Skip to main content

വിഗ്രഹഭഞ്‌ജനവും പ്രതിസംഗീതവും

 Who could fight earthquakes and fires - and youth? - Nikos
 Kazantzakis 
 'ലജ്ജാവതിയെ' എന്ന ചലചിത്രഗാനം സമീപകാല ജീവിതത്തിന്റെ മുഖ്യദിശയിലെ വലിയ തരംഗമാണ്‌. യുവതലമുറയുടെ മാത്രം ഗാനമല്ല ഇത്‌. പ്രായഭേദമന്യേ ഈ ഗാനത്തിന്റെ ലഹരി പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. കുട്ടികള്‍ ഇരുട്ടത്തു പേടി അകറ്റാന്‍ പാടുന്ന പാട്ടുപോലും 'ലജ്ജാവതിയെ...' എന്നാല്‍, ഈ ഗാനം വിഷയമായി എഴുതപ്പെട്ട ലേഖനങ്ങളിലെ ശ്രദ്ധാര്‍ഹമായ വാദങ്ങള്‍ രണ്ട്‌ പക്ഷമായി നിന്നതല്ലാതെ പ്രസ്‌തുത ഗാനത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്നതില്‍ പറയത്തക്ക സംഭാവനയൊന്നും ചെയ്‌തിട്ടില്ല. ഇവ പ്രധാനമായും രണ്ട്‌ വീക്ഷണങ്ങളാണ്‌ അവതരിപ്പിക്കുന്നത്‌. ശാസ്‌ത്രീയ സംഗീതത്തെ പിന്‍പറ്റി സൃഷ്ടിച്ച പഴയതും പുതിയതുമായ ഗാനങ്ങളുമായി താരതമ്യം ചെയ്‌തും, അവയെ നിര്‍ണ്ണയിക്കുന്ന സൗന്ദര്യശാസ്‌ത്ര മാനദണ്ഡങ്ങളുപയോഗിച്ചും, 'ലജ്ജാവതിയെ' ഗുണനിലവാരമില്ലാത്ത ഒരു ഗാനമായി വിലയിരുത്തുകയായിരുന്നു ഒരു പക്ഷം. എന്നാല്‍, ഈ നോട്ടത്തില്‍ യുക്തിപരമായ ഒരു തെറ്റ്‌ അന്തര്‍ഭവിച്ചിട്ടുണ്ട്‌. അതായത്‌, സംഗീതത്തിന്റെ യുക്തിഭൂപടത്തില്‍ എവിടെയാണ്‌ 'ലജ്ജാവതിയെ' എന്ന്‌ അന്വേഷിക്കാനുള്ള സാവകാശം കാണിക്കാതെ അതിനെ തീര്‍ത്തും വ്യത്യസ്ഥമായ ഒരു കൂട്ടം സങ്കല്‍പനോപകരണങ്ങളുപയോഗിച്ച്‌ വ്യഖ്യാനിക്കുകയാണ്‌ ഈ പക്ഷം ചെയ്‌തത്‌. മറിച്ച്‌, മുന്‍ധാരണകളെ വെടിഞ്ഞ്‌ ഒരു തവണ ശ്രദ്ധിച്ചാല്‍തന്നെ ഈ ഗാനം ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തെ ഉപജീവിക്കുന്നതല്ല എന്ന്‌ കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെ ശ്രുതിശുദ്ധി, ഈണത്തിന്റെ മാധുര്യം എന്നിവ അതിന്റെ നിര്‍മ്മാണഘടകങ്ങളാവുന്നില്ല. ഇപ്രകാരം ഇമ്പമാര്‍ന്ന ഗാനങ്ങളോടൊപ്പം വെച്ച്‌ വിലയിരുത്തിയതുകൊണ്ട്‌ 'ലജ്ജാവതിയെ'യുടെ ഗുണവിശേഷങ്ങളെക്കുറിച്ചോ, ജനങ്ങളില്‍ ഈ ഗാനത്തിന്‌ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞതിനെക്കുറിച്ചോ, ഈ പക്ഷത്തിന്‌ ഒന്നും പറയാന്‍ കഴിഞ്ഞില്ല. സംഗീതം ഒന്നല്ല. നിരവധി സംഗീതരൂപങ്ങളുണ്ട്‌. ഇവ തമ്മില്‍ സാദൃശ്യങ്ങളുണ്ടാകാം. അതുപോലെ സാദൃശ്യമില്ലായ്‌മയും. ഇവയുടെ എല്ലാം സ്വരൂപനിര്‍ണ്ണയനം ഒരേ മാനദണ്ഡങ്ങളെ ആസ്‌പദമാക്കിയല്ല. ഒന്ന്‌ മറ്റൊന്നിനെക്കാള്‍ മെച്ചമാണ്‌ എന്ന വിധിന്യായത്തെ അസാധ്യമാക്കുന്നത്‌ ഈ സ്ഥിതിവിശേഷമാണ്‌. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്ന്‌ മറ്റൊന്നിലേയ്‌ക്ക്‌ ലഘുകരിക്കാതെയുള്ള താരതമ്യപഠനം സുസാധ്യമല്ല. യേശുദാസ്‌, ജയചന്ദ്രന്‍ തുടങ്ങി പല പ്രഗത്ഭ ഗായകരും ഗായികമാരും പാടി പടുത്ത ഇമ്പമാര്‍ന്ന ഗാനങ്ങളുടെ ചരിത്രത്തിലൊരു കളങ്കമായി 'ലജ്ജാവതിയെ' വിലയിരുത്തുന്നതിലേയ്‌ക്ക്‌ നയിച്ചത്‌ മുഖ്യമായും മേല്‍ സൂചിപ്പിച്ച രീതിയിലുള്ള സങ്കല്‍പന വ്യക്തതയുടെ കുറവുകൊണ്ടാണ്‌. യഥാര്‍ഥത്തില്‍ 'ലജ്ജാവതിയെ' ഈ ഗണത്തില്‍പെടുന്ന ഗാനമല്ല. അതിന്റെ തറവാട്‌ വേറെയാണ്‌. ജാസി ഗിഫ്‌റ്റ്‌ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്‌ തന്റെ ശൈലിയ്‌ക്ക്‌ ജമൈക്കന്‍ റെഗ്ഗേ സംഗീതത്തോടാണ്‌ ബന്ധുത്തം എന്ന്‌. സംഗീതജ്ഞര്‍ പൊതുവെ സ്വയം അണിയുന്ന അമാനുഷ പരിവേഷം ഈ വെളിപ്പെടുത്തലിലൂടെ ജാസി ഗിഫ്‌റ്റ്‌ ഉപേക്ഷിക്കുന്നു. ഈ നാട്യമില്ലായ്‌മ പ്രശംസാര്‍ഹമാണ്‌. ഈ ഗാനത്തോട്‌ അനുകൂലിച്ചു നില്‍ക്കുന്ന രണ്ടാം പക്ഷമാകട്ടെ 'ലജ്ജാവതിയെ'യില്‍ ദലിതരുടെ, അശക്തമാക്കി ഓരംചേര്‍ക്കപ്പെട്ട, ശബ്ദം കേള്‍ക്കാന്‍ ശ്രമിക്കുകയാണ്‌. എന്നാല്‍, ഈ വീക്ഷണകോണും പ്രസ്‌തുത ഗാനത്തെ ഒരു കലാസൃഷ്ടി എന്ന നിലയ്‌ക്ക്‌ മനസ്സിലാക്കാന്‍ പര്യാപ്‌തമല്ല. ഈ പക്ഷത്തിന്റെ വാദങ്ങള്‍ കൂടുതല്‍ വിസ്‌തരിച്ചാല്‍ തന്മാരാഷ്ട്രീയ ചിന്തകളില്‍ (identity politics) അന്തര്‍ലീനമായ സൈദ്ധാന്തിക കുരുക്കുകളില്‍ ചെന്നുപെടും എന്നല്ലാതെ ഈ ഗാനത്തിന്റെ ശില്‌പചാരുതയെക്കുറിച്ച്‌ ഒട്ടും വെളിച്ചം വീശാന്‍ ഉപകരിക്കുകയില്ല. പല വരേണ്യ വിശ്വാസങ്ങളുടേയും നിലയില്ലായ്‌മ തുറന്നുകാണിക്കാന്‍ കഴിയുമെങ്കിലും തന്മാരാഷ്ട്രീയ സങ്കല്‍പനം കലാസൃഷ്ടിയെ അറിയാന്‍ അനുയോജ്യമല്ല. കല, കലാകാരന്‍, കലാസൃഷ്ടി