ജീവിതം 'ഒരു മധുര സംഗീത'മാണെന്ന് തോന്നിച്ച സിനിമപാട്ടുകളുണ്ടായിട്ടുണ്ട്. സ്വപ്‌നത്തിന്റെ വരികളില്‍ ഈണം നിറയുന്നതുപോലെ. കുറേ കാലമായി പാട്ടുകള്‍ നമ്മെ മയക്കിയുറക്കുകയും റൊമാന്റിക് മൂഡുകളില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ലോകം ഒരു പ്രത്യേക സംഗീതബോധത്തില്‍ ആകസ്‌മികമായി അകപ്പെട്ടുപോയതുപോലെ. ദുരിതങ്ങളിലേയ്‌ക്ക് പാട്ടുകള്‍ ശമനമഴയായി പെയ്യുന്നതുകൊണ്ടാവാം. ജീവിക്കാന്‍ സ്വപ്‌നയാഥാര്‍ത്ഥ്യം അത്യാവശ്യമായതുകൊണ്ടാവാം. ആര്‍ക്കും കയറിയിരുന്ന് കാണാവുന്ന, പാട്ടില്‍ കോര്‍ത്തുവെച്ച ചിത്രങ്ങളെപ്പോലെയുള്ള, സിനിമകളും കേട്ടുനടക്കാവുന്ന പാട്ടുകളും മഞ്ഞുപോലെ ജീവിതത്തിലേയ്‌ക്ക് ഇറങ്ങിവന്നു. കുറേ നല്ല പാട്ടുകാരുണ്ടായി. ലതാ മങ്കേഷ്‌കര്‍ അവരിലൊരാളായിരുന്നു. ഒരു നല്ല പാട്ടുകാരിയാവാന്‍ വേണ്ട ഗുണങ്ങള്‍ നിരത്തുക എളുപ്പമല്ല. കുറേ ഗുണങ്ങള്‍ എടുത്തു പറഞ്ഞാലും നിര്‍ണ്ണായകമായ പല ഘടകങ്ങളും തിരഞ്ഞുപിടിക്കാന്‍ ബാക്കിയുണ്ടാവും. ചില ഗുണങ്ങള്‍ സൂക്ഷ്‌മവും അദൃശ്യവുമാണ്. മറ്റു മികച്ച ഗായികമാര്‍ക്കുള്ളതുപോലെ ലതയ്‌ക്കും നല്ല താളബോധം, മധുരമായ ശബ്ദം, രാഗഭാവം, ഈണനിര്‍ഭരത എന്നീ ഗുണങ്ങളുണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്ന് വ...