ശാസ്ത്രജ്ഞന് സംഗീതം എന്തായിരിക്കും?! നോബല്‍ സമ്മാനിതനായ സി.വി.രാമന്‍ എന്ന ഭൗതികശാസ്ത്രജ്ഞന് സംഗീതം പ്രചോദനമാണ്. 'ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന സ്ഥലം വൃക്ഷലതാദികളാല്‍ ചുറ്റപ്പെട്ടതാണ്. അവയില്‍ വന്നിരിക്കുന്ന പക്ഷികളാലും' (സി.വി.രാമന്‍, മദ്രാസ് മ്യൂസിക് അക്കാദമി ജേണല്‍, 1934). കളകൂജനങ്ങള്‍ കേട്ടാണ് അദ്ദേഹം ഉണര്‍ന്നുവരുക. പ്രകൃതിയുടെ സംഗീതം കര്‍ണ്ണത്തില്‍ നിറയുമ്പോള്‍ കണ്ണുകള്‍ തുറക്കും. പൂക്കളും പച്ചപ്പും നിറഞ്ഞ വര്‍ണ്ണലോകത്തെ കണ്ണുകളിലും നിറയ്ക്കും. പ്രകാശത്തെക്കുറിച്ചായിരുന്നു അദ്ദേഹം ശാസ്ത്രത്തില്‍ അന്വേഷിച്ചത്. കൂടെ കമ്പനങ്ങളെക്കുറിച്ച് അന്വേഷിച്ച് സംഗീതത്തിലേയ്ക്കും കടന്നു. 'വിരസവും വരണ്ടതുമായ ജീവിതം സരസമാകുന്നത് നാദവര്‍ണ്ണപൂരിതമാകുമ്പോഴാണ്. പ്രകൃതിയില്‍ പക്ഷികളുടെ പാട്ടുണ്ട്. അവര്‍ക്ക് അത് നിര്‍ത്താനും നമുക്ക് അത് കേള്‍ക്കാതിരിക്കാനും കഴിയില്ല. ബുദ്ധിയല്ല ശാസ്ത്രാന്വേഷണത്തിനുള്ള പ്രചോദനം. ശബ്ദവും വര്‍ണ്ണവുമാണ്.' പ്രകൃതിയുടെ വാതിലുകള്‍ തുറന്നാണ് സി.വി.രാമന്‍ കലയിലേയ്ക്ക് പ്രവേശിക്കുന്നത്. പ്ര...