സൂക്ഷ്മമായി അനുഭവത്തിലേയ്ക്ക് ശ്രദ്ധിക്കുമ്പോള്‍ കലകള്‍ തമ്മിലുള്ള അതിര്‍വരമ്പുകളില്ലാതാവും. ആന്ദ്രെയ് താര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍ ഇത്തരമൊരു നോട്ടമാണ്. സിനിമയില്‍ കാലഭേദം മങ്ങി അമൂര്‍ത്തമാകണം; ദൃശ്യഭാഷയില്‍ ലോകത്തിന്റെ അന്തരംഗം പതിയണം; ബിംബങ്ങളില്‍ സംഗീതം തൊടുമ്പോഴെല്ലാം ഓര്‍മ്മകളുടെ സ്‌ഫോടനമുണ്ടാകണം; സിനിമ ചിത്രങ്ങളിലൂടേയും ശില്‍പ്പങ്ങളിലൂടേയും നിശബ്ദമായി വാചാലമാകണം; യുക്തി കവിതപോലെയാകണം - ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രയത്‌നമായിരുന്നു താര്‍ക്കോവ്‌സ്‌കിയുടെ സിനിമകള്‍. മുഖ്യ വിഷയം ആന്തരികതയാണ്. വ്യക്തിയുടെ മാത്രമല്ല, ലോകത്തിന്റേയും. അതുകൊണ്ട് ഓര്‍മ്മകള്‍, വിചാരങ്ങള്‍, സ്വപ്നങ്ങള്‍, ഭൂതകാലത്തിന്റെ പെട്ടെന്നുള്ള പ്രത്യക്ഷങ്ങള്‍, കുട്ടിക്കാലം എന്നിവ അദ്ദേഹത്തിന്റെ സിനിമകളില്‍ നവപ്രസരണങ്ങളോടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നീണ്ട ടെയ്ക്കുകളിലൂടെ. ഗ്രഹിക്കാനുള്ള സാവകാശം നല്‍കിക്കൊണ്ട്. ദൃശ്യവും ശബ്ദവും തപസ്സ് ആവശ്യപ്പെടുന്നതുപോലെ. അതിര്‍ത്തികള്‍ മാഞ്ഞുപോയ മങ്ങിയ സ്ഥലകാലത്തിന്റെ മിഥ്യയിലാണ് അദ്ദഹത്തിന്റെ സിനിമ നടക്കുന്...