ചലചിത്രഗാനശാഖയിലെ മല്‍സരഗാനങ്ങളില്‍നിന്ന് മാറി നില്‍ക്കുന്ന ഗായകനാണ് ജയചന്ദ്രന്‍. ഈ മേഖലയിലെ ഒരേ ശബ്ദശൈലിയുടെതന്നെ മുന്‍നിരക്കാരാവാന്‍വേണ്ടിയുള്ള - ആരാണ് ഒരേ ശബ്ദത്തില്‍, ഒരേ ശൈലിയില്‍ മറ്റുള്ളവരേക്കാള്‍ നന്നായി പാടുക - മല്‍സരത്തേയാണ് ജയചന്ദ്രന്‍ ശ്രദ്ധിക്കാതിരുന്നത്. അതില്‍ മനസ്സിരുത്തിയിരുന്നെങ്കില്‍ മത്സരപാതയില്‍ സ്വയം നഷ്ടപ്പെടുകയോ, ആകെ മാറിപ്പോകാനോ ഇടയായേനെ. മത്സരത്തിന്റെ അവശ്യഘടകമായ സമീകരണ പ്രക്രിയയില്‍പ്പെട്ട് തനിമ നഷ്ടപ്പെടുന്നതുകാരണമാണ് ഇന്ന് സംഗീതപാടവമുള്ള യുവഗായകരുടെ ഗാനങ്ങള്‍ നിഷ്‌ഫലമാകുന്നതും വേറിട്ട ഗാനശൈലികള്‍ ഉരുത്തിരിയാതിരിക്കുന്നതും. മത്സരത്തിന്റെ പ്രലോഭനങ്ങള്‍ക്ക് വഴിപ്പെടാതെ, സ്വന്തം ഗാനശൈലിയുമായി വേറിട്ട് നില്‍ക്കാന്‍ ജയചന്ദ്രന് തുണയായത് തന്റെ ആദര്‍ശം കനംതൂങ്ങുന്ന കൂസലില്ലായ്‌മയാണ്. തന്മൂലം മത്സരകാലത്തിന് മുന്‍പെന്നപോലെ ഇപ്പോഴും അദ്ദേഹം സ്വത്വം ചിതറിപ്പോകാത്ത ഒരു മാതൃകാഗായകനായി തുടരുകയാണ്.
ജയചന്ദ്രനെ വ്യത്യസ്‌തനാക്കുന്നത് മുഖ്യമായും അദ്ദേഹത്തിന്റെ അനനുകരണീയമായ ശബ്ദവും ഗാനശൈലിയുമാണ്. അതായത് ജയചന്ദ്രന്‍ പാടുമ്പോള്‍ ശബ്ദവും ശൈലിയും വേര്‍തിരിച്ച് അപഗ്രഥിയ്‌ക്കുക അസാധ്യമായിരിക്കും. അവശേഷിപ്പുകളില്ലാതെ ശബ്ദവും ശൈലിയും ചേര്‍ന്ന് മൂന്നാമതൊന്നായി, ഗാനമായി മാറുന്നു. ജയചന്ദ്രന്റെ ഗാനങ്ങളില്‍ ഈ രൂപാന്തരപ്രാപ്‌തി മറ്റേത് ഗായകരുടേതിനേക്കാളും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ജയചന്ദ്രന്‍ പാടിയ പാട്ട് മറ്റേത് ഗായകന്‍ പാടിയാലും മറ്റൊരു പാട്ടായി മാറുകയേ ഉള്ളൂ. ഈ ഗാനശൈലിയ്‌ക്ക് പിന്‍ഗാമികളില്ലാത്തത് അതുകൊണ്ടായിരിക്കാം.
മലയാള ചലചിത്രഗാനം അതിന്റെ ആദ്യ രൂപവത്‌കരണ ഘട്ടം തരണം ചെയ്‌ത കാലത്താണ് ജയചന്ദ്രന്‍ പാടിത്തുടങ്ങിയത്. ഹിന്ദി ഗാനങ്ങളുടേയും മറ്റും തനിപകര്‍പ്പുകളുണ്ടാക്കുന്നത് ഉപേക്ഷിച്ച് സ്വന്തമായി ഈണങ്ങള്‍ ചിട്ടചെയ്യാന്‍ സംഗീതസംവിധായകര്‍ പ്രയത്‌നിക്കുകയും വിജയിക്കുകയും ചെയ്‌ത കാലം - ദേവരാജന്‍, രാഘവന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, എം. കെ. അര്‍ജുനന്‍ തുടങ്ങിയവര്‍. ഇവരുടെ ഈണങ്ങള്‍ ആലപിക്കാന്‍ യേശുദാസിനായിരുന്നു മുന്‍ഗണന. വ്യത്യസ്‌ത ഗാനശൈലികളുമായി എ. എം. രാജ, അബ്ദുള്‍ഖാദര്‍, ഉദയഭാനു, കമുകറ പുരുഷോത്തമന്‍ എന്നിവരും. അന്ന് ആരും ആരേയുംപോലെ പാടിയിരുന്നില്ല. (മറിച്ച് ഇന്നത്തെ ഗായകര്‍ വേര്‍തിരിച്ചറിയാന്‍ പറ്റാത്തവിധം ഒരേ മട്ടില്‍ പാടുന്നവരാണ്. കൂടുതലും യേശുദാസിനെ മാതൃകയാക്കി പാടുന്നവര്‍.) ഈ സന്ദര്‍ഭത്തിലാണ് ജയചന്ദ്രന്റെ തളിരുപോലത്തെ ശബ്ദം ആസ്വാദകരുടെ മനസ്സില്‍ പുതിയ ഭാവുകത്വങ്ങളുടെ വാതിലുകള്‍ തുറക്കുന്നത്. അദ്ദേഹത്തിന്റെ "മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി" എന്ന ഗാനം പെട്ടെന്നുതന്നെ എല്ലാവരുടേയും ഇഷ്ടഗാനമായി. അങ്ങിനെ യേശുദാസ് അല്ലെങ്കില്‍ ജയചന്ദ്രന്‍ മതി മലയാള സിനിമയില്‍ പാടാന്‍ എന്ന അവസ്ഥ വന്നു.
ജയചന്ദ്രന്റേത് ലളിതസംഗീതത്തിന്റെ കാതലറിഞ്ഞ ശൈലിയാണ്. അതുകൊണ്ടായിരിക്കാം അദ്ദേഹം ശാസ്‌ത്രീയ സംഗീതം കാര്യമായി അഭ്യസിക്കാതിരുന്നത്. (എസ്. പി. ബാലസുബ്രഹ്മണ്യവും ഇതുപോലെ ശാസ്‌ത്രീയ സംഗീതം കൂടുതല്‍ അഭ്യസിക്കാത്ത, വേറിട്ട ഗാനശൈലിയുള്ള വളരെ ആവിഷ്‌കാര വൈവിധ്യമുള്ള ഗായകനാണ്.) ജയചന്ദ്രന്റെ ഗാനങ്ങള്‍ മാറിത്തെളിഞ്ഞ് മിഴിവാര്‍ന്ന് നില്‍ക്കുന്നവയാണ്. പാടിയ പാട്ടുകളില്‍ ഫലിക്കാതെപോയത് ദുര്‍ലഭം.
