(ഈ പതിപ്പില്‍ ചേര്‍ത്തിട്ടുള്ള "കുറ്റവും ശിക്ഷയും" എന്ന പ്രസംഗത്തെ ആധാരമാക്കി ഒരു ചര്‍ച്ച ഒരുക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ നിസാര്‍ അഹമ്മദിനെ കാണാന്‍ ചെന്നപ്പോള്‍ നടന്ന ചര്‍ച്ച സംക്ഷിപ്‌ത രൂപത്തില്‍ തയ്യാറാക്കിയിരിക്കുകയാണ്. സംഭാഷണ രൂപത്തിലുള്ള അപൂര്‍ണ്ണമായ വാചകങ്ങളെ പൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചപ്പോള്‍ വന്നിരിക്കാവുന്ന മാറ്റത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു - മുകുന്ദനുണ്ണി.) നിസാര്‍: ഉണ്ണി (മുകുന്ദനുണ്ണി) എനിക്ക് പിഡെഎഫ് ഫയല്‍ ആയി ഈമെയ്‌ലില്‍ അയച്ചുതന്ന പ്രസംഗം (കുറ്റവും ശിക്ഷയും) ഞാന്‍ അപ്പോള്‍ തന്നെ നോക്കിയിരുന്നു. ചില കാര്യങ്ങള്‍ ആലോചിക്കുകയും ചെയ്‌തിരുന്നു. പീന്നീട് കുറേ തിരക്കില്‍പെട്ട് അതെല്ലാം വിട്ടുപോയി. ഉണ്ണിയുടെ പ്രസംഗം വായിച്ചാല്‍ രണ്ട് സാധ്യതകളേ, റിട്രബ്യൂട്ടീവും അല്ലാത്തതും, ഉള്ളൂ എന്ന് തോന്നും. മൂന്നാമത് ഒരു സാധ്യതയോ അല്ലെങ്ങില്‍ ഇവ രണ്ടും ചേര്‍ന്ന മറ്റൊന്നോ ഉണ്ടായിക്കൂടെ? പല സാധ്യതകളും ഉണ്ടാവാം. ഇങ്ങനെ രണ്ടു സാധ്യതകളില്‍ മാത്രം മുട്ടി നില്‍ക്കുന്നത് തത്വശാസ്‌ത്രപരമായ സമീപനത്തിന്റെ പ്രശ്‌നമാണ്. ഒരു പാരമ്പര്യത്തെ അതിന്റെ ഉള്ളില്‍നിന്ന്...