ച്ചയില്ലായ്‌മയാണ്, മനുഷ്യന്റെ ഒരു പ്രധാന പ്രശ്‌നം. ഒരേ സമയം തുടര്‍ച്ചയെ ആഗ്രഹിക്കുകയും തുടര്‍ച്ചയില്ലായ്‌മ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ് മനുഷ്യന്‍. തുടര്‍ച്ചയോട് ഗൃഹതുരത്വവുമുണ്ട്. രതി മൂര്‍ഛയില്‍ ഏതാനും നിമിഷങ്ങളും, കൂടാതെ മരണത്തിലുമാണ് ഈ വേറിട്ട സ്വത്വത്തിനപ്പുറം തുടര്‍ച്ച കൈവരിക്കൂ. ഇതിനെല്ലാം ഇടയിലാണ് അവനെ പെട്ടെന്ന് മരണം പിഴുതെറിയുക. മരണം ഒരുര്‍ഥത്തില്‍ ഒരു കൊലപാതകം തന്നെയാണ്. കാരണം മരണം നമ്മള്‍ അറിയുന്നില്ല. മരണം എന്ന അനുഭവത്തില്‍ ഞാനില്ല. അജ്ഞേയമാണ് മരണാനുഭവം.
മരണം സദാ സമയം മനുഷ്യനോടൊപ്പമുണ്ട്. ഒരേ ബോഗിയില്‍ സഞ്ചരിക്കുന്നതുപോലെ. പക്ഷെ ഒരു എതിരാളിയായല്ല. അഭിമുഖീകരിക്കാനോ പ്രതീക്ഷിക്കാനോ അനുഭവിക്കാനോ കഴിയാത്ത ഒരു കൊലയാളിയെപ്പോലെ. മരണത്തിലേയ്‌ക്കുള്ള യാത്ര ജീവിതത്തിന്റെ പരിധിയുടെ അപ്പുറത്തേയ്‌ക്കുള്ള യാത്രയാണ്. അതിര്‍ത്ഥി കടക്കുന്നനിമിഷംതൊട്ട് പിന്നെ എല്ലാം അനുഭവിക്കാന്‍ കഴിയാത്തതാണ്. അപ്പുറത്തെത്തുന്നതിനു മുന്‍പെ യാത്രയുടെ അനുഭവം തീരും. മനുഷ്യനും മരണവും തമ്മില്‍ ഇപ്രകാരം ബന്ധപ്പെട്ടുകിടക്കുന്നതുകൊണ്ടായിരിക്കാം മരണം നമ്മില്‍ വല്ലാത്ത ഒരു നടുക്കമുണ്ടാക്കുന്നത്. .
മറ്റൊരാള്‍ മരിക്കുന്നത് കണ്ടിട്ട് അനുഭൈവികമായി ഉണ്ടായ അറിവല്ല മരണത്തെക്കുറിച്ചുള്ള അറിവ്. ഓരോരുത്തരും അനുഭവിക്കുന്ന ഉണ്മയെക്കുറിച്ചുള്ള ഭയത്തിനകത്ത് ലേഖനം ചെയ്യപ്പട്ടതാണ് ആ അറിവ്. അപരന്റെ മരണത്തില്‍നിന്ന് യുക്തിപൂര്‍വ്വം ഉണ്ടാക്കിയ അറിവിന് മുന്‍പേ മരണത്തിന്റെ ഭീഷണി അവന്‍ അറിയുന്നുണ്ട്. അതൊരു ജന്മവാസനയായി ആദ്യമേ അവനിലുണ്ട്. മരണത്തെക്കുറിച്ചുള്ള അറിവല്ല ഈ ഭീഷണിയെ നിര്‍വ്വചിക്കുന്നത്. അത് പതിയിരിക്കുന്നതും പ്രഖ്യാപിച്ചു കഴിഞ്ഞതുമായി അവന്‍ ഉള്ളില്‍ അറിഞ്ഞുകഴിഞ്ഞതാണ്. ഈ ഭീഷണി ഒരു പ്രത്യേക ഭവിഷ്യകാല ബിന്ദുവില്‍നിന്ന് വരുന്നതുമല്ല. അതുകൊണ്ടുതന്നെ ഗ്രഹണശക്തി വര്‍ദ്ധിപ്പിച്ച് നേരിടാവുന്നതും മറികടക്കാനാവുന്നതുമല്ല. മുന്‍കൂട്ടി തയ്യാറെടുത്ത് അറിയാന്‍ കഴിയാത്ത ഈ ഭീഷണിയുടെ സ്വഭാവത്തിന് കാരണം അത് ഒരു ചക്രവാളത്തിലും പെടുന്നതല്ല എന്നുള്ളതാണ്. അത് അജ്ഞേയമാണ്.
ഒരാള്‍ക്ക് മരണം സംഭവിക്കുമ്പോള്‍ അയാള്‍ കൊല്ലപ്പെടുന്നത് ഒരു പോരാട്ടത്തില്‍ ശത്രുവില്‍നിന്നുണ്ടാകുന്നതുപോലെയല്ല. ശത്രു ആരെന്നറിയാന്‍ കഴിയാത്ത ഒരു പോരാട്ടമാണിത്. ശത്രു ആരാണെന്നറിയാന്‍ അവസരമില്ലാത്ത അന്ത്യമാണതില്‍. മരണത്തില്‍ നാം കേവലമായ ഹിംസയ്‌ക്ക് കീഴ്‌പെടുകയാണ്, ഏകാന്തമായി. ജീവിതത്തിനും മരണത്തിനും ഇടയ്‌ക്കുള്ള സംഭവങ്ങള്‍പോലെയല്ല ഇത്. അവയെ നമുക്ക് ഓര്‍മ്മിച്ചെടുക്കാനും തയ്യാറെടുത്ത് നേരിടാനും കഴിയും. മരണത്തിലേയ്‌ക്കാണ് നമ്മുടെ യാത്രയെങ്കിലും ജീവിതത്തിന്റേയും മരണത്തിന്റേയും അതിര്‍ത്ഥി കടക്കുമ്പോള്‍ ആ യാത്രയില്‍ നമ്മളില്ലാതാകുന്നു. ആരുമില്ലാത്ത ഒരു തീവണ്ടി പോകുന്നതുപോലെ.