വിവരണശ്രമങ്ങളെ കൂട്ടാക്കാത്ത എന്തോ ഒരു തരം ദീപ്‌തിയുണ്ട് ജയചന്ദ്രന്റെ ഗാനങ്ങളില്‍. ലളിത ഭാവങ്ങളും നിഷ്‌കളങ്കമായ അത്ഭുതങ്ങളും ജിജ്ഞാസകളും തൊട്ടുണര്‍ത്തുന്നതരം മാസ്‌മരിക വിദ്യ ഈ ഗായകനില്‍ അന്തര്‍ലീനമാണ്. ഇതിനോട് സദൃശമായ ദൃശ്യഭാഷ സത്യജിത് റേയുടെ 'പഥേര്‍ പാഞ്ചാലി'യില്‍ കാണാം. കൂടുതല്‍ ശ്രദ്ധിച്ചാല്‍ റേ സിനിമയില്‍ ചെയ്‌തത് ജയചന്ദ്രന്‍ ഗാനത്തില്‍ ആവിഷ്‌കരിച്ചതായി തോന്നും. ഈ സാദൃശ്യം യാദൃശ്ചികമല്ല. ജയചന്ദ്രനെ ഏറെ സ്വാധീനിച്ച സിനിമയാണ് 'പഥേര്‍ പാഞ്ചാലി.' ആ സിനിമയിലെ ഹൃദയാര്‍ദ്ര ഭാവങ്ങളെക്കുറിച്ച് ജയചന്ദ്രന്‍ പല ആവര്‍ത്തി സൂചിപ്പിച്ചിട്ടുണ്ട്. ഇതില്‍നിന്ന് ഉള്‍ക്കൊണ്ട ദൃശ്യപാഠങ്ങള്‍ക്ക് അനുരൂപമായ ഭാവങ്ങള്‍ തന്റെ ഗാനങ്ങളില്‍ അദ്ദേഹം ആവിഷ്‌കരിക്കാന്‍ ശ്രമിച്ചിട്ടുള്ളതായി കാണാം. അനുകരണാത്മകമായല്ല, പ്രകൃതിയുടെ നിഷ്‌കളങ്ക ഭാവങ്ങളെ ഏകാന്തതയിലേയ്‌ക്കും വിഷാദത്തിലേയ്‌ക്കും പ്രണയത്തിലേയ്‌ക്കും വ്യാപിപ്പിക്കാനാണ് ജയചന്ദ്രന്‍ തന്റെ ഗാനശൈലിയിലൂടെ ശ്രമിച്ചത്. ഇപ്രകാരം ഓരോ ഗാനത്തിലും നിഷ്‌കളങ്കതയുടെ പ്രഭയും വിഷാദങ്ങളും വീണ്ടെടുക്കുന്നതുകൊണ്ട്. ജയചന്ദ്രന്റെ ശബ്ദത്തില്‍ പ്രായം പ്രതിഫലിക്കുന്നില്ല. മറിച്ച് ഓരോ പുതിയ അറിവും സംഗീതഭാവനകളും ജയചന്ദ്രനെ വീണ്ടും ചെറുപ്പമാക്കുകയാണ്.
ജയചന്ദ്രന്റെ മറ്റൊരു പ്രത്യേകത പാട്ടിലൂടെ സൃഷ്ടിക്കുന്ന അടുപ്പമാണ്. അദ്ദേഹത്തിന്റെ പാട്ടിലൂടെ സൗഹൃദം പടര്‍ന്ന് പിടിക്കും. കൂടെയിരുന്നു പാടുന്ന പ്രതീതി ജനിപ്പിക്കാനുള്ള കഴിവുണ്ട് ആ ശബ്ദത്തിന്. അദ്ദേഹം പാടുമ്പോള്‍ ഗാനം അകലെയല്ല, വളരെ നേരിട്ടുള്ള അനുഭവംപോലെയാണത്. മാത്രമല്ല എത്ര മനോഹരമായി പാടിയാലും ജയചന്ദ്രന്‍ പാടുമ്പോള്‍ സാധാരണക്കാരന്റെ പാട്ടുപോലെ തോന്നും. നമ്മുടെ ഉള്ളില്‍നിന്നെന്നപോലെ, നാംതന്നെ പാടുന്നതുപോലെ, അന്യമല്ലാത്ത സംഗീതമായി അത് മാറും. വളരെ ലളിതവും അതേസമയം ഗഹനവുമായ ഈ ഗാനശൈലി സങ്കീര്‍ണ്ണത ഒട്ടുമില്ലാത്ത ഈണസഞ്ചയങ്ങള്‍ അവതരിപ്പിക്കുമ്പോള്‍പോലും ഉപരിതലസ്‌പര്‍ശിയാകുന്നില്ല.
