എഴുത്തുകാരിയും സംഗീതജ്ഞയുമായിരുന്ന ഷീല ധറിന്റെ വീട്ടില്‍ വീണ്ടും വീണ്ടും ക്ഷണിക്കപ്പെട്ടിരുന്ന അതിഥിയായിരുന്നു ഉസ്താദ് ബുന്ദു ഖാന്‍. ദില്ലിയിലെ അവരുടെ ബംഗ്ലാവില്‍ എല്ലാ ആഘോഷങ്ങള്‍ക്കും - ഹോളിയായാലും കല്യാണമായാലും സാംസ്‌കാരിക സമ്മേളനമായാലും - ഉസ്താദിന്റെ സാരംഗി വാദനമാണ് ആകര്‍ഷകമായ മുഖ്യം ഇനം. നിരവധി അംഗങ്ങളുള്ള വീട്ടുകാരും ക്ഷണിക്കപ്പെട്ടവരും ഉസ്താദിന്റെ സംഗീതം നന്നായി ആസ്വദിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു. സദസ്സിലുള്ളവര്‍ക്ക് സംഗീതത്തില്‍ ജ്ഞാനമുണ്ടായിരുന്നതുകൊണ്ട് മാത്രമല്ല പൊതുവില്‍ ക്ലാസിക്കല്‍ സംഗീതം ഉദാത്തമാണെന്നും തിരഞ്ഞുപിടിച്ചു കേള്‍ക്കേണ്ടതാണെന്നുമുള്ള ആദര്‍ശം അക്കാലത്തെ വരേണ്യസമുഹത്തിന് ഉണ്ടായിരുന്നതുകൊണ്ടുകൂടി. ഷീലയുടെ അച്ഛന്‍ ഓരോ തവണയും നടത്തുന്ന ആമുഖ പ്രസംഗങ്ങളും അവിടെയുള്ളവരില്‍ സംഗീതത്തോടുളള ബഹുമാനം വര്‍ദ്ധിപ്പിച്ചു. ഒരു ആമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ബുന്ദു ഖാന്റെ സാധകത്തെക്കുറിച്ചാണ്. വിരലിന്റെ നഖങ്ങളില്‍ രക്തം പൊടിയുവോളം ബുന്ദു ഖാന്‍ സാരംഗി അഭ്യസിച്ചുകൊണ്ടിരിക്കും. എന്നാലും നിര്‍ത്തില്ല. ഗുരു നിര്‍ത്താന്‍ പറയു...