കല, കലാകാരന്‍, കലാസൃഷ്ടി എന്നിങ്ങനെ താത്‌കാലികമായി വേര്‍തിരിച്ചാല്‍ കലാസൃഷ്ടിയെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാനായേക്കും. ഗംഭീര കലാസൃഷ്ടിയ്‌ക്ക്‌ മുന്നില്‍ ക്ഷീണിച്ച്‌ കാലിയായി നില്‍ക്കുന്ന കലാകാരന്‍ - ഇതായിരുന്നു ഒരു കാലത്ത്‌ കലാസൃഷ്ടിയേയും കലാകാരനേയും സംയുക്തമായി പ്രദര്‍ശിപ്പിക്കുന്ന ബിംബം (ഇന്ന്‌ കലാകാരന്റേത്‌ വലിയ ലോകവും കലയുടേത്‌ ചെറിയ ലോകവും - പലതും പിടിച്ചുപറ്റേണ്ടതായുള്ളതുകൊണ്ട്‌ ഒരു മാന്യ വില്ലനായിത്തീരുകയാണ്‌ ഇന്ന്‌ കലാകാരന്‍). ഇപ്രകാരം കലാസൃഷ്ടി, കലാകാരന്‍, കല എന്ന മട്ടില്‍ വേറിട്ട്‌ പരിശോധിക്കുകയാണെങ്കില്‍ ഈ ഗാനത്തെ ഒരു കലാസൃഷ്ടിയായി കാണാന്‍ കഴിയും ഫലത്തില്‍ സംഗീതാനുഭവം എന്ന അതിന്റെ ഗുണത്തെ അടുത്തു ചെന്ന്‌ പരിശോധിക്കാന്‍ കഴിയും എന്ന്‌ ചുരുക്കം. ഗാനത്തിന്റെ ഉറവിടം 'ലജ്ജാവതിയെ' എന്ന ഗാനത്തിന്റെ ഈണഘടകങ്ങള്‍ ഇന്ന്‌ ആഗോളതലത്തില്‍ നിലനില്‍ക്കുന്ന സ്വതന്ത്രമായ സാംസ്‌കാരിക പ്രവാഹത്തില്‍നിന്ന്‌ സ്വരൂപിച്ചെടുത്തവയാണ്‌. പുതിയ ആഗോള തറവാടാണ്‌ ഇതിന്റെ മേല്‍വിലാസം. ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതമല്ല. ജാസി ഗിഫ്‌റ്റ്‌ ആശ്രയിച്ചിട്ടുള്ള 'ജെമൈക്കന്‍ റഗ്ഗേ' ഇന്ന്‌ ഏതാണ്ട്‌ കൊഴിഞ്ഞുപോയ ഒരു സംഗീതധാരയാണ്‌. എങ്കിലും അത്‌ ഉള്‍പ്പെടുന്ന പല സംഗീതജാതികളും മുന്നേറുന്നുണ്ട്‌. ആ ഗണത്തില്‍ ഇന്ന്‌ ഏറെ ജനപ്രിയതയുള്ള ഒരു സംഗീതമാണ്‌ 'പങ്ക്‌.' 'പങ്കി'ന്‌ പാശ്ചാത്യ സാംസ്‌കാരിക-രാഷ്ട്രീയ ചരിത്രത്തില്‍ ആഴത്തില്‍ വേരുകളുണ്ട്‌. 1916ല്‍ ദാദായിസത്തില്‍ തുടങ്ങുന്നു പ്രതിസംഗീത പ്രവണതകളുടെ ചരിത്രം. ഇന്ന്‌ ജോര്‍ജ്‌ ബുഷിന്റെ ന്യായങ്ങള്‍പോലെ അന്നുണ്ടായിരുന്ന ബൂര്‍ഷ്വാ യുക്തിവാദത്തില്‍ മനംമടുത്ത ഒരു കൂട്ടം വ്യവസ്ഥാവിരുദ്ധ ചിന്തകരും കലാകാരന്മാരും ചേര്‍ന്ന്‌്‌ ബൂര്‍ഷ്വാ സംസ്‌കാരത്തിന്റേയും അതിന്റെ കലാസൃഷ്ടികളുടേയും വിനാശം ലക്ഷ്യംവെച്ച്‌ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. അങ്ങനെ ദാദായിസ്റ്റുകളുടേത്‌ കലയ്‌ക്കുതന്നെ എതിരായ കലയായി. നാദത്തിനെതിരെ ഇവര്‍ നാദരഹിതമായ ശബ്ദംകൊണ്ട്‌ പ്രതിസംഗീതമുണ്ടാക്കി. കുറേക്കൂടി പരിഷ്‌കരിച്ച വ്യവസ്ഥാവിരുദ്ധതയുമായി പിന്നീട്‌, 1922ല്‍ സര്‍റിയലിസം വന്നു. എഴുപതുകളില്‍ ഇവ രണ്ടിന്റേയും ഊര്‍ജ്ജം ആവാഹിച്ച്‌ അമേരിക്കയില്‍ പോപ്‌ സംഗീതവും. 