മനുഷ്യന്റെ ഒരു പ്രത്യേകത അവന്റെ കാലം ഭാവിയില്‍നിന്ന് തുടങ്ങുന്നു എന്നുള്ളതാണ്. തുടര്‍ച്ചയില്ലാത്ത അസ്തിത്വമാണവന്റേത്. ഒരുവനും മറ്റൊരുവനും തമ്മില്‍ ഒരു കടല്‍ ദൂരം. ശ്രമിച്ചാല്‍ ഒരാള്‍ക്ക് മറ്റൊരാളുടെ ജീവിതത്തില്‍ താല്‌പര്യപ്പെടാന്‍ കഴിയും, പക്ഷെ അയാളുടെ ജീവിതത്തിലെ സംഭവങ്ങളുമായി അയാള്‍ മാത്രമാണ് നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നത്. അയാള്‍ പറയുമ്പോള്‍ മറ്റെയാള്‍ കേള്‍ക്കുന്ന ആളാണ്. അതുപോലെ തിരിച്ചും. ഒരാള്‍ക്ക് മറ്റൊരാളുടെ മരണം മരിക്കാന്‍ കഴിയില്ല. ഓരോരുത്തരും ഒറ്റയ്‌ക്ക് സ്വന്തം മരണം മരിച്ചേ തീരൂ. ഈ വിടവാണ്, തുടര്‍ച്ചയില്ലായ്‌മയാണ്, മനുഷ്യന്റെ ഒരു പ്രധാന പ്രശ്‌നം. ഒരേ സമയം തുടര്‍ച്ചയെ ആഗ്രഹിക്കുകയും തുടര്‍ച്ചയില്ലായ്‌മ നിലനിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ് മനുഷ്യന്‍. തുടര്‍ച്ചയോട് ഗൃഹതുരത്വവുമുണ്ട്. രതി മൂര്‍ഛയില്‍ ഏതാനും നിമിഷങ്ങളും, കൂടാതെ മരണത്തിലുമാണ് ഈ വേറിട്ട സ്വത്വത്തിനപ്പുറം തുടര്‍ച്ച കൈവരിക്കൂ. ഇതിനെല്ലാം ഇടയിലാണ് അവനെ പെട്ടെന്ന് മരണം പിഴുതെറിയുക. മരണം ഒരുര്‍ഥത്തില്‍ ഒരു കൊലപാതകം തന്നെയാണ്. കാരണം മരണം നമ്മള്‍ അറിയുന്നില്ല. മരണം എന്ന അനുഭവത്തില...