വൈകാരികതയുടെ മാനങ്ങള്‍ക്ക് ജയചന്ദ്രന്റെ സംഗീതശൈലിയില്‍ വലിയ സ്ഥാനമുണ്ട്. ഇത് ഒരു തരം ദാര്‍ശനിക അന്തര്‍ധാരയായാണ് അദ്ദേഹത്തിന്റെ ഗാനശൈലിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ ഉറവിടം അദ്ദേഹത്തിന്റെ സവിശേഷമായ വ്യക്തിത്വത്തിലാണ്. ലോകവീക്ഷണത്തിന്റെ സ്വാധീനമാണ് ഇതില്‍ പ്രതിഫലിക്കുന്നത്. 'പഥേര്‍ പാഞ്ചാലിയി'ലെ ഹൃദയാര്‍ദ്രമായ അംശങ്ങളെ അദ്ദേഹം ചെറുപ്പത്തില്‍ ശ്രദ്ധിച്ചതും ആകൃഷ്ടനായതും സ്വാംശീകരിച്ചതും പ്രത്യേകതരം മാനസികാവസ്ഥയുള്ളതുകൊണ്ടാണ്. വികാരം ഉള്‍ക്കൊണ്ട് പാടുന്നതാണ് ജയചന്ദ്രന് ഇഷ്ടം. ഇന്നത്തെ, വേഗതയുടെ കാലത്തെ ഗായകനല്ല അദ്ദേഹം. എന്നാല്‍, ഇന്നും തുരുത്തുകളായി നിലനില്‍ക്കുന്ന പഴയ ഗാനാലാപന പാരമ്പര്യത്തില്‍ അദ്ദേഹം അദ്വിതീയനാണ്. ദേവരാജനും ദക്ഷിണാമൂര്‍ത്തിയും രാഘവനും ബാബൂരാജും ഈണം നല്‍കിയ കാലമായിരുന്നു പഴയ പാരമ്പര്യത്തിന്റെ സുവര്‍ണ്ണകാലം. ആ പാരമ്പര്യത്തില്‍പെട്ട ഗായകനാണ് ജയചന്ദ്രന്‍. ഇന്നത്തെ ഈണമാതൃകകള്‍ പണ്ടത്തേതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ്. ഇന്നും ജയചന്ദ്രന്‍ പാടുമ്പോള്‍ വേനല്‍മഴ ഭൂമിയുടെ ഗന്ധം കൊണ്ടുവരുന്നതുപോലെ ഒരു കാലഘട്ടത്തെ മുഴുവന്‍ ആവാഹിക്കുന്ന ഓര്‍മ്മയുടെ തിരകള്‍ സൃഷ്ടിക്കപ്പെടുന്നു. അദ്ദേഹത്തിന്റേത് ഹിംസാത്മകമായ സംഗീതമല്ല. ഒരു ആക്രമണംപോലെയാവാന്‍ അസാധ്യമായ ഗാനശൈലിയാണത്.
