എവിടെയൊക്കെയാണ് ശംഭുവിനൊപ്പം ഉണ്ടായിരുന്നത്, ഇരുന്നത്, നടന്നത്: ഇടം, മണം, രുചി, ലഹരി, വാക്ക്, സിനിമ.... അന്ന്, അടിയന്തരാവസ്ഥയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ നിന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക് നോക്കി. പിന്നെപ്പോഴോ ഞാന്‍ ഭാവിയെ നോക്കി ഭയപ്പെട്ടപ്പോള്‍ നീ എന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക് നോക്കി. നീ എന്തു കണ്ടെന്ന് ഞാന്‍ കണ്ടതേയില്ല... ***** ****** ***** **** ***** ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ എങ്ങനെയാണ് ആ നഷ്ടത്തെ മനസ്സിലാക്കുക? ശംഭുവിനെ നഷ്ടപ്പെടുമ്പോള്‍ എന്താണ് നഷ്ടമാവുന്നത്? നഷ്ടത്തിന് ശേഷം എന്ത്? ശംഭുവിനെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ടെങ്കല്‍ തീര്‍ച്ചയായും നാം ശംഭുവിനെ സ്‌നേഹിച്ചിരിക്കണം. സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോള്‍ ഔപചാരികമായി ദുഃഖം ആചരിച്ച് നഷ്ടത്തെ മറന്ന് നേട്ടങ്ങള്‍ക്ക് നേരെ തിരിഞ്ഞു നടക്കാനും കഴിയില്ല. ഈ നഷ്ടബോധം തീര്‍ച്ചയായും മറക്കാനാവാത്തതാണ്. നഷ്ടംതന്നെ നഷ്ടമാകുന്നതുവരെ. നഷ്ടപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചുള്ള ദുഃഖസ്‌മരണ ഒറ്റ നോട്ടത്തില്‍ വൈയക്തികമാണ്. ചൂഴ്‌ന്ന് നോക്കുമ്പോള്‍ ആ വൈയക്തികത സാമൂഹികവുമാണ്. ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സ്വത്വത്...