മര്‍ത്ത്യന്‍ അഥവാ മരിക്കുന്നവന്‍ എന്നുള്ളത് മനുഷ്യനെ സംബന്ധിച്ച് ഗാഢമായ ഒരു നിര്‍വ്വചനമാണ്. കാരണം മനുഷ്യന്റെ എല്ലാ ജീവിത പദ്ധതികളും ഈ നിശ്ചിതാവസ്ഥയുടേയും പരിമിതിയുടേയും അധീനതയിലാണ്. മരണമുള്ളവന്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ജീവിതം കെട്ടിപ്പടുക്കുന്നത്. എന്തുകൊണ്ട് നൂറില്‍താഴെ കൊല്ലങ്ങള്‍ ജീവിച്ച് സ്വയം നശിക്കുന്നു എന്നതിന് പരിണാമവാദത്തിനും കൃത്യമായ ഉത്തരമില്ല (സ്വയം നശിക്കുക എന്നത് ജീനില്‍ എഴുതപ്പെട്ടിട്ടില്ലാത്ത കടല്‍ ജീവിയുണ്ട്. അത് പുറത്തുനിന്നുള്ള കാരണത്താലെ മരിക്കൂ. ഇത് പരിണാമം അനുവദിക്കുന്നുണ്ട്. എങ്കില്‍ എന്തുകൊണ്ട് മനുഷ്യന്‍ മര്‍ത്ത്യനായി എന്ന ചോദ്യം പരിണാമവാദത്തെ കുഴക്കും). മനുഷ്യന്‍ മരിക്കുന്നത് അവന്‍ മരണമുള്ള ജീവിയായതുകൊണ്ടാണ്. മറ്റോരു മനുഷ്യന് മാറിക്കൊടുക്കാന്‍വേണ്ടിയോ പുതിയ തലമുറയ്‌ക്ക് വേണ്ടിയോ അല്ല അവന്‍ മരിക്കുന്നത്. വ്യക്തിപരമായി മരണമുള്ളതുകൊണ്ട് മാത്രമാണ്.
മതങ്ങളും തത്വചിന്താപാരമ്പര്യങ്ങളും മരണത്തെ ഇല്ലായ്‌മയിലേയ്‌ക്കുള്ള അല്ലെങ്കില്‍ മറ്റൊരു അസ്ഥിത്വത്തിലേയ്‌ക്കുള്ള യാത്രയായാണ് വ്യഖ്യാനിച്ചിട്ടുള്ളത്. ഉണ്മ, ഇല്ലായ്‌മ എന്നീ ദ്വന്ദങ്ങളെ ആശ്രയിച്ചാണ് മരണത്തെ ഈ ധാരകള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചത്.
മരണമെന്ന ആശയം സ്വന്തമാക്കാനുള്ള ത്വരയുമായി ബന്ധപ്പെട്ടതാണെന്ന് ജോര്‍ജ് ബതായി പറയുന്നു. കാമുകിയെ സ്വന്തമാക്കാന്‍ കഴിയാതെ വരുമ്പോള്‍ ഒരു നിമിഷം അവളെ കൊല്ലുവാന്‍ തോന്നിയിട്ടുണ്ടാകാം. അവളെ നഷ്ടപ്പെടുന്നതിനേക്കാള്‍ അവളെ കൊല്ലാനാണ് അയാള്‍ ചിന്തിക്കുക. അല്ലെങ്കില്‍ അവന്‍ സ്വയം മരിക്കാന്‍ ആഗ്രഹിക്കും. നിര്‍വ്വചിക്കാനാവാത്ത ഈ അടുപ്പത്തിലൂടെ മാത്രമേ ഈ തുടര്‍ച്ചയില്ലാത്ത ജീവികള്‍ക്ക് തുടര്‍ച്ചയുണ്ടാക്കാനാവൂ. പ്രേമഭാജനത്തിലൂടെ മാത്രമാണ് രണ്ടുപേര്‍ ഒന്നാകുക.
മൃഗങ്ങളില്‍നിന്ന് മനുഷ്യനിലേയ്‌ക്കുള്ള മാറ്റം ശ്രദ്ധിക്കുന്നത് മരണത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിര്‍ണ്ണായകമാണ്. മനുഷ്യന്‍ നിലനില്‍ക്കാന്‍വേണ്ടി ഉപകരണങ്ങള്‍ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്‌തു, പക്ഷെ, അധികം വൈകാതെതന്നെ അത്യന്താപേക്ഷിതമല്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടി അതുപയോഗിക്കുകയും ചെയ്‌തു. അദ്ധ്വാനമാണ് മനുഷ്യന്റെ ഒരു പ്രധാന കണ്ടുപിടുത്തം. അദ്ധ്വാനംകൊണ്ട് മെച്ചമുണ്ടെന്ന് കണ്ട് അദ്ധ്വാനത്തിന് തടസ്സമായ മനുഷ്യചോദനകളെ നിയന്ത്രിക്കാന്‍ വിലക്കുകളുണ്ടാക്കി. ആദികാലത്ത് വിലക്ക് നേരിട്ട് ബന്ധപ്പെടുന്നത് മരിച്ചവരുമായിട്ടാണ്. അതേ സമയം ലൈംഗികതയുമായും ബന്ധപ്പെട്ടുകിടക്കുന്നു.
നിയന്തര്‍താള്‍ മനുഷ്യന്‍ ഇന്നത്തെ മനുഷ്യരുടെ അത്ര നിവര്‍ന്നിരുന്നില്ല. എങ്കിലും അവര്‍ക്ക് മരണത്തോട് പ്രതികരണമുണ്ടായിരുന്നു. മരിച്ചവരെ കുഴിച്ചിട്ടിരുന്നു. ഉപകരണങ്ങള്‍ ഉപയോഗിച്ച് അദ്ധ്വാനിച്ചിരുന്നു. മനുഷ്യന്‍ അദ്ധ്വാനത്തിലൂടെയും ധാര്‍മ്മികതയിലൂടെയുമാണ് പതുക്കെ പതുക്കെ അവന്റെ മൃഗീയത കുടഞ്ഞുകളഞ്ഞത്. നാണമില്ലാത്ത ലൈംഗികതയില്‍നിന്ന് ക്രമേണ നാണമുള്ള ലൈംഗികതയിലേയ്‌ക്ക് അവന്‍ മാറി. അതിനുശേഷമത്രെ രതിസുഖത്തെ ലക്ഷ്യമാക്കിയുള്ള ലൈംഗികബന്ധം ഉണ്ടാകുന്നത്.
മരണത്തിന്റെ പ്രശ്‌നത്തെ അന്വേഷിക്കാന്‍ തത്വശാസ്‌ത്രത്തിനുപ്പുറവും ശാസ്‌ത്രത്തിനപ്പുറവും പോകേണ്ടിയിരിക്കുന്നു. ഈ പ്രശ്‌നത്തിന്റെ സാധ്യതകളിലേയ്‌ക്ക് തുറക്കാവുന്ന വാതിലുകളെല്ലാം തുറന്നിടുന്നത് കരണീയമാണ്. ആത്മനിഷ്‌ഠതയിലും അന്വേഷിക്കാം, വസ്‌തുനിഷ്‌ഠതയുടെ കലര്‍പ്പില്ലാത്ത ആത്മനിഷ്‌ഠതയില്ലെങ്കിലും.
മനുഷ്യന്റെ പ്രത്യേകതയാണ് വിലക്കുകള്‍. പക്ഷെ വിലക്കുകളെ തിരിച്ചറിയാന്‍ കഴിയുന്നതുതന്നെ മറികടക്കലുണ്ടാവുന്നതുകൊണ്ടാണ്. എന്നാല്‍ ഒരു വിലക്കിനെ അടിച്ചമര്‍ത്താതെതന്നെ മറികടക്കാം. വിലക്കിനെ തത്‌കാലം മാറ്റിനിര്‍ത്തിക്കൊണ്ട്.
