കോഴിക്കോട്ടുകാര്‍ക്ക് പല വൈകുന്നേരങ്ങളിലും പാശ്ചാത്യ ക്ലാസിക്കല്‍ സംഗീതം കേള്‍ക്കാന്‍ സാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ലാന്‍സലറ്റ് തോമസ് എന്ന പിയാനിസ്റ്റ് ഊര്‍ജസ്വലനായി ജീവിച്ചിരുന്ന കാലം. ഇന്ത്യ സന്ദര്‍ശിക്കുന്ന പല പ്രഗത്ഭ പാശ്ചാത്യ സംഗീതജ്ഞരും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയിരുന്നു. ഓരോ വരവും ഓരോ യൂറോപ്യന്‍ സംഗീതസായാഹ്നമായി മാറി. മലബാര്‍ കൃസ്ത്യന്‍ കോളേജ് വക ജര്‍മ്മന്‍ ബംഗ്ലാവിലായിരുന്നു പ്രഫസര്‍ ലാന്‍സലറ്റ് താമസിച്ചിരുന്നത്. ചെയ്മ്പര്‍ മ്യൂസിക്കിനും സോളോയ്ക്കും യോജിച്ച വിശാലമായ ഒരു ഹാളുണ്ട് അവിടെ. സംഗീതപരിപാടിയില്ലാത്തപ്പോള്‍ ആ ഹാള്‍ ഭക്ഷണമുറിയും അതിഥി മുറിയുമാണ്. വിദ്യാര്‍ത്ഥികളെ അദ്ദേഹം പിയാനോ പഠിപ്പിച്ചിരുന്നതും ആ ഹാളില്‍വെച്ചായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ നീക്കുപോക്കുകള്‍ അനുവദിച്ചിരുന്നില്ല. വൈകാതെ മിക്കവാറും കുട്ടികളും പഠനം നിര്‍ത്തിയത് സ്വാഭാവികം. ബംഗ്ലാവിനെ ചുറ്റി വരാന്തയും അതിനെ ചുറ്റി പൂന്തോപ്പും. ടാറിട്ട നേരിയ പാത പൊതുവഴിയിലേയ്ക്കുള്ള കവാടംവരെ മരങ്ങളുടെ തണല്‍പറ്റി പോകുന്നുണ്ട്....