സ്വയം മറന്നു പാടാനുള്ള കഴിവ് ഉത്തമ ഗായകന്റെ ലക്ഷണങ്ങളിലൊന്നായാണ് കരുതപ്പെടുന്നത്. ഈ അര്‍ഥത്തില്‍ അലിഞ്ഞു പാടുന്ന ഗായകനാണ് ജയചന്ദ്രന്‍. ഇക്കാര്യത്തില്‍ അദ്ദേഹം അഭിനിയിച്ച് കഥാപാത്രമായി മാറുന്ന ഒരു മാതൃകാനടനെപ്പോലെയാണ്. അതുകൊണ്ട് പ്രണയഗാനം പാടുമ്പോള്‍ അദ്ദേഹം കാമുകനാവുന്നു. ആലാപനത്തിന്റെ ശാസ്‌ത്രീയതയേക്കാള്‍ ഈ ഗായകന്‍ ശ്രദ്ധിക്കുന്നത് സംഗീതാനുഭവത്തിന് ഊഷ്‌മളമായ ജീവന്‍ പകരാന്‍ ശ്രമിക്കുന്നതിലാണ്. അഥവാ ജയചന്ദ്രന്റെ കാഴ്‌ചപ്പാടില്‍ അതാണ് സംഗീതത്തിന്റെ ഒരു സുപ്രധാന ധര്‍മ്മം. ചലചിത്രരംഗത്തെത്തിയ കാലത്ത് യേശുദാസിന്റെ പകരക്കാരനായിരുന്നു ജയചന്ദ്രന്‍. അങ്ങിനെയാണ് ഗായകരില്‍ രണ്ടാമനാണ് ജയചന്ദ്രന്‍ എന്ന വിശേഷണം ഉണ്ടായത്. ശ്രേണീബദ്ധമായി ചിന്തിക്കുന്നവരുടെ മുന്‍വിധിയാണ് ഈ വിശേഷണത്തെ ഇന്നും നിലനിര്‍ത്തുന്നത്. ഈ ഗായകര്‍ സദൃശമായ ഗാനശൈലി പങ്കിടുന്നവരെങ്കില്‍ ഈ വിധിപ്രസ്‌താവം ന്യായീകരിക്കാന്‍ കഴിഞ്ഞേനെ. എന്നാല്‍, തീര്‍ത്തും വ്യത്യസ്‌തനായ ഗായകനെ രണ്ടാമനോ മൂന്നാമനോ ആയി തീരുമാനിക്കുന്നതില്‍ ന്യായമില്ല. പ്രത്യേകിച്ച് ഒരു ശൈലിയേയും ആശ്രയിക്കാത്ത, തികച്ചും മൗലികമായ ഗാനശൈലിയുടെ ആവിഷ്‌കര്‍ത്താവായ സ്ഥിതിയ്‌ക്ക്.
ജയചന്ദ്രന്റെ മാനസ ഗുരുവാണ് ദേവരാജന്‍. രണ്ടുപേരും ചേര്‍ന്നപ്പോഴൊക്കെ സുന്ദരഗാനങ്ങളുണ്ടായിട്ടുണ്ട് ("തൊട്ടേനെ ഞാന്‍ മനസ്സുകൊണ്ട് ചിത്രം വരച്ചേനേ..."). ഈ ഗാനം ഇന്നും മൂളി നടക്കുന്ന എത്ര മലയാളികളുണ്ടെന്ന് തിട്ടപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത്ഭുതകരമായ ഫലമുണ്ടാകും. ഈ ഗാനം എത്ര ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് നോക്കിയാല്‍ അതിലേറെ വിസ്‌മയകരമായിരിക്കും ഫലം. എത്രയോ പേരുടെ പ്രണയവും ഏകാന്തതയും ഇത്തരം ഗാനങ്ങള്‍ക്കകത്ത് ജീവിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്നും കേള്‍ക്കാം, പലരുടേയും മൂളിപ്പാട്ടില്‍ മനസ്സിന്റെ മുറിവുകള്‍ക്ക് സാന്ത്വനം പകരുന്ന ജയചന്ദ്രഗാനങ്ങളുടെ മൂളക്കം. ഇതുപോലെ "മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി" എന്ന ഗാനം മലയാളിയുടെ സ്വത്വത്തെതന്നെ സ്വഭാവവത്‌കരിക്കുന്ന ഒരു പ്രമേയ സംഗീതമായി മാറിയതും ഒരു ഗാനശൈലിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്.