'പങ്ക്‌' ഒരു പാശ്ചാത്യ പ്രതിസംഗീതധാരയാണ്‌. ഇരുണ്ട (!?) മോഹങ്ങളുമായി - മദ്യം, മയക്കുമരുന്ന്‌, രതി, തെറി, പരിഹാസം...- ബന്ധപ്പെട്ട ഭീഷണികളുടെ ആകെത്തുക എന്നത്രെ 'പങ്ക്‌' എന്ന വാക്കുകൊണ്ട്‌ ഇവര്‍ ഉദ്ദേശിക്കുന്നത്‌. 'ലജ്ജാവതിയെ'യുടെ ഈണത്തിന്‌ ഇതുപോലെ ഒരു പ്രതിസംഗീതധാരയുടെ മട്ടുണ്ട്‌. തടിച്ചുകൊഴുത്ത, സമ്പന്നമായ, മാന്യത നടിക്കുന്ന, വലിയ തറവാടിത്തം കാണിക്കുന്ന ജീവിതത്തെ പുല്ലുപോലെ തട്ടിയെറിയുന്ന ഒരു ശക്തിയുണ്ട്‌ ഈ പാട്ടിന്റെ ഈണത്തിന്‌. 'പങ്കി'ന്റെ വ്യവസ്ഥാവിരുദ്ധ നിലപാടുപോലെ മലയാള ചലചിത്രാഗന ലോകത്ത്‌ 'ലജ്ജാവതിയെ'യ്‌ക്കും ഒരു കീഴാളഛായ ഉണ്ടെങ്കിലും അത്‌ പ്രത്യക്ഷപ്പെടുന്നത്‌ ഒരു വിനോദ ഉത്‌പന്നം എന്ന നിലയ്‌ക്കായതുകൊണ്ട്‌. അതിന്റെ ആത്യന്തിക ഗതി ഒന്നുകില്‍ ഉപഭോഗിയാല്‍ ആസ്വദിക്കപ്പെടുക അല്ലെങ്കില്‍ തിരസ്‌കരിക്കപ്പെടുക എന്നതിലപ്പുറം പോകുകയില്ല. 'പങ്കി'ന്‌ വ്യവസ്ഥാവിരുദ്ധ നിലപാടാണെങ്കില്‍ 'ലജ്ജാവതിയെ'യ്‌ക്കുള്ളത്‌ വ്യവസ്ഥാവിരുദ്ധതയുടെ വെറും പ്രതീതികള്‍ മാത്രമാണ്‌. കാരണം പാശ്ചാത്യ വ്യവസ്ഥാവിരുദ്ധ സംഗീതം വരേണ്യര്‍ക്കും സാമൂഹിക കോണികയറ്റക്കാര്‍ക്കും അധികാരത്തിനും എതിരായി, കലാകാരന്മാരും എഴുത്തുകാരും സഹൃദയരുമൊക്കെ ചേര്‍ന്ന്‌ മദ്യശാലകളില്‍വെച്ച്‌ ആവിഷ്‌കരിച്ച കലാസൃഷ്ടിയാണ്‌. സമാന്തര ജീവിത രീതികളും ഉപസംസ്‌കാരവും ഇതിന്റെ മുഖമുദ്രകളാണ്‌. മയക്കുമരുന്നും ലൈംഗിക സംസ്‌കാരവും ഇതിന്റെ ഭാഗമാണ്‌. രാത്രി ജീവിതത്തില്‍നിന്നാണ്‌ ഇത്‌ ഉടലെടുത്തത്‌. കുപ്രസിദ്ധി ആയിരുന്നു അവര്‍ക്ക്‌ പ്രസിദ്ധി. ക്രമേണ, എഴുപതുകള്‍ക്ക്‌ ശേഷം വിപ്ലവവീര്യം കാല്‍പനിക വീര്യത്തിന്‌ വഴിമാറിക്കൊടുത്തു. എന്നാല്‍, 'ലജ്ജാവതിയെ'യ്‌ക്കുള്ളത്‌ ഒരു രസികന്‍ പ്രതീതി-യാഥാര്‍ഥ്യം മാത്രം. ഒരു തരം ബബ്‌ള്‍ഗം യാഥാര്‍ഥ്യം. 