ശാസ്‌ത്രം വിലക്കിനെ നോക്കുമ്പോള്‍ നീതീകരിക്കാനാവാത്ത വിലക്ക് രോഗാതുരമാണെന്ന് വിധി കല്‍പ്പിക്കും. പുറത്തുനോക്കുന്ന രീതിയാണ് ഇത്. പുറത്തുനിന്ന് നോക്കുമ്പോള്‍ ചരിത്രകാരന്റേത് അല്ലെങ്കില്‍ ശാസ്‌ത്രകാരന്റേത് പുറം നോട്ടമാണ്. ഈ നോട്ടം വിലക്കും മറികടക്കലും അനുഭവിക്കുന്നവരുടെ ആന്തരികാനുഭവങ്ങളെ ന്യൂനീകരിക്കുകയാണ്. .
വിലക്ക് ഭയം സൃഷ്ടിക്കും. അതിനകത്തുള്ളവര്‍ക്ക് ആ പേടിയുണ്ടെങ്കിലേ വിലക്കിനെതിരായുള്ള ആഗ്രഹത്തിന് ഇത്ര ഊര്‍ജ്ജം ലഭിക്കൂ. വിലക്കിന് ആഴത്തിലുള്ള പ്രാധാന്യം ലഭിക്കൂ. പക്ഷെ ശാസ്‌ത്രം പുറത്തുനിന്ന് നോക്കുന്നതുകൊണ്ട് വിലക്ക് യുക്തിപരമല്ല എന്ന് ആക്ഷേപിച്ച് ഒഴിവാക്കുകയേയുള്ളൂ. അകത്തുനിന്ന് നോക്കുമ്പോഴേ മുഴുവനായും കാണൂ. ഉള്‍ജീവിതമാണ് ജീവന് തുടിപ്പുണ്ടാക്കുന്നത്. മനുഷ്യലൈംഗികാനുഭവത്തെ മനസ്സിലാക്കാന്‍ ഈ ഉള്‍നോട്ടം വേണം. ശാസ്‌ത്രത്തിന്റെ പുറം നോട്ടം പോര.
വിലക്ക് പുറത്തുനിന്നുള്ളതല്ല, അകത്തുനിന്നുള്ളതാണ്. അതുകൊണ്ടാണ് വിലക്കിനെ അതിലംഘിക്കുമ്പോള്‍ വളരെ ശക്തമായ മനഃസ്സംഘര്‍ഷം ഉണ്ടാകുന്നത്. വിലക്കിനെ അനുസരിക്കുമ്പോള്‍ വിലക്ക് നിലനില്‍ക്കുന്നില്ല. അതിലംഘിക്കുമ്പോഴാണ് വിലക്ക് ബോധത്തിലുദിക്കുന്നത്. ഉണ്മയുടെ സ്വാഭാവികത അപ്പോള്‍ തലകുത്തനെ മറിയും.
മനുഷ്യന്‍ അദ്ധ്വാനിക്കുകയും യുക്തിയുടെ വഴിയില്‍ പോകുകയും ചെയ്യുന്നതുകൊണ്ട് അവന്‍ ഒരുപാട് അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്. പക്ഷെ അവന്റെ ജീവിതം മുഴുവനായി അദ്ധ്വാനത്തിനോ യുക്തിയ്‌ക്കോ ഒപ്പിയെടുക്കാനാവില്ല. യുക്തിയുടെ ശാസനങ്ങളെ അനുസരിക്കാന്‍ കഴിയുന്നതിന് പരിധിയുണ്ട്. മനുഷ്യന്റെ അടിയൊഴുക്ക് പ്രകൃതിയുടേതാണ്, അക്രമാസക്തിയുടേതാണ്. വളരെ യുക്തിപൂര്‍വ്വം നാം നീങ്ങുമ്പോഴേയ്‌ക്കും അക്രമാസക്തി നമ്മെ കീഴടക്കും. അതിന്റെ തുടിപ്പുകളെ പിടിച്ചുകെട്ടുക അസാധ്യമാണ്. പ്രകൃതിയിലും മനുഷ്യനിലും അതിരുകള്‍ ലംഘിക്കാനുള്ള ത്വരയുണ്ട്; അതിന്റെ ഇളക്കങ്ങളുണ്ട്. ഏറിവന്നാല്‍ അതിനെ ഭാഗികമായി നിയന്ത്രിക്കാനേ കഴിയൂ. അതിനെ നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതിന്റെ വരുതിയില്‍ നാം വരുമ്പോള്‍ തിരിച്ചറിയുകമാത്രമേ ചെയ്യൂ. അതിന്റെ ഉദ്ദേശത്തെക്കുറിച്ച് യുക്തി എന്തു പറഞ്ഞാലും ആ ഉദ്ദേശമല്ല അതിന്. യുക്തിയെ അതിലംഘിക്കുന്ന ചലനമാണത്.
മനുഷ്യന്‍ വാസനകളെ തത്‌കാലം അടക്കണമെങ്കില്‍ ക്രമമായ അദ്ധ്വാനം ഫലവത്താണെന്ന് മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അദ്ധ്വാനമാണ് യുക്തിയെ കൊണ്ടുവരുന്നത്. വന്യവാസനകള്‍ യുക്തിയെ കീഴടക്കുമ്പോള്‍ ക്രമം തെറ്റും. വിലക്കിന്റെ ഉപയോഗമൂല്യം ഒരുപക്ഷെ ഇതാണ്. അദ്ധ്വാനത്തിന്റെ അഭാവത്തില്‍ വന്യവാസനകള്‍ സടകുടഞ്ഞെഴുന്നേല്‍ക്കാന്‍ അവസരമുണ്ടാകുകയായി.
വിലക്കില്ലായിരുന്നെങ്കില്‍ അദ്ധ്വാനത്തിന്റെ ലോകം ഉണ്ടാകുമായിരുക്കുമോ എന്ന് സംശയമാണ്. വിലക്കിന്റെ ഉദ്ദേശം വളരെ ലളിതമാണ്. അദ്ധ്വാനത്തിന്റെ ലോകത്തുനിന്ന് ഹിംസയെ പുറംതള്ളുക. ഹിംസയും ലൈംഗികതയും മരണവും ഒരേ മേഖല പങ്കിടുന്നവയാണ്. മാര്‍ക്വസ് ഡാ സാഡാ പറയുന്നുത് ലൈംഗികമായ ത്വര അതിന്റെ അറ്റംവരെ കൊണ്ടുപോയാല്‍ അത് മരണത്തിനോടുള്ള ത്വരതന്നെയാണെന്നാണ്. ജനിക്കുന്നതിന്റെ പുറകിലുള്ള അമിതത്വം മരണത്തിന്റെ അമിതത്വമായി ബന്ധമുണ്ടെന്ന്‌്. ഒന്നില്ലെങ്കില്‍ മറ്റേതിനെ മനസ്സിലാകില്ല. സാമൂഹികമായ വിലക്ക്, അല്ലെങ്കില്‍ ഗോത്രവിലക്ക് എപ്പോഴും മരണമായും ലൈംഗികതയുമായും ബന്ധപ്പെട്ടിരിക്കുന്നു എന്ന് ബതായി ചൂണ്ടിക്കാട്ടുന്നു.
ബൈബിളില്‍ കാണുന്ന രണ്ട് പ്രധാനപ്പെട്ട വിലക്കുകളില്‍ ഒന്ന് മരണമായും മറ്റൊന്ന് ലൈംഗികതയുമായും ബന്ധപ്പെട്ടതാണ്. 1. നീ കൊല്ലരുത്, 2. വിവാഹ ബന്ധത്തിലല്ലാതെ രതി അരുത്.
ശവമാകുകയാണ് നമ്മുടെയെല്ലാം ഭാവി വിധി എന്ന് സൂചിപ്പിക്കുകയാണ് മരണം. ശവമാകുന്നു നമ്മുടെയെല്ലാം അന്തിമ വിധിയുടെ പ്രതിഛായ. അദ്ധ്വാനം മരണത്തിനെതിരായി നില്‍ക്കാന്‍ ശ്രമിക്കുന്ന യുക്തിയുടെ ലോകമാണ്. പ്രാകൃത മനുഷ്യന്‍ അദ്ധ്വാനത്തെ തന്റെ യുക്തിലോകമായി തിരഞ്ഞെടുത്ത് മരണമെന്ന പരമഹിംസയില്‍നിന്ന് വിലക്ക് കല്‍പ്പിച്ച് തിരിഞ്ഞു നിന്നു. അവനറിയാം അദ്ധ്വാനം നല്‍കുന്ന ഫലങ്ങളും ആ ലോകത്തിന്റെ ക്രമഭംഗിയും സുഖസൗകര്യങ്ങളും. മരണം ഇതെല്ലാം ഇല്ലാതാക്കുന്ന ഹിംസയും. അദ്ധ്വാനവും മരണവും ഇങ്ങിനെ യുക്തിലോകം/ഹിംസാലോകം എന്ന മട്ടില്‍ ബന്ധപ്പെട്ടു കിടക്കുന്നു. മരണം എപ്പോഴും അവനെ പീഡിപ്പിക്കുന്ന, അലോസരപ്പെടുത്തുന്ന വിലക്കാണ്.
വിലക്കിന്റേയും മറികടക്കിലിന്റേയും വൈരുദ്ധ്യം മനുഷ്യജീവിതത്തിലുടനീളമുണ്ട്. മരണത്തെ നാം ഭയക്കുന്നു കാരണം നാം ജീവിതത്തെ തിരഞ്ഞെടുക്കുന്നു. അതേ സമയം ഹിംസ നമ്മെ ഹരം പിടിപ്പിക്കുന്നുമുണ്ട്, ആഴത്തില്‍ മനസ്സിനെ പതറിപ്പിക്കുന്നു. .
കൊല്ലുന്നതിനുള്ള വിലക്ക് ഹിംസയ്‌ക്കെതിരെയുള്ള സാര്‍വ്വത്രികമായ വിലക്കിന്റെ ഒരു പ്രധാന വശമാണ്. പ്രാകൃതമനുഷ്യന്റെ കണ്ണില്‍ മരണം ഹിംസയുടെ വിളയാട്ടമാണ്. അതിന് പിന്നില്‍ ആരോ ഉണ്ട് എന്ന വിചാരമുണ്ട്, ഒരു മാന്ത്രിക ശക്തിയെങ്കിലും. അരോ ഇവിടെ കൊലപാതകിയാണ്. അതുകൊണ്ട് നമുക്ക് മരണത്തിന് മുന്നില്‍നിന്ന്, അഴിച്ചുവിടപ്പെട്ട ശക്തിയില്‍നിന്ന് ഓടി ഒളിക്കാം. മരിച്ച ശരീരത്തില്‍ ആ ഹിംസയുടെ എന്തൊക്കെയോ കിടപ്പുണ്ട്. അത് അഴിഞ്ഞ് നമ്മെ ബാധിക്കാതിരിക്കണം എന്നൊക്കെ മനനം ചെയ്‌തപോലെയാണ് മനുഷ്യര്‍ പെരുമാറിയിട്ടുള്ളത്. .
ക്രമം പാലിക്കാന്‍ ശ്രമിക്കുന്ന സമയത്തും മനുഷ്യര്‍ അദ്ധ്വാനലോകത്തിന്റെ പുറത്ത് ഹിംസയിലേര്‍പ്പെടാറുണ്ട്. അനുവദിച്ച സമയത്ത് മറ്റു സമുദായവുമായി യുദ്ധത്തിലേര്‍പ്പെടാം, കൊല്ലാം എന്നൊക്കെപ്പോലെ. പക്ഷെ വിലക്കുള്ളതുകൊണ്ട് ശാപമായി തോന്നും ഏത് കൊലയും. കൊലപാതകം കഴിഞ്ഞാല്‍ ബാക്കി നില്‍ക്കുന്നത് ഈ ശാപം മാത്രമായിരിക്കും. മഹത്തായ ഈ ശാപം തന്നെയാണ് വിലക്ക്.
എന്നാല്‍ വിലക്കിന് ഒരു മറുപുറമുണ്ട്. അത് വിലക്കിനെ മറികടക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കും. വിലക്കപ്പെട്ടതെന്തോ അതിന് വിലക്കുള്ളതുകൊണ്ട് ഇല്ലാത്ത പ്രാധാന്യമുണ്ടാകും. ഉള്‍പ്രേരണയ്‌ക്കും പ്രവര്‍ത്തിക്കുമിടയില്‍ ഭയത്തിന്റെ വിടവില്‍ വല്ലാത്ത ഉത്തേജനവും തോന്നും. ആഗ്രഹത്തെ വളര്‍ത്താന്‍ അതിനെ വിലക്കുന്നതിലപ്പുറം വലിയ ഉപായമില്ല. അതായത് ഹിംസയെ കീഴടക്കാന്‍, തടയാന്‍, വിലക്ക് ഉപകരിക്കില്ലെന്നര്‍ത്ഥം.
മരണത്തോടുള്ള പ്രത്യേക പ്രതികരണംപോലെ ലൈംഗികതയോടുള്ള പുരാതന മനുഷ്യരുടെ പ്രത്യേക പെരുമാറ്റത്തിന് വേണ്ടത്ര തെളിവില്ല. ആദ്യകാലത്തൊന്നും മനുഷ്യര്‍ സ്വന്തം പ്രതിരൂപം വരിച്ചിരുന്നില്ല. എന്നാല്‍ ഉദ്ധരിച്ച ലിംഗത്തിന്റെ പ്രതിഛായകള്‍ വരച്ചിട്ടുണ്ട്. എന്തുതന്നെയായാലും നമ്മുടെ അറിവുകള്‍ക്ക് പുറകോട്ടുപോകാന്‍ കഴിയന്ന കാലത്തോളം മനുഷ്യന്‍ മരണത്തിന്റെ മുന്നിലും ലൈംഗികതയുടെ മുന്നിലും അങ്കലാപ്പോടെ നിന്നിട്ടുണ്ട്. ലൈംഗികത പലപ്പോഴും ചില നിയമങ്ങള്‍ക്ക് വിധേയമായിരുന്നു. അദ്ധ്വാനവുമായി ഒത്തുചേരാത്തതാണ് ലൈംഗികത - നൈമിഷികവും ഹിംസാത്മകവും.