അവാര്‍ഡുകളുടെ യുക്തിയും പ്രസക്തിയും പലപ്പോഴും ഉപരിപ്ലവമാണ്. അവാര്‍ഡിന്റെ എണ്ണവും കനവും നോക്കി ജയചന്ദ്രനെ അറിയാന്‍ കഴിയില്ല. പതിനയ്യായിരത്തിലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് ഈ ഗായകന്‍. പക്ഷെ, എണ്ണത്തിലല്ല കാര്യം. ഇവയില്‍ കുറേ പാട്ടുകള്‍ ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു എന്നതാണ് കാര്യം. യേശുദാസിന്റെ സമകാലീനനായിരിക്കുകയും ആരോടും മത്സരിക്കാതെ വളരെ വ്യത്യസ്‌തനായി സ്വയം ആസ്വദിച്ച് പാടുന്നതില്‍ തൃ്‌പതി കണ്ടെത്തുകയും ചെയ്യുന്ന പ്രകൃതക്കാരന്‍ ഫലത്തില്‍ ഗാഢമായ സംഗീതാനുഭവങ്ങള്‍ സംഭാവന ചെയ്‌തു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. സ്ഥിരമായി മാധ്യമങ്ങളില്‍ കയറിയിരിക്കാന്‍ ജാഗ്രത പുലര്‍ത്താത്ത ജയചന്ദ്രനെ തിരിച്ചറിയാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ വീണ്ടും വീണ്ടും കേള്‍ക്കുക മാത്രമാണ് വഴി.
ജയചന്ദ്രന്റെ ഇഷ്ടഗായകരില്‍ പ്രമുഖര്‍ മുഹമ്മദ് റഫിയും മന്നാഡെയുമാണ്. സുശീലയാണ് ആരാധ്യ. മുഹമ്മദ് റഫിയെ ഏറ്റവും നല്ല ഗായകനായി അദ്ദേഹം കരുതമ്പോഴും അദ്ദേഹത്തെ ആകര്‍ഷിച്ച, എപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന, ഗായകന്‍ മന്നാഡെയാണ്. സുശീലയുടെ ശബ്ദത്തില്‍ അപൂര്‍വ്വമായ ഒരു പ്രത്യേക ശ്രദ്ധിക്കുന്നു, ബാബുരാജിനെ ഒരു പ്രതിഭാസമായി കാണുന്നു, ഇതെല്ലാം കൂട്ടിവായിയ്‌ക്കുമ്പോള്‍ എന്താണ് ജയചന്ദ്രനെ സംബന്ധിച്ചിടത്തോളം സംഗീതം എന്ന് വ്യക്തം. രാഘവന്‍മാഷെ ഇഷ്ടപ്പെടുന്നത് നാടന്‍ ശീലുകളോടുള്ള പ്രിയം കാരണം. ഇതൊക്കെ സൂചിപ്പിക്കുന്നത് വളരെ സങ്കീര്‍ണ്ണവും സമഗ്രവും ബഹുസ്വരപ്രിയവുമാണ് ജയചന്ദ്രന്റെ സംഗീത സങ്കല്‍പ്പം എന്നാണ്. ഒരു പ്രത്യേക സ്വഭാവത്തെ മാത്രം സ്വീകരിക്കുകയും മറ്റെന്തിനേയും പുറംതള്ളുന്നതുമായ ഏകശിലാരൂപിയല്ല ഈ സങ്കല്‍പം. വൈവിധ്യമാര്‍ന്ന സൗന്ദര്യമാനങ്ങളെ അംഗീകരിക്കുന്ന കാഴ്‌ചപ്പാടാണത്. പക്ഷെ, ്‌അദ്ദേഹത്തിന് ഉള്‍ക്കൊള്ളാനാവാത്ത സംഗീത ശൈലികളുമുണ്ട്. ആധുനിക സാങ്കേതികതയും കൂടുതല്‍ ഉപകരണങ്ങളും ചേര്‍ന്നുണ്ടാകുന്ന ഇക്കാലത്തെ പുതിയ പ്രവണതകള്‍ പ്രതിഫലിക്കുന്ന ഗാനങ്ങളെ അദ്ദേഹം വിമര്‍ശിക്കാറുണ്ട്. പുതിയ ഗാനങ്ങള്‍ താളവേഗം കൂടിയവയാണ്, അതില്‍ ശ്രുതിസാന്ദ്രമായ മനുഷ്യശബ്ദത്തിന് പ്രാമുഖ്യം