സാമൂഹികജീവിതം സംസ്‌കാരങ്ങളെയുണ്ടാക്കി. ഭൂപ്രദേശങ്ങളുടെ കിടപ്പു മുതല്‍ നിരവധി സ്വാധീനഘടകങ്ങള്‍ സംസ്‌കാരങ്ങളെ വ്യത്യാസപ്പെടുത്തി. പരസ്പരം കെട്ടുപിണഞ്ഞ സംസ്‌കാരങ്ങളിലെ ചില പൊതുധാരകള്‍ കാലങ്ങളിലൂടെ സഞ്ചരിച്ച് ഇവിടെ, ഇന്നിലൂടെയും, ഒഴുകുന്നുണ്ട്. ഇന്ത്യന്‍ സംഗീതത്തില്‍ അങ്ങനെ ഒഴുകി വന്ന രൂപങ്ങളുണ്ട്. ഇറാന്‍, ഇന്ത്യ, അറേബ്യ എന്നീ ഭൂപ്രദേശങ്ങളിലെ സംസ്‌കാരങ്ങളില്‍ ഉണ്ടായിവന്ന പൊതു സംഗീതമേഖലയില്‍നിന്ന് ഉത്ഭവിച്ചൊഴുകിയെത്തിയത്. ചരിത്രത്തിന്റെ ഈ പ്രവാഹത്തില്‍ ഇന്ത്യന്‍ സംഗീതത്തിന്റെ നോട്ടം പതിഞ്ഞത് ഇന്ത്യ-അറബി പാരസ്പര്യത്തേക്കാള്‍ ഇന്ത്യ-ഇറാന്‍ ഭാവസ്രോതസ്സുകളിലേയ്ക്കാണ്, പ്രത്യേകിച്ച് മദ്ധ്യകാലഘട്ടത്തിനു ശേഷം. ഇസ്ലാമിനു മുന്‍പുള്ള അറബികളുമായി ഇന്ത്യയ്ക്ക് കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. കച്ചവടക്കാര്‍ക്ക് തീര്‍ച്ചയായും സംഗീതമുണ്ടായിരുന്നു. പ്രാകൃതമായ ഉപകരണവാദ്യങ്ങള്‍, അനുഷ്ഠാനഗാനങ്ങള്‍, ബെഡോയിന്‍ എന്ന അറേബ്യന്‍ നാടോടികള്‍ പാടുന്ന മരുഭൂമിയിലെ യാത്രാഗാനങ്ങള്‍, സ്ത്രീ അടിമ ഗായികമാര്‍, ഹ്യൂഡാ എന്നറിയപ്പെടുന്ന ഒട്ടക-സാരഥി പാട്ടുകള്‍, തന്ത്രീവാദ്യങ്ങള്...