ലൈംഗികതയോടുള്ള വിലക്ക് സാര്‍വത്രികമാണ്. ഇന്‍സെസ്റ്റ് തുടങ്ങിയവ അതിലെ പ്രത്യേക മേഖലകള്‍ മാത്രം. ഇന്‍സെസ്റ്റിനെ മാത്രമെടുത്ത് ഇതിന് പുറത്ത് അന്വേഷിക്കുന്നതില്‍ അര്‍ഥമില്ല. ഈ വിലക്ക്, ലൈംഗികതയോടും മരണത്തോടും ഹിംസയോടും പരസ്‌പരം ബന്ധമുള്ള, ഭീതിപ്പെടുത്തുന്നതെങ്കിലും ആകര്‍ഷണമുള്ള, മനുഷ്യലോകത്തില്‍ സാര്‍വ്വര്‍ത്രികമായുള്ളതാണ്. ഇതിനെ മാത്രമായി ഒരു പ്രത്യേക സമൂഹത്തിലോ സന്ദര്‍ഭത്തിലോ സംസ്‌കാരത്തിലോ അന്വേഷിക്കുന്നതില്‍ കഴമ്പില്ല.
മനുഷന് ലൈംഗികതയോടുള്ള സാര്‍വ്വത്രികമായ വിലക്കിന് കൃത്യമായ രൂപരേഖയില്ല. അതുകൊണ്ടുതന്നെ ഇതിനെ പഠിക്കാന്‍ ഒരു സൂത്രവും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഇന്‍സെസ്റ്റ് ഇതിലെ ഒരു പ്രത്യേക ഉപവര്‍ഗ്ഗം മാത്രം. അത് ലൈംഗികവിലക്കുപോലെ സാര്‍വ്വര്‍ത്രികവുമല്ല. പൊതുവില്‍ മനുഷ്യര്‍ എളുപ്പമുള്ള കാര്യങ്ങളേ പഠിക്കൂ. വിഷമവും അവ്യക്തവുമായവ പഠിക്കാന്‍ മുതിരാറില്ല. അതുകൊണ്ടായിരിക്കാം ഇന്‍സെസ്റ്റിനെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ ഏറെയുണ്ടായത്.
പെട്ടെന്നായാലും കുറച്ചു കഴിഞ്ഞായാലും പുനരുത്‌പാദനം മരണത്തെ ആവശ്യപ്പെടുന്നുണ്ട്. കുട്ടികളെ സൃഷ്ടിച്ച അച്ഛനമ്മമാരുടെ മരണം. ഒരു തലമുറയുടെ മരണം പുതിയ ഒരു തലമുറയുടെ ജനനം ആവശ്യപ്പെടുന്നതുപോലെ. ചെറുജീവികളേക്കാള്‍ സസ്‌തനികള്‍ കൂടുതല്‍ ഊര്‍ജ്ജം ഉത്‌പാദിപ്പിക്കുകയും ദൂര്‍ത്തടിക്കുകയും ചെയ്യുന്നുണ്ട്. പ്രകൃതിയുടെ ഈ നിയമത്തോട്, അനുസരിക്കാന്‍ പ്രേരിപ്പിക്കലിനോട് പറ്റില്ല എന്നു പറയുമ്പോഴാണ് മനുഷ്യത്വം ഉണ്ടാകുന്നത്. പക്ഷെ ഈ നിഷേധം മനുഷ്യന്‍ കണിശമായി പറഞ്ഞിട്ടില്ല. ഉദാഹരണത്തിന് അവന്‍ അക്രമോത്സുകതയോട് പറ്റില്ല എന്നു പറഞ്ഞിട്ടില്ല. താത്‌കാലികമായി പറ്റില്ല എന്നേ പറയുന്നുള്ളൂ. അക്രമോത്സുകതയെ ഒരു കള്ളിയിലിട്ട് പൂട്ടിയിട്ടേയുള്ളൂ. താക്കോള്‍ കീശയിലുണ്ട്.
വിലക്കുകളുടെ ഒരു അപഹാസ്യത അവയെല്ലാം മറികടക്കാനുള്ളതാണ് എന്നാണ്. `നിങ്ങള്‍ കൊല്ലരുത്` എന്നു പറയുമ്പോള്‍തന്നെ കൊലപാതകം അനുവദിക്കുന്നുണ്ട്. ന്യൂ ടെസ്റ്റമെന്റില്‍ കൊലപാതകം വിലക്കുമ്പോള്‍ ഓള്‍ഡ് ടെസ്റ്റമെന്റില്‍ പട്ടാളയുദ്ധത്തെ അനുഗ്രഹിക്കുന്നു. വിലക്കും മറികടക്കലും, അടക്കിവെയ്‌ക്കലും പൊട്ടിത്തെറിയും പോലെയാണ്. വിലക്കുള്ളതുകൊണ്ടാണ് യുദ്ധമുണ്ടാകുന്നത്. യുദ്ധം സംഘടിതമായ അക്രമോത്സുകതായാണ്. മൃഗങ്ങളുടെ സംഘട്ടനം ഒരിക്കലും ഇങ്ങിനെ സംഘടിതമായി മാറുന്നില്ല.
`നീ കൊല്ലരുത്` എന്ന സാര്‍വ്വര്‍ത്രികമായ വിലക്കിന്റെ അതിലംഘനം അതില്‍തന്നെ അടങ്ങിയിരിക്കുന്നു. യുദ്ധത്തിലും ചില സന്ദര്‍ഭങ്ങളിലും കൊല്ലാം എന്ന ഭേദഗതിയോടെ. ഇതിന് സമാന്തരമാണ് `ദാമ്പത്യത്തിനകത്തെ ലൈംഗികത അനുവദിക്കൂ` എന്ന വിലക്കും. ആചാരമനുവദിക്കുമെങ്കിലാവാം അല്ലെങ്കില്‍ ചില പ്രത്യേക സാഹചര്യത്തിലാവാം. ഇപ്രകാരം ഇവ രണ്ടിലും വിലക്കും അതിലംഘനവും ഒളിച്ചു കളിക്കുന്നുണ്ട്.
കൊല്ലരുത് എന്ന വിലക്ക് മനുഷ്യരില്‍നിന്ന് മൃഗത്തെ വേറിട്ടു തിരിച്ചറിയാതിരുന്ന കാലം മുതല്‍ക്കേ നിലവിലുണ്ടത്രെ. മനുഷ്യത്വം മൃഗത്വത്തിനോട് അടുത്തുകിടക്കുന്ന കാലത്ത് മനുഷ്യന്‍ സഹമനുഷ്യരെ കൊന്നിരുന്നില്ല എന്ന് ബതായി പറയുന്നു. ഒരേ വംശത്തില്‍പെട്ട മൃഗങ്ങള്‍ തമ്മിലുള്ള സംഘട്ടനം അതില്‍ ഒന്നിന്റെ മരണത്തിലവാസാനിക്കുന്നതും വിരളമത്രെ. മൃഗങ്ങളെ കൊല്ലരുത് എന്ന വിലക്ക് അയഞ്ഞത് വേട്ടയാടല്‍ എന്ന അദ്ധ്വാനം ആരംഭിച്ചതിനുശേഷമാണ്. വേട്ടയ്‌ക്ക് ആവശ്യമായ ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കുന്നത് അദ്ധ്വാനമാണ്. അപ്പോള്‍ അവയെ ഉപയോഗിക്കുന്നതും അദ്ധ്വാനം.