നഷ്ടപ്പെടുന്നു, അത് പാശ്ചാത്യ സംഗീതത്തിന്റെ പുറകിലോടുകയാണ്, എന്നൊക്കെ ജയചന്ദ്രന്‍ പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്. അത് മെലഡിയില്‍നിന്ന് ദൂരെ പോകുന്നതായും അദ്ദേഹം കാണുന്നു. ഭാവിയില്‍ മലയാള ചലചിത്രഗാനം പഴയ കാലത്തെ, ആരോഗ്യകരമായ കാവ്യഭംഗിയും ശബ്ദസൗന്ദര്യവും സംഗീതഗുണത്തെ നിര്‍ണ്ണയിക്കുന്ന, അന്തരീക്ഷത്തിലേയ്‌ക്ക് മടങ്ങുമെന്ന് പ്രത്യാശിക്കുന്നുമുണ്ട് ഈ ഗായകന്‍. പുതിയ ഗാനങ്ങളെ ഇഷ്ടപ്പെടാതിരിക്കുമ്പോഴും എ. ആര്‍. റഹ്മാന്റെ മഹത്ത്വം അംഗീകരിക്കുന്നത് ശ്രദ്ധേയമാണ്. തന്റെ പാരമ്പര്യത്തിന് വെളിയിലുള്ള സംഗീതധാരകളേയും അവ മഹത്താണെങ്കില്‍ ഉള്‍ക്കൊള്ളും എന്നതിന്റെ തെളിവാണിത്.
ജയചന്ദ്രന്റെ ഈ ഇഷ്ടാനിഷ്ടങ്ങള്‍ ഒരു സമഗ്രമായ സംഗീതസങ്കല്‍പത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. അതേ സങ്കല്‍പത്തിന്റെ സൗന്ദര്യങ്ങളുടെ അസാമാന്യമായ സാക്ഷാത്‌കാരമാണ് അദ്ദേഹം പാടിയ പാട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ദീപ്‌തി. ഈ സങ്കല്‍പം ഒരേ സമയം യേശുദാസിനേയും, അതേ സമയം യേശുദാസിന്റെ ഗാനശൈലി മലയാള ചലചിത്രഗാന പാരമ്പര്യത്തിന്റെ മാനദണ്ഡമായി മാറുന്നതിനെ ചെറുത്തുനില്‍ക്കുന്ന ശൈലികളെക്കൂടി ഉദ്‌ഗ്രഥിക്കുന്നുണ്ട്. ഈ ഉദ്‌ഗ്രഥനമാകട്ടെ ഗായകരെ വലുതും ചെറുതുമായി വേര്‍തിരിക്കുന്നതിന് നിദാനമായ അളവുകോല്‍ സങ്കല്‍പത്തെ നിരാകരിക്കുന്നതുമാണ്.
(മാധ്യമം ആഴ്‌ചപ്പതിപ്പ്. 2004 നവമ്പര്‍ 26. പേജ് 32.)
ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്. ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല. കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ. പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല. ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്. നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക. ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്. പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും. ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല. അതിന് കര്‍ത്താവുണ്ട്. സിനിമാപാട്ടിനും. നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...
Comments
thanks for the insights...
venkity