മരണാനന്തരമാണ് (27 ഏപ്രില്‍ 1984) കര്‍ണ്ണാടക സംഗീതജ്ഞനായ എം ഡി രാമനാഥന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചത്. ചിതറിക്കിടന്ന ആരാധകര്‍ ദുഃഖവും നിരാശയും നിറഞ്ഞ അനുസ്മരണങ്ങളാല്‍ ഒരുമിച്ചു. സംഗീതാസ്വാദകരായി തിരിച്ചറിയപ്പെട്ടവരോ കര്‍ണ്ണാടകസംഗീതവുമായി അടുത്ത് പരിചയമുള്ളവരോ ആയിരുന്നില്ല ഏറെ പേര്‍. ചിലര്‍ സംഗീതം സമം എംഡിആര്‍ എന്ന സമവാക്യത്തില്‍ ഉറച്ചു നിന്നവര്‍. പാട്ടു കേള്‍ക്കലിനപ്പുറത്തേയ്ക്ക് പടരുന്ന രാമനാഥഗാനത്തിന്റെ സാന്നിധ്യത്തെ മനോഹരമായ കൂട്ടിരിപ്പായി കരുതിയവരത്രെ പലരും. രാമനാഥസംഗീതത്തിലേയ്ക്ക് തിരിഞ്ഞവര്‍ വ്യത്യസ്ത തുറകളിലുള്ളവരായിരുന്നു. സച്ചിദാനന്ദന് കവിത പിറന്നു: 'രാമനാഥന്‍ പാടുമ്പോള്‍.' ആ കവിത തൊടുത്തുവിട്ട പ്രചോദനം അനേകം എംഡിആര്‍ ആസ്വാദകരെ സൃഷ്ടിച്ചു. മാറ്റത്തിന്റെ ലഹരിയേറ്റവര്‍ക്കിടയില്‍ രാമനാഥസംഗീതം കേള്‍ക്കുക എന്നത് ഒരു ജീവിതശൈലിയായും രൂപപ്പെട്ടു. മന്ദ്രസ്ഥായിയില്‍ ആകൃഷ്ടനായതുകൊണ്ടായിരിക്കാം 'രാമനാഥന്‍ പാടുമ്പോള്‍' എന്ന കവിതയില്‍ സച്ചിദാനന്ദന്‍ 'നാദത്തിന്റെ പൊന്മാന്‍ ചാടുന്ന'തിനെ ഭാവനം ചെയ്...