മനുഷ്യന് ജീവക്കണമെങ്കില്‍ വേട്ടയാടാതേയും ലൈംഗിക ബന്ധത്തിലേര്‍പ്പെടാതേയും കഴിയുമായിരുന്നില്ല. അതുകൊണ്ട് അവയ്‌ക്കുള്ള വിലക്ക് എപ്പോഴും അതിലംഘിക്കപ്പെടും. പക്ഷെ വിലക്ക് അതിലംഘിക്കുന്നതില്‍ മതപരമായ ഒരു മൂല്യം അഥവാ പ്രാധാന്യം കല്‍പ്പിക്കപ്പെട്ടിരുന്നു. വേട്ടക്കാരനും കൊലപാതകിയ്‌ക്കും സമൂഹത്തില്‍ തിരിച്ചുവരണമെങ്കില്‍ ശുദ്ധികലശംവേണമായിരുന്നു. പ്രായശ്ചിത്തത്തിലൂടെയും പശ്ചാത്താപത്തിലൂടെയും തിരിച്ചുവരണം.
പുരാതനമായ ഗുഹാചിത്രങ്ങളില്‍ വേട്ടയാടപ്പെടുന്ന മൃഗത്തെ വരച്ചത് അങ്ങിനെ വരച്ചാല്‍ മാന്ത്രികമായി ആ മൃഗത്തെ ലഭിക്കും എന്ന വിശ്വസമാണ് പ്രേരകം എന്ന വ്യാഖ്യാനമുണ്ട്. എന്നാല്‍ മൃഗത്തെ കൊല്ലരുത് എന്ന വിലക്കും നിവര്‍ത്തിയില്ലായ്‌മയും സൃഷ്ടിക്കുന്ന അവ്യക്തതയാണ് ഈ പ്രതിനിധീകരണത്തില്‍ എന്ന് ജോര്‍ജ് ബതായി കരുതുന്നു. കാട്ടുപോത്തിനെ കൊല്ലുന്ന വേട്ടക്കാരനെ കാട്ടുപോത്ത് അഭിമുഖീകരിക്കുന്ന ചിത്രത്തില്‍ വേട്ടയാടിയ ആള്‍ മനുഷ്യനാണ് എന്നത് ആ ചിത്രം അതിലംഘനത്തിന്റേയും പ്രായശ്ചിത്തത്തിന്റേയും (ശുദ്ധികലശത്തിന്റേയും) ചിത്രമാണെന്ന് വാദിച്ചുകൊണ്ട് ബതായി തന്റെ വ്യാഖ്യാനത്തെ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു.
ഉച്ചശിലായുഗ കാലം വരെ മനുഷ്യര്‍ക്ക് യുദ്ധമെന്താണെന്ന് അറിയില്ലായിരുന്നു എന്നു കരുതപ്പെടുന്നു. ഇന്നും എസ്‌കിമോകള്‍ക്ക് യുദ്ധമെന്തെന്ന് അറിയാത്തതുപോലെ. ഉച്ചശിലായുഗം അവസാനിക്കുന്നതിന് പതിനായിരം കൊല്ലങ്ങള്‍ക്കു മുന്‍പുള്ള കിഴക്കന്‍ സ്‌പെയ്‌നില്‍ യുദ്ധത്തിന്റെ ഗുഹാചിത്രമുണ്ട്. വിലക്കും അതിലംഘനവും അതോടെ ഘടനാബദ്ധമാകുന്നു.
പുരാതന യുദ്ധങ്ങള്‍ ആഘോഷത്തിന്റേയും അവധിയുടേയും ദിനങ്ങളാണ്. യുദ്ധം ആഡംബരാത്മകമായിരുന്നു. ആഡംബര ഉടയാടകള്‍ പണ്ടേ യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധം ചെയ്‌ത് വിജയിക്കുണ്ടാകുന്ന സമ്പത്തല്ല ഇതിന്റെ പ്രേരണ. മറിച്ച് യുദ്ധത്തിന്റെ അനുഷ്‌ഠാനാത്മകതയിലും ആഘോഷത്തിലുമായിരുന്നു പ്രേരണയുടെ ഉറവിടം. കൊണ്ടാടലായിരുന്നു, അധികമായ ഒന്നായിരുന്നു, അതിക്രമമായിരുന്നു യുദ്ധം. യുദ്ധത്തിന് പുറപ്പെടുന്നത് അനുഷ്‌ഠാനാത്മകമായി എതിരാളിയെ അറിയിക്കുകയും ചെയ്യും.
ഇന്ന് പട്ടാളത്തിന് ഏകീകൃത വേഷധാരണമുണ്ട്. എളുപ്പം തിരിച്ചറിയപ്പെടാതെ സൂക്ഷിച്ച് ജീവനഷ്ടം കുറക്കാനാണത്. പക്ഷെ പ്രാചീന യുദ്ധങ്ങളില്‍ ജീവ നഷ്ടം കുറയ്‌ക്കുന്നതൊന്നും യുദ്ധത്തിന്റെ സ്‌പിരിറ്റില്‍ പറഞ്ഞതല്ല.
ജന്മിത്ത കാലത്തെ ചൈനയിലെ യുദ്ധത്തെക്കുറിച്ചുള്ള വിവരണം പണ്ടുകാലത്തെ യുദ്ധത്തിന്റെ അനുഷ്‌ഠാന സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട്. ഒരു പ്രഭുവിന്റെ ഭടന്മാര്‍ എതിരാളിയായ പ്രഭുവിന്റെ മുന്നില്‍ചെന്ന് സ്വയം കുത്തി മരിക്കുക തുടങ്ങിയ വീരനായക വേഷങ്ങളായിരുന്നു അരങ്ങേറിയിരുന്നത്. എന്നാല്‍ ഇന്ന് അനുഷ്‌ഠാന സ്വഭാവം പാടെ അപ്രത്യക്ഷമായിരിക്കുന്നു. കാരുണ്യം തീണ്ടാത്ത കണക്കുകൂട്ടലുകളാണ് ഇന്ന് യുദ്ധത്തില്‍.
മൃഗങ്ങള്‍ക്ക് ഒരിക്കലും കഴിയാത്ത ക്രൂരതകള്‍ മനുഷ്യന് സാധ്യമാണ്. യുദ്ധത്തടവുകാരെ പീഡിപ്പിക്കുന്നത് വിവരിക്കാനാവാത്ത വിധം അതിക്രൂരമായാണ്. കുട്ടികളേയും വൃദ്ധരേയും വെറുതെ വിടുന്നില്ലെന്നു മാത്രമല്ല ശരീരത്തെ തുണ്ടു തുണ്ടാക്കുന്നതും ജീവനുള്ള ശരീരത്തില്‍ ചെയ്യുന്ന കാര്യങ്ങളും അതിഭീകരമാണ്.
