പാടുമ്പോള്‍ രാഗാംഗങ്ങളോട് ബന്ധുത്വം വളരുകയും ശബ്ദത്തിന്റെ നിറങ്ങള്‍ നിറഞ്ഞ ആ ബന്ധത്തിലെവിടെയോവെച്ച് പാട്ടുകാര്‍ വികാരഭരിതരാവുകയും ചെയ്യും. പാടലിലെ അന്വേഷണം വികാരരഹിതമല്ല. ഗാനം സ്വതന്ത്രമായി സ്ഥായികളില്‍ പറക്കുമ്പോള്‍ നിരവധി സമ്മിശ്രവികാരങ്ങളുടെ മര്‍മ്മരമുണ്ടാകും. രാഗം വിസ്തരിക്കുമ്പോള്‍ സ്വയം തിരിച്ചറിയാനാവാതെ ഈണത്തിന്റെ അതിര്‍ത്തികള്‍ കടന്നുപോകുന്നതായി തോന്നാം. ഈണം അടിയൊഴുക്കുപോലെ വികാരതരംഗങ്ങളില്‍ ഒളിച്ചിരിക്കും. കല്യാണി രാഗം പാടുമ്പോള്‍ ബാലമുരളീ കൃഷണയ്ക്ക് തോന്നിയിരുന്നത് സംഗീതദേവത കല്യാണി രാഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെയാണ്. ധോണ്ടുതായ് കുല്‍ക്കര്‍ണി (1927 - 2014) പ്രഭാതത്തില്‍ ഭൈരവി രാഗം പാടുന്നതിന്റെ വാഗ്ചിത്രത്തിലും (ദി മ്യൂസിക് റൂം) സമാനമായ ബിംബകല്‍പ്പന കാണാം: തംബുരുവിന്റെ ശ്രുതിയില്‍ ഭൈരവിയുടെ സ്വരങ്ങളെ ദീര്‍ഘനേരം ലയിപ്പിച്ച് മന്ദ്രസ്ഥായി മുതല്‍ പാടിത്തുടങ്ങിയ ഗായിക ക്രമേണ സംഗീതത്തിന്റെ പ്യൂപ്പയില്‍ പ്രവേശിക്കുന്നു. ഭൈരവിരാഗം ശിവന്റെ പത്‌നിയായ ഭൈരവിയായി പകര്‍ന്നാടി. ഭക്തി, കാമം, വിരഹം... സാക്ഷാല്‍ ഭൈരവി...