രാഗം സംഗീതത്തിന്റെ ഒരു ഒഴിവാക്കാനാവാത്ത ഘടകമല്ല. രാഗം എന്ന സങ്കല്‍പ്പനം ഉണ്ടാകുന്നതിനു മുന്‍പും ഇന്ത്യയില്‍ സംഗീതം ഉണ്ടായിരുന്നു. പാശ്ചാത്യസംഗീതത്തിലെ സ്‌കെയില്‍ എന്ന സങ്കല്‍പ്പനത്തോടു സാദൃശ്യമുള്ള 'ഗ്രാമ'വും അനുബന്ധങ്ങളായ 'മൂര്‍ച്ഛന', 'ജാതി' എന്നിവയുമായിരുന്നു അക്കാലത്തെ സംഗീതത്തിന്റെ ആന്തരരൂപങ്ങള്‍ എന്ന് സാംബമൂര്‍ത്തി പറയുന്നു (P. Sambamurti, Ragas of South Indian Music - Their Origin and Evolution, Music Academy Journal (1935-37). ക്രിസ്തുവിനു മുന്‍പ് ഏകദേശം ഒന്നാം നൂറ്റാണ്ടുവരെ, ഭരതന്റെ കാലംവരെ, അങ്ങനെയായിരുന്നു. നാട്യശാസ്ത്രത്തില്‍ രാഗം എന്ന പദം ഉപയോഗിച്ചുകാണുന്നുമില്ല. ഭരതന്‍ പറയുന്നത് 'ജാതി'കളെക്കുറിച്ചാണ്. 'ജാതി'കള്‍ പൗരാണിക സംഗീതസങ്കല്‍പ്പനമായ 'ഗ്രാമ'ത്തില്‍നിന്നുണ്ടായതാണ്. മതംഗന്റെ കാലത്താണ്, ഏകദേശം അഞ്ചാം നൂറ്റാണ്ടില്‍, ഇന്ത്യന്‍ സംഗീതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങുന്നത്. മതംഗന്‍ രചിച്ച ബൃഹദ്ദേശി പൂര്‍ണ്ണമായി നമുക്ക് ലഭ്യമല്ല. ലഭ്യമായ അധ്യായങ്ങള്‍ Trivandrum Sanskrit Series ല്‍ അച്ചടിച്ചിട്ടുണ്ട്....