'ലജ്ജാവിതയെ' എന്ന ഗാനം ഒരു ലോകത്തെ ഉണ്ടാക്കുന്നുണ്ട്‌. കുമിളകള്‍പോലെ പെട്ടെന്ന്‌ തിരോഭവിക്കുന്ന ചെറിയ ഒരു ലോകം. മരണവും യുദ്ധവുമൊന്നും ഇതിനെ ബാദിക്കില്ല. അത്തരം ചിന്തകളൊക്കെ പാട്ടുപാടി നൃത്തം ചെയ്‌ത്‌ അപ്രത്യക്ഷമാക്കുന്ന മാസ്‌മരികതയുണ്ട്‌ ഈ ലോകത്തിന്‌. എന്നാല്‍, മാസ്‌മരികത മങ്ങുന്ന ക്ഷണം ഇത്തരം ഗാനങ്ങള്‍ ആരും ശ്രദ്ധിക്കാത്ത ശബ്ദശകലങ്ങളുടെ സംഘാതമായി മാറാം. നാം ജീവിക്കുന്നത്‌ സ്ഥാപനങ്ങള്‍ കള്ളിതരിച്ച്‌ ഭാഗിച്ചെടുത്ത സ്ഥല-കാലങ്ങളിലായതുകൊണ്ട്‌ മുതലാളിത്തത്തിന്റേയും സാങ്കേതിക വിദ്യയുടേയും കൂട്ടു സന്തതിയായ ജനപ്രിയ സംഗീതത്തിന്‌ നമ്മുടെ സ്ഥല-കാലങ്ങളെ താത്‌കാലികമയെങ്കിലും സവിശേഷരീതിയില്‍ സ്വപ്‌നസദൃശമാക്കാന്‍ കഴിയും. ഇതേ കാരണത്താല്‍ നിത്യജീവിതത്തിന്റെ സ്ഥല-കാലങ്ങളിലേയ്‌ക്ക്‌ അതിന്‌ എളുപ്പം പ്രവേശിക്കാം. ഈ പരിതസ്ഥിതിയില്‍ ആനുകൂല്യം ജനപ്രിയ സംഗീതത്തിനാണ്‌. ഇവിടെ ഒരാള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ രണ്ടു വഴികള്‍ മാത്രം. ആസ്വദിച്ച്‌ നൃത്തം വെയ്‌ക്കുക (സാങ്കല്‍പികമായെങ്കിലും), അല്ലെങ്കില്‍ കേള്‍ക്കാതിരിക്കാന്‍ പഠിക്കുക. നഗരത്തിലെ വാഹനങ്ങളുടെ ഹോണ്‍ കേള്‍ക്കാതിരിക്കാന്‍ പഠിച്ചതുപോലെ. ഒറ്റ നോട്ടത്തില്‍ നാം ഇന്ന്‌ ജീവിക്കുന്ന ശൈലിയ്‌ക്ക്‌ ജനപ്രിയ സംഗീതം അത്യന്താപേക്ഷിതമാണ്‌ എന്ന്‌ തോന്നാം. കാരണം നമ്മുടെ ഓട്ടത്തെ ഏറ്റവും ആധുനികമായ ഒരു വാഹനം സാക്ഷാത്‌കരിക്കുന്നതുപോലെ ഏറ്റവും അടിപൊളി പാട്ടും സഹായിക്കുന്നുണ്ട്‌. 'ലജ്ജാവിതയെ' നല്‍കുന്ന ഈണനൂലില്‍ നമ്മുടെ ഓരോ ചലനവും നൃത്തമാകുന്നു. എന്നാല്‍, മൊത്തം ജീവിതരംഗങ്ങള്‍ ഇന്നത്തെ സാംസ്‌കാരിക രാഷ്ട്രീയ സാമ്പത്തിക മുഖ്യധാരയുടെ മതില്‍ക്കെട്ടിനകത്ത്‌ അരങ്ങേറുന്നവയാണ്‌. അവിടെ ഓരോരുത്തരും ഉല്‍പാദകനും ഉപഭോഗിയുമാണ്‌. ഒരാള്‍ സ്വയം അയാളുടെ ചിന്തകളേയും ചെയ്‌തികളേയും വീണ്ടും വീണ്ടും കഴിയുന്നത്ര സ്വതന്ത്രമായി പരിശോധിക്കുമ്പോള്‍ മാത്രമായിരിക്കും ഈ ഒഴുക്കില്‍നിന്ന്‌ അല്‍പം മാറി ചിന്തിക്കാന്‍ ഒരുപക്ഷേ കഴിയുക. ഈ മുഹൂര്‍ത്തങ്ങളില്‍ 