ജീവികളുടെ കഴിവുകളെല്ലാം അതിജീവനവുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍ മനുഷ്യന്റെ പ്രധാനപ്പെട്ട കഴിവുകളിലൊന്നായ സംഗീതവാസന പ്രത്യക്ഷത്തില്‍ ഒരു ധര്‍മ്മവും നിര്‍വ്വഹിക്കുന്നില്ല. ഡാര്‍വിന് നിഗൂഢമായി തോന്നിയ കാര്യങ്ങളിലൊന്നാണ് മനുഷ്യന്റെ സംഗീതക്കഴിവ്. പരിണാമപ്രക്രിയകളിലൊന്നും സംഗീതം ഒരു അവശ്യഘടകമാകുന്നില്ല. പ്രത്യേകിച്ച് ഗുണമൊന്നും ഇല്ലാത്ത ഈ പരിപാടിയ്ക്കുവേണ്ടി മനുഷ്യര്‍ ജീവിതത്തിന്റെ വലിയ ഒരു ഭാഗം ചെലവിടുന്നത് എന്തുകൊണ്ടായിരിക്കാം? സംഗീതം മനുഷ്യര്‍ക്ക് എന്താണ് എന്ന് പഠിക്കാന്‍ ഒരു അന്യഗ്രഹ ജീവി ഭൂമിയിലെത്തി എന്നു കരുതുക. ആ ജീവിയുടെ നോട്ടത്തില്‍ സംഗീതം അര്‍ത്ഥമില്ലാത്ത ശബ്ദത്തിന്റെ പലതരം മാതൃകകള്‍ മാത്രമായിരിക്കും. പക്ഷെ മനുഷ്യര്‍ അവരുടെ സമയത്തിന്റെ വലിയൊരു ഭാഗം ചിലവഴിക്കുന്നത് സംഗീതം ഉണ്ടാക്കിയും കേട്ടുമാണ് എന്ന് ആ ജീവി കാണുന്നു. ഇത്രയേറെ പ്രിയമുള്ളതിനാല്‍ സംഗീതം, ഏറ്റവും ചുരുങ്ങിയത് മനുഷ്യര്‍ക്ക്, ഒരു വിഡ്ഡിത്തമായിരിക്കാനിടയില്ല എന്ന് മനസ്സിലാക്കി, താന്‍ കഥയറിയാതെ ആട്ടം കാണുകയാണെന്ന് എന്ന് തിരിച്ചറിഞ്ഞ്, ജീവി സ്വഗ്രഹത്തിലേയ്ക്ക് മടങ്ങുകയേയ...