സംഗീതമധുരമായ ഒരു ദൃശ്യകാവ്യമാണ് ജല്‍സാഘര്‍. കണ്ണടച്ചു കാണാവുന്ന ഏക സിനിമ. പ്രഗത്ഭ സംഗീതജ്ഞര്‍ അണിനിരന്ന് പാടുന്നത് കേള്‍ക്കാന്‍ ഒരു സിനിമയുടെ ഉള്ളില്‍ കയറിയതുപോലെ. ജമീന്ദാര്‍ ബിശ്വംഭര്‍ റോയുടെ ജീവിതമാണ് ഈ സിനിമ. അദ്ദേഹത്തിന്റെ സ്വപ്‌നസദൃശമായ ഓര്‍മ്മ. ഓര്‍മ്മ നിറയെ സംഗീതമാണ്. 'ജല്‍സാഘറി'ന് സംഗീതമുറി എന്നാണ് പൊതുവില്‍ സ്വീകരിക്കപ്പെട്ട പരിഭാഷ. സിനിമയില്‍ ഈ മുറി സംഗീതവും നൃത്തവും ലഹരിയും സമ്മേളിക്കുന്ന ആഘോഷവേദിയാണ്. ഗൗരവമായിരുന്ന് സംഗീതം ആസ്വദിക്കുന്ന മുറി എന്ന അര്‍ത്ഥമല്ല. സത്യജിത് റേ തന്നെ എഴുത്തുകളില്‍ പരാമര്‍ശിക്കുന്നത് സ്വാറെയ് (Soiree) എന്നാണ്. സായാഹ്ന വിനോദപരിപാടി എന്ന അര്‍ത്ഥത്തില്‍. സദസ്സില്‍ പലതരം പൊങ്ങച്ചങ്ങളും മനുഷ്യര്‍ തമ്മിലുള്ള ശക്തി മത്സരങ്ങളും നടക്കുന്നത് സൂക്ഷ്മമായി റേ പകര്‍ത്തുന്നുണ്ട്. പക്ഷെ അവിടെ അവതരിപ്പിക്കപ്പെട്ടതെല്ലാം ഒന്നാം തരം സംഗീതവും നൃത്തവുമാണ്. വീട്ടില്‍ എപ്പോഴും സംഗീതാന്തരീക്ഷമാണ്. മകനെ പാട്ട് പഠിപ്പിക്കുന്നത് ബിശ്വംഭര്‍തന്നെയാണ്. മകന്‍ പാടും. ബിശ്വംഭര്‍ എ...