'ലജ്ജാവതിയെ' എന്ന ഗാനം അത്ര വിലമതിക്കാനിടയില്ല. ജീവിതത്തെ ഒരു പ്രതിഭാസംപോലെ സ്‌പര്‍ശിക്കാന്‍ ഇത്തരം ചലചിത്രഗാനങ്ങള്‍ക്കൊന്നുംതന്നെ കെല്‍പ്പുണ്ടാകാനിടയില്ല. ചിലപ്പോള്‍ മറ്റൊരു സംഗീതം ഈ ഒഴിവ്‌ നികത്തിയേയ്‌ക്കും. ആയുസ്സ്‌ മുഴുവന്‍ സംഗീതസാധന ചെയ്യുന്ന, പണത്തിനായോ, അന്തസ്സിനായോ തങ്ങളുടെ സംഗീതത്തെ കൈമാറ്റം ചെയ്യാന്‍ മോഹിക്കാത്ത ചിലരുണ്ടാകാം. ഇവരുടെ സംഗീതം കുറേക്കൂടി ആഴത്തിലുള്ള സംഗീതാനുഭവമാകാന്‍ ഇടയുണ്ട്‌. ഇതനുഭവിക്കാനാകട്ടെ മുന്‍ധാരണാവിമുക്തമായ ശ്രദ്ധ ധാരാളം മതിയാകും. പഴയ ഗാനങ്ങളും 'അടിപൊളി'യും പിന്നെ ക്ലാസിക്കലും കര്‍ണ്ണാടക-ഹിന്ദുസ്ഥാനി സംഗീതങ്ങള്‍ക്ക്‌ സുഘടിതമായ ചരിത്രം ഉള്ളതുകൊണ്ട്‌ അവയുടെ കലവറ എന്നും സമ്പന്നമാണ്‌. അവയുടെ ഒരു പ്രധാന പ്രത്യേകത പഴകുന്തോറും വളരെ പുത്തനായിക്കൊണ്ടിരിക്കും എന്നതാണ്‌. നാടോടി ഈണങ്ങളുടെ സൗരഭ്യം എല്ലാ കാലത്തും അവയിലേയ്‌ക്ക്‌ മിടുക്കന്മാരായ ഗായകര്‍ വാര്‍ത്തെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. ഈ സംഭരണിയില്‍നിന്ന്‌ കോരിയെടുത്ത ഈണശകലങ്ങള്‍ ആദ്യകാല ചലചിത്രഗാനങ്ങളില്‍ സൃഷ്ടിപരമായി ഉപയോഗിക്കപ്പെട്ടിരുന്നു. ഇവ സുവര്‍ണ്ണഗാനങ്ങളായി വാഴ്‌ത്തപ്പെടുകയും ചെയ്യുന്നു. അഥവാ ഈ ഗാനങ്ങള്‍ വിസ്‌മരിക്കപ്പെടുകയാണെങ്കില്‍തന്നെ ഏറെ കാലതാമസമെടുക്കും. കാരണം പാരമ്പര്യമൂല്യങ്ങള്‍ മാഞ്ഞുപോകുക പതുക്കെയാണ്‌. പുതിയ ചലചിത്രഗാനങ്ങള്‍ ഭൂരിഭാഗവും ഈ സുവര്‍ണ്ണഗാനങ്ങളുടെ നിഴലുകള്‍പോലെയുള്ള ഈറന്‍ പ്രണയഗാനങ്ങളാണ്‌. ക്ലാസിക്കല്‍ സംഗീതത്തിന്റെ മുഖംമൂടി അണിയുന്ന കുറേ ഗാനങ്ങളുമുണ്ട്‌ ഈ കൂട്ടത്തില്‍. തമിഴ്‌ ശൈലിയുടെ ചുവട്‌ പിടിക്കുന്ന ഗാനങ്ങളും അടുത്തിടെ മലയാള ചിത്രങ്ങളില്‍ ഏറി വരുന്നുണ്ട്‌. 'അടിപൊളി' എന്ന സെര്‍ട്ടിഫിക്കറ്റ്‌ മിക്കവാറും ഈ കൂട്ടത്തിലെ ഗാനങ്ങള്‍ക്കാണ്‌ ലഭിക്കുന്നത്‌. വളരെ വിജയകരമായ ഹ്രസ്വകാല ഉല്‍പന്നങ്ങളാവാന്‍തന്നെയാണ്‌ ഇവ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതും. 