'ജോണ്‍' കണ്ടു. പ്രേംചന്ദിന്റേയും ദീദിയുടേയും പാപ്പാത്തിയുടേയും സിനിമ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിന്ന് ഇറങ്ങുന്നതുപോലെ. യാക്കൂബിനെ കണ്ടു. അഭിനയിച്ചിരുന്നില്ല. പക്ഷെ സിനിമയില്‍ ഉണ്ടായിരുന്നു. അജിചേച്ചിയെ കണ്ടു. അജിതയുടെ മുഖത്ത് സങ്കടം. ഓഫീസില്‍ പോണം. അവിടെ കുറേ പേര്‍ കാത്തിരിക്കുന്നുണ്ട്. പിന്നെ സിനിമയെപ്പറ്റി. ഇതെല്ലാം തന്നെയല്ലേ നമ്മുടെ ജീവിതം... കുറേ പേര്‍ പോയി... അജിത സിനിമയേയുംകൊണ്ട് അന്വേഷിയിലേയ്ക്ക് പോയി. യാക്കൂബ് ഓഫീസിലേയ്ക്കും. എല്ലാവരുടേയും കൂടെ സിനിമയും പോയി. ഈ സിനിമ എല്ലാവരുടേതുമാണ്. കോഴിക്കോട് നഗരത്തില്‍ പണിതീരാതെപോയ ജീവിതത്തെ ജോണ്‍ സന്ദര്‍ശിക്കുന്നു. ജോണിന്റെ അഭാവസാന്നിധ്യത്തിന് പ്രേംചന്ദിന്റെ ശബ്ദം. പണ്ട് പ്രേംചന്ദ്, രാത്രി, തിരുവണ്ണൂരിലെ പടിഞ്ഞാറെ കുളത്തിലെ കൂപ്പിലിരുന്ന് 'ചൂളൈമേടിലെ ശവങ്ങള്‍' ഉറക്കെ വായിക്കും. മെഴുകുതിരി വെളിച്ചത്തില്‍. ചുറ്റും ശ്രോതാക്കള്‍. പുസ്തകം വായിക്കുന്നതിനേക്കാള്‍ രസം. പ്രേംചന്ദിന്റെ ശബ്ദം 'പാതാളക്കരണ്ടി' (പ്രേംചന്ദ് എഴുതിയ നോവല്‍) യില്‍നിന്ന് ഉയര്‍ന്നുവരുന്നതുപോലെ. സിനിമയിലും പ്രേംചന്ദ് നോവലെഴു...