ആഭരണങ്ങളും വിലപിടിപ്പുള്ള ലോഹങ്ങളും വാങ്ങാന്‍ വന്‍ തുക ചിലവിടുന്നത് ചില രാജാക്കന്മാരുടെ പതിവായിരുന്നു. 1896 ല്‍ ബറോഡ നാട്ടുരാജ്യത്തിന്റെ രാജാവ്, സായാജിറാവു ഗെയ്ക്ക്വാദ് മൂന്നാമന്‍ (1881 - 1939), പരിചാരകരോട് താത്കാലികമായി തനിക്കും ഭാര്യയ്ക്കും ശയിക്കാന്‍ ഒരു വെള്ളിക്കട്ടില്‍ ഉണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്വര്‍ണ്ണക്കട്ടില്‍ കേടുപാടുകള്‍ തീര്‍ത്ത് കിട്ടുന്നതുവരെ ഉപയോഗിക്കാന്‍. അക്കാലത്ത് ലോകത്തിലെ മുന്‍നിര പണക്കാരില്‍ എട്ടു പേരിലൊരാളായിരുന്നു സായാജിറാവു. അതിനു മുന്‍പ് ഭരിച്ചിരുന്ന ഖണ്ടെര്‍റാവുവിന് സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും പീരങ്കികളുണ്ടായിരുന്നു, മുത്തുകള്‍ കൊണ്ട് നെയ്ത പരവതാനിയുണ്ടായിരുന്നു. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം എത്തിക്കാന്‍വേണ്ടി മാറ്റിവെച്ച 36 ലക്ഷം രൂപ ഭാര്യയ്ക്ക് കൊട്ടാരം പണിയാന്‍വേണ്ടി വകമാറ്റി ചെലവിട്ടു എന്ന കുപ്രസിദ്ധിയും ഖണ്ടെര്‍റാവുവിനുണ്ട്. എന്നാല്‍ ഉദാരമായ ഭരണം, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കാന്‍ വേണ്ടത് ചെയ്യല്‍, കലാപാരമ്പര്യങ്ങളെ സംരക്ഷിക്കല്‍ എന്നീ പ്രവര്‍ത്തികളാല്‍ സായാജിറാവു തന്റെ ഭാരണത്തിന്റെ അവസാന...