വര ദൃഢമാകുന്നതിന് മുന്‍പ് മുസ്തഫയുടെ യൗവ്വനം സ്വാതന്ത്ര്യത്തിന്റെ വിസ്തൃതി നുകരുകയായിരുന്നു. ആവേശംപൂണ്ട് പുസ്തകങ്ങള്‍ വായിച്ചു, ചിന്ത പുകഞ്ഞ് കത്തി, ഫിലിം സൊസൈറ്റി വഴി സിനിമകള്‍ കണ്ടു, ചിത്രങ്ങള്‍ കണ്ടു, വാന്‍ഗോഗിനെ അറിഞ്ഞു... യാദൃശ്ചികമായി മോഡേണ്‍ ടൈംസിലെ ചാപ്ലിനെ പഴയ നോട്ടുപുസ്തകത്താളില്‍ വരച്ചു. വീണ്ടും വീണ്ടും വരച്ച് തെളിഞ്ഞു. സുഹൃത്തിന്റെ വീട്ടിലെ വലിയ ചുവരില്‍ ഏറെക്കാലം ആ ചാപ്ലിന്‍-പോര്‍ട്രെയ്റ്റ് നോട്ടം ആകര്‍ഷിച്ചുകിടന്നു. മുസ്തഫ എന്ന ചിത്രകാരന്‍ ജനിച്ചു. മുഖ്യധാര ശീലിച്ച നോട്ടത്തില്‍ മുസ്തഫ ഒരു സാധാരണക്കാരനാണ്. കോഴിക്കോട്ട്, തിരുവണ്ണൂരില്‍ താമസം. ചിത്രകാരന്‍ എന്ന തന്മയുടെ ഭാരമില്ല. ആ വരുന്നത് ഒരു ചിത്രകാരനാണെന്ന് ആരും ചൂണ്ടിപ്പറയില്ല, ധര്‍മ്മത്തിലും കര്‍മ്മത്തിലും ചിത്രചിന്തകനെങ്കിലും. ഭാവനയില്‍ നിറയെ വരകളാണ്. നഭസ്സിന്റെ കാന്‍വാസില്‍, തിരുവണ്ണൂര്‍ പൂഴിച്ചിറയിലെ ഓളങ്ങളില്‍, കടലിലെ തിരകളില്‍... വരയുടെ സാധകം അങ്ങനെ നടക്കും. ഏകാന്തമായി ഇരിക്കാനായാല്‍ മൊബൈലില്‍ വരയ്ക്കും. മൊബൈലില്‍ വരയ്ക്കുമ്പോള്‍ ശരീരം ശരീരത്തില്‍തന്നെ വരയ്ക്കുന്നതുപോലെ നേരിട്ടാണ്. കാന്‍വാസില്‍ വരയ്ക്കുമ്പോള്...