'ലജ്ജാവതിയെ'യ്‌ക്കും (അതുപോലുള്ള ജനപ്രിയ ഗാനങ്ങള്‍ക്കും) ക്ലാസിക്കല്‍ സംഗീതത്തിനും പരസ്‌പരം കലഹമില്ല. ഒരു രാഗത്തെ നിവര്‍ത്തിവിരിച്ച്‌ അതിന്റെ ഓരോ ചെപ്പുകളും തുറന്നുവെയ്‌ക്കുന്നതുപോലെയാണ്‌ കര്‍ണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഗായകന്റെ സൃഷ്ടികര്‍മ്മം. ഇതില്‍നിന്ന്‌ വ്യത്യസ്‌തമായ പ്രവര്‍ത്തനങ്ങളാണ്‌ ഒരു ചലചിത്രഗാന സംവിധായകന്റേതും ഗായകന്റേതും. പെട്ടെന്നുള്ള ആകര്‍ഷണമാണ്‌ ഇവിടെ നിര്‍ണ്ണായകം. അതിന്റെ മന്ത്രം കണ്ടുപിടിക്കലാണ്‌ കാലാകാരന്റെ വെല്ലുവിളി. അതിന്‌ ഏതു മാര്‍ഗ്ഗവും സ്വീകരിക്കാം. സ്വാതന്ത്ര്യം എന്ന വാക്കിന്‌ അര്‍ഥമില്ലാതാവുന്നത്ര സ്വതന്ത്രമാണ്‌ ജനപ്രിയ സംഗീതത്തിന്റെ ലോകം. ജനപ്രിയ സംഗീതം വര്‍ത്തമാന കാലത്തിന്റെ മുഖ്യ വിനോദോപാധികളിലൊന്നാണ്‌. വേഗതയും അല്‌പായുസ്സും അതിന്റെ പ്രകൃതമാണ്‌. ക്ലാസിക്കല്‍ സംഗീതത്തെപ്പോലെ അതിന്‌ വലിയ ലക്ഷ്യങ്ങളില്ല. നാദങ്ങളുടെ ബൃഹത്‌ ക്രമീകരണങ്ങളിലൊന്നും അതിന്‌ കമ്പമില്ല. ജീവിതത്തേയും പ്രകൃതിയേയും ആഴത്തില്‍ അഭിമുഖീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ അതിന്റെ താത്‌പര്യപരിധിയില്‍ വരുന്നില്ല. ഉത്‌പന്നങ്ങളുടെ ഫാഷനുമായാണ്‌ ഇതിന്‌ കടുത്ത സാദൃശ്യം. പുതിയ ഡിസൈന്‍, അത്‌ എവിടെനിന്ന്‌ വന്നു എന്നത്‌ പ്രശ്‌നമല്ല, സ്വീകരിക്കപ്പെടുന്നതോടെ ഫാഷനായി മാറും. ചേരുവകളുടെ സുഘടിതമായ മിശ്രണമല്ല ഇതിന്റെ ജനിതക രഹസ്യം. ജനപ്രിയ സംഗീതത്തില്‍ വലിയ മാറ്റം നടക്കുന്ന കാലമാണിത്‌. പഴയ നായികാനായക സ്ഥാനങ്ങള്‍ മാറുന്നു. മനുഷ്യശബ്ദത്തിന്‌ മുമ്പുണ്ടായിരുന്ന കേന്ദ്രസ്ഥാനം ഇന്ന്‌ ദുര്‍ലഭം ഗാനങ്ങളിലേ കാണപ്പെടുന്നുള്ളൂ. പകരം ഉപകരണവാദ്യങ്ങളുമായി സമതുലനം ചെയ്യുന്ന പ്രവണതയാണ്‌ പൊതുവില്‍ കണ്ടുവരുന്നത്‌. വ്യക്തിപ്രഭാവത്തിന്റെ കാലം കഴിഞ്ഞമട്ടാണ്‌. മാധ്യമങ്ങള്‍ ഇപ്പോഴും പല പഴയ നായകന്മാരേയും കൊണ്ടാടുന്നുണ്ടെങ്കിലും അത്‌ പ്രസ്‌തുത വ്യക്തികള്‍ സമൂഹത്തിന്റെ മേലെ കൈയ്യാളിയ ശക്തിയുടെ ഫലംകൊണ്ട്‌ മാത്രമാണ്‌, ജനപ്രിയത കാരണമല്ല. വിഗ്രഹഭഞ്‌ജനം 'ലജ്ജാവതിയെ' ഒരു പുതുതലമുറ ഗാനമാണ്‌. ജാസി ഗിഫ്‌റ്റിന്റെ ശബ്ദത്തിന്റെ പ്രത്യേകതകള്‍ക്ക്‌ പുറമെ ഈ ഗാനത്തെ വിജയിപ്പിച്ചത്‌ അതിന്റെ ഈണത്തിലടങ്ങിയിട്ടുള്ള ഒരു തരം ആക്ഷേപഹാസ്യത്തിന്റെ അംശംകൂടിയാണ്‌. അദ്ദേഹത്തിന്റെ ശബ്ദമാകട്ടെ ചലചിത്രഗാന ചരിത്രത്തില്‍ ഉറച്ചുപോയ ശബ്ദസൗന്ദര്യ സങ്കല്‍പത്തിന്റെ നി്‌ഷേധ ഗുണം പേറുന്നതുമാണ്‌. ഫലത്തില്‍ ഇത്‌ വിപ്ലവാത്മകമായി. നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഈറന്‍ പ്രണയഗാനങ്ങളോട്‌ ഇടഞ്ഞുകൊണ്ടുള്ള ഒരു നില്‍പ്പാണ്‌ 'ലജ്ജാവതിയെ'യ്‌ക്കുള്ളത്‌. മലയാള ഭാവഗാനങ്ങള്‍ പാടാന്‍ നല്ല മുഴങ്ങുന്ന, ശ്രുതിശുദ്ധമായ, ചുളിയാത്ത, മുഷിയാത്ത ഇസ്‌തിരിക്കിട്ട ശബ്ദം വേണം. 'ലജ്ജാവതിയെ'യും ആ ഗണത്തില്‍പെട്ട പാട്ടുകളും പാടാന്‍ പക്ഷെ അതൊന്നും അവശ്യമില്ല. പ്രതിഷ്‌ഠിക്കപ്പെട്ട ശബ്ദഗുണമുള്ളവര്‍ക്കേ പാടി രസിപ്പിക്കാന്‍ കഴിയൂ എന്നുള്ള മിഥ്യാധാരണ ഇതോടെ തകരുകയാണ്‌. 'ലജ്ജാവതിയെ' പ്രധാനമായും ചെയ്‌തത്‌ വിഗ്രഹഭഞ്‌ജനമാണ്‌. ഒരു ഹിറ്റ്‌ ഗാനമുണ്ടാക്കാന്‍ അത്ര മഹാനൊന്നും ആവേണ്ടതില്ലെന്ന്‌ ജാസി ഗിഫ്‌റ്റ്‌ തെളിയിക്കുന്നു. മറ്റെല്ലാ ഗായകരും മഹാന്മാരായി ശബ്ദത്തെ കെട്ടിപ്പിടിച്ച്‌ ശുശ്രൂഷിക്കുമ്പോള്‍, ജാസി ഗിഫ്‌റ്റ്‌ വളരെ അശ്രദ്ധമായി പാടിക്കൊണ്ട്‌ നടക്കുന്നു, ജനപ്രയനാകുന്നു. വീണ്ടും ചോദിക്കാവുന്ന ചോദ്യങ്ങള്‍ ഇത്തരം സംഗീതമാണോ വേണ്ടത്‌? ഈ ചോദ്യത്തിന്റെ പ്രസക്തി അറിയാന്‍ "ഇങ്ങിനെയാണോ നാം ജീവിക്കേണ്ടത്‌?" എന്ന ചോദ്യംകൂടി ചോദിക്കേണ്ടതുണ്ട്‌. "രാജാവിനെ സ്‌തുതിക്കുകയല്ല എന്റെ ധര്‍മ്മം" എന്നു പാടിയ ത്യാഗരാജ സ്വാമിയും "ഞാനാദ്യം കണ്ടപ്പോള്‍ അദ്ദേഹത്തെ ഒരു താമരയെന്ന്‌ കരുതി" എന്ന്‌ എല്‍. കെ. അദ്ധ്വാനിയെക്കുറിച്ച്‌ തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പാടിയ സോനുനിഗമും തമ്മിലുള്ള അന്തരം എന്താണ്‌? സോനുനിഗമിനെ ന്യായീകരിക്കാന്‍ കഴിയുന്നവരുണ്ടാകാം. എങ്കിലും "മനുഷ്യജീവിതം എങ്ങിനെയുള്ളതായിരിക്കണം" എന്ന ചോദ്യം വീണ്ടും കയറിവരാം. അതോടൊപ്പം സംഗീതം എന്തായിരിക്കണമെന്ന ചോദ്യവും.

 (മാധ്യമം ആഴ്‌ചപ്പതിപ്പ്‌. 2004 ജൂണ്‍ 18.)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...