പാശ്ചാത്യ ക്ലാസിക്കല്‍-മോഡേണ്‍ സംഗീതജ്ഞനായ ജോണ്‍ കെയ്ജിന്റെ 4' 33' (നാലു മിനുട്‌സ് 33 സെക്കന്‍ഡ്‌സ്) ഒരു നിശബ്ദസംഗീതരചനയാണ്. മൂന്ന് മൂവ്‌മെന്റ്‌സുണ്ട് ആ രചനയ്ക്ക്. പിയാനോവാദകന്‍ വന്നിരുന്ന് സ്‌കോര്‍ഷീറ്റ് സശ്രദ്ധം നോക്കിയ ശേഷം പിയാനോ തുറക്കുന്നു. പിയാനോ പ്രവര്‍ത്തിപ്പിക്കാതെ കുറച്ചു നേരം ക്വീബോര്‍ഡില്‍ നോക്കിനിന്നശേഷം പിയാനോ അടച്ചു വെയ്ക്കുന്നു. ഇതാണ് ഒന്നാമത്തെ മൂവ്‌മെന്റ്. വേദിയില്‍ നാല് ഉപകരണവാദ്യക്കാരുണ്ട്. വാദ്യോപകരണങ്ങള്‍ വാദനം ചെയ്യരുതെന്ന് അവര്‍ക്ക് കെയ്ജിന്റെ നിര്‍ദ്ദേശമുണ്ട്. തുടര്‍ന്ന് രണ്ടു തവണ കൂടി ഇതേ മൂവ്‌മെന്റ് ആവര്‍ത്തിക്കുന്നു. കച്ചേരി കഴിഞ്ഞു. രചയിതാവ് ഹസ്തഘോഷങ്ങള്‍ ഏറ്റു വാങ്ങി തലകുനിച്ച് നന്ദി രേഖപ്പെടുത്തുന്നു. സംഗീതത്തില്‍ ശ്രദ്ധ പതിയുമ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങളുടെ സൗന്ദര്യാത്മകഗുണങ്ങള്‍ കേള്‍ക്കാതെ പോകുകയാണ്. ആ നഷ്ടശബ്ദങ്ങളുടെ സംഗീതമാണ് 4'33'': സംഗീതജ്ഞന്റെ സംഗീതം പരിസരശബ്ദങ്ങളുടെ സംഗീതത്തിന് കാതോര്‍ക്കുന്ന നീണ്ട സെന്‍ ബുദ്ധിസ്റ്റ് നിമിഷങ്ങള്‍. പാട്ടു കേള്‍ക്കുമ്പോള്‍ പാട്ടിനു ചുറ്റു...