ബ്രിട്ടീഷ് അധിനിവേശം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യന്‍ സംഗീതങ്ങള്‍ ഒരു എതിര്‍പക്ഷത്തിനെതിരെ ഐക്യപ്പെട്ടത്. അതുവരെ അവ വ്യത്യസ്തമായ നിരവധി സംഗീതങ്ങളായി സ്വച്ഛന്ദം വിഹരിക്കുകയായിരുന്നു. ഹിന്ദുസ്ഥാനി എന്നോ കര്‍ണ്ണാടിക് എന്നോ പേരു വീണ് വേര്‍തിരിക്കപ്പെടാതെ, വൈവിധ്യങ്ങളോടെ. ഐക്യപ്പെടലില്‍ പരിഷ്‌കാരമേന്മയുള്ളതുപോലെതന്നെ മറ്റൊന്നായിത്തീരലില്‍ ന്യൂനീകരണദോഷവുമുണ്ട്. പല സംഗീതങ്ങളും ചില മുഖ്യസംഗീതങ്ങളുടെ ഉപവിഭാഗങ്ങളായി. മറ്റൊന്നില്‍ ലയിച്ചവ ചരിത്രാവശിഷ്ടങ്ങള്‍പോലുമില്ലാതെ സ്വയം മാഞ്ഞുപോയി. ഇന്ത്യന്‍ സംഗീതങ്ങളെ ബ്രീട്ടീഷുകാര്‍ പാശ്ചാത്യ സ്വരരേഖകളിലേയ്ക്ക് (notation) പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ സംഗീതജ്ഞരില്‍ പലര്‍ക്കും അത്ഭുതം വിട്ടുമാറിയില്ല. പാട്ടുകാര്‍ ഭാവനാവിലാസത്തില്‍ പാടുന്ന പാട്ടിനെ, തത്സമയം ഈണമുണ്ടാക്കാനുള്ള ഗൃഹപാഠങ്ങള്‍ അഭ്യസിക്കുന്നതിന്റെ ഫലമാണെങ്കിലും, എങ്ങനെ നിശ്ചലമായ സ്വരരേഖയില്‍ പകര്‍ത്തി സൂക്ഷിക്കാനാവും?! പാശ്ചാത്യ സംഗീതത്തിന്റെ കണ്ണുകളിലൂടെ ഇന്ത്യന്‍ സംഗീതങ്ങളെ നോക്കിയതുതന്നെ ഇവിടുത്തെ പാട്ടുകാര്‍ക്ക്...