മെലനീഷന്‍ വംശജര്‍ അവരുടെ സ്വഭാവത്തിലുള്ള വിധിവിശ്വാസം കാരണം ഓടിപ്പോകാന്‍തന്നെ ശ്രമിക്കാറില്ലത്രെ. ഗദപോലെയുള്ള ഇരുമ്പു ദണ്ഡുകൊണ്ട് അടിക്കുമ്പോള്‍ തല കുനിച്ചുകൊടുക്കുകയാണത്രെ ചെയ്‌തിരുന്നത്. ജീവനോടെ അവശേഷിച്ചാലാണ് കൂടുതല്‍ ഭീകരം. നാട്ടില്‍ കൊണ്ടുപോയി യുദ്ധം പരിശീലിക്കുന്ന യുവാക്കള്‍ക്ക് വിട്ടുകൊടുക്കും. അവര്‍ ആ ശരീരത്തെ പീഡിപ്പിച്ച് പഠിക്കും. ബോധം കെട്ടാല്‍ ചൂടുള്ള ചട്ടിയില്‍ കിടത്തും. ചൂടുകൊണ്ട് ബോധം തെളിഞ്ഞ് പിടയുമ്പോള്‍ കാണികള്‍ ആര്‍ത്തു ചിരിക്കും.
ക്രൂരതയും കാമകേളിയും വിലക്കപ്പെട്ട ഒന്നിലേയ്‌ക്കുള്ള അതിലംഘനമാണ്. പെരുമാറ്റത്തിന്റെ വിലക്കപ്പെട്ട മേഖലയിലേയ്‌ക്കുള്ള അതിക്രമിച്ചു കയറലാണ്. പക്ഷെ ഈ അതിക്രമം താത്‌കാലികമാണ്. വിലക്കിന്റെ നിയന്ത്രണം അടിസ്ഥാനമായി നിലനില്‍ക്കും. വെള്ളം കവിഞ്ഞൊഴുകി വീണ്ടും പൂര്‍വ്വസ്ഥിതിയിലേയ്‌ക്ക് മടങ്ങിയെത്തുന്നതുപോലെ. യുദ്ധത്തില്‍ കൊലപാതകം ചെയ്യുന്നുവെങ്കിലും പൂര്‍ണ്ണമായും ചോരയ്‌ക്കുവേണ്ടിയാണെങ്കില്‍ സ്വന്തം ആളുകളേയും കൊല്ലുമായിരുന്നു. എന്നാല്‍ അത് ചെയ്യുന്നില്ല. വിലക്കിലേയ്‌ക്ക് മടങ്ങിക്കൊണ്ടേയിരിക്കും. ബലിയിലും അങ്ങിനെത്തന്നെ. പക്ഷെ ബലിയില്‍ മതവിശ്വാസത്തിന്റെ പരിധിയിലാണ് കൊല നടക്കുന്നത്. യുദ്ധത്തില്‍ അതിനപ്പുറം പോകുന്നു.
ആദ്യ കാലത്ത് മനുഷ്യന്‍ മൃഗങ്ങളെ തങ്ങളേക്കാള്‍ ഉയര്‍ന്ന പദവിയുള്ള ജീവികളായാണ് കരുതിയിരുന്നതത്രെ. മനുഷ്യരെപ്പോലെ വിലക്കുകളാല്‍ പരിമിതരല്ലാത്തതുകൊണ്ട് ദൈവ തുല്യമായാണ് കരുതിയിരുന്നത്. പഴയ പല ദൈവങ്ങളും മൃഗങ്ങളായിരുന്നല്ലോ. മൃഗങ്ങളും മനുഷ്യരും തമ്മല്‍ ഇത്രയേറെ വ്യത്യാസമുണ്ടെന്ന മനസ്സിലായത് മൃഗങ്ങള്‍ വളര്‍ത്തു മൃഗങ്ങളായതിനു ശേഷമാണ്, ശിലായുഗത്തിന്റെ അന്ത്യ ഘട്ടത്തില്‍ മാത്രമാണ്.
വിലക്കുകള്‍ ഉണ്ടാക്കിയപ്പോഴാണ് മനുഷ്യന്‍ മൃഗങ്ങളില്‍നിന്ന് വ്യതിരിക്തനായത്. വിലക്കിലൂടെ മനുഷ്യന്‍ മരണത്തിന്റേയും പുനരുത്‌പാദനത്തിന്റേയും അക്രമോത്സുകതയുടേയും മേധാവിത്തത്തില്‍നിന്ന് രക്ഷപ്പെട്ടു. മൃഗങ്ങള്‍ ഇവയില്‍ ആദ്യം പറഞ്ഞ രണ്ടിന്റേയും മേധാവിത്തത്തില്‍പ്പെട്ട് ഉഴലുകയാണ്.
ഏതു ജീവിയിലും വളര്‍ച്ചയുടെ അതേ തീവണ്ടിയില്‍ മരണമുണ്ട്.
ലൈംഗിക ജീവികളില്‍ ഓരോ രതിക്രീഡയിലും ഹ്രസ്വ മരണങ്ങളുണ്ട്. യഥാര്‍ഥ മരണം വൈകാതെ തീര്‍ച്ച. ശാസ്‌ത്രത്തിന് ഒരല്‍പ്പം വൈകിക്കാനാകുമെങ്കിലും.
തിന്മ ചെയ്യുന്നതിന്റെ ഉറപ്പിലാണ് മൗലികവും ഏറ്റവും ഉയര്‍ന്നതുമായ സ്‌നേഹത്തിന്റെ സുഖം ഉള്ളത്. ആണിനും പെണ്ണിനും ജന്മനാ അറിയാം സുഖം തിന്മയിലാണെന്ന്. ഈ പറഞ്ഞത് ബോദ്‌ലെയറിന്റെ വാക്കുകളാണ്. എന്നാല്‍ ബതായി പറയുന്നു തിന്മയെന്നാല്‍ അതിലംഘിക്കലിനെ ശപിക്കലാണ് എന്ന്.
മനുഷ്യന്‍ എത്ര തരം താണാലും അവന്‍ മൃഗത്തിന് തുല്യമാവില്ല. സ്വയം നിര്‍ണ്ണയ ശക്തി മനുഷ്യന്‍ എപ്പോഴും സംരക്ഷിച്ചുവെയ്‌ക്കും. അതുകൊണ്ടാണ് മറ്റുള്ളവരില്‍ ഭീകരത ഉണര്‍ത്താതെ ഒരു മനുഷ്യനെ കൊല്ലാനോ തിന്നാനോ കഴിയാത്തത്. വിലക്കാണ് ഈ ഭീകരത് സൃഷ്ടിക്കുന്നത്. രക്തബന്ധുക്കളുടെ രതിക്രീഡയിലുള്ള വിലക്കുപോലെ.
