സംഗീതത്തില്‍ പ്രതിഭയുള്ളവരെല്ലാം സംഗീതജ്ഞരാവണമെന്നില്ല. 'ഒരു ക്ലാസിക്കല്‍ സംഗീതജ്ഞന്‍ ഉണ്ടാകുന്നത് കൊല്ലങ്ങളോളം സമര്‍പ്പണബോധത്തോടെ പരിശീലിച്ചിട്ടാണ്' (അംജദ് അലി ഖാന്‍, മാസ്റ്റേഴ്‌സ് ഓണ്‍ മാസ്‌റ്റേഴ്‌സ്). സംഗീതത്തിന് പ്രത്യേകമായി ഒരു പരിശീലന രീതിതന്നെയുണ്ട്. പരിശീലനത്തില്‍നിന്നുതന്നെ രൂപംകൊണ്ട ഒരു തപസ്യാക്രമം. സാധകം, സാധന, റിയാസ് എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. കര്‍ണ്ണാടകഹിന്ദുസ്ഥാനി സംഗീതങ്ങള്‍ക്ക് പൊതുവായുള്ളതാണ് സാധകം. രണ്ട് സംഗീതരൂപങ്ങള്‍ക്കും പൊതുവായുള്ള മറ്റൊരു സുപ്രധാന ഘടകമാണ് മനോധര്‍മ്മം. പരസ്പരപൂരകമായ ബന്ധമാണ് സാധകവും മനോധര്‍മ്മവും തമ്മില്‍. മനോധര്‍മ്മത്തിന്റെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ സാധകം അതിന്റെ പരീക്ഷണശാലയാണ്. മനോധര്‍മ്മത്തെ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് സാധകത്തിലുടനീളം. സാധകത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ മറ്റു സംഗീതങ്ങളിലും കാണാം. പാശ്ചാത്യ സംഗീതത്തിലെ കംപോസിങ് മുതല്‍ അവതരണംവരെയുള്ള തയ്യാറെടുപ്പുകള്‍ സാധകത്തോട് സദൃശമാണ്. നാരദീയശിക്ഷ നാട്യശാസ്ത്രത്തിന് മുന്‍പുതന്നെ രചിക്കപ്പെട്ട നാരദീയശിക്ഷ എന്ന ...