കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ ബെന്നിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു. താഴത്തെ നിലയില്‍. ഓരോ ചിത്രങ്ങളായി രണ്ടു തവണ ചുറ്റി നടന്നു കണ്ടു. മനുഷ്യാനന്തര ലോകത്തിന്റെ കാഴ്ചകളാണ് മിക്ക ചിത്രങ്ങളിലും. കരയും കടലും ആകാശവും ജന്തുജാലങ്ങളും പ്രപഞ്ചകാലത്തിന്റെ സമകാലികതയില്‍. ഒരു ചിത്രത്തില്‍ ഒരു മരം മാത്രം ബാക്കി. നോഹയുടെ പെട്ടകം പോലെ. അവശേഷിക്കുന്ന സര്‍വ്വ ജന്തുജാലങ്ങളും ആ മരത്തിന്റെ ചില്ലകളില്‍ കയറി പറ്റിയിരിക്കുന്നു. കനം തൂങ്ങുന്ന ചില്ലകള്‍. ഒരാള്‍ മരത്തിന് കീഴെ ഒരു പിടി മണ്ണുവാരിയിടുന്നു. മറ്റൊരാള്‍ ഒരു കുമ്പിള്‍ വെള്ളം. വറ്റിയ സമുദ്രത്തിലെ പാറകളില്‍ പൂപ്പലിന്റെ മനോഹരമായ മുദ്രകള്‍. മത്സ്യങ്ങള്‍ കരയില്‍ നങ്കുരമിട്ടതുപോലെ. കണ്ണുകളെ ചിത്രപ്രതലത്തിന്റെ കേന്ദ്രത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നില്ല. നടുവോ അരികോ ഇല്ല. ആദിമധ്യാന്തമില്ല. എവിടേയ്ക്കും നോക്കാവുന്ന കാഴ്ചയാണ് ഓരോ ചിത്രങ്ങളും. വയലിന്റെ ലാന്‍സ്‌കെയ്പ്പിലേയ്ക്ക് പുറത്തുനിന്ന് പറക്കാനൊരുങ്ങുന്ന കൂറ്റന്‍ പൂമ്പാറ്റ. നെയ്തുകാരനുണ്ട്. വെറുതെയിരിക്കുന്നു. പണിയില്ല. നൂലുണ്ട അഴിച്ചിട്ടില്ല. നൂലുണ്ട സ്വയം ഒരു കാഴ്ചയാണ്. മറ്റു രൂപങ്ങളുമായി വലുപ്പച...