അപരനെ വകവെയ്‌ക്കാതിരിക്കുന്ന മുഹൂര്‍ത്തങ്ങളായിരിക്കാം ക്രൂരതയുടെ വിളനിലം. കൊലപാതകത്തിനും മരണത്തിനും രതിക്കുമൊക്കെ വളരെ ഇരുണ്ട ഒരു ലഹരിയുണ്ട്. അപരനെക്കുറിച്ചുള്ള ചിന്ത ഇല്ലാതാകുമ്പോള്‍ മാര്‍ക്വിസ് ഡാ സാഡാ പറയുന്നതുപോലെ വ്യക്തി അധിപതിയാകുന്നു. അതോടെ അപരനെ ഉപയോഗിച്ചുള്ള അധിപതിയുടെ ആനന്ദത്തിന്റെ അനന്ദസാധ്യതകള്‍ തുറക്കുന്നു. അത് കൊലപാതകത്തിലേയ്‌ക്കും തണുത്ത കൊലപാതകത്തിലേയ്‌ക്കും വിശദമായ നീണ്ട കൊലയിലേക്കും അതില്‍നിന്നുള്ള സംതൃപ്‌തിയിലേയ്‌ക്കും വ്യാപരിക്കുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും വേദനപ്പിക്കാനും കൊല്ലുവാനും ഉള്ള വാസനകള്‍ മനുഷ്യന് പ്രകൃത്യാ ഉണ്ടെന്ന കാര്യം ഇന്ന് ആരും നിഷേധിക്കാന്‍ സാധ്യതയില്ല. പക്ഷെ ഇവയെല്ലാം അവസാനിപ്പിക്കുക മനുഷ്യര്‍ കെട്ടിപ്പടുക്കുന്ന അദ്ധ്വാനത്തിന്റെ സംഭാവനകളെയാണ്. ആരുംതന്നെ ക്രൂരതകളെ ന്യായീകരിക്കാനിടയില്ല. എല്ലാവരും എടുക്കുന്ന നിലപാട് ജന്മവാസനയിലടങ്ങിയിട്ടുള്ള ഈ പ്രവണതകളെ വെറുക്കാനും ഒഴിവാക്കാനുമാണ്. പക്ഷെ ഇവിടെ ഉദിക്കുന്ന ഒരു ചോദ്യം ഇതാണ്: മനുഷ്യര്‍ക്ക് മനുഷ്യത്വത്തെ നശിപ്പിക്കുന്ന ഈ വാസനകളെ പൂര്‍ണ്ണമായും ഒഴിവാക്കാനാവുമോ? മനുഷ്യനില്‍ അന്തര്‍ലീനമായ ഈ ഗുണങ്ങളെ പിടിവാശികൊണ്ട് - അതിനെ യുക്തി, ക്രമം, പ്രായോഗികത, എന്നെല്ലാം വിളിച്ചാലും (മനുഷ്യത്വത്തിന്റെ അടിസ്ഥാന ശിലകള്‍) - ഇല്ലായ്‌മ ചെയ്യാന്‍ കഴിയുമോ? മനുഷ്യന്റെ ഭവത്വം അതിന്റെ തത്വങ്ങളെ നിരുപാധികം നിഷേധിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണോ?
മനുഷ്യപ്രകൃതത്തിലുള്ള അപരപീഡാസുഖം മനുഷ്യന് മമ്പ് ആവശ്യമായിരുന്നതും ഇപ്പോള്‍ ആവശ്യമില്ലാത്തതുമായ ഒന്നായി ഉപേക്ഷിക്കാന്‍ കഴിയുമോ. അപ്പന്‍ഡിക്‌സ് ശസ്‌ത്രക്രിയ ചെയ്‌തുകളയുന്നപോലെ, പ്രസവിച്ച സ്‌ത്രീയുടെ മറുക് കളയുന്നപോലെ. സന്യാസിയ്‌ക്ക് ആത്മനിയന്ത്രണംകൊണ്ട് ഉപേക്ഷിക്കാവുന്ന, അത് പറ്റാത്തവരെ ശിക്ഷകൊണ്ട് നിയന്ത്രിക്കേണ്ട് ഒന്നാണോ ഇത്. അങ്ങിനെയാണെങ്കില്‍ യുക്തിവാദി പറയുന്നത് ന്യായമാണ്. അവന്‍ പ്രകൃതിയെ കീഴടക്കി, ലോകം യുദ്ധരഹിതമായി. അഹിംസകൊണ്ട് മനുഷ്യന്റെ എല്ലാ നിര്‍ഭാഗ്യങ്ങള്‍ക്കും കാരണമായ അവന്റെ പ്രകൃതത്തെ കീഴ്‌പ്പെടുത്തിക്കൊണ്ടേയിരിക്കാം. അവന്റെ പ്രകൃതം ഒരു ചീത്ത ശീലത്തോടെന്നപോലെ എപ്പോഴും തിരുത്തിക്കൊണ്ടേയിരിക്കാം. പക്ഷെ മനുഷ്യനെ അവന്റെ വികാരതീവ്രതയോടെ, പേശികള്‍ നിറഞ്ഞ ശരീരത്തിലപ്പുറം ഹൃദയത്തിന്റെ ആഴത്തിലുള്ള സ്വന്തം അനുഭവത്തോടെ, ഒന്നും പറിച്ചുകളയാതെ മനസ്സിലാക്കുകയാണെങ്കില്‍ ഈ ഗുണങ്ങളെ അടിച്ചമര്‍ത്തുന്നത് മനുഷ്യവംശത്തെ ആഴത്തില്‍ ബാധിക്കാന്‍ ഇടയുണ്ടെന്ന്‌് ചിന്തിച്ചുപോകും.
നമ്മുടെ വ്യക്തി ജീവിതങ്ങള്‍ നിരാകരിക്കുന്ന വഴിയിലേയ്‌്‌ക്കാണ് മരണം വാതില്‍ തുറക്കുന്നത്. മരണത്തിലേയ്‌ക്ക് അടുക്കുന്ന ആ മുന്നേറ്റം മനുഷ്യ ജീവിതത്തിന് ഞെട്ടലോടെയോ അല്ലെങ്കില്‍ സ്വയം വഞ്ചിക്കാന്‍ ശ്രമിക്കുന്നതിലൂടെയോ അല്ലാതെ പിന്‍തുടരാന്‍ കഴിയില്ല.
ശാസ്‌ത്രത്തിന് വളരെ വ്യക്തമായി വെളിച്ചത്തില്‍ കാണണം. മനുഷ്യന്റെ കേന്ദ്ര യാഥാര്‍ഥ്യം ഒരുപക്ഷെ സാന്ധ്യപ്രകാശത്തിലേ കാണപ്പെടുകയുള്ളൂ. വര്‍ദ്ധിച്ച വെളിച്ചം കണ്ണഞ്ചിപ്പിക്കും. യാഥാര്‍ഥ്യം ഒളിഞ്ഞുകളയും. ശാസ്‌ത്രത്തിന്റെ വെളിച്ചത്തില്‍ കണ്ണുമിന്നുമ്പോള്‍ ഒളിയുന്ന സാന്ധ്യപ്രകാശത്തില്‍ തെളിയുന്ന ഒന്നാണോ മനുഷ്യനെ ഏറ്റവും വെളിപ്പെടുത്തുന്ന യാഥാര്‍ഥ്യം?
(തടവുകാരുടെ പത്രം. ഒക്ടോബര്‍-നവംബര്‍ ലക്കം. പേജ് 49 - 57)
Comments