Skip to main content

Posts

Showing posts from February, 2023

നിറത്തിന്റെ വാക്ക്

ചിത്രകാരന്റെ കാഴ്ച തെളിഞ്ഞതാണ്. കാണപ്പെടുന്നതിന്റെ സാരമായ ഭാഗം കാഴ്ചയിലേയ്ക്ക് കയറും. കവിയ്ക്ക് ഭാഷയും ലോകവും രണ്ടറ്റങ്ങളില്‍ വന്ന് നില്‍ക്കുന്നത് കാണാം. അവിടെ ഒരു വിടവുണ്ട്. കവി ആ വിടവ് ചാടിക്കടക്കും. കാഴ്ചയ്ക്ക്, ചാടാതെ, നിന്ന നില്‍പില്‍ കാണാം. ജോണ്‍സിന് നേരിട്ട് കാണാം. ആ കാഴ്ച എഴുത്തായി പരിണമിക്കാന്‍ എളുപ്പം. ചിത്രകാരന്‍ കവി കൂടിയാകുമ്പോള്‍. പണ്ട് ബറോഡയില്‍നിന്ന് കത്തുകളയയ്ക്കും. സ്വകാര്യമായ എഴുത്ത്. ഇന്‍ലന്റ് തുറന്നാല്‍ മനോഹരമായ കൈപ്പടയില്‍ ഭ്രാന്തമായ കോണുകളില്‍നിന്ന് വരുന്ന, നര്‍മ്മരസമാര്‍ന്ന, വാക്കുകള്‍. വാക്കുകള്‍ക്ക് ചുറ്റും ചിത്രം. ചിത്രങ്ങള്‍ക്ക് ചുറ്റും വാക്കുകള്‍. കവിയോ ചിത്രകാരനോ എന്ന് തോന്നിപ്പോയിരുന്നു. ഇപ്പോള്‍ ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നുന്നു, ഒരേ അളവില്‍ കവിയും ചിത്രകാരനുമാണെന്ന്. 'എഫ്ഹരിസ്‌തോ ഗ്രീസി'ന്റെ തിരക്കഥ ആണും പെണ്ണും കടലുമാണ്. വരികളിലൂടെ ഗ്രീസിന്റെ ഭൂഘടന തൊട്ടറിയാം. പടികള്‍ കയറിയിറങ്ങി വീടുകളിലേക്ക് പോകാം. വീട്ടിലെ വായു സൗഹൃദത്തിന്റെ. ലളിത ഭക്ഷണവും മദ്യവും കയര്‍ക്കാത്ത മൃദുഭാഷണങ്ങളും. ആത്മകഥയുള്ളവര്‍. തുല്യര്‍. വേറിട്ട വ്യക്തികള്‍. അടുക്കളയില്‍, തീ

പ്രഭാത കവിതകള്‍

  സ്വപ്‌നമായിരുന്നില്ല കോളിങ് ബെല്‍ കേട്ട് ഞെട്ടിയുണര്‍ന്നു. ഉറക്കത്തില്‍ അതിന്റെ ശബ്ദം അതിശക്തമാണ്. ഉണര്‍വ്വിലേയ്ക്ക് മുഴങ്ങി. ആപത്താണ് ഈ നേരത്ത് ബെല്ലമര്‍ത്തുക. മുറിയുടെ വാതിലിന്റെ താഴ് ആരോ നീക്കിയിരുന്നു. വാതില്‍ ചെറുതായി തള്ളുന്നതുപോലെ. പൂച്ചയാണോ, പിന്നെ ഇല്ല. ആദ്യം തള്ളിയതിന്റെ ഓളം. വെള്ളത്തില്‍ കല്ല് വീണുള്ള ഓളം. നീങ്ങിനീങ്ങി ശാന്തമായി. വാതില്‍ തുറന്നില്ല. ആപത്ത് മടങ്ങിപ്പോയിരിക്കാം. ഉണര്‍ന്നപ്പോള്‍ ആപത്ത് അനാവശ്യമായ ഭാവനയായി. വെറുക്കുന്നവര്‍ സ്‌നേഹത്തിലാവുമ്പോള്‍ വെറും ഭാവനയായിരുന്നു എന്നു തോന്നുന്നതുപോലെ. പകല്‍. ജീവിതത്തിന്റെ അനേകം വാതിലുകള്‍ തുറന്നു. വെളിച്ചം ചിതറിപ്പരന്നു. സ്വപ്‌നമായിരുന്നില്ല. സ്വപ്‌നമായിരുന്നതുപോലെ. ---------------------- വളവ് 'സാലിമാകായ്' ഒരു നീണ്ട നാടോടി ഗാനമാണ്. ബാഷ്‌കീര്‍ നാടോടികളുടെ. ഒരു വലിയ പര്‍വ്വതം കയറുന്നതിനെക്കുറിച്ച്. വളഞ്ഞ കയറ്റവും സാലിമാകായ് എന്ന പെണ്‍കുട്ടിയുടെ കണ്‍പുരികവും ഒരുപോലെ. രണ്ടും ശ്വാസം മുട്ടിയ്ക്കും. ശ്വാസം മുട്ടിക്കുന്ന ആ വളവ് പര്‍വ്വതത്തിലുണ്ട്, പെണ്‍കുട്ടിയിലുണ്ട്, ആ മധുരഗാനത്തിലുമുണ